Thursday 11 July 2019 03:06 PM IST : By സ്വന്തം ലേഖകൻ

ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം, വൈറ്റ് കോളർ ജോലി തേടിയില്ല; 15 വർഷമായി സ്വപ്ന മണ്ണിന്റെ മനസ്സിനൊപ്പം!

swapna-agri2
ഫോട്ടോ : അരുൺ പയ്യടിമീത്തൽ

പാലക്കാട് കുളക്കാട്ടുകുറിശ്ശിയിലെ സ്വപ്നയുടെ തോട്ടത്തിൽ വിളഞ്ഞുകിടക്കുന്ന മണിത്തക്കാളിയുടെ വിശേഷം തിരക്കുകയാണ് കുടുംബസമേതം എത്തിയ വീട്ടമ്മമാർ. അപ്പോഴാണ് കുട്ടികൾ കൂട്ടിൽ കിടക്കുന്ന മുയലുകളെ കണ്ടത്, ‘ദേ മുയൽ...’ എന്നു പറഞ്ഞ് അവർ ഓടിക്കഴിഞ്ഞു.

കുറച്ചപ്പുറത്തുള്ള പടുതാക്കുളത്തിലെ തിലോപ്പിയ വാങ്ങിയാൽ നാളെയെത്തുന്ന അതിഥികൾക്കു വേണ്ടി വറുക്കുകയോ പൊള്ളിക്കുകയോ ചെയ്യാമെന്ന ചിന്തയിലാണ് മറ്റൊരാൾ. ഇവരുടെയെല്ലാം സംശയങ്ങൾക്ക് മറുപടിയുമായി ഓടിനടക്കുന്നതിനിടെ സ്വപ്ന സംസാരിച്ചതു മുഴുവൻ കൃഷി ചെയ്തു വിളയിച്ച പച്ചപ്പു നൽകുന്ന സന്തോഷങ്ങളെ കുറിച്ചാണ്.

‘‘കുറച്ചു നാൾ മുൻപ് സ്കൂൾ സുഹൃത്തുക്കളുടെ സംഗമം നടന്നു. എൻജിനീയർമാരും ഡോക്ടർമാരുമെന്നു വേണ്ട സമൂഹത്തിലെ പല തലങ്ങളിൽ ജോലിയുള്ളവർ എത്തിയെങ്കിലും അവിടെ താരം ഞാനായിരുന്നു. ജോലി ഉപേക്ഷിച്ച് ഫാം തുടങ്ങണമെന്നും വിശ്രമജീവിതം കൃഷിക്കൊപ്പമായിരിക്കുമെന്നും പറഞ്ഞ കൂട്ടുകാരോട് ഒന്നേ പറഞ്ഞുള്ളൂ. ‘‘മണ്ണും ചെളിയും പുരണ്ട് കഷ്ടപ്പെടാനുള്ള ചങ്കുറപ്പുണ്ടെങ്കിൽ നാളെ തന്നെ ജോലി ഉപേക്ഷിച്ച് കൃഷിക്കിറങ്ങിക്കോളൂ. ആവോളം മനസ്സുഖം നൽകുന്ന മേഖല തന്നെയാണിത്.’’

കോട്ടയം, പാലാ അൽഫോൻസ കോളജിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സ്വപ്ന 15 വർഷമായി മണ്ണിന്റെ മനസ്സിനൊപ്പമാണ്. ‘‘വൈറ്റ് കോളർ ജോലിക്കു പോകണമെന്നു തോന്നിയിട്ടേയില്ല. മികച്ച വരുമാനം കിട്ടുന്നതു കൊണ്ടു മാത്രമല്ല അത്. രാസകീടനാശിനി തെല്ലും ചേർ‌ക്കാത്ത വിളവ് നാടിനു നൽകുന്നതിന്റെ സന്തോഷം കൂടിയുണ്ട്. 2016ൽ ലഭിച്ച കർഷകതിലകവും 2018ലെ മലയാള മനോരമ കർഷകശ്രീയുമെല്ലാം കൃഷി തുടരാനുള്ള പ്രോത്സാഹനമാണ്.’’

കൃഷിയുടെ ആദ്യപാഠം

swapna-agri3

‘‘ഞാനും ഭർത്താവ് ജെയിംസും പാലാക്കാരാണ്. അദ്ദേഹത്തിന് എട്ടു സഹോദരന്മാരും ഒരു സഹോദരിയും. ഭർത്താവിന്റെ അച്ഛൻ മക്കൾക്കെല്ലാം കൂടി പാലക്കാട് സ്ഥലം വാങ്ങിയിരുന്നു. മക്കൾ ജനിച്ച ശേഷം ഞങ്ങൾ ഇവിടേക്ക് പോന്നു.

റബറാണ് അന്നേ കൃഷി ചെയ്തിരുന്നത്. അതു കൂടാതെ തെങ്ങും കമുകും ജാതിയുമൊക്കെ നട്ടു. മാവ്, പ്ലാവ്, ചാമ്പ, പേരയ്ക്ക തുടങ്ങി വിദേശികളായ മിറാക്കിൾ ഫ്രൂട്ടും ഐസ്ക്രീം ബീൻസുമെല്ലാം ഇവിടെയുണ്ട്. 11 ഏക്കറിൽ കൃഷിയും ഏഴ് ഏക്കറിൽ റബറുമാണ് ഇപ്പോഴുള്ളത്. 70 സെന്റിൽ വീട്ടാവശ്യത്തിനായി നെല്ലും കൃഷി ചെയ്യുന്നു. റബർ കൃഷിക്കിടയിൽ പോലും കൊക്കോയും കാപ്പിയും നട്ടിട്ടുണ്ട്.

മക്കൾക്കും കൃഷിയോടു താൽപര്യമാണ്. മൂത്തമകൻ അലൻ ഹോർട്ടികൾച്ചർ പഠിക്കാന‍്‍ തീരുമാനിച്ചത് അതിനാലാണ്.  ഇളയ മകൻ കെവിൻ പ്ലസ് ടുവിനാണ്. ഒഴിവു സമത്ത് മകനും കൃഷിപ്പണിക്ക് കൂടും.

എല്ലാ അമ്മമാരെയും പോലെ രാസ കീടനാശിനി തളിക്കാത്ത പച്ചക്കറി മക്കൾക്ക് നൽകണമെന്ന ആഗ്രഹം കൊണ്ടാണ് പച്ചക്കറി കൃഷി തുടങ്ങിയത്. തൊടിയിൽ പയറും കോവലും തക്കാളിയും നട്ടു. പതിയെ വിളകളുടെ എണ്ണം കൂട്ടി. മഴമറയിലാണ് ഇപ്പോൾ കൃഷി. മഴ വന്നാലും അമിത വെയിൽ വന്നാലും കൃഷിയെ ബാധിക്കില്ല. എപ്പോഴും നല്ല വിളവും ലഭിക്കും.

വിവിധയിനം മുളക്, വെണ്ട, വഴുതന, തക്കാളി, പയർ, ചീര തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും നട്ടു വളർത്തുന്നു. കാബേജ്, കോളിഫ്ലവർ പോലുള്ള ശീതകാല പച്ചക്കറികൾ അതത് സമയങ്ങളിൽ നടും. വീട്ടാവശ്യത്തിന് എടുത്തശേഷം ബാക്കിയുള്ളവ വിൽക്കും. ഓണസദ്യയ്ക്കു വേണ്ട ചേനയും ഏത്തവാഴയുമൊക്കെ നേരത്തെ തന്നെ നടും. ബാക്കി പച്ചക്കറികൾ ഓണത്തിനു വിളവെടുക്കാൻ പാകത്തിന് ഒരുക്കും. വീട്ടാവശ്യത്തിന് എടുത്തശേഷം ബാക്കിയുള്ളവ വിൽക്കും.

തോട്ടത്തിലെ ഒരുദിനം

വെളുപ്പിന് അഞ്ചു മണിക്ക് ഉണരും. പള്ളിയിൽ പോയിവന്നശേഷമാണ് അടുക്കളപ്പണി. മകനെ എട്ടരയോടെ സ്കൂളിൽ വിട്ടാൽ പിന്നെ, കൃഷിയിടത്തിലേക്ക്. വൈകിട്ടു വരെ കൃഷി ജോലി തന്നെ. സ്ഥിരമായി രണ്ടു പണിക്കാരേയുള്ളൂ. ആവശ്യം വരുമ്പോൾ ദിവസക്കൂലിക്ക് ആളെ വിളിക്കും. പണിക്കാരെ ജോലി ഏൽപിച്ച് മാറി നിൽക്കാറില്ല. മുയൽ, കാട, കോഴി, താറാവ് എന്നിവയുടെ പരിപാലനം ഞാൻ തനിയെയാണ് ചെയ്യുന്നത്. പശുവിനും ആടിനും തേനീച്ച വളർത്തലിനും പണിക്കാരുടെ ശ്രദ്ധയുണ്ട്. പുല്ലു വെട്ടാനും നിലം ഉഴാനും മെഷീനുകൾ ഉപയോഗിക്കും.  

ഇത്രയും കൃഷി ഉണ്ടെന്നു കരുതി ഒരു ദിവസം പോലും വീട്ടിൽ നിന്നു മാറി നിൽക്കാനാകില്ല എന്നൊന്നും കരുതല്ലേ. വെള്ളമാണല്ലോ കൃഷിക്കു പ്രധാനം. ദൂരസ്ഥലങ്ങളിൽ പോയാലും മൊബൈൽ ഫോൺ വഴി മോട്ടോർ പ്രവർത്തിപ്പിച്ച് ജലസേചനം നൽകാനുള്ള വിദ്യ ഒരുക്കിയിട്ടുണ്ട്. സ്പ്രിങ്ക്ളർ സിസ്റ്റവും ഡ്രിപ് ഇറിഗേഷനും വഴിയാണ് ജലസേചനം.

വളവും വെള്ളവും തൊടിയിൽ നിന്ന്

swapna-agri1

പറമ്പിൽ തന്നെ ഒരിടത്ത് ഓല കൊണ്ട് വേലി കെട്ടി തിരിച്ച് ഉള്ളിൽ പച്ചചാണകം നിരത്തും. മുകളിലായി ചകിരിച്ചോറ്, ആട്, മുയൽ, കോഴി, കാട എന്നിവയുടെ കാഷ്ഠം ഇവ ലെയറുകളായി നിരത്തും. വീണ്ടും ചകിരിച്ചോറും പച്ചചാണകവും. മൂടിയിട്ട് 90 ദിവസം കഴിഞ്ഞാൽ ഇതിലും നല്ല വളം വേറെയില്ല. ഇതു കൂടാതെ പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയവയും ഉപയോഗിക്കും. കീടനാശിനിയും ജൈവം തന്നെ.

വേനലിൽ ജലലഭ്യത കുറയുന്നതു കൊണ്ടാണ് പടുതാക്കുളത്തിൽ വെള്ളം ശേഖരിച്ചത്. അതിൽ നട്ടർ, തിലാപ്പിയ, ഗൗരാമി എന്നീ മീനുകളെ വളർത്തുന്നു. മീനിന്റെ വിസർജ്യം കലർന്ന വെള്ളം വളമായി ഉപയോഗിക്കും. വർഷാവർഷം മീനും വിൽക്കാം. പാലക്കാട്ടെ ചൂടിലും തോട്ടം നനയ്ക്കാൻ വേണ്ടുവോളം വെള്ളം കിട്ടുന്നത് ഈ കുളങ്ങളിൽ നിന്നാണ്.’’

പച്ചപ്പ് നിറഞ്ഞ ജീവിതനിമിഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ടാ‌ർഗറ്റുകളുടെ ഭാരം തളർത്താത്ത പുഞ്ചിരിയുണ്ടായിരുന്നു സ്വപ്നയുടെ മുഖത്ത്.

സ്വപ്നാസ് ടിപ്സ്

∙ ഒരു വിളയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നതിലും നല്ലത് സമ്മിശ്ര കൃഷിയാണ്. റബറിന്റെ മാർക്കറ്റ് ഇടിഞ്ഞാലും തെങ്ങിൽ നിന്നു ലാഭം കൊയ്യാം. രണ്ടിന്റെയും വിപണി മൂല്യം താഴ്ന്നാൽ ജാതിക്ക വിൽക്കാം.

∙ തേങ്ങ വിൽക്കുമ്പോൾ ലഭിക്കുന്ന പണത്തേക്കാൾ 30 ശതമാനം കൂടുതൽ ലഭിക്കും വെളിച്ചെണ്ണയാക്കുമ്പോൾ. മാമ്പഴത്തേക്കാൾ വില ലഭിക്കും മാമ്പഴ സ്ക്വാഷിനും ജാമിനും. മഞ്ഞളും കൂവയും പൊടിയാക്കി വിൽക്കാം.  ഇത്തരം മൂല്യവർധിത ഉൽപന്നങ്ങൾ ലാഭം കൂടുതൽ നൽകും.

∙ പശു, ആട് എന്നീ വളർത്തു മൃഗങ്ങള്‍ നാടനാകുന്നതാണ് നല്ലത്. നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഇവയ്ക്ക് രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും.

∙ പറമ്പിൽ ചെറിയ കിടങ്ങുകളുണ്ടാക്കി ചകിരി നിറച്ച് മുകളിൽ തൊണ്ട് കമഴ്‍ത്തി വയ്ക്കാം. മണ്ണിൽ ജലാശം തങ്ങി നിൽക്കാനാണ് ഇത്. ഉണങ്ങിയ ഇലകളും ഓലയും കൊണ്ട് മരച്ചുവട്ടിൽ തന്നെ പുതയിടാം.

∙ തൈകൾ‍ വിൽക്കുന്ന നഴ്സറിയും നല്ല ലാഭം തരും. ഫാം കാണാനെത്തുന്നവർക്ക് മൂല്യ വർധിത ഉൽപന്നങ്ങൾക്കൊപ്പം തൈകളും വിൽക്കാം.

Tags:
  • Spotlight
  • Inspirational Story