Tuesday 07 July 2020 12:29 PM IST : By സ്വന്തം ലേഖകൻ

അറബിക് ഭാഷ പുഷ്പം പോലെ സംസാരിക്കും, ബന്ധം വിഐപികളുമായി; നാടകീയം സ്വപ്നയുടെ ജീവിതം

swapna-job

വിമാനത്താവള ജീവനക്കാരിയിൽ നിന്നും നയനന്ത്ര വിഭാഗത്തിലെ ഉന്നതരുമായുള്ള ബന്ധം വരെ നീളുന്ന സ്വപ്നയുടെ ജീവിതം അന്ത്യന്തം നാടകീയം. കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു.

സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. 

എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ എൽ.എസ്. ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ 2 തവണ ചോദ്യം ചെയ്തിരുന്നു. ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചില്ല. ചോദ്യം ചെയ്യലിനിടെ തന്നെ ഇവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നതതലസമ്മർദം പൊലീസിനു മേലുണ്ടായിരുന്നു.