Monday 29 March 2021 03:41 PM IST

മലരിക്കലിലെ ആമ്പൽ വസന്തത്തിന് ആലപ്പുഴയിൽ സൂര്യകാന്തി കടൽ പിൻഗാമി! സൂര്യതേജസോടെ പൂക്കൾ, കാണാൻ മൂന്നാഴ്ചകൊണ്ട് എത്തിയത് കാൽ ലക്ഷം സൂര്യകാന്തി

Binsha Muhammed

sunflower

മഞ്ഞച്ചേലയണിഞ്ഞ സൂര്യകാന്തിപ്പാടങ്ങൾ തേടി മലയാളി ആദ്യം പോയത് തമിഴകത്തേക്കാണ്. കേരളത്തിലെ കാണാക്കാഴ്ച തമിഴ്മണ്ണിൽ പൂവായി തളിരിട്ടുവെന്നറിഞ്ഞപാടെ ഒറ്റപ്പോക്ക്. തെങ്കാശിയിലെ സുന്ദരപാണ്ഡ്യപുരവും ചുരണ്ടയും അന്ന് മലയാളികളെ കൊണ്ട് നിറഞ്ഞു. അക്കാലത്ത് പിറന്ന സെൽഫികളിലും ഗ്രൂപ്പ് ഫോട്ടോകൾക്കും പിന്നിൽ മഞ്ഞച്ചിരിയോടെ സൂര്യകാന്തിയുണ്ടായിരുന്നു.

മറ്റൊരു വസന്തോത്സവം കരുതി വച്ച് സുന്ദരപാണ്ഡ്യപുരവും ചുരണ്ടയും സഞ്ചാരികളെ മാടിവിളിച്ചെങ്കിലും കാഴ്ചക്കാരുടെ കണ്ണുംമനസും ആലപ്പുഴയിലെ കഞ്ഞിക്കുഴിയെന്ന കൊച്ചുഗ്രാമത്തിൽ ഉടക്കി നിന്നു. സൂര്യശോഭയോടെ രണ്ടേക്കർ പാടത്ത് സൂര്യകാന്തി തളിരിട്ടുവെന്നറഞ്ഞപ്പോൾ ആദ്യം പലരും വിശ്വസിച്ചില്ല. ‘കേരളത്തിലെവിടെ... സൂര്യകാന്തി?’ എന്ന് ചോദിച്ച് നെറ്റിചുളിച്ചു. ആ ചോദ്യങ്ങളെയെല്ലാം അസ്ഥാനത്താക്കി മലയാളി മണ്ണിലെ സൂര്യകാന്തി വസന്തം സോഷ്യൽ മീഡിയയിലും പടരുമ്പോൾ സംഗതി സത്യമാണെന്നുറപ്പിച്ചു. പിന്നെ മലയാളമണ്ണിലെ ആ വസന്തോത്സവം കാണാനുള്ള ഒഴുക്കായി. ആമ്പൽ വസന്തം കൊണ്ട് മലയാളികളുടെ മനം കവർന്ന മലരിക്കലിനൊരു പിൻഗാമിയായി അങ്ങനെ കഞ്ഞിക്കുഴി.

രണ്ടേക്കർ സ്ഥലത്ത് പതിനായിരക്കണക്കിന് സൂര്യകാന്തി പൂക്കൾ വിളയിച്ച് കാർഷിക വിപ്ലവം നടത്തിയ മലയാളിയെ തേടിയുള്ള യാത്രയാണിത്. അവിടെ സൂര്യകാന്തിയെക്കാളും ഹൈവോൾട്ടേജിൽ പുഞ്ചിരിച്ച് സുജിത്ത് എന്ന യുവ കർഷകനുണ്ടായിരുന്നു. സഞ്ചാരികളുടെ അമ്പരപ്പിനും അദ്ഭുതങ്ങൾക്കും നടുവിൽ നിന്ന് സൂര്യകാന്തി പാടങ്ങളുടെ ഉടയോൻ കഥ പറയുകയാണ്, കേരളത്തിന്റെ കാർഷിക വ്യവസായ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്ന വിജയകഥ...

sunflower-1 സുജിത്തും കുടുംബവും

വേണമെങ്കിൽ സൂര്യകാന്തി നാട്ടിലും’

ഈ പരിപാടി ഇവിടെ നടക്കില്ല, ഈ സംഗതി ഇവിടെ ഓടില്ല, ഈ കൃഷി ഇവിടെ വിളയില്ല. ആദ്യമേ കണ്ണുംപൂട്ടി നെഗറ്റീവ് അടിക്കുക എന്നത് മലയാളികളുടെ പൊതുസ്വഭാവമാണ്. ആ സംഗതി ആദ്യമേ മനസിൽ നിന്നെടുത്തു കളയൂ. എന്നിട്ടീ മണ്ണിലേക്ക് നോക്കൂ. പൂത്തുതളിർത്ത എന്റയീ സൂര്യകാന്തി പാടം എന്തും സാധ്യമെന്ന പ്രതീക്ഷയുടേതാണ്– പരന്നു കിടക്കുന്ന സൂര്യകാന്തി പാടങ്ങളിലേക്ക് വിരൽ ചൂണ്ടി സുജിത്ത് പറഞ്ഞു തുടങ്ങുകയാണ്.

വയസ് 33 ആയി, എന്നിട്ടും കൃഷിയല്ലാതെ മറ്റൊന്നും എന്റെ മനസിലേക്ക് കടന്നുവന്നിട്ടില്ല. എല്ലാവരും വൈറ്റ് കോളർ ജോലിയുടെ പോകുന്ന കാലത്ത് വേറിട്ട വഴിയായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്നത്. അത് കൃഷിയാണെന്ന തിരിച്ചറിവ്, ഏറെ സംതൃപ്തി കൂടി തന്നു. തെങ്ങും കവുങ്ങും പ്ലാവും മരച്ചീനിയും വിളയുന്ന മണ്ണിനു നടിവിലിരുന്ന് ഒരിക്കൽ എപ്പോഴോ ചിന്തിച്ചതാണ് സൂര്യകാന്തിയെ കുറിച്ച്. അത് ആഗ്രഹമായി വളർന്നത് അതിവേഗം.

ഒന്നും എടുത്തുചാടി ചെയ്തതല്ല, പരീക്ഷണവുമല്ല. നന്നായി പഠിച്ചിട്ടു തന്നെയാണ് എന്റെയീ രണ്ടരയേക്കർ മണ്ണിനെ സൂര്യകാന്തിയുടെ വേരുപടരാനുള്ള കൂടാക്കിയത്. സൂര്യകാന്തി വിപ്ലവം പരീക്ഷിച്ച് വിജയിപ്പിച്ച തമിഴ്മണ്ണിൽ നിന്നു തന്നെയാണ് സൂര്യകാന്തിക്കുള്ള വേരുകളെ എത്തിച്ചത്. സാധാരണഗതിയിൽ വിത്തു നട്ടിട്ടാണെങ്കിൽ 65 ദിവസത്തിന് ശേഷവും തൈ നട്ടിട്ട് 45 ദിവസത്തിന് ശേഷവുമാണ് സൂര്യകാന്തിച്ചെടി പൂവിടുന്നത്. ഞാൻ തൈയാണ് കഞ്ഞിക്കുഴിയിലെ എന്റെ പ്രദേശത്തേക്ക് എത്തിച്ചത്. ഏകദേശം രണ്ട് ലക്ഷത്തോളം അതിന് ചെലവായി. 5ദിവസമെടുത്താണ് ഞാനും ജോലിക്കാരും കുരുന്ന് സൂര്യകാന്തിയെ മണ്ണിൽ പാകിയത്.

കോഴിക്കാഷ്ഠം, ചാണകപ്പൊടി എന്നിവ കൃത്യമായ ഇടവേളകളിൽ വളമായി നൽകി. ഓരോ ദിവസത്തേയും മാറ്റം സസൂക്ഷ്മമായി നിരീക്ഷിച്ചു. ഒരു കുഞ്ഞ് നാമ്പ് പോലും മുളയ്ക്കുന്നത് എനിക്ക് തന്ന സന്തോഷം ചെറുതല്ലായിരുന്നു. മൊട്ടിട്ട ദിവസം ഇന്നുംഓർമ്മയുണ്ട്. സന്തോഷം കൊണ്ട് തുള്ളിച്ചാടി. പ്രതീക്ഷിച്ചതു പോലെ തന്നെ കാര്യങ്ങൾ നീങ്ങി. 45 ദിവസം പൂർത്തിയായപ്പോൾ ഇതളുകൾ പച്ചപ്പ് വിട്ട് മഞ്ഞയണിയുന്ന കാഴ്ച കണ്ടു. ജീവിതത്തിൽ കാണാൻ കൊതിച്ച നിമിഷം. ഒരു കുഞ്ഞിനെ പോലെ ഞാൻ പരിപാലിച്ച എന്റെ സൂര്യകാന്തി ചെടികൾ കൂട്ടത്തോടെ പൂവിട്ട് മഞ്ഞയണിഞ്ഞു നിൽക്കുന്നു– സുജിത്തിന്റെ മുഖത്ത് സന്തോഷച്ചിരി.

സോഷ്യൽ മീഡിയയിലും കാർഷിക ഗ്രൂപ്പുകളിലും പങ്കുവച്ച ചിത്രങ്ങളാണ് എന്റെ സൂര്യകാന്തിപ്പെരുമ കടൽ കടത്തിയത്. ആദ്യമൊക്കെ അടുത്ത സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളും വന്നു തുടങ്ങി. സംഗതി വൈറലായതോടെ ദിവസന്തോറും നൂറുകണക്കിന് പേരാണ് എത്തിത്തുടങ്ങിയത്. ആദ്യആഴ്ച കഴിഞ്ഞപ്പോള്‍ ദിവസേന എത്തുന്ന അംഗസംഖ്യ കൂടി, ആയിരം കടന്നു. മൂന്നാമത്തെ ആഴ്ചയിലക്ക് കടക്കുമ്പോൾ ഇരുപത്തി അയ്യായിരത്തിലേറെ പേർ ഈ ചൂടിനെ പോലും വകവയ്ക്കാതെ ഇവിടേക്ക് എത്തി. അക്കൂട്ടത്തിൽ വിദേശ ടൂറിസ്റ്റുകളും ഉണ്ട്. തിരക്കേറിയതോടെ ടിക്കറ്റ് വച്ചാണ് ഇപ്പോൾ ആൾക്കാരെ കയറ്റിവിടുന്നത്. പത്ത് രൂപയാണ് ടിക്കറ്റ് ചാർജ്.

പൂവിട്ട് ഒരു മാസം പിന്നിടുമ്പോൾ സൂര്യകാന്തി ഉണങ്ങും അതിന് പ്രോസസ് ചെയ്ത് എണ്ണ ഉത്പാദിപ്പിക്കാൻ പ്ലാനുണ്ട്. നിരവധി മില്ലുകൾ അത് ഏറ്റെടുത്ത് ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്തായാലും പ്രതീക്ഷിച്ചതിനും അപ്പുറത്തെ വിജയവും വരുമാനവുമാണ് സൂര്യകാന്തി ചെടികൾ എനിക്ക് നൽകിയിരിക്കുന്നത്. സമീപഭാവിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്. പിന്നെ കേരളത്തിലെ കർഷകർക്കും ഈ വിജയം മാതൃകയാകുമെങ്കിൽ അതല്ലേ വലിയ കാര്യം. അവരോടൊക്കെ ആദ്യം പറഞ്ഞതു തന്നെ വീണ്ടു പറയുന്നത്. പൊന്നുവിളയുന്ന മണ്ണാണ് നമ്മുടേത്, മനസുവച്ചാൽ സൂര്യകാന്തിയെന്നല്ല എന്തും വിളയും നമ്മുടെ മണ്ണിൽ. ഈ സന്തോഷ നിമിഷം എന്റെ കുടുംബത്തിനൊപ്പം ഞാൻ ചേർത്തുവയ്ക്കുകയാണ്. ഭാര്യ അഞ്ജു, മകൾ കാർത്തിക എന്നിവരാണ് ഈ അസുലഭ നിമിഷത്തിന്റെ പങ്കുപറ്റി എനിക്കൊപ്പമുള്ളത്.