Friday 19 February 2021 12:28 PM IST : By സ്വന്തം ലേഖകൻ

അശ്രദ്ധയും അതിവേഗവും അബദ്ധങ്ങളും ഉണ്ടാക്കുന്ന അപകടങ്ങൾ; ആർക്കും ഏതുനിമിഷവും സംഭവിക്കാം! ആദ്യം ചെയ്യേണ്ട കാര്യങ്ങൾ, കുറിപ്പ്

siunillfjaadddd

ആർക്കും ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു ദുരന്തമാണ് വാഹനാപകടം. നമുക്ക് ഒരപകടം സംഭവിക്കുന്നു എന്ന് കരുതുക. അല്ലെങ്കിൽ നാം ഒരപകടത്തിന് സാക്ഷിയാവുകയാണ്. എന്താണ് ആദ്യം ചെയ്യേണ്ടത്..? ഇത്തരമൊരു സാഹചര്യത്തിൽ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി സുനില്‍ ജലീല്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

സുനില്‍ ജലീല്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തിൽ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവർ ഉണ്ടാകില്ലല്ലോ. ചിലപ്പോൾ അവരവർക്ക് തന്നെയോ അല്ലെങ്കിൽ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിങ്ങനെ പ്രിയപ്പെട്ടവർക്കോ അപകടം പിണയുമ്പോഴാണ് നാമതിന്റെ വേദനകളും ഉൾക്കടച്ചിലുകളും അറിയുക എന്ന് മാത്രം. ലോകമെങ്ങും അനേകായിരങ്ങളുടെ ജീവനെടുക്കുന്ന ദുരന്തങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വാഹനാപകടങ്ങൾ.

അശ്രദ്ധയും അതിവേഗവും അബദ്ധങ്ങളും ചേർന്ന് തകർക്കുന്ന ലോഹപ്പെട്ടകങ്ങൾക്കുള്ളിൽ ചിതറുന്ന ശരീരങ്ങൾ... ചുവന്നുകറുത്ത ചോര പടരുന്ന നിരത്തുകൾ... മരണം, അംഗഭംഗം...! വാഹനാപകടം ആർക്കും ഏതുനിമിഷവും സംഭവിക്കാവുന്ന ഒരു ദുരന്തമാണ്. നമുക്ക് ഒരപകടം സംഭവിക്കുന്നു എന്ന് കരുതുക. അല്ലെങ്കിൽ നാം ഒരപകടത്തിന് സാക്ഷിയാവുകയാണ്. എന്താണ് ആദ്യം ചെയ്യേണ്ടത്..? ആദ്യം ചെയ്യേണ്ടത് പോലീസിനെ അറിയിക്കുക എന്നതാണ്. 9846100100 ഹൈവേ അലർട്ടാണ്. 100 ഡയൽ ചെയ്താൽ സമീപത്തെ കൺട്രോൾ റൂമിലേക്ക് കണക്റ്റാവും. 112-ൽ വിളിച്ചാലും സഹായമെത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന, എവിടെ നിന്നും വിളിക്കാവുന്ന സദാ സുസജ്ജമായ പോലീസിന്റെ കൺട്രോൾ റൂമുകളാണിവ.

പോലീസിൽ വിളിക്കുമ്പോൾ വെപ്രാളപ്പെടാതിരിക്കുക. നിങ്ങളുടെ ലൊക്കേഷൻ കൃത്യമായി അറിയിക്കുക എന്നതാണ് ഏറ്റവും  പ്രധാനം. ഏത് റോഡ്, ഏത് ദിശ, സമീപത്തെ ഏതെങ്കിലും ബിൽഡിംഗ്, ട്രാൻസ്ഫോർമർ അങ്ങനെ അപകട സ്ഥലത്തിന്റെ ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കാൻ ഉതകുന്ന വിവരങ്ങൾ ചുരുക്കി അറിയിക്കുക. 

സ്ഥലം അറിയില്ലെങ്കിൽ ഉദാഹരണത്തിന് ആലുവയിൽ നിന്ന് തൃശൂർക്ക് പോകുമ്പോൾ ഏകദേശം അഞ്ചു കിലോമീറ്റർ കഴിഞ്ഞ് NH-ന്റെ സൈഡിൽ ഒരു വളവിൽ കാണുന്ന  പാടത്തിന്റെ അടുത്ത്. വാഹനം പാടത്തേക്ക് മറിഞ്ഞതാണെങ്കിൽ അത് പറയണം. അത്രയും മതിയാവും... പോലീസ് നിങ്ങളെ തേടി എത്തിയിരിക്കും.

ആംബുലൻസ് ആവശ്യമുണ്ടെങ്കിൽ അക്കാര്യം പറയാം. ഫയർഫോഴ്സിന്റെയോ ക്രെയിൻ സർവീസിന്റെയോ ആവശ്യം വരുമെങ്കിൽ അതും സൂചിപ്പിക്കാവുന്നതാണ്. ഏതുതരം  അപകടമാണെന്ന് അറിയിക്കാം. ഡിവൈഡറിൽ ഇടിച്ചതാണോ വെള്ളക്കെട്ടിലേക്ക് മറിഞ്ഞതാണോ വാഹനങ്ങൾ തമ്മിലാണെങ്കിൽ ഏതൊക്കെ തരം വാഹനങ്ങൾ, സാധ്യമെങ്കിൽ അതിന്റെ നമ്പറുകൾ എന്നിവ അറിയിക്കുക. 

പെടോളിയം ഉൽപന്നങ്ങൾ, ആസിഡ്, രാസവസ്തുക്കൾ, പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ എന്നിവ ട്രാൻസ്പോർട്ട് ചെയ്യുന്ന വാഹനങ്ങൾ അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിർബന്ധമായും അറിയിക്കണം. രക്ഷാപ്രവർത്തകർക്ക് വേണ്ടത്ര മുൻകരുതലുകളോടെ അപകടസ്ഥലത്തെത്താനും സമയനഷ്ടം ഒഴിവാക്കാനും അതുകൊണ്ട് സാധിക്കും.

നമ്മുടെ വാഹനം ഇടിച്ച് ആർക്കെങ്കിലും പരിക്കേറ്റാൽ അവർക്ക് പ്രഥമശുശ്രൂഷ ഉറപ്പാക്കൽ നമ്മുടെ ഉത്തരവാദിത്വമാണ്. എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതാണ് ഉചിതം. എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങളാൽ വാഹനം നിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഏറ്റവുമടുത്ത പോലിസ് സ്റ്റേഷനിലോ നേരത്തെ പറഞ്ഞ കൺട്രോൾ റൂം നമ്പറുകളിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ദയവായി അത് ചെയ്യണം. നമുക്ക്  ഒരു തെറ്റുപറ്റിയത് സത്യമാണ്. പക്ഷേ അതിന്റെ പേരിൽ ഒരു നിരപരാധിയുടെ ജീവിതവും കുടുംബവും ഹോമിക്കപ്പെടരുത്. 

അപകടസ്ഥലത്തിന്റെയും വാഹനങ്ങളുടെ സ്ഥിതിയുടെയും ചിത്രങ്ങൾ പകർത്തി സൂക്ഷിക്കുന്നത് നല്ലതായിരിക്കും. റോഡിൽ വാഹനങ്ങളുടെ കിടപ്പ് മനസ്സിലാകുന്ന രീതിയിൽ ചിത്രമെടുക്കാം. കാറിലും മറ്റും റെക്കോർഡിംഗ് കാമറകൾ ഘടിപ്പിക്കുകയാണെങ്കിൽ വളരെ നല്ലതാണ്. കേസുണ്ടായാൽ തർക്കമുണ്ടായാൽ അതിലേക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല തെളിവാണ് ഇത്.

വാഹനം ഓടിച്ചു മാറ്റാൻ കഴിയുന്ന അവസ്ഥയാണെങ്കിൽ ഫോട്ടോയെടുത്തതിന് ശേഷം റോഡരികിലേക്ക് മാറ്റിയിടുക. റോഡിന് നടുവിൽ കിടക്കുന്ന വാഹനത്തിൽ അതറിയാതെ ഓടിയെത്തുന്ന മറ്റു വാഹനങ്ങൾ ഇടിച്ചുകയറി അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, വാഹനത്തിന്റെ പാർട്ട്സുകൾ വല്ലതും റോഡിൽ കിടപ്പുണ്ടെങ്കിൽ അവയും ശ്രദ്ധയോടെ എടുത്ത് മാറ്റുക. ഹസാർഡ് ലൈറ്റുകൾ  ഓണാക്കിയിടുന്നത് മറ്റു വാഹനങ്ങളും രക്ഷാപ്രവർത്തകരും പെട്ടെന്ന് ശ്രദ്ധിക്കാൻ ഉപകരിക്കും. രാത്രിയിൽ പ്രത്യേകിച്ചും.

വാഹനത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണെങ്കിൽ അതിയായ ബലം പ്രയോഗിച്ച്  വലിച്ചെടുക്കാൻ  ശ്രമിക്കരുത്. പരിക്കുകൾ ഗുരുതരമാവാനും അവയവങ്ങൾ മുറിഞ്ഞുപോകാനും സാധ്യതയുണ്ട്. സ്‌റ്റിയറിംഗ് ജാമായി ഇരിക്കുന്ന അവസ്ഥയിൽ സീറ്റ് മൊത്തമായി പിന്നിലേക്ക് നീക്കാൻ കഴിഞ്ഞാൽ ആളെ എളുപ്പത്തിൽ പുറത്തെടുക്കാൻ കഴിയുമെന്ന് ഓർക്കുക.

വാഹനം തീപിടിച്ചിട്ടുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കുക. മുന്നിലാണ് തീ കത്തുന്നതെങ്കിൽ അത്ര ഭയക്കേണ്ടതില്ല. പൊതുവെ ഇന്ധനടാങ്ക് വാഹനത്തിന്റെ പിന്നിലാണ് ഉണ്ടാകുക. അതിനാൽ പരിഭ്രാന്തരാവാതെ സ്വന്തം സുരക്ഷ മുൻനിർത്തി രക്ഷാപ്രവർത്തനം നടത്താവുന്നതാണ്. 

അപകടസ്ഥലത്ത് ഓർത്തു വെയ്ക്കേണ്ട മറ്റൊരു കാര്യം മോഷണമാണ്. എല്ലാവരും സഹായിക്കാനാവില്ല എത്തുന്നത്. ഫോൺ, ആഭരണങ്ങൾ, പണം എന്നിവ മോഷ്ടിക്കപ്പെടാൻ സാധ്യതയേറെയാണ്. അക്കാര്യം സൂക്ഷിക്കുക. വാഹനത്തിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ചില കേസുകളിൽ തോട്ടിലോ കുറ്റിക്കാട്ടിലോ ഒക്കെ ആളുകൾ തെറിച്ചുവീണത് കണ്ടെത്താനാകാതെ രക്തം വാർന്ന് മരണപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിനാൽ അപകടസ്ഥലത്തിന് ചുറ്റും വിശദമായി പരിശോധിക്കേണ്ടതാണ്. 

വാഹനത്തിന്റെ രേഖകൾ എപ്പോഴും കൃത്യമാക്കി വെയ്ക്കുക. ഇൻഷ്വറൻസ് ലഭിക്കാൻ വാലിഡ് ആയ പൊല്യൂഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയൊക്കെ ഉള്ള കാലമാണ്. ലൈസൻസ്, ഇൻഷ്വറൻസ്, ടാക്സ് എന്നിവയുടെ കാലാവധി പരമപ്രധാനമാണ്. അപകട സമയത്താണ് പലരും ഇതൊന്നും ക്ലിയറല്ലെന്ന് മനസ്സിലാക്കുക. പക്ഷേ, വൈകിപ്പോയിരിക്കും.

ഫുൾ കവർ ഇൻഷ്വറൻസ് ഉള്ള വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ നന്നാക്കുന്നതിന് ഏതാണ്ട് മുഴുവനായിത്തന്നെ ഇൻഷ്വറൻസ് തുക ലഭിക്കുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓരോ വർഷവും നോ ക്ലെയിം ബോണസായി ഒരു തുക നമ്മൾ അടക്കുന്ന ഫുൾ കവർ പോളിസികളിന്മേൽ കമ്പനികൾ നമുക്ക് നൽകുന്നുണ്ട്. നിസ്സാര അപകടങ്ങൾക്ക് ക്ലെയിം ചെയ്താൽ ഈ ബോണസ് അടുത്തവർഷം കുറച്ചു കിട്ടില്ല. അതിനാൽ വമ്പൻ തുകകൾ വരാത്ത വർക്കുകൾ സ്വന്തം കയ്യിൽ നിന്ന് പണം ചെലവിട്ട് ചെയ്താലും ലാഭമാണ്.

പക്ഷേ, ഭൂരിഭാഗം വാഹനങ്ങളും തേർഡ് പാർട്ടി ഇൻഷ്വറൻസ് ആകും എടുത്തിട്ടുണ്ടാവുക. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ഈ പോളിസിയിൽ ഓടിച്ചയാൾക്കോ വാഹനത്തിനോ വരുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. നമ്മുടെ വാഹനം മൂലം മറ്റാളുകൾക്കോ മറ്റൊരു വാഹനത്തിനോ നഷ്ടപരിഹാരം ലഭിക്കുന്നതാണ് തേർഡ് പാർട്ടി പോളിസികൾ. അത് ഓർത്തുവെയ്ക്കുക.  മറ്റേ വാഹനത്തിന്റെ പോളിസിയിൽ നിന്നാണ് നമ്മുടെ വാഹനത്തിന് നഷ്ടപരിഹാരം ലഭിക്കുക.

അപകടസ്ഥലത്തുവെച്ച് നടത്തുന്ന വാഗ്ദാനങ്ങൾ മിക്കവാറും പാലിക്കപ്പെടില്ല എന്നതാണ് വാസ്തവം. ആ സമയത്ത് രക്ഷപ്പെട്ട് പോവുക എന്ന ഉദ്ദേശ്യമേ പലർക്കും ഉണ്ടാകൂ. ഒരു രൂപ കൊടുത്ത് വെള്ളപ്പേപ്പർ വാങ്ങി എഴുതിക്കൊടുക്കുന്ന വാഗ്ദാനത്തിന് ശേഷം ആ പേപ്പർ തിരികെ കൊടുത്താൽ പത്തു പൈസ പോലും കിട്ടില്ലെന്ന് ഓർക്കുക. അത്രേയുള്ളൂ ആ കരാറിന്റെ വില. മുദ്രപ്പത്രത്തിലല്ലാത്ത കരാറുകൾക്ക് അതെഴുതിയ മഷി വേസ്റ്റാണെന്നർത്ഥം.

അതത് പരിധിയിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന്  അപകടത്തിന്റെ ഗൗരവമനുസരിച്ച് എഫ്.ഐ.ആറോ അല്ലെങ്കിൽ GD എൻട്രിയോ ലഭിക്കും. ഇൻഷ്വറൻസ് ആവശ്യത്തിലേക്ക് അത് മതിയാകും. 

പിൻകുറി: സ്റ്റേഷനിലെത്തുന്ന ലഘുവായ അപകടക്കേസുകൾ നിരീക്ഷിച്ചതിൽ നിന്ന് മനസ്സിലാക്കിയ ഒരു കാര്യം പറയാം. ജീവിതത്തിലും പിന്തുടരാവുന്ന ഒരു സത്യം. സ്വന്തം തെറ്റ് അംഗീകരിച്ച് ഒരൊറ്റ വാക്ക് പറഞ്ഞാൽ തീരുന്നതായിരുന്നു ബഹുഭൂരിഭാഗം കേസുകളും.

എന്തെന്നോ.... "I am Sorry."                        

Tags:
  • Spotlight
  • Social Media Viral