Saturday 08 September 2018 03:39 PM IST

കൊടുംചൂടില്‍ വാടി തളർന്നിരിക്കുമ്പോൾ ദാഹശമനത്തിന് രുചിയുള്ള നാട്ടുപാനീയങ്ങള്‍

Tency Jacob

Sub Editor

dahasamani21
ഫോട്ടോ: ബേസിൽ പൗലോ

മീനമാസത്തിലെ കൊടുംചൂടില്‍ വാടിത്തളർന്നെത്തുമ്പോൾ അമ്മ തന്നിരുന്ന ഓട്ടുഗ്ലാസ്സിലെ സംഭാരത്തിന് അമ്മയോളം തന്നെ തണുപ്പുണ്ടായിരുന്നു. പുലർകാലങ്ങളിൽ മുത്തശ്ശി ചൂടാറ്റിത്തരുന്ന പാല്,  നെല്ലിക്ക കടിച്ചെടുത്തതിനു പിന്നാലെ കിണറ്റില്‍ നിന്നു േകാരിക്കുടിച്ച വെള്ളത്തിന്‍റെ മധുരം, ഉത്സവപ്പറമ്പിലിരുന്ന് ചുക്കുകാപ്പി മൊത്തിക്കുടിച്ചു കണ്ടിരുന്ന ദാരികവധം കഥകളി... എല്ലാം ഓർമകളുടെ വേനലിൽ തണുപ്പു വീഴ്ത്തുന്നു, ആത്മാവോളം കിനിഞ്ഞെത്തുന്ന തണുപ്പ്. വേനൽകാലത്ത് ഇരട്ടി വെള്ളം കുടിപ്പിക്കും അമ്മ. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറഞ്ഞാൽ ദേഹത്തിന്റെ ഊഷ്മാവ് കൂടും. അത് പല അസുഖങ്ങൾക്കും കാരണമാകുന്നുവെന്നു പറഞ്ഞാണ് ഈ തിക്കും തിരക്കുമൊക്കെ.

എന്നും കാലത്ത് സംഭാരം ഉണ്ടാക്കി വയ്ക്കും. വീട്ടിലെ പൂവാലിപ്പയ്യിന്റെ പാലു കൊണ്ടുണ്ടാക്കുന്ന തൈര് കടഞ്ഞെടുത്താണ് അമ്മ മോരുണ്ടാക്കുക. വെണ്ണ മാറ്റിയില്ലെങ്കിൽ സംഭാരത്തിന് രുചിയുണ്ടാകില്ല. മോരിൽ ഇരട്ടി വെള്ളമൊഴിച്ച് രണ്ട് ചുവന്നുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചതച്ചിട്ട് കല്ലുപ്പും ചേർത്തിളക്കിയാൽ രസികൻ സംഭാരമായി. മുത്തശ്ശിയാണ് ഉണ്ടാക്കുന്നതെങ്കിൽ നാരകത്തില ചേർത്തിട്ടുണ്ടാകും. മൺകലത്തിൽ ഒഴിച്ചുവച്ച വെള്ളം കൂടിയാകുമ്പോൾ മേലാകെ ചന്ദനമരച്ചിട്ട തണുപ്പാണ്. ചൂടെല്ലാം  ദേഹത്തു നിന്നു പാറിപ്പോകും. പ്രമേഹവും കൊളസ്ട്രോളും ഉള്ളവര്‍ക്കു പോലും സംഭാരം കുടിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് അമ്മ എപ്പോഴും പറയുന്നത്.

ചുട്ട വെയിലത്ത് കളിച്ചു നടക്കരുതെന്നാണ് വീട്ടിലെ കൽപന. പക്ഷേ, തെക്കേപ്പറമ്പിലെ മയിൽപീലി മാവിൽനിന്ന് അണ്ണാൻ തട്ടിയിടുന്ന മാമ്പഴം പെറുക്കാൻ പോകാതെങ്ങനെ? മാമ്പഴം ഉറുഞ്ചികുടിക്കുന്ന രസം അമ്മയ്ക്കു മനസ്സിലാകാതെയൊന്നുമല്ല. എന്നാലും വെറുതെയൊരു ശാഠ്യം! വീട്ടിൽ മാമ്പഴം തരുമ്പോൾ ഒരിക്കലും  മുറിച്ച് കഷണങ്ങളാക്കി തരില്ല. കുട്ട്യോളുടെ പല്ലിനും മോണയ്ക്കും ബലം വരാന്‍ മാങ്ങ കടിച്ചു തിന്നണമെന്നാണ് അമ്മയുടെ വീട്ടുവൈദ്യം. അല്ലെങ്കിലും  നാട്ടുമാങ്ങയും കിളിച്ചുണ്ടൻ മാമ്പഴവും ചക്കര മാമ്പഴവുമൊക്കെ ഉറുഞ്ചികുടിച്ചാലേ രുചിയുള്ളൂ.

മാങ്ങ കടിച്ചു തിന്നുന്നതിനും കുട്ടികൾക്കൊരു ശാസ്ത്രമുണ്ട്. ആദ്യം കൈവെള്ളയിലിട്ട് മാമ്പഴമൊന്ന് തിരുമ്മി ഉടക്കണം. എന്നിട്ട് അതിന്റെ തുഞ്ചത്ത് ഒരു കടി. പിന്നെയാ ഓട്ടയിലൂടെ പതുക്കെ മാമ്പഴസത്ത് വലിച്ചു കുടിക്കാം. ഇതിനോളം വലിയൊരു പാനീയം സ്വപ്നങ്ങളിൽ മാത്രം. ഗ്രാമത്തിൽ നിന്നു നഗരത്തിൽ രാപാർത്തിട്ടും അതിഥികൾ വരുമ്പോൾ കൃത്രിമ പാനീയങ്ങൾ കൊടുക്കാൻ തോന്നാറില്ല. എന്തോ അവിടെയൊരു പൊയ്മുഖം വരുന്ന പോലെ. ഒന്നുമില്ലെങ്കിൽ നാരങ്ങാനീര് പിഴിഞ്ഞ് കൊടുക്കും. നാട്ടിൽ പോയി വരുമ്പോൾ അമ്മ ഇപ്പോഴും തന്നയക്കും നന്നാറി സർബത്ത്. അതിന്റെയത്ര നറുമണമുള്ള മറ്റൊരു നാട്ടുപാനീയം ഇല്ലതന്നെ.

ചൂടു കുറയ്ക്കുന്ന മാങ്ങ

മൂവാണ്ടൻ മാങ്ങ ചെനച്ചതുണ്ടെങ്കിൽ ഒന്നാന്തരം മാങ്ങ സംഭാരമുണ്ടാക്കാം. ‘ഉഷ്ണം ഉഷ്ണേന ശാന്തി’ എന്നാണല്ലോ. മാങ്ങയ്ക്ക് ചൂടു കുറയ്ക്കാനുള്ള കഴിവുണ്ടത്രേ. ഏട്ടത്തിക്കൊരു ചേരുവയുണ്ടായിരുന്നു. വെറുതേ മോരുംവെള്ളം ഉപ്പിട്ടതിന്റെ  കൂടെ തൊട്ടുനക്കാൻ കണ്ണിമാങ്ങ അച്ചാർ. കുട്ടിക്കാലത്ത് കാലത്തെഴുന്നേറ്റാൽ മാവിൻ ചോട്ടിലേക്കാണ് ആദ്യ ഓട്ടം. മാമ്പഴമെല്ലാം കൂട്ടി വച്ച് ഒരു പാത്രത്തിൽ പിഴിഞ്ഞൊഴിക്കും. ചില മാങ്ങയ്ക്ക് പുളിയായതുകൊണ്ട് കുറച്ച് പഞ്ചസാരയും ചേർക്കും. അത് അമ്മ അത്ര പ്രോത്സാഹിപ്പിക്കാറില്ല. പഞ്ചസാര ദാഹം കൂട്ടുമത്രെ.

പാനകോത്സവം

വീട്ടിലെ കുട്ട്യോൾക്കും പ്രായമായവർക്കുമൊക്കെ വേനൽകാലമായാൽ കൂവപ്പൊടി കലക്കി കൊടുക്കും. പക്ഷേ, അതൊന്നും വില കൊടുത്തു വാങ്ങാൻ അച്ഛൻ കൂട്ടാക്കില്ല. ‘അതിൽ പാതി മൈദയായിരിക്കും. എന്നിട്ടു വേണം വയറ്  കേടാകാൻ.’ കൂവക്കിഴങ്ങ് തൊടിയിലുണ്ട്്. അത് നന്നായി ഇടിച്ചെടുക്കും. ഒരു പാത്രത്തിൽ തുണി അരിപ്പ പോലെ ചുറ്റിക്കെട്ടി അതിലേക്ക് പിഴിഞ്ഞൊഴിക്കും. പാത്രത്തിനടിയിൽ ഊറിക്കൂടിയ കൂവ വെയിലത്ത് ഉണക്കിയെടുത്താൽ ഒന്നാന്തരം പൊടിയായി. ഉപ്പോ പഞ്ചസാരയോ ചേർത്തു തിളപ്പിച്ചാൽ ക്ഷീണം മാറ്റാനുള്ള  ഉത്തമ പാനീയമായി.

അമ്പലത്തിലെ ഉത്സവത്തിന് പോയാൽ ‘ചുക്കാപ്പി’ കിട്ടും. ചുക്കും കുരുമുളകും കാപ്പിപ്പൊടിയും ചേർത്തുണ്ടാക്കുന്ന ചുക്കുകാപ്പി, ഉറക്കമിളച്ച് രാത്രിയിലെ മഞ്ഞും കൊണ്ടിരുന്നു കൂടുന്ന ഉത്സവരാവിന് ബെസ്റ്റാണ്. അതിങ്ങനെ പാത്രങ്ങളിലാക്കി ചെക്കന്മാര് കൊണ്ടു നടക്കുന്നുണ്ടാകും. അതുപോലെ ഉത്സവ സമയത്ത് കിട്ടുന്ന മറ്റാരു പാനീയം പാനകമാണ്. ഇപ്പോൾ അതൊന്നും കാണാനും കേൾക്കാനും ഇല്ലാതായി.

sd006

പാനകം ദേവന്മാർക്കും ഇഷ്ടമുള്ള അതിവിശേഷപ്പെട്ടൊരു പാനീയമാണ്. അവർക്കിത് പ്രിയമായതിനു പിന്നിലൊരു കഥയുണ്ട്. തന്‍റെ ചോദ്യത്തിനുത്തരം പറയാത്തതിന്റെ പേരിൽ, ബ്രഹ്മാവിനെ പിടിച്ചു കെട്ടിയ പ്രവൃത്തിക്ക് പ്രായശ്ചിത്തം  ചെയ്യാന്‍ സുബ്രഹ്മണ്യൻ സർപ്പത്തിന്റെ രൂപത്തില്‍ കാട്ടിൽ പോയി. മകനെ കാണാതെ പരിഭ്രമിച്ച പാർവതി പല വ്രതങ്ങളുമെടുത്ത് അന്വേഷണം തുടങ്ങി. കാട്ടിലെല്ലാം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പാർവതിയുടെ സങ്കടം കണ്ട പരമശിവൻ, ഷഷ്ഠിവ്രതമാചരിച്ച് മകനെ തേടിയാൽ  ഫലം കിട്ടുമെന്ന് വരം കൊടുത്തു. അതു പോലെ ചെയ്ത പാർവതീദേവി ഒടുവിൽ സഹ്യാദ്രി താഴ്‌വരയിൽ വച്ച് മകനെ കണ്ടുമുട്ടി. ദേവന്മാരെല്ലാം പാർവതിയെ പ്രീതിപ്പെടുത്താൻ ഓരോന്നു കാഴ്ചവച്ചെങ്കിലും അഗസ്ത്യമുനി കൊണ്ടുവന്ന പാനകത്തിലാണ് ദേവി സന്തുഷ്ടയായത്. അതു ദേവൻമാരും രുചിച്ചു നോക്കിയത്രേ. അങ്ങനെയാണ് പാനകമുണ്ടായതെന്നാണ് കഥ.

ശുദ്ധജലത്തിൽ ശർക്കരയും സുഗന്ധമസാലകളും ചേർത്ത് മൺകലത്തിലാണ് പാനകം തയാറാക്കുന്നത്. ശര്‍ക്കരയ്ക്കു പകരം കരിമ്പിൻ നീരും ഉപയോഗിക്കാം. ചെറിയ മൺകുടുക്കകളിൽ പകർന്നാണ് കുടിക്കാൻ തരുന്നത്. ഏതാണ്ട്  ആറു മണിക്കൂറൊക്കെയേ കേടാതിരിക്കൂ എന്നൊരു ദോഷം പാനകത്തിനുണ്ടെങ്കിലും ഇത്രയേറെ ആരോഗ്യദായകമായ പാനീയം വേറേയില്ല. മകരം, കുംഭം, മീനം മാസങ്ങളിൽ കഫദോഷം കൂടും. അതിനെ ശമിപ്പിക്കാൻ പാനകം വിശേഷമാണ്.

പണ്ടു പൂരപ്പറമ്പുകളില്‍ െവയിലു െകാണ്ടു തളര്‍ന്നു നടക്കുമ്പോള്‍ ചക്കരവെള്ളം കിട്ടുമായിരുന്നു. പൂരത്തിനു വരുന്ന എല്ലാവരുടേയും ആരോഗ്യവും ഉന്മേഷവും സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ് ഈ പാനീയം നിറവേറ്റിയിരുന്നത്. ചക്കരയിട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ ജീരകവും തേങ്ങ ചിരകിയതും േചര്‍ത്താണിതു തയാറാക്കുന്നത്. ഇപ്പോള്‍ അതിനു പകരം കുടിക്കുന്നതോ, കളറുേചര്‍ത്ത, ഗ്യാസു കയറ്റിയ ആരോഗ്യം നശിപ്പിക്കുന്ന കുേറ പാനീയങ്ങള്‍.   

അവൽ പൊടിച്ച് വെള്ളം

പാടത്ത് കൊയ്ത്തു നടക്കുന്നതിന്നിടയിൽ പണിക്കാർക്ക് അവലുവെള്ളം കൊടുക്കും. ആദ്യം കൊയ്തെടുക്കുന്ന പുന്നെല്ലു കൊണ്ടുണ്ടാക്കുന്ന അവല്‍ വെള്ളത്തിലിട്ട് ശർക്കര ചേർത്താൽ അവലുവെള്ളമായി. രുചി കൂട്ടാൻ പഴവും ചുവന്നുള്ളിയും  ഞെരടി ചേർക്കും. പൊരിവെയിലത്ത് നിന്നു പണിയുമ്പോൾ വയറ് കാളരുതെന്നാണ്. വിശപ്പും ദാഹവും ഒരുപോലെ പോകും അവലുവെള്ളം കുടിച്ചാൽ. മുകളിൽ തെളിഞ്ഞ വെള്ളം കുടിച്ച് അടിയിലെ അവൽ കുതിർന്നത് വാരിത്തിന്നാൻ വല്ലാത്ത രൂചിയാണ്.

sd008

പിന്നെയുമുണ്ട് േവനൽപാനീയങ്ങള്‍. ചന്തയ്ക്കു പോയിവന്നാൽ അച്ഛൻ വത്തക്ക (തണ്ണിമത്തങ്ങ) കൊണ്ടുവരും. പൊട്ടിച്ച് കാമ്പ് കോരിയെടുത്ത് ഒരു പാത്രത്തിലിട്ട് ഉടക്കും. കുറച്ച് പഞ്ചസാരയും ചേർത്ത് കോരിക്കുടിക്കും. അൽപം നാരങ്ങാനീര് ചേർത്താൽ കൂടുതൽ രുചിയായി.

കോത്താഴത്തുകാർ നെല്ലിക്ക തിന്ന േശഷം ഏതോ കിണറ്റിലെ െവള്ളം കുടിച്ചെന്നും ആ കിണറ്റിലെ വെള്ളം മധുരിക്കുന്ന െവള്ളമാെണന്നു കരുതി കിണര്‍ െകട്ടിവലിച്ചു സ്വന്തം നാട്ടിലേക്കു െകാണ്ടുപോകാന്‍ ശ്രമിച്ചെന്നുെമാക്കെ ഒരു പഴംകഥയുണ്ട്. കഥ എന്തായാലും ഒരുകാര്യം സത്യമാണ്. െതാടിയില്‍  ഒാടിക്കളിച്ചു വിയര്‍ത്തു വന്നു േകാരിക്കുടിക്കുമ്പോള്‍ കിണറ്റുെവള്ളം തന്നിരുന്ന മധുരം ഒരുകാലത്തും പിന്നെ കിട്ടിയിട്ടില്ല.

ഉച്ച വരെ കഞ്ഞിവെള്ളം  

സന്ധ്യയ്ക്കു നാമം ചൊല്ലിക്കഴിഞ്ഞാൽ ഇറയത്ത് കാലും നീട്ടിയിരുന്ന് മുത്തശ്ശിക്കൊരു പുരാണം പറച്ചിലുണ്ട്. അതിലെപ്പോഴോ പറഞ്ഞതോർമയുണ്ട്, ‘ഉച്ച കഴിഞ്ഞാല്‍ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കരുത്’ എന്ന്. പിന്നെ, ചുക്കുവെള്ളമോ കരിങ്ങാലി വെള്ളമൊക്കെയേ കുടിക്കാവൂ. മുത്തശ്ശിക്ക് വൈദ്യം കുറച്ചൊക്കെ അറിയാവുന്നതു െകാണ്ട് മറുത്തൊന്നും പറയാനാവില്ല. ശ്ലോകങ്ങള്‍ ചൊല്ലി അതു ബോധ്യപ്പെടുത്തും. കൂജയിൽ വെള്ളമൊഴിച്ച് രാമച്ചമോ തുളസിയോ തലേന്നേ ഇട്ടു വയ്ക്കും. തുളസിയിൽ സ്വർണ്ണത്തിന്റെ അംശമുണ്ടത്രെ. ഒരേ ദാഹശമനികൾ സ്ഥിരം കുടിക്കരുതെന്നാണു വേറൊരു ചിട്ട.

അതുപോലെ ബാർലിയും അയമോദകവും കൊത്താമ്പലരിയും പതിമുഖവുമൊക്കെയിട്ട് വെള്ളം തിളപ്പിക്കുന്ന പതിവുണ്ട്. ചിലപ്പോൾ ഉലുവ തലേന്ന് വെള്ളത്തിലിട്ടു വച്ച് പിറ്റേദിവസം ഞെരടിപിഴിഞ്ഞ് കുറച്ചു തേങ്ങാപ്പാലും  അൽപം ശർക്കരയും ചേർത്ത് തരും. നാലുമണിക്ക് കപ്പയും ചക്കയും പുഴുക്കുണ്ടെങ്കിൽ ജീരകമോ ചുക്കോ ഇട്ട് തിളപ്പിച്ച വെള്ളമേ കുടിക്കാൻ തരൂ. ചൂടുകുരു പൊന്തിയാൽ നാളികേര വെള്ളം കുടിപ്പിക്കുമെന്ന് മാത്രമല്ല അതു ദേഹത്തു പുരട്ടുകയും ചെയ്യുമായിരുന്നു. തേങ്ങാപ്പാലും ചക്കരയും ഏലയ്ക്കാത്തരികളും ചേർത്ത് തിളപ്പിച്ച പാനീയം വളരെ രുചികരമാണ്. ശബരിമലയ്ക്ക് പോകുന്നവർക്ക് കരിക്കിൻ വെള്ളത്തിൽ കുറച്ച് മലര് പൊടിച്ചതിട്ട് കുടിക്കാൻ കൊടുക്കും. ഗ്ലൂക്കോസു വെള്ളത്തിന്റെ ഫലമായിരുന്നതുകൊണ്ടാകണം അവർ നടന്നു പോകുമ്പോൾ ക്ഷീണം മാറ്റാനായി അത് കുടിച്ചിരുന്നത്.

മുത്താറി അരച്ച് കലക്കി ചക്കരയും ചേർത്തുണ്ടാക്കുന്ന വെള്ളം ഔഷധഗുണമുള്ള ഒന്നാണ്. ശരീരത്തിൽ നീർക്കെട്ടുണ്ടായാൽ അമ്മയുടെ മരുന്ന് ഉലുവയും ജീരകവും വറുത്ത് അതിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് കുടിപ്പിക്കലാണ്. അതുപോലെ അഞ്ചാംപനിയും ചിക്കൻപോക്സും വന്നാൽ കൊത്തമല്ലി ചതച്ചിട്ട് തിളപ്പിച്ച വെള്ളമേ തരൂ. ആർത്തവകാലത്ത് അമ്മ മുല്ലപ്പൂ വെള്ളം കുടിപ്പിക്കും. വെള്ളം നിറച്ച മൺകലത്തിൽ മുല്ലപ്പൂവ് ഇട്ടു വയ്ക്കും. പിറ്റേന്ന് അത് ഞെരടിചേർത്ത് കുടിക്കാൻ തരും. അതുപോലെ വേനൽക്കാലത്തേക്കു വേണ്ടി നെല്ലിക്കാസവം തയാറാക്കി വച്ചിട്ടുണ്ടാകും. അളവിന്റെ അത്രയും വെള്ളം ചേർത്ത് കുടിക്കാൻ തരും. അതുകൊണ്ടൊക്കെയാകണം അന്നത്തെ വേനലുകളിലെ ചൂട്, ഇളംതെന്നൽപോലെ വീശിപ്പോയത്.

പറങ്കിമാങ്ങാ പാനീയം

വേനൽക്കാലം കശുമാങ്ങയുടെ കാലം കൂടിയാണ്. കൂട്ടുകാരുമൊരുമിച്ച് പറങ്കിയണ്ടി പെറുക്കാൻ പോകുമ്പോൾ കശുമാങ്ങയും പെറുക്കിക്കൂട്ടും. നീർ നിറഞ്ഞ കശുമാങ്ങകൾ കടിച്ചു തിന്നാൽ വയറു നിറയും. ഇതു പിഴിഞ്ഞെടുത്ത നീരില്‍ കുറച്ച് കഞ്ഞിവെള്ളം ഒഴിച്ചുവയ്ക്കുക. കശുമാങ്ങക്കറ അടിഞ്ഞശേഷം തെളിഞ്ഞ നീരിൽ മധുരം ചേർത്താൽ നാട്ടുപാനീയമായി. അതുപോലെ പച്ചകശുവണ്ടി നെടുകേ പൊളിച്ച് പരിപ്പെടുത്ത് അരച്ച് വെള്ളത്തിൽ കലക്കി പഞ്ചസാരയും ചേർത്താൽ കിട്ടുന്ന അണ്ടിപരിപ്പു വെള്ളത്തിന് ആഢ്യത്തമുണ്ട്.

കുരുമുളക്, ചുക്ക്, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുക്കും. ഉള്ളി അരിഞ്ഞതും കോഴിമുട്ടയും നെയ്യിൽ വറുത്തെടുത്ത് അതിൽ ചേർത്തു തയാറാക്കുന്നതാണ് കാവ. മുസ്‌ലിംകളുടെ പാനീയമാണത്. നിർത്താതെ ഖുർആൻ ഓതുമ്പോൾ തൊണ്ട സംരക്ഷിക്കാനും  ദാഹമകറ്റാനും കുടിക്കുന്ന പാനീയം. അതുപോലെ മറ്റൊരു നോമ്പു വിഭവമാണ്  തേങ്ങാപ്പാലിൽ തയാറാക്കുന്ന തരിക്കഞ്ഞിയും പാൽ വാഴയ്ക്കയും.

പണ്ടൊരിക്കൽ കാട്ടിലേക്ക് യാത്ര പോയപ്പോഴാണ് തേൻ വെള്ളം കിട്ടിയത്. ശുദ്ധമായ തേൻ, വെള്ളത്തിൽ കലക്കി കുടിക്കാൻ തന്നു. ‘വെള്ളമെടുക്കട്ടെ’ എന്ന ഉപചാരവാക്കുകളൊന്നുമില്ല. വെയിലത്ത് നടന്നു വന്നതല്ലേ, ദാഹമുണ്ടാകും എന്ന കലർപ്പില്ലാത്ത സ്നേഹം എനിക്കു നേരെ നീട്ടിയ ആ പാനീയത്തിലുണ്ടായിരുന്നു.

sd002

മാങ്ങാസംഭാരം

1.    തെളി കഞ്ഞി വെള്ളം – മൂന്നു ഗ്ലാസ്
2.    നാട്ടുമാങ്ങ – ഒരെണ്ണം
    ചുവന്നുള്ളി – മൂന്നെണ്ണം
    കാന്താരിമുളക് – മൂന്നെണ്ണം
    ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙   മാങ്ങയും ചുവന്നുള്ളിയും കാന്താരിമുളകും ഉപ്പും കൂടി ചതച്ച് കഞ്ഞിവെള്ളത്തിൽ ചേർത്തിളക്കി ഉപയോഗിക്കുക.

sd005

പാനകം

1.    വെള്ളം – ഒരിടങ്ങഴി
2.    ശർക്കര – അരക്കിലോ
    ചുക്ക്, ജീരകം, ഏലയ്ക്ക, കുരുമുളക് – 25 ഗ്രാം വീതം

പാകം ചെയ്യുന്ന വിധം

∙    ശർക്കര വെള്ളത്തിൽ അലിയിക്കുക. അൽപനേരം കഴിഞ്ഞ് മുകളിൽ തെളിഞ്ഞു വരുന്ന അഴുക്ക് നീക്കം ചെയ്തശേഷം ബാക്കിയുള്ള ചേരുവകൾ ചതച്ചു ചേർത്ത് മൺപാത്രത്തിലാക്കി തണുപ്പിച്ച് കുടിക്കാം.

sd004

തേൻ വെള്ളം

1.    വെള്ളം – ഒരു ഗ്ലാസ്
2.    ചെറുതേൻ – പാകത്തിന്
3. ഇഞ്ചിനീര് – ഒരു ചെറിയ സ്പൂൺ
4. നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙  വെള്ളത്തിൽ തേനും ഇഞ്ചിനീരും നാരങ്ങാനീരും ചേർത്ത് ഉപയോഗിക്കാം.

sd001

അവലുവെള്ളം

1. കുത്തരിയുടെ അവൽ – ഒരു കപ്പ്
    ശർക്കര – പാകത്തിന്
2.    ചെറുപഴം – ഒന്ന്
    ചുവന്നുള്ളി – രണ്ടെണ്ണം (ആവശ്യമെങ്കിൽ)

പാകം ചെയ്യുന്ന വിധം

∙ അവൽ ശർക്കരയും പാകത്തിന് വെള്ളവും ചേർത്ത് രണ്ടു മണിക്കൂർ വയ്ക്കുക.
∙ ഇതിലേക്ക് പഴം ഞെരടിയതും ചുവന്നുള്ളി ചതച്ചതും ചേർത്തിളക്കി തെളിയാൻ വയ്ക്കുക.