Saturday 08 August 2020 02:25 PM IST : By സ്വന്തം ലേഖകൻ

‘അലനെപ്പോലെ എത്രയോ പേർ! അഭിനന്ദിക്കേണ്ട, സ്‌നേഹിക്കേണ്ട... പക്ഷേ, അവരെ നിങ്ങൾ മറന്നുപോകരുത്’; വൈറലായി കുറിപ്പ്

munnarhjugufgubb

കഴിഞ്ഞ ദിവസം രാവിലെ മൂന്നാർ രാജമലയിലെ ദുരന്തമാണ് നമ്മളെ ഉണർത്തിയതെങ്കിൽ രാത്രിയോടെ കോഴിക്കോട് കരിപ്പൂരിൽ നിന്നുള്ള സങ്കട കാഴ്ചകളിലാണ് ആ ദിവസം അവസാനിച്ചത്. രണ്ടു വലിയ ദുരന്തങ്ങൾ നടന്ന ദിവസം. രണ്ടിടത്തും കൂടി മുപ്പത്തിയഞ്ചിൽ അധികം ആളുകൾക്ക് ജീവഹാനിയുണ്ടായി. കോഴിക്കോട്, വിവിധ ആശുപത്രികളിൽ പലരും ജീവന് വേണ്ടി പൊരുതുമ്പോൾ രാജമലയിൽ അപകടം നടന്നയിടത്ത് നാൽപ്പതിലധികം തോട്ടം തൊഴിലാളികൾ ഇപ്പോഴും മണ്ണിനടിയിലാണ്. അവരുടെയൊന്നും ശരീരം പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കരിപ്പൂർ സംഭവത്തിൽ സമീപവാസികളുടെ ഇടപെടൽ സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരുന്നു. എന്നാൽ സമാനമായ സാഹചര്യമായിരുന്നിട്ട് കൂടി രാജമല നിവാസികൾ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല. ഈ വിഷയത്തിൽ സങ്കടം പങ്കുവച്ച് ടി സി രാജേഷ് സിന്ധു എന്നയാൾ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ടി സി രാജേഷ് സിന്ധു പങ്കുവച്ച കുറിപ്പ് വായിക്കാം; 

പരാതിയില്ല...

കരിപ്പൂരിൽ വിമാനാപകടമുണ്ടായിടത്ത് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരെപ്പറ്റിയുള്ള വാഗ്‌ധോരണികളിൽ സ്ട്രീം നിറയുകയാണ്. രാത്രി അവർ ഏറെ അധ്വാനിച്ചു, കോവിഡ് ഉൾപ്പെടെയുള്ള കാര്യങ്ങളെ അവഗണിച്ചു തന്നെ. അവർ സ്‌നേഹമുള്ളവരാണ്. അഭിനന്ദനം അർഹിക്കുന്നവരാണ്.

അപ്പോൾ, അങ്ങകലെ പെട്ടിമുടിയിൽ മണ്ണിനും ചെളിക്കുമിടയിൽ അറുപതോളം പേർ ജീവനില്ലാതെ കിടപ്പുണ്ടാകും. അവിടെയും കോവിഡ് ഭീഷണി നിലനിൽ‍ക്കുന്നുണ്ട്. മണ്ണും കല്ലും മാറ്റിയാലും മണ്ണിനടിയിലായവരെ ഇനി രക്ഷിക്കാനായെന്നു വരില്ല. ഇന്നലെ രാവിലെ അപകട വിവരം കേട്ടപ്പോൾതന്നെ മൂന്നാറിൽ നിന്നും മറയൂരിൽ നിന്നും രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്, ദുരിതാശ്വാസപ്രവർത്തകരായി. 

മണ്ണിനടിയിലായ ലയങ്ങളിൽ നിന്ന്, ദിവസവും കാണുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനാകുമോ എന്ന് ടോർച്ചിന്റെയും പെട്രോമാക്‌സിന്റെയും വെളിച്ചത്തിൽ തിരഞ്ഞുമടുത്തവരുണ്ട്. അവരാണ് പത്തിലേറെപ്പേരെ ആശുപത്രിയിലെത്തിച്ചത്. കഴുത്തൊപ്പം ചെളിമണ്ണിൽ പുതഞ്ഞുകിടന്ന ദീപനെ ഉൾപ്പെടെ വലിച്ചൂരിയെടുത്തത്. കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ, ആവശ്യത്തിനു വാഹനമില്ലാതെ മരിച്ചവരെ പുറത്തെടുക്കുമ്പോൾ കിടത്താൻ ട്രോളിയില്ലാതെ തകരഷീറ്റുകൾ കൂട്ടിക്കെട്ടി ചെളിക്കുമീതേ പാതയുണ്ടാക്കി, തകരീറ്റുകൾതന്നെ ട്രോളിയാക്കി പെരുമഴയത്ത് അവർ ചെളിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുകയാണ്. മണ്ണിൽ പൂണ്ടുപോയ സഹജീവികളുടെ വെറുങ്ങലിച്ച ശരീരമെങ്കിലും കിട്ടുമോയെന്നറിയാൻ.

ഈ ചിത്രത്തിലുള്ളത് അലനാണ്. അപകടവിവരമറിഞ്ഞ് രാവിലെ പെട്ടിമുടിയിലേക്കുപോയശേഷം തിരിച്ചെത്തിയതാണ്. ശരീരത്തിൽ നിന്ന് പത്തിലേറെ അട്ടകളെ പെറുക്കിക്കളഞ്ഞത് വീട്ടിലെത്തിയശേഷം. അലനെപ്പോലെ എത്രയോ പേർ! കുളയട്ടകൾ ഇഴഞ്ഞുകയറി ശരീരത്തിലെ രക്തം കുടിക്കുന്നതുപോലും അവരറിയുന്നില്ല. അത്യാവേശത്തിലല്ല, നിർവ്വികാരരായാണ് അവർ അവിടെ സേവനം ചെയ്യുന്നത്. ‍‍അഭിനന്ദിക്കേണ്ട, സ്‌നേഹിക്കേണ്ട... പക്ഷേ, അവരെ നിങ്ങൾ മറന്നുപോകരുത്.

Tags:
  • Spotlight
  • Social Media Viral