Tuesday 21 July 2020 04:50 PM IST

‘കാല് മുറിക്കുമെങ്കിൽ ബാക്കിവയ്ക്കേണ്ട, എന്നെയൊന്ന് കൊന്നു തരാമോ’; പച്ചമാംസത്തിൽ തുളഞ്ഞുകയറിയ വേദന; ചാരത്തിൽ നിന്നും സ്വരൂപിന്റെ സ്വപ്നങ്ങൾ

Binsha Muhammed

swaroop

ചിന്നിച്ചിതറിയ പച്ചമാംസത്തിൽ പൂപ്പല്‍ മരണമായ് ഇരച്ചു കയറുകയാണ്. അന്നത്തെ ആ വേദനയും അലറിക്കരച്ചിലും ഇന്നും ഒരു കടലിരമ്പം പോലെ സ്വരൂപിന്റെ നെഞ്ചിലുണ്ട്. കാൽ ഞരമ്പുകളിൽ നിന്നൊഴുകിപ്പോയത് നാല് ലിറ്ററോളം രക്തം. നിനച്ചിരിക്കാതെ വന്നെത്തിയ അപകടത്തിൽ ബാക്കിയായത് പാദവും എല്ലുകളും മാത്രം. അതിനുമപ്പുറത്തേക്ക് ആ ഓർമകളെ തിരികെ വിളിക്കാൻ വയ്യെന്ന് ഈ 29കാരൻ പറയുന്നു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചൊടുവിൽ കാലു മുറിച്ചു മാറ്റാനുള്ള സമ്മതപത്രവുമായി വന്ന ഡോക്ടറോടു പോലും സ്വരൂപ് പറഞ്ഞതിങ്ങനെയാണ്.

‘കാല് മുറിച്ച് മാറ്റാനാണ് തീരുമാനം എങ്കില്‍, എന്തെങ്കിലും ടോക്സിക് തരിക, എന്നെയങ്ങ് തീർത്ത് തരിക. അറ്റുപോകുന്നത് കാലുകള്‍ മാത്രമല്ല, എന്റെ പാഷനുകൾ കൂടിയാണ്.’

സിനിമ സ്വപ്നം കണ്ടവൻ... ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകൾ കൊണ്ട് വിസ്മയം തീർത്തവൻ. കാൽപ്പാദങ്ങളിൽ കഴിവ് ആവാഹിച്ച വയനാട്ടുകാരനെ വിധി രണ്ടുവട്ടമാണ് പരീക്ഷിച്ചത്. ആദ്യം അശ്രദ്ധമായി ഇരച്ചു കയറിയ കാറിന്റെ രൂപത്തിൽ. കാശ് തട്ടിയെടുത്തിട്ടൊടുവിൽ കയ്യൊഴിഞ്ഞ ആശുപത്രി അധികൃതർ രണ്ടാമത്. വേദനകളെ കരുത്താക്കി പഴയ സ്വപ്നങ്ങളെ പൊടിതട്ടിയെടുത്ത് മുന്നോട്ട് പോകുമ്പോഴും സ്വരൂപിന്റെ ഓർമകളിലേക്ക് ആ പഴയ സങ്കടക്കടൽ ഇരമ്പിയെത്തും.

‘ഒറ്റക്കാലനാക്കിയ വിധിയോട് ദേഷ്യമൊന്നുമില്ല. ജീവിതത്തെ ഇന്ന് ഞാൻ ജയിക്കാൻ പഠിച്ചിരിക്കുന്നു. പക്ഷേ ആരുടെയൊക്കെയോ അശ്രദ്ധയുടെ ബലിയാടാണ് ഞാനെന്ന് ഓർക്കുമ്പോൾ... അവരൊക്കെ കയ്യൊഴിയാതെ ഒന്ന് മനസു വച്ചിരുന്നെങ്കിൽ ഞാനിന്നും പഴയ സ്വരൂപ് ആയിതന്നെ ഉണ്ടാകുമായിരുന്നല്ലോ എന്ന് തോന്നിപ്പോകും. ’–വേദന മറച്ച് സ്വരൂപിന്റെ ചിരി.

സിനിമയെ പ്രണയിച്ചവന്റെ ജീവിതം സിനിമാക്കഥ പോലെ നാടകീയമാകുകയാണ്. ആ കഥ കഥാനായകൻ വനിത ഓൺലൈൻ വായനക്കാർക്കായി ഓർത്തെടുക്കുമ്പോൾ അറിയാതെ കണ്ണുനീർ പൊടിയും. 2020 ഫെബ്രുവരിയിലെ ആ നശിച്ച ദിവസം... സ്വരൂപിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞ നശിച്ച ദിവസത്തിൽ നിന്നും തന്നെ തുടങ്ങാം അക്കഥ...

swaroop-1

ദു:സ്വപ്നം പോലെ ഫെബ്രുവരി

ചോദിച്ചതെല്ലാം ജീവിതം തന്നു. ആഗ്രഹിച്ച പോലെ പഠനം. സ്വപ്നം കണ്ട ജോലി. കൂട്ടിന് എന്റെ സ്വപ്നങ്ങളും. അങ്കമാലിയിലെ എംബിഎ പഠനമാണ് സിനിമസ്വപ്നത്തിന് വേഗം പകർന്നത്. കൊച്ചിയിലേക്കുള്ള കൂടുമാറ്റം സിനിമയിൽ പുതിയ അവസരങ്ങൾ തേടാൻ പ്രേരിപ്പിച്ചു. ഡാൻസും മോഡലിംഗും കട്ടയ്ക്ക് കൂടെയുണ്ടായിരുന്നതും ഈ കാലയളവിൽ തന്നെ. എംബിഎ പഠന ശേഷം കമ്പളക്കാടുള്ള കുടുംബശ്രീ ബസാറിൽ ജോലികിട്ടി. ഇടവേളകളിൽ മോഡലിംഗിൽ തലകാണിച്ചും ഫൊട്ടോഷൂട്ടുമൊക്കെയായി ഹാപ്പിയായി പോയി. നിരവധി സിനിമ ഓഡിഷനുകളിലും തലകാണിച്ചു. നടൻ രാഹുൽ മാധവിന്റെ ഡാൻസ് പ്രോജക്ടിൽ കിട്ടിയ അവസരമായിരുന്നു ആദ്യ ലോട്ടറി. അതിന്റെ ആദ്യ സെഷൻ വിജയകരമായി പൂർത്തിയാക്കി. അടുത്ത സെഷനു വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് അത് സംഭവിച്ചത്. എന്റെ മേൽവിലാസം തന്നെ മായ്ച്ചു കളഞ്ഞ നശിച്ച ദിവസം...– സ്വരൂപ് ഒരു ദീർഘനിശ്വാസമിട്ടു.

ഫെബ്രുവരി 19നാണ് അത് സംഭവിച്ചത്. കമ്പളക്കാടുള്ള ഓഫീസിൽ നിന്നും രാവിലെ 10.30ന് തിരികെ കൽപ്പറ്റിയിലെ വീട്ടിലേക്ക് ബൈക്കിൽ പോകുകയാണ്. ചീറിപ്പാഞ്ഞു വന്ന ഗ്രേ കളർ ഫോർഡ് ഫിഗോ കാർ എന്റെ ബൈക്കിലേക്ക് ഇടിച്ചു കയറി. ആഘാതത്തിൽ തെറിച്ചു വീണും. റോഡിൽ തളംകെട്ടിയ രക്തത്തിലേക്ക് നോക്കുമ്പോഴേക്കും എന്റെ ഓർമകൾ മങ്ങാൻ തുടങ്ങിയിരുന്നു. ആരൊക്കെയോ വന്നു താങ്ങിയെടുത്തു. വേദന തലച്ചോറിലേക്ക് കയറിയപ്പോൾ അലറിക്കരഞ്ഞത് ഓർമയുണ്ട്. തൊണ്ടപൊട്ടുമാറുച്ചത്തിൽ... ആ വേദന എനിക്കു മാത്രമല്ലേ അറിയൂ...

‌കാറില്‍ വന്നവർ രണ്ടു ന്യായങ്ങളാണ് പറഞ്ഞത്. ആശുപത്രിയിൽ മരണ ശയ്യയിൽ കിടക്കുന്ന രോഗിയെ കാണാനുള്ള ഓട്ടമായിരുന്നുവത്രേ അത്. പിന്നെ പറഞ്ഞു, മൊബൈല്‍ ഫോണിൽ എമർജൻസി കോൾ ചെയ്യുകയായിരുന്നുവെന്ന്. മങ്ങിയ ഓർമയിൽ എനിക്കും രണ്ട് കാര്യങ്ങൾ മനസിലായി, ഒന്ന് ഇത്രയും ന്യായം പറഞ്ഞവരല്ല എന്നെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട്, ഞാൻ സ്പീഡിൽ അല്ലാ... വണ്ടി ഓടിച്ചത്. ആ കാറിന്റെ രൂപത്തില്‍ വന്നുകയറിയത് എന്റെ വിധിയായിരുന്നു.

swaroop-2

മാംസം തുളച്ചു കയറുന്ന വേദന

വയനാട് ഒരു നല്ല ആശുപത്രി ഇല്ലാ എന്നതിന്റെ ദു:ഖം ഏറ്റവും അനുഭവിച്ചത് ഞാനായിരിക്കും. ചെന്നുകയറിയ സർക്കാർ ആശുപത്രിക്കാർ രക്തം ചീറ്റിക്കൊണ്ടിരിക്കുന്ന...ചിതറിത്തെറിച്ച എന്റെ കാലുകളേയും എന്നേയും ബ്ലാങ്കറ്റിൽ പൊതിഞ്ഞ് കോഴിക്കോടേക്ക് വിട്ടു. അന്നേരം എന്റെ കാലുകളിൽ മാംസമേ ഇല്ലായിരുന്നു. വെറും എല്ലുകൾ മാത്രം. കാലിലെ കുതികാൽ ഞരമ്പും അറ്റുപോയത്രേ. ആ കാഴ്ച കണ്ട്... എന്റെ കരച്ചിൽ കണ്ട് ഞാൻ തീർന്നു പോകുമെന്ന് വീട്ടുകാർ കരുതി. എത്ര കാശ് മുടക്കിയും വിദഗ്ധ ചികിത്സ നൽകാനുറച്ച അച്ഛൻ ജനാർദ്ദനനും ബന്ധുക്കളും എന്നെയെത്തിച്ചത് കോഴിക്കോട്ടെ പേരുകേട്ട സ്വകാര്യ ആശുപത്രിയിൽ. അവിടം തൊട്ടാണ് അതു വരെ അനുഭവിച്ചതിനേക്കാളും വലിയ വേദനയും അവഗണനയും നേരിടുന്നത്. ദിവസങ്ങളോളം അവരുടെ വെന്റിലേറ്ററിൽ. സർജറി ഇന്നു ചെയ്യും നാളെ ചെയ്യുമെന്ന് പറഞ്ഞ് ദിവസങ്ങൾ നീണ്ടു പോയി. കൃത്യമായ ഉത്തരവും നൽകുന്നില്ല. വൈകുന്തോറും അപകടമേറുകയാണെന്ന് പലരും ഓർമ്മിപ്പിച്ചു. എന്റെ കാലിലാകട്ടെ പൂപ്പൽ പോലെ എന്തോ കയറി നിർജീവമെന്ന് തോന്നിപ്പിക്കുന്ന നിലയിലേക്ക് മാറുകയാണ്. സർജറി വൈകിപ്പിച്ച് മാംസങ്ങളിലൂടെ അണുബാധകേറി അത് പലരുടേയും ജീവനെടുത്ത ഭൂതകാലം ഇതേ ആശുപത്രിക്കുണ്ട്. ഇനിയും അവിടെ തുടരുന്നത് അപകടമെന്ന് മനസിലാക്കിയ നിമിഷം ഡിസ്ചാർജിനൊരുങ്ങി. അതിനു ശേഷം അതുവരെയില്ലാത്ത അവഗണനയുമുണ്ടായി. ഒരു പെയിൻ കില്ലര്‍ തരാൻ പോലും അവർക്ക് മടി. ഒടുവിൽ ഡിസ്ചാർജ് വാങ്ങി കോയമ്പത്തൂരിലേക്ക് പോകുമ്പോഴും കൂടെയുള്ളവർ ആശ്വസിപ്പിച്ചു. ‘എന്റെ കാലിന്... ഒന്നും സംഭവിക്കില്ല... എല്ലാം ശരിയാകും.’

പിക്ചർ അഭി ബാക്കി ഹേ...

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു. അവർ ആദ്യം തന്നെ ചോദിച്ചത് ഞങ്ങൾ ഗവൺമെന്റ് ആശുപത്രിയിൽ പോയിരുന്നോ എന്നാണ്. അവിടുന്നങ്ങോട്ട് അവഗണനയുടെ ചിത്രം ഓരോന്നായി അവർക്കു മുന്നിൽ തെളിഞ്ഞു. മാംസത്തിൽ പൂപ്പലും അണുബാധയും മൂടിയിരിക്കുന്നു. ചികിത്സ വൈകിപ്പിച്ചതും വ്യക്തം. എല്ലാം കൈവിട്ടു പോയ നിമിഷത്തിൽ ഡോക്ടര്‍ പറഞ്ഞു, ‘ഇനി ഈ കാലിന് ശരീരത്തിൽ ഒന്നും ചെയ്യാനില്ല! കാല് മുറിക്കുക തന്നെ വേണം!’ ആ നിമിഷം മരിച്ചെങ്കിലെന്ന് തോന്നിപ്പോയി. കൊന്നു കളയാനാണ് അവരോട് പറഞ്ഞത്. അന്നേരം ഡോക്ടറാണ് പറഞ്ഞത്, എന്നെപ്പോലെ എത്രയോ പേർ ഈ ഭൂമിയിലുണ്ടെന്ന്. കൃത്രിമകാൽ വച്ച് അവർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന്. അന്ന് കേട്ട ഉപദേശത്തെ ജീവിത യാഥാർത്ഥ്യവുമായി കൂട്ടിക്കെട്ടാൻ പിന്നെയും എടുത്തു ദിവസങ്ങൾ. അതിനിടെ കൊച്ചു കുട്ടിയെ പോലെ കരഞ്ഞു കരഞ്ഞ്... ഞാൻ ഇല്ലാതായി. വിഷാദം പിടിമുറുക്കി. ഒടുവിൽ ഏതോ നിമിഷത്തിൽ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു. അവിടെയും തുണയായത്, ഒരു വേദനയ്ക്കു മുന്നിലും സ്വപ്നങ്ങളെ അടിയറവ് വയ്ക്കരുത് എന്ന തിരിച്ചറിവായിരുന്നു.

കൃത്രിമ കാൽ ഘടിപ്പിക്കും മുമ്പ് ക്രച്ചസിന്റെ സഹായത്തോടെ നടക്കാൻ പഠിച്ചു. വോക്കറിന്റെ സഹായത്തോടെ പഴയ നൃത്തച്ചുവുകളെ തിരികെ വിളിച്ചു. പിന്നെ പിന്നെ ഊന്നു വടിയെ സൈഡിലേക്ക് മാറ്റി നൃത്തം ചെയ്യുന്നതിലേക്ക് വരെ വളർന്നു എന്റെ ആത്മവിശ്വാസം. സിനിമയും മോഡലിംഗും എല്ലാം അതേപടി ഇന്നും കൂട്ടിനുണ്ട്. കോവിഡ് ആയതു കാരണം ജിം പരിശീലനത്തിന് താത്കാലിക അവധി നൽകിയിരിക്കുകയാണ്. കൃത്രിമ കാല് ഘടിപ്പിക്കാനുള്ള കോയമ്പത്തൂർ യാത്ര ബാക്കിയാണ്. കേരളത്തിൽ അത് ചെയ്യാൻ എനിക്ക് വിശ്വാസമില്ല. പേടിയാണെന്ന് പറയുന്നതാകും കൂടുതൽ ശരി.എന്തായാലും വേദനയെ ജയിച്ച ബാക്കികഥ സ്ക്രീനിൽ തെളിയാൻ ഇനിയും ജീവിതം ബാക്കിയാണ്. ഒരു കാര്യം ഉറപ്പു നൽകാം, ക്ലൈമാക്സിലെ ട്വിസ്റ്റിൽ ഞാനായിരിക്കും ഹീറോ. വില്ലൻ എന്നെ വേദനിപ്പിച്ച വിധിയും. പിക്ചർ അഭി ബാക്കി ഹേ...– സ്വരൂപ് നിറഞ്ഞു ചിരിച്ചു.