Monday 22 October 2018 10:26 AM IST : By സ്വന്തം ലേഖകൻ

പെട്ടി ഓട്ടോയിലിരുന്ന് സുമേഷ് പാടിയ പാട്ട് വേറെ ലെവൽ; വിശ്രമവേളയിൽ പിറന്ന ആ വൈറൽ ഗാനമിതാ–വിഡിയോ

sumesh

നേരമൊന്നിരുട്ടി വെളുക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയ താരമാക്കിയ എത്രയോ പേരുണ്ട്. നേരമ്പോക്കിന് പാടിവച്ച പാട്ടൊന്നു കൊണ്ടു മാത്രം പ്രശസ്തിയിലേക്ക് കുതിച്ചുയർന്നത് അനവധി പേർ. സോഷ്യൽ മീഡിയ പ്രശസ്തയാക്കിയ ചന്ദ്രലേഖയും ഉലകനായകനെ കണ്ട രാകേഷും അതിലെ ചില ഉദാഹരണങ്ങൾ മാത്രം. അവിടെയും തീരുന്നില്ല ആ നിര, പ്രതിഭയുടെ മിന്നലാട്ടം പ്രകടമാക്കുന്ന, ആരാലും അറിയപ്പെടാത്ത ഒരുപിടി കലാകാരൻമാർ അകലെയെവിടെയോ മറഞ്ഞിരിപ്പുണ്ടാകും. അവരുടെ ‘നമ്പരെത്തിയാൽ’ അവരും സ്റ്റാറാകും. സോഷ്യൽ മീഡിയയിലൂടെ അവരെയും ലോകമറിയും.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങിയ കലാകാരൻമാരുടെ നിരയിലേക്ക് മറ്റൊരാൾ കൂടി. സുമേഷ് എന്ന ഓട്ടോ ഡ്രൈവറാണ് ആ അനുഗ്രഹീത ഗായകൻ. ഓട്ടത്തിനിടയിൽ കിട്ടിയ വിശ്രമവേളയിലാണ് ഗാനം പാടിയിരിക്കുന്നത്.

ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത് 94ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിലെ ശ്രീരാഗമോ എന്ന ഗാനമാണ് സുമേഷ് അതിമനോഹരമായി പാടിയിരിക്കുന്നത്. മല്ലപ്പിള്ളി സ്റ്റാൻഡിലെ പെട്ടി ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നാണ് ആ വൈറൽ വിഡിയോ പിറന്നിരിക്കുന്നത്.

എല്ലാം മറന്ന് സുമേഷ് പാടുമ്പോൾ ഗാനമാസ്വദിക്കുന്ന സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാരെയും വിഡിയോയിൽ കാണാം. ആയിരത്തിലധികം ‌പേരാണ് സുമേഷിന്റെ വിഡിയോ ഇതിനകം ഷെയർ ചെയ്തിരിക്കുന്നത്.