Monday 20 June 2022 11:14 AM IST : By സ്വന്തം ലേഖകൻ

അരയ്ക്ക് താഴെ തളര്‍ന്നു കിടപ്പിലായ ഭര്‍ത്താവിനെയും ചുമന്ന് ‘മല’ കയറി സുജ; എട്ടുവര്‍ഷമായി ദുരിത ജീവിതം, കനിവുള്ളവര്‍ കാണണം

suja.jpg.image.845.440

അരയ്ക്കു കീഴെ തളര്‍ന്ന ഭര്‍ത്താവിനെയും എടുത്ത് കഴിഞ്ഞ എട്ടുവര്‍ഷമായി മല പോലെയുള്ള വഴി കയറുകയാണ് കോഴഞ്ചേരി പെരുമ്പാറ സ്വദേശിനി സുജ ദാസ്. ചെങ്കുത്തായ സ്ഥലത്തിന് താഴെയുള്ള വീട്ടിലേക്ക് വഴിയില്ല. വഴി മാത്രമല്ല, കുടിവെള്ളവും കിട്ടാനില്ല.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു ദാസ്. 2014 ല്‍ നാലില്‍ തെങ്ങില്‍ നിന്ന് വീണതോടെ അരയ്ക്ക് താഴെ തളര്‍ന്നു കിടപ്പിലായി. വീട്ടിലേക്ക് വഴിയില്ല. ആശുപത്രിയില്‍ പോകണമെങ്കില്‍ ഭാര്യ സുജദാസ് എടുത്ത് ചെങ്കുത്തായ കയറ്റം കയറി റോഡിലെത്തിക്കണം. 

വീട്ടിലേക്ക് കുടിവെള്ളം കിട്ടിയിട്ടില്ല. വീട് നില്‍ക്കുന്ന മേഖല പാറക്കെട്ട് നിറഞ്ഞതായതിനാല്‍ കിണര്‍വെട്ടാനും കഴിയുന്നില്ല. മേഖലയിലേക്ക് പൈപ്പ് വെള്ളമെത്തിയപാടേ തോട്ടപ്പുഴശേരി പഞ്ചായത്തില്‍ സുജ അപേക്ഷ നല്‍കി. പക്ഷേ, വഴിയില്ലാത്ത വീട്ടിലേക്ക് വെള്ളമെത്തിക്കാന്‍ കഴിയില്ലെന്നാണ് വാട്ടര്‍ അതോറിറ്റി നിലപാടെന്ന് സുജ പറയുന്നു. ജില്ലാ കലക്ടര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ട്.

25 വര്‍ഷം മുന്‍പ് ദാസിന്റെ അമ്മയാണ് ഭൂമി വാങ്ങിയത്. വഴി ആധാരത്തില്‍ ചേര്‍ക്കാന്‍ വിട്ടുപോയി. ലോട്ടറി കച്ചവടത്തില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലാണ് കുടുംബത്തിന്റെ ജീവിതം. സുജയ്ക്കും ഇപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ട്. സ്ഥിരമായ കിടപ്പില്‍ ദാസിന്റെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടു. ഇല്ലായ്മയിലും ഭര്‍ത്താവിനെ പോറ്റാന്‍ എത്ര കഷ്ടപ്പെടാനും സുജ തയാറാണ്. 

Tags:
  • Spotlight
  • Relationship