പ്രണയത്തിൽ മാത്രമല്ല ദാമ്പത്യത്തിലും സ്നേഹം പ്രകടിപ്പിക്കുമ്പോഴാണ് അതു കൂടുതൽ സുന്ദരമാകുന്നത്. ചെറിയ സന്തോഷങ്ങൾ പോലും വിലമതിക്കുമ്പോഴാണ് ദാമ്പത്യ ജീവിതം മനോഹരമാകുന്നതെന്ന് കുറിക്കുകയാണ് എഴുത്തുകാരൻ നജീബ് മൂടാടി. സർപ്രൈസ് ഗിഫ്റ്റുകൾ അതു ചെറുതോ വലുതോ ആകട്ടെ അതു മനസു നിറഞ്ഞു സ്വീകരിക്കുമ്പോൾ കൈവരുന്ന സന്തോഷങ്ങളെക്കുറിച്ചാണ് നജീബിന്റെ കുറിപ്പ്. കിട്ടുന്ന സമ്മാനങ്ങളുടെ മൂല്യങ്ങളിലല്ല, മറിച്ച് അതിനായി നീക്കി വയ്ക്കുന്ന സമയങ്ങളിലും നിസ്വാർഥമായ സ്നേഹത്തിലുമാണ് ബന്ധങ്ങളുടെ ആഴം ഒളിഞ്ഞിരിക്കുന്നതെന്ന് നജീബ് കുറിക്കുന്നു.
കുറിപ്പ് വായിക്കാം:
"വിവാഹ വാർഷികത്തിനോ പിറന്നാളിനോ മാത്രമല്ല എവിടെയെങ്കിലും ബിസിനസ് ടൂർ കഴിഞ്ഞു വരുമ്പോഴും ഞാൻ അവൾക്ക് വേണ്ടി അത്യാവശ്യം വില പിടിച്ച സമ്മാനങ്ങൾ തന്നെ കൊണ്ടു വന്ന് കൊടുക്കാറുണ്ട്. ഓരോ വട്ടവും അവൾക്കായി സമ്മാനങ്ങൾ വാങ്ങിക്കുമ്പോൾ അതു കാണുന്ന അവൾക്കുണ്ടാവുന്ന വിസ്മയവും ആഹ്ലാദവുമൊക്കെ ഞാൻ മനസ്സിൽ കാണും.....പക്ഷെ............
അതൊക്കെ വെറുതെ സങ്കല്പിക്കാമെന്ന് മാത്രം. പലചരക്കു കടയിൽ നിന്നും കൊണ്ടുവന്ന സാധനങ്ങൾ വാങ്ങിവെക്കുന്ന ലാഘവത്തോടെ യാതൊരു എക്സ്പ്രഷനും പ്രതികരണവും ഇല്ലാതെ അവളതൊക്കെ വാങ്ങി വെക്കും...... എന്റെ മുന്നിൽ വെച്ചതൊന്ന് തുറന്നു നോക്കുകയോ അഭിപ്രായം പറയുകയോ പോലുമില്ല.....
അപ്പൊ ഉള്ളിലുണ്ടാവുന്ന ഒരു സങ്കടമുണ്ടല്ലോ........ വല്ലാത്ത നിരാശയോ ദേഷ്യമോ സ്വയം തോന്നുന്ന പുച്ഛമോ സഹതാപമോ...."
ഉലഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദാമ്പത്യത്തിലെ വില്ലനെന്ന് പലരും കുറ്റപ്പെടുത്തിയ ഭർത്താവിനെ കേൾക്കുകയായിരുന്നു. ദമ്പതികൾ ഇടക്കൊക്കെ പരസ്പരം സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നത് ദാമ്പത്യത്തിൽ കൂടുതൽ അടുപ്പവും സ്നേഹവും ഉണ്ടാക്കുമെന്നതിനെ കുറിച്ചു പറയുമ്പോഴാണ് അയാൾ പലപ്പോഴും അനുഭവിച്ച ഈ വേദനയെ കുറിച്ച് പറഞ്ഞത്.
കേൾക്കുന്നവർക്ക് 'ഇതത്ര വലിയ കാര്യമാണോ' എന്ന് ചിലപ്പോൾ തോന്നിയാലും അനുഭവിക്കുന്നവർക്ക് പലപ്പോഴും ഇത്തരം പെരുമാറ്റം ഉള്ളിലുണ്ടാക്കുന്ന തകർച്ച ചെറുതാവില്ല.
വളരെ നിസ്സാരപ്പെട്ടുപോവുന്ന പോലെയോ അവമതിക്കപ്പെടുന്ന പോലെയോ തളർത്തിക്കളയും. അത് പിന്നെ ദേഷ്യമായും വാശിയായും......
'പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്, പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും' എന്ന മാധവിക്കുട്ടിയുടെ പ്രശസ്തമായ വാചകത്തിന്റെ മറുവശമാണിത്. പ്രകടിപ്പിക്കുന്ന സ്നേഹം അതേ മൂല്യത്തിൽ തിരിച്ചറിയാത്ത/പരിഗണിക്കാത്ത മനോഭാവം ഉണ്ടാക്കുന്ന വേദന. ബന്ധങ്ങളിൽ അതുണ്ടാക്കുന്ന തകർച്ച.
ഒരാളോടുള്ള സ്നേഹം ഏറ്റവും പ്രത്യക്ഷമായി പ്രകടിപ്പിക്കാനുള്ള ഒന്നാണല്ലോ അയാൾക്കായി നൽകുന്ന സമ്മാനങ്ങൾ. നൽകുന്ന സമ്മാനത്തിന്റെ വിലയല്ല അതിന്റെ മൂല്യമേറ്റുന്നത്. അകലെയാണെങ്കിലും പ്രിയപ്പെട്ട ആളെ ഓർത്തുകൊണ്ട്, തിരക്കുകൾക്കിടയിലാണെങ്കിലും സമയമുണ്ടാക്കി ഏറെ അലഞ്ഞാവും സ്നേഹസമ്മാനമായി നൽകാൻ എന്തെങ്കിലും കണ്ടെത്തുന്നത്. അത് വാങ്ങിക്കുന്നത് മുതൽ നൽകുമ്പോൾ മേറ്റെയാളിൽ ഉണ്ടാവുന്ന വിസ്മയവും സന്തോഷവുമൊക്കെ ഒരു ചലച്ചിത്രത്തിലെന്ന പോലെ പലവട്ടം അയാൾ മനസ്സിൽ കാണുന്നുണ്ടാവും.
ഇത്തിരി ഇമോഷണൽ ആയ മനുഷ്യർ തന്നെയാണ് പലപ്പോഴും ഇങ്ങനെ പ്രിയപ്പെട്ടവരെ ഓർത്ത് അവർക്കായി സർപ്രൈസ് ഗിഫ്റ്റൊക്കെ വാങ്ങി നൽകുന്നതിൽ ആനന്ദം കണ്ടെത്തുക. തീർച്ചയായും ഊഷ്മളമായൊരു പ്രതികരണം അയാൾ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ആകെ തളർത്തിക്കളയുന്ന മടുപ്പിക്കുന്ന രീതിയിലുള്ള നിസ്സംഗമായതോ അനിഷ്ടകരമായ രീതിയിലുള്ളതോ ആയ പ്രതികരണമാണ് അപ്പുറത്തുള്ള ആളിൽ നിന്ന് ഉണ്ടാവുന്നതെങ്കിൽ അതുണ്ടാക്കുന്ന വേദന ചെറുതാവില്ല.
സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ആണ് ഇത്തരം പെരുമാറ്റമെങ്കിൽ പിന്നീട് അത്തരം 'അബദ്ധം' സംഭവിക്കാതെ നോക്കാം. പക്ഷെ ദാമ്പത്യത്തിൽ ഇങ്ങനെയുള്ള പെരുമാറ്റം ഉണ്ടാക്കുന്ന മുറിവ് നിസ്സാരമല്ലല്ലോ.
പുരുഷന്മാർക്ക് മാത്രമല്ല സമാനമായ അനുഭവങ്ങൾ കൊണ്ട് ജീവിതം തന്നെ മടുത്തു പോകുന്ന സ്ത്രീകളുമുണ്ട്. പിറന്നാളിന് ഭർത്താവിന് സർപ്രൈസ് ഗിഫ്റ്റായി വാങ്ങി നൽകിയ ഷർട്ടിന്റെ കളർ ഇഷ്ടപ്പെടാതെ ദേഷ്യപ്പെട്ടൊരു കെട്ട്യോനെ അറിയാം. പ്രിയതമന്റെ രുചിപാകമറിഞ്ഞ് ഇഷ്ടവിഭവങ്ങൾ ഒരുക്കികൊടുത്ത് പ്രതികരണം കാത്തു നിൽക്കുമ്പോൾ നല്ലൊരു വാക്ക് പറയാത്ത, പലപ്പോഴും എന്തെങ്കിലും കുറ്റം കണ്ടെത്തി ചീത്ത പറയാൻ ഉത്സാഹിക്കുന്ന ഭർത്താക്കന്മാരും ഒട്ടും കുറവല്ലല്ലോ. തുളുമ്പി മറയുന്ന, ഒഴുകി ചേരാൻ വെമ്പുന്ന സ്നേഹത്തെയാണ് മനഃപൂർവ്വമോ അല്ലാതെയോ ഉള്ള ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ട് എന്നന്നേക്കുമായി വറ്റിവരണ്ടതാക്കുന്നത്.
പ്രണയത്തിൽ മാത്രമല്ല ദാമ്പത്യത്തിലും സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. റൊമാന്റിക്ക് ആവുക എന്നത് ജാള്യതയുണ്ടാവേണ്ട കാര്യമല്ല. ഇണയിൽ നിന്നുള്ള അങ്ങനെയുള്ള ഇടപെടൽ നിസ്സംഗമായോ നിർമമമായോ സ്വീകരിക്കേണ്ട ഒന്നുമല്ല. അപ്രതീക്ഷിതമായി നൽകുന്ന സമ്മാനമായാലും ഓർക്കാപ്പുറത്തുള്ളൊരു ചുംബനമായാലും ഒരേ താളത്തിലോടി അയഞ്ഞകന്നു തുടങ്ങുന്ന ദാമ്പത്യത്തിൽ ഒരുപാടടുപ്പിക്കാനുതകുന്ന രാസത്വരകമാണത്. അതേ തീവ്രതയോടെ സ്നേഹത്തോടെ അനുരാഗത്തോടെ ഊഷ്മളതയോടെ അത് സ്വീകരിക്കാനുള്ള ഉയർച്ച കൂടി ഉണ്ടാവുമ്പോഴാണ് ദാമ്പത്യം മനോഹരമാവുന്നത്.
കൊടുത്ത വിലയോ വാങ്ങാൻ ചെലവഴിച്ച സമയമോ അതിനായുള്ള കഷ്ടപ്പാടോ അല്ല അത്രയും പ്രിയപ്പെട്ട ആളായത് കൊണ്ടാണ് എന്നതാണ് സമ്മാനത്തിന്റെ മൂല്യം. അറിവില്ലായ്‌മ കൊണ്ടോ ധാർഷ്ട്യം കൊണ്ടോ അത് മനസ്സിലാക്കാതെ അർഹിക്കുന്ന പരിഗണന നൽക്കാതിരിക്കുകയോ നിസ്സംഗമായി പ്രതികരിക്കുകയോ ചെയ്യുന്ന ആളുടെ വിലയാണ് ഇല്ലാതായി പോവുന്നത്. ചിലപ്പോൾ എന്നെന്നേക്കുമായി.
ഓ. ഹെന്റ്റി യുടെ കഥയിലെ ഡെല്ലയും ജിമ്മും ഉള്ളിലെന്നുമൊരു വിങ്ങലായി നിൽക്കുന്നത് പരസ്പരമാറിയിക്കാതെ അവർ തെരഞ്ഞെടുത്ത സമ്മാനങ്ങൾ രണ്ടുപേർക്കും അനുഭവിക്കാനാവാഞ്ഞത് കൊണ്ട് മാത്രമല്ലല്ലോ. കടുത്ത ദാരിദ്ര്യത്തിലും പ്രിയപ്പെട്ടവന്/വൾക്ക് ഏറ്റവും സന്തോഷം നൽകുന്ന സമ്മാനം വാങ്ങാൻ അവർ നടത്തിയ ത്യാഗത്തിന് പിറകിലെ മനപ്പൊരുത്തവും അവർക്കിടയിലെ മനോഹരമായ സ്നേഹം കൊണ്ടു കൂടിയണല്ലോ.
(✍️ നജീബ് മൂടാടി)