Saturday 27 February 2021 12:54 PM IST : By സ്വന്തം ലേഖകൻ

മുത്തേ നിന്റെ വീതം വിറ്റ് സ്ഥലംവാങ്ങാം എന്ന വാക്ക്് ട്രാപ്പാണ് ഭാര്യമാരേ... ചെറിയ കൂരയ്ക്കുള്ളതെങ്കിലും സ്വന്തം പേരില്‍ കരുതണം: കുറിപ്പ്

woman-trap

സാമ്പത്തിക സുരക്ഷിതത്വം പെണ്ണിന് എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് ശ്രദ്ധേയമായ കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് സുരേഷ് സി പിള്ള. ഭാര്യമാരുടെ സ്വത്തു വകകള്‍ ഭര്‍ത്താക്കന്‍മാര്‍ യഥേഷ്ടം കൈകാര്യം ചെയ്യുമ്പോള്‍ ഭാവിയില്‍ കണ്ടേക്കാവുന്ന ഒരു കെണി കൂടി അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് സുരേഷ് കുറിക്കുന്നു. തനിക്കുള്ളത് നഷ്ടപ്പെടാതെ നോക്കുക മാത്രമല്ല, അവകാശങ്ങളെക്കുറിച്ചു ബോധവതികള്‍ ആയിരിക്കുകയും വേണമെന്നും അദ്ദേഹം കുറിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

സാമ്പത്തിക റിസ്ക് എടുക്കുമ്പോൾ, അല്ലെങ്കിൽ റിസ്കുള്ള ബിസിനസ്സ് തുടങ്ങുമ്പോൾ ഒക്കെ സ്വന്തം വസ്തുവകകൾ സുരക്ഷിതമായി വച്ച്, ഭാര്യയുടെ സ്വത്തുക്കൾ വിൽക്കുന്ന തനി പുരുഷ പരിപാടിയേ റാണിയോടും ജോർജ്‌കുട്ടി കാണിച്ചുള്ളൂ.

പക്ഷെ ജോർജ്ജുക്കുട്ടി മാന്യനാണ്, തൻ്റെ കൂടി അഞ്ചേക്കറിൽ നിന്ന് രണ്ടേക്കർ വിൽക്കുകയും തിയേറ്ററിന് പേര് റാണി എന്ന് കൊടുക്കുകയും ചെയ്തു.

'മുത്തെ, നമുക്ക് നിൻ്റെ നാട്ടിലെ നിനക്കുള്ള വീതം ഒക്കെ വിറ്റ്, ഇവിടെ കുറച്ചു സ്ഥലം വാങ്ങാം'

അല്ലെങ്കിൽ

"വടക്കേലെ നിൻ്റെ സ്‌ഥലം വിറ്റ് നമുക്ക് കാറു വാങ്ങാം"

എന്നൊക്കെ പറയുന്നത് വലിയ ഒരു ട്രാപ്പാണ്.

നിങ്ങളുടെ സാമ്പത്തികം മാത്രമല്ല, സ്വാതന്ത്ര്യം കൂടി ഒരു പക്ഷെ അതോടു കൂടി ചിറകരിയ പ്പെടുകയാണ്.

ഇനി അഥവാ സ്ഥലം വിറ്റ് പുതിയതായി വാങ്ങുകയാണെങ്കിൽ അത് സ്വന്തം പേരിൽ വാങ്ങാനും സ്ത്രീകൾ ശ്രമിക്കണം.

സ്വന്തമായി ജോലി, ആസ്തി, സാമ്പത്തികം ഒക്കെ ഉണ്ടെങ്കിലേ ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റൂ.

ആത്മാഭിമാനത്തോടെ ജീവിക്കണം എങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവണം.

അതായിരിക്കണം സ്ത്രീ ശാക്തീകരണം കൊണ്ട് സ്ത്രീകൾ മനസ്സിലാക്കേണ്ടത്.

ഇറക്കിവിട്ടാൽ, സ്വന്തം ഇഷ്ടത്തോടെ ഇറങ്ങേണ്ടി വന്നാൽ, മക്കൾക്ക് താൽപ്പര്യം നഷ്ടപ്പെട്ടാൽ ഒക്കെ ഒന്നുറങ്ങാനായി ഒരു ചെറിയ കൂരയ്ക്കുള്ള സ്ഥലം സ്വന്തം പേരിൽ ഇട്ടേക്കണം എപ്പോളും.

സന്തോഷം എന്നാൽ 'സ്വാതന്ത്ര്യം' ആണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെന്ത് സ്വാതന്ത്ര്യം? പിന്നെന്ത് സന്തോഷം?

Economic Freedom: A Woman’s Best Friend എന്ന് കേട്ടിട്ടുണ്ടോ? സാമ്പത്തിക സ്വാതന്ത്ര്യം ആണ് സ്ത്രീയുടെ ഏറ്റവും വലിയ സുഹൃത്ത്.

അതുകൊണ്ട് തനിക്കുള്ളത് നഷ്ടപ്പെടാതെ നോക്കുക മാത്രമല്ല, അവകാശങ്ങളെക്കുറിച്ചു ബോധവതികൾ ആയിരിക്കുകയും വേണം.