Friday 06 December 2019 12:58 PM IST : By സ്വന്തം ലേഖകൻ

'സന്തോഷം, നീതി നടപ്പിലായി, ഭയമാണ് ഏറ്റവും വലിയ പരിഹാരം'; തെലങ്കാന പൊലീസിന് കയ്യടിച്ച് സൂപ്പർതാരങ്ങൾ!

thelnjbyfs

തെലങ്കാനയിൽ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാലു പ്രതികളെയും എൻകൗണ്ടറിലൂടെ വധിച്ച പൊലീസ് നടപടിയെ പിന്തുണച്ച് തെലുങ്ക് സിനിമാതാരങ്ങളും. നീതി നടപ്പിലായി എന്നാണ് സൂപ്പർതാരം അല്ലു അർജുൻ ട്വീറ്റ് ചെയ്തത്. "ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോൾ ഒരേയൊരു പരിഹാരം."- നടി സാമന്ത ട്വീറ്റ് ചെയ്തു. 

ഇന്ന് പുലർച്ചെ ഈ വാർത്ത കേട്ടുകൊണ്ടാണ് താൻ ഉറക്കമെഴുന്നേറ്റതെന്നും നീതി നടപ്പിലായി എന്നും നാഗാർജുന ട്വീറ്റ് ചെയ്തു. നീതി നടപ്പിലായി എന്ന് ജൂനിയർ എൻടിആറും കുറിച്ചു. "കുറ്റവാളികൾ അർഹിച്ച വിധി നടപ്പിലാക്കിയ പൊലീസിന് അഭിനന്ദനങ്ങൾ"- എന്ന് നടൻ കാർത്തികേയ പറഞ്ഞു. രാജ്യത്തിന് ഇത്തരമൊരു മാതൃക നൽകിയതിന് പൊലീസിന് അഭിനന്ദനമെന്ന് നടി അനസൂയ ഭരദ്വാജ് പറഞ്ഞു. 

മുതിർന്ന രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ തെലങ്കാന പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് അദ്‌ഭുതമായി. പൊലീസ് നടപടി മാതൃകയാണെന്നും ഉത്തർപ്രദേശ് പൊലീസ് ഇത് കണ്ടുപഠിക്കണമെന്നും മുന്‍ മുഖ്യമന്ത്രി മായാവതി പറഞ്ഞു. ബിജെപി നേതാവ് കപിൽ മിശ്രയും പൊലീസ് നടപടിയെ പിന്തുണച്ചു. 

പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്നും പൊലീസിനെതിരെ നടപടി പാടില്ലെന്നും നിർഭയയുടെ അമ്മ പ്രതികരിച്ചു. ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ മകൾക്ക് ആത്മശാന്തി ലഭിച്ചുവെന്നും തെലങ്കാന സർക്കാരിനും പൊലീസിനും നന്ദി അറിയിക്കുന്നുവെന്നും കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.

കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചപ്പോൾ പ്രതികളെ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രി തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുവന്നപ്പോഴാണ് രക്ഷപെടാന്‍ ശ്രമിച്ചത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനരാവിഷ്കരിക്കുമ്പോഴായിരുന്നു രക്ഷപെടല്‍ ശ്രമം. ലോറി ഡ്രൈവർ  മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് പൊലീസ് വെടിവച്ചു കൊന്നത്. 

കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വ്യാപക പ്രതിഷേധം നടത്തിവരികയായിരുന്നു. ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തിയത്. ഇതേ സ്ഥലത്ത് തന്നെയാണ് പ്രതികളും വധിക്കപ്പെട്ടത്. 

Tags:
  • Spotlight
  • Social Media Viral