Monday 11 February 2019 05:43 PM IST : By സ്വന്തം ലേഖകൻ

ഈ ഓണത്തിന് സ്വന്തം വീട്ടുമുറ്റത്ത് പൂക്കളമിടാം; ഭൂമിയിലെ മാലാഖമാർ കനിഞ്ഞ് സ്വാതിമോള്‍ക്ക് അടച്ചുറപ്പുള്ള വീടായി!

jjas-swathy

ഇത്തവണത്തെ ഓണത്തിന് സ്വാതി മോള്‍ക്ക് സ്വന്തം വീടിന്റെ മുറ്റത്ത് പൂക്കളമിടാം. യുഎന്‍എ സജീവ അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന മാസ ലെവിയില്‍ നിന്ന് നിശ്ചിത തുക മാറ്റി വച്ചാണ് സ്വാതി മോൾക്ക് മൂന്നു സെന്റിൽ വീട് നിർമ്മിച്ചിരിക്കുന്നത്. ഇതോടെ ഭൂമിയിലെ മാലാഖമാർ കനിഞ്ഞ് സ്വാതി മോള്‍ക്ക് അടച്ചുറപ്പുള്ള വീടായി! 

2017 ൽ ഓണക്കാലത്താണ് സ്വാതി മോളുടെ വീടിന്റെ ശോചനീയാവസ്ഥ യുഎന്‍എയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ചെറിയ കൂരയ്ക്ക് മുന്നില്‍ അത്തപ്പൂക്കളമിട്ടു നിൽക്കുന്ന സ്വാതി മോളുടെ ചിത്രം അന്നത്തെ നൊമ്പരക്കാഴ്ചയായിരുന്നു. ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ പെൺകുട്ടിയുടെ വിവരങ്ങൾ നൽകുകയാണെങ്കിൽ യുഎന്‍എ വീട് വച്ച് നൽകും എന്ന് പ്രഖ്യാപിച്ചു.

സോഷ്യല്‍ മീഡിയ വഴി ’നമ്മുടെ പത്തനംതിട്ട’ എന്ന ഫെയ്സ്ബുക് പേജിന്റെ സഹായത്തോടെയാണ് സ്വാതി മോളെ കണ്ടെത്തിയത്. തുടര്‍ന്ന് സ്വാതിയുടെ കുടുംബത്തെ നേരിൽ സന്ദർശിച്ചപ്പോൾ ഇവർക്ക് സ്വന്തമായി വീടില്ലെന്നും പുറമ്പോക്ക് ഭൂമിയിലാണ് താമസമെന്നും മനസ്സിലാക്കി. പിന്നീട് മൂന്നു സെന്റ് വാങ്ങി വീട് വച്ചു നൽകുകയായിരുന്നു.

യുഎന്‍എ അംഗം ജാസ്മിന്‍ഷായാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. സ്വാതി മോളുടെ വീട്ടിലേക്ക് ആവശ്യമായ ഫർണ്ണിച്ചറുകളോ മറ്റു സാധന സാമഗ്രികളോ നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നും ജാസ്മിന്‍ഷാ ഫെയ്സ്ബുക്കില്‍ കുറിച്ചു. വീടിന്റെ താക്കോല്‍ ദാനം ഫെബ്രുവരി 14 ന് രാവിലെ 10 നു തിരുവനന്തപുരത്തെ ഭരതന്നൂരിലെ പാങ്ങോട് സാഹിറ ഓഡിറ്റോറിയത്തില്‍ കാനം രാജേന്ദ്രന്‍ നിര്‍വഹിക്കും. സ്ഥലം എംഎല്‍എ ഡി കെ മുരളി, വാര്‍ഡ് കമ്മിറ്റി മെമ്പര്‍ ലളിത, സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

jasminsha120