Wednesday 15 July 2020 12:07 PM IST

‘സാർ പറഞ്ഞു, ഒരു സർപ്രൈസ് സമ്മാനമുണ്ടെന്ന്’; സുപ്രിയയുടെ നന്മയ്ക്ക് അഭിനന്ദനമേകാൻ തൊഴിലുടമ കുടുംബസമേതം എത്തി

Binsha Muhammed

jolly-cover

സ്വാർത്ഥതയുടെ ലോകമാണിതെന്ന് പറയുന്നവരെ തിരുത്താൻ പ്രേരിപ്പിച്ച നന്മക്കഥ. ആ നന്മക്കഥയിലെ നായികയുടെ പേര് സുപ്രിയ. സോഷ്യൽ മീഡിയക്ക് പരിചിതമായ ആ പേരുകാരി ഒരു സെയിൽസ് ഗേളാണ്. കാഴ്ചയില്ലാത്തൊരു വൃദ്ധനെ ബസിൽ കയറ്റിവിടാൻ മനസ്സ് കാണിച്ച ജോളി സിൽക്ക്സിലെ ജീവനക്കാരി. അളവില്ലാത്ത നന്മയുടെ പേരിൽ സുപ്രിയ സോഷ്യൽ മീ‍ഡിയയുടെ ഹൃദയം കവർന്നപ്പോൾ നാനാദിക്കിൽ നിന്നും അഭിനന്ദനമെത്തി. എന്തിനേറെ പറയണം ഹൃദയം നിറയ്ക്കുന്ന നന്മയുടെ പേരിൽ യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഹ്യൂമാനിറ്റേറിയൻ അവാർഡും ഈ വീട്ടമ്മയെ തേടിയെത്തി.

ഇപ്പോഴിതാ സുപ്രിയയുടെ നന്മയ്ക്ക് സല്യൂട്ട് നൽകി അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ സാക്ഷാൽ ജോയ് ആലുക്കാസ് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. നൂറുകണക്കിന് സഹപ്രവർത്തകരുടെ ഹർഷാരവങ്ങൾക്കും നല്ലവാക്കുകൾക്കും നടുവിൽ നിന്ന് ജോയ് ആലുക്കാസും കുടുംബവും അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ നൽകിയപ്പോൾ ഹൃദയം നിറഞ്ഞെന്ന് സുപ്രിയ പറയുന്നു. ജോളി സിൽക്സ് തൃശൂരിലെ ഹെഡ് ഓഫിസിൽ വച്ചു നടന്ന ആ അസുലഭ കൂടിക്കാഴ്ച ഓർത്തെടുക്കുമ്പോൾ സുപ്രിയയുടെ കണ്ണുകളിൽ അനന്ദാശ്രു.

തൃശൂരിലെ ഞങ്ങളുടെ ഹെഡ് ഓഫീസിൽ വച്ചായിരുന്നു സാറുമായുള്ള കൂടിക്കാഴ്ച. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷം. ഒരുപാട് നല്ലവാക്കുകള്‍ കേട്ടെങ്കിലും എന്റെ സാറിൽ നിന്നും കേട്ട നല്ല വാക്കുകൾ, അദ്ദേഹം നൽകിയ അഭിനന്ദനം അത് ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.– സുപ്രിയ പറയുന്നു.

jolly

മാനേജർമാരും ഓഫീസ് സ്റ്റാഫുകളും സെയിൽസിലുള്ളവരും അടക്കം നൂറുകണക്കിന് പേർ എന്നെ അഭിനന്ദിക്കുന്ന ആ നല്ല നിമിഷത്തിന് സാക്ഷികളായി. എല്ലാവരും ആഘോഷത്തോടെ എന്നെ സ്വീകരിച്ചു. അവരുടെ കൈയടികൾക്കു നടുവിലൂടെ നടന്നു വരുമ്പോൾ പലപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞു. വലുപ്പ ചെറുപ്പം ലവലേശമില്ലാതെ ജോയ് സാറിന്റെ കുടുംബവും ആ ധന്യ നിമിഷത്തിൽ എന്നെ അഭിനന്ദിക്കാനെത്തി. ഈയൊരു നന്മ ജീവിതത്തിൽ ഒരിക്കലും വിട്ടു കളയരുത് എന്നായിരുന്നു സാര്‍ എനിക്കു നൽകിയ ഉപദേശം. നിസാരമെന്നു കരുതി ചെയ്ത ആ കാര്യത്തിന് ജീവിതത്തോളം വിലയുണ്ടെന്നും സാർ ഓർമ്മിപ്പിച്ചു. ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങളുടെ പേരിലാണ് ആ നന്മയിൽ കണ്ണിയാകാൻ ദൈവം എന്നെ തെരഞ്ഞെടുത്തതെന്നും സാർ പറഞ്ഞു. 

സാറിന്റെ മകൾ എൽസാ മാഡവും പറഞ്ഞത് അത് തന്നെയാണ്. മനസിലെ നന്മ വിട്ടു കളയരുതെന്നും അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകണമെന്നും മാഡം പറഞ്ഞു. ഒരു അമൂല്യ സമ്മാനം... അത് എന്താണെന്ന് അറിയില്ല. അത് സാറിൽ നിന്നും എന്നിലേക്ക് എത്തിച്ചേരുമെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ ഞാൻ വിലമതിക്കുന്നത് സാർ എന്നോട് പറഞ്ഞ നല്ല വാക്കുകളാണ്. അദ്ദേഹവുമായി പങ്കിട്ട അമൂല്യ നിമിഷങ്ങളാണ്– സുപ്രിയ പറഞ്ഞു നിർത്തി.

മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്കസിൽ ജോലി ചെയ്യുന്ന സുപ്രിയ സുരേഷ് തിരുവല്ല തൂലശ്ശേരി സ്വദേശിയാണ്. ഭർത്താവ് അനൂപും വൈഗാലക്ഷ്മി,അശ്വിൻ എന്നിങ്ങനെ രണ്ട് കുട്ടികളും അടങ്ങുന്നതാണ് സുപ്രിയയുടെ കുടുംബം.