Monday 06 July 2020 03:30 PM IST : By സ്വന്തം ലേഖകൻ

സ്വർണം കടത്തിയത് ഭക്ഷണസാധനമെന്ന പേരിൽ; ഒറ്റഇടപാടിൽ കിട്ടുന്നത് 25 ലക്ഷം വരെ; സ്വപ്ന സുരേഷിനെ തേടി പൊലീസ്

swapna

യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിലെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക കേരള ഐ.ടി വകുപ്പ് ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷ് എന്ന് കണ്ടെത്തൽ. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിനുപിന്നില്‍ വന്‍സംഘമെന്ന് തെളിഞ്ഞത്.

കമ്മീഷൻ ഇടപാടിൽ സ്വർണം കടത്തി നൽകിയതായി കസ്റ്റഡിയിലുള്ള സരിത് സമ്മതിച്ചു. കോവിഡ് കാലത്ത് മാത്രം മൂന്ന് തവണ ഉൾപ്പെടെ എട്ട് പ്രാവശ്യം ഡിപ്ളോമാറ്റിക് ബാഗേജിലൂടെ  സ്വർണം കടത്തിയതായി സൂചന. . സ്വര്‍ണം കടത്തുന്നതിന് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നു എന്നും മുമ്പും ഇത്തരം ഇടപാടുകള്‍ നടത്തിയിരുന്നു എന്നുമാണ് കസ്റ്റഡിയിലെടുത്ത സരിത് സമ്മതിച്ചിരിക്കുന്നത്.

അതേസമയം ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. കമ്മീഷൻ ഇടപാടിൽ സ്വർണം കടത്തി നൽകിയതായി കസ്റ്റഡിയിലുള്ള സരിത് സമ്മതിച്ചു. കോവിഡ് കാലത്ത് മാത്രം മൂന്ന് തവണ ഉൾപ്പെടെ എട്ട് പ്രാവശ്യം ഡിപ്ളോമാറ്റിക് ബാഗേജിലൂടെ  സ്വർണം കടത്തിയതായി സൂചന.

കേരളത്തിൽ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്നത്. 30 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജിന് ലഭിക്കുന്ന നയതന്ത്ര പരിരക്ഷയാണ് പ്രതികൾ സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചത്. ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. ആവശ്യമെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ വേണം പരിശോധന നടത്താൻ.

ഭക്ഷണസാധനമെന്ന പേരിലാണ്  ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.