Thursday 01 August 2024 11:14 AM IST : By എസ്.പി. ശരത്

‘പിന്തിരിഞ്ഞോടിയാൽ മലവെള്ളം, മുന്നോട്ടു നീങ്ങിയാൽ കാട്ടാനക്കൂട്ടം’; കൊടുംമഴയത്ത് കാപ്പിക്കാടിനു നടുവിൽ രണ്ടു മണിക്കൂറോളം കുത്തിയിരുന്നു, മരണത്തെ രണ്ടുവട്ടം കണ്ടു!

sujatha-waynad-landslide

ഉരുൾപൊട്ടലിൽ നിന്നു രക്ഷ തേടിയെത്തിയപ്പോൾ മുന്നിൽ കാട്ടാനക്കൂട്ടം! ചൂരൽമല അഞ്ഞിശച്ചിലയിൽ സുജാതയ്ക്കും കുടുംബത്തിനുമാണു മരണത്തെ രണ്ടുവട്ടം മുഖാമുഖം നേരിടേണ്ടിവന്നത്. പിന്തിരിഞ്ഞോടിയാൽ മലവെള്ളവും മുന്നോട്ടുനീങ്ങിയാൽ ആനയുടെ ആക്രമണവും എന്ന ഭീതിയിൽ അവർ കൊടുംമഴയത്തു കാപ്പിക്കാടിനു നടുവിൽ 2 മണിക്കൂറോളം കുത്തിയിരുന്നു. 

ആനക്കൂട്ടം ഉപദ്രവിക്കാതെ നടന്നുമറഞ്ഞശേഷമാണു സുജാതയും കുടുംബവും റോഡിലെത്തിയത്. ഒഴുക്കിൽ മരച്ചില്ല വന്നടിച്ചു കൈയ്ക്കു പരുക്കേറ്റെങ്കിലും സുജാതയും പേരക്കുട്ടി മൃദുലയും ദുരിതാശ്വാസ ക്യാംപിലുണ്ട്. മറ്റു കുടുംബാംഗങ്ങളെല്ലാം ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

സുജാതയും മകൻ ഗിഗീഷ്, ഭാര്യ സുജിത, മകൻ സൂരജ് എന്നിവരും ഉൾപ്പെടെ 5 പേരാണു വീട്ടിലുണ്ടായിരുന്നത്. മലവെള്ളം വീട്ടിനുള്ളിലേക്കു ഇരച്ചെത്തിയപ്പോഴാണ് ഉണർന്നത്. ഗിഗീഷ് ഓരോരുത്തരെയായി വെള്ളത്തിലൂടെ വലിച്ചു കരകയറ്റി. സുജിതയുടെ നട്ടെല്ലിനും സൂരജിന്റെ നെഞ്ചിനും സാരമായി ക്ഷതമേറ്റു. 

മരം വന്നിടിച്ചു ഗിഗീഷിനു തലയ്ക്കു മുറിവേൽക്കുകയും ചെയ്തു. എന്നിട്ടും പതറാതെ എല്ലാവരെയും കരയിലെത്തിച്ച ശേഷം കാപ്പിക്കാടിനു നടുവിലൂടെ ടോർച്ചിന്റെ പ്രകാശത്തിൽ റോഡ് ലക്ഷ്യമാക്കി നീങ്ങുമ്പോഴാണു കാട്ടാനക്കൂട്ടത്തിനു മുന്നിൽപെട്ടത്. ഓടരുതെന്നും നിശ്ശബ്ദരായി ഇരിക്കാനും ഗിഗീഷ് കൂടെയുള്ളവർക്കു നിർദേശം നൽകി. എല്ലാവരും പുലർച്ചെ 5 വരെ അതേ ഇരിപ്പു തുടർന്നു.

Tags:
  • Spotlight