Tuesday 20 April 2021 12:32 PM IST : By സ്വന്തം ലേഖകൻ

എരിഞ്ഞടങ്ങിയത് വിവാഹ സ്വപ്നങ്ങൾ! സംസാരശേഷിയില്ലാത്ത യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

suma-pkd

സംസാരശേഷിയില്ലാത്ത യുവതി കുറ്റിപ്പാടത്തു വീടിനകത്തു പൊള്ളലേറ്റുമരിച്ച നിലയിൽ. മണലിയിൽ കൃഷ്ണൻ– രുഗ്മണി ദമ്പതികളുടെ ഇരട്ടപ്പെൺകുട്ടികളിലൊരാളായ സുമ (25) ആണു മരിച്ചത്. മാർച്ച് 28നായിരുന്നു സുമയുടെ വിവാഹ നിശ്ചയം.യാക്കര ശ്രവണ സംസാര സ്കൂളിൽ പഠിച്ചതിനു ശേഷം ബിരുദ പഠനം പൂർത്തിയാക്കിയ സുമയുടെ വിവാഹം ചിങ്ങം ആറിനു  നടക്കാനിരിക്കെയാണു ദാരുണമായ അന്ത്യം.

ഇന്നലെ രാവിലെ പത്തേകാലോടെയാണു വീടിന്റെ മേൽക്കൂരയിൽനിന്നു പുക ഉയരുന്നതും തീപടരുന്നതും നാട്ടുകാർ കണ്ടത്. പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിന് എത്തുമ്പോഴേക്ക് ഓടിട്ട വീടിന്റെ മേൽക്കൂരയുൾപ്പെടെ കത്തിയമർന്നിരുന്നു. വീടിനകത്തെ മുറിയിലാണു സുമയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടുപകരണങ്ങളും വയറിങ്ങും വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചു.സഹോദരങ്ങൾ: സുധ, സുധീഷ്.
സുമ അകത്തുണ്ടെന്ന് അറിഞ്ഞത് അച്ഛൻ പറഞ്ഞപ്പോൾ
വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറിയാണു നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്. അടുക്കളയിലുണ്ടായിരുന്ന പാചക വാതക സിലിണ്ടർപുറത്തെടുക്കുകയും തീ അണയ്ക്കാൻ ശ്രമം നടത്തുകയും ചെയ്തു. മുന്നിലെയും പിന്നിലെയും വാതിലുകൾ അടച്ച നിലയിലാണ് ഉണ്ടായിരുന്നതെന്നാണു നാട്ടുകാരുടെ മൊഴി. ജോലിക്കുപോയിരുന്ന അച്ഛൻ കൃഷ്ണൻ എത്തിയിട്ടാണു മകൾ വീട്ടിലുണ്ടെന്ന കാര്യം നാട്ടുകാരെ അറിയിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്.മുതലമട പുളിയന്തോണിയിലെ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മ രുഗ്മണിയും ടൈൽസ് പണിക്കായി സഹോദരൻ സുധീഷും പോയിരുന്നതിനാൽ സുമ മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

സുമയുടെ ഇരട്ട സഹോദരി സുധ വിവാഹിതയാണ്. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ അകത്തുനിന്ന് അടച്ച നിലയിലായതിനാൽ ജീവനൊടുക്കിയതാകാം എന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്. എന്നാൽ ഇലക്ട്രിക് ഷോർട് സർക്യൂട്ടിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. തീ ആളി പടർന്നതാണു വീടിന്റെ മേൽക്കൂര കത്തിയമരാൻ കാരണം. അതുൾപ്പെടെയുള്ള കാര്യങ്ങൾ ശാസ്ത്രീയ പരിശോധന റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ പറയാനാകൂ എന്നു ചിറ്റൂർ ഡിവൈഎസ്പി കെ.സി. സേതു പറഞ്ഞു.

കണ്ണീർക്കടലായി നാട്

‘‘എന്റെ പൊന്നുമകളെ ഒന്നു കാണിക്കുവോ....’’ – സുമയുടെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാനുള്ള അമ്മ രുഗ്മണിയുടെ വേവലാതി കുറ്റിപ്പാടം മണലിയെ കണ്ണീരിലാഴ്ത്തി. മകളെ വീട്ടിലാക്കി മുതലമട പുളിയന്തോണിയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയ രുഗ്മണി വീട്ടിൽ തിരിച്ചെത്തും മുൻപേ മകളുടെ വേർപാടിന്റെ വിവരമെത്തി. കാണാൻ പോലും ഒന്നും അവശേഷിപ്പിക്കാതെയാണു മരണം. മുറിക്കുള്ളിൽ വെന്തു മരിച്ച നിലയിൽ കണ്ട സുമയുടെ മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ തനിക്കൊപ്പം പിറന്നവളെ കാണാനാകാതെ ബന്ധുക്കളുടെ കൈകളിൽ കിടന്ന് അലറിവിളിച്ച സുമയുടെ ഇരട്ട സഹോദരി സുധയുടെ കണ്ണീർ നാടിന്റെയും കണ്ണീരായി.

സംസാരശേഷിയില്ലാത്ത സുമ സൗമ്യമായ പെരുമാറ്റത്തിലൂടെ നാടിന്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. സർക്കാർ ജോലി ലക്ഷ്യമിട്ടു പിഎസ്‌സി പഠനവും കംപ്യൂട്ടർ പഠനവും നടത്തിയിരുന്നതായി പറയുമ്പോൾ സഹോദരൻ സുധീഷിന്റെ തൊണ്ടയിടറി. ഇരട്ട സഹോദരി സുധയുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. മാർച്ച് 28നു ചിറ്റൂർ സ്വദേശിയുമായാണ് സുമയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നത്. വീടു പൂർണമായും കത്തിനശിച്ചതു കണക്കിലെടുത്തു പഞ്ചായത്ത് ഭരണസമിതി ഇടപെട്ടു കുടുംബാംഗങ്ങളെ മണലിയിലെ അങ്കണവാടി കെട്ടിടത്തിലേക്കു മാറ്റി.

More