Friday 30 August 2019 03:38 PM IST

‘അതിഥിയോട് അനുവാദം ചോദിച്ചശേഷം മാത്രമേ വീണ്ടും വിളമ്പാവൂ’; കൃത്യമായി പാലിക്കാം ടേബിൾ മാനേഴ്സ്!

V N Rakhi

Sub Editor

table-manners554345

ഫൈവ് സ്റ്റാർ ഹോട്ടലിൽ മീറ്റിങ് എന്നോ ഇത്തിരി ഹൈ ഫൈ കല്യാണപ്പാർട്ടിയെന്നോ കേട്ടാൽ അവിടെ എങ്ങനെ പെരുമാറണം എന്നോർത്താവും ആധി. എത്ര വലിയ വിരുന്നിലും ആത്മവിശ്വാസത്തോടെ പെരുമാറാം, മനസ്സിൽ വച്ചോളൂ ഈ ടിപ്സ്.

അറിയാം തീൻമേശയിലെ മര്യാദ

ലേഡീസ് ഫസ്റ്റ് എന്ന കാര്യം തീൻമേശയിലും ബാധകമാണ്. കൂടെ സ്ത്രീകളുണ്ടെങ്കിൽ ആദ്യം അവരെ ഇരുത്തണം. മറ്റൊരു വീട്ടിൽ വിരുന്നിനു പോയതാണെങ്കിൽ അവിടുത്തെ മുതിർന്ന ആളുകൾക്ക്  ആദ്യം സീറ്റ്  നൽകാം. അവർ ഇരിക്കുന്നതിനു മുൻപേ അവരുടെ കസേരയിൽ കയറിയിരിക്കാതെനോക്കണം. നിരക്കാതെ കസേര പൊക്കിയെടുത്തു നീക്കാം. സ്ത്രീയായാലും പുരുഷനായാലും ഇടതുവശത്തു കൂടെ കടന്നു വേണം  ഇരിക്കേണ്ടത്. വലതു വശത്തു കൂടെ പുറത്തേക്ക് ഇറങ്ങുകയും വേണം.

സ്പൂണിനും ഫോർക്കിനും ഒപ്പം വച്ചിട്ടുള്ള നാപ്കിൻ നിവർത്തി മടിയിൽ വിരിച്ചാൽ ഭക്ഷണം തുടങ്ങാനുള്ള സിഗ്നലായി. കഴിക്കുന്നതിനിടെ ചുണ്ടുകള്‍ ഒപ്പാൻ മാത്രമേ ഈ നാപ്കിൻ ഉപയോഗിക്കാവൂ. ഇടയ്ക്ക് പുറത്തേക്കു പോകേണ്ടി വന്നാൽ നാപ്കിൻ കസേരയിൽ വച്ചോളൂ. തിരികെ വരും എന്നർഥം. ഭക്ഷണം കഴിഞ്ഞാണ് എഴുന്നേൽക്കുന്നതെങ്കിൽ നാപ്കിൻ ചുരുട്ടി പ്ലേറ്റിന് ഇടതുവശത്തായി വയ്ക്കുക. മടക്കരുത്.

ഭക്ഷണം സ്വയം എടുക്കേണ്ടി വരുന്ന അവസരത്തിൽ അറ്റത്തിരിക്കുന്നവ എത്തിച്ചെടുക്കാൻ ശ്രമിക്കാതെ ഏറ്റവും അടുത്തുള്ള സാധനം എടുത്ത് വിളമ്പുക. ഇടതു വശത്തിരിക്കുന്ന ആളിന് വിളമ്പിക്കൊടുത്ത ശേഷം വലതുവശത്തിരിക്കുന്ന ആളിനു പാത്രം കൈമാറാം. അതിഥിയോട് അനുവാദം ചോദിച്ച ശേഷം  മാത്രം രണ്ടാം തവണ വിളമ്പുക. ഭക്ഷണം കഴിക്കാ ൻ അമിതമായി നിർബന്ധിക്കുന്നതു ശരിയല്ല.

സ്പൂൺ ഉപയോഗിച്ചേ സൂപ്പ് കുടിക്കാവൂ. വലതുകൈയിൽ സ്പൂൺ പിടിച്ച് സൂപ്പിലേക്കു താഴ്ത്തി, ഇരിക്കുന്നതിന് എതിർവശത്തേക്കു വേണം സൂപ്പ് കോരിയെടുക്കാൻ. ശബ്ദമുണ്ടാക്കാതെ പതിയെ ചുണ്ടോടടുപ്പിച്ചു കുടിക്കാം. ഒപ്പമുള്ള ബ്രെഡ് റോൾസ് ഓരോ തവണയും കൈകൊണ്ട് ഓരോ കഷണമാക്കി മുറിച്ചെടുക്കണം. നേരിട്ടു വായിൽ വയ്ക്കരുത്.

പ്ലേറ്റ് അടുപ്പിച്ചു വച്ച്, കസേരയിൽ നിവർന്നിരുന്നു വേണം ഭക്ഷണം കഴിക്കാൻ. ദുപ്പട്ടയോ ലോങ് സ്‌ലീവ് ഉടുപ്പുകളോ പാത്രത്തിൽ തട്ടുന്നില്ലെന്ന് ഉറപ്പാക്കണം.

മേശയിൽ പല വലുപ്പമുള്ള സ്പൂണും ഫോർക്കും സെറ്റ് ചെയ്തിട്ടുണ്ടാകും. ഏറ്റവും പുറത്തുള്ളത് ആദ്യം എന്ന രീതിയിലാണ് ഉപയോഗിക്കേണ്ടത്. കൈവെള്ളയുടെ ഉള്ളിലൊതുക്കി, സ്പൂണിന്റെയും ഫോർക്കിന്റെയും തണ്ടിനു മുകളിൽ രണ്ടു കയ്യുടെയും ചൂണ്ടുവിരൽ വച്ച്, മോതിരവിരലിൽ ഭാരം നൽകുന്ന വിധത്തിലാവണം ഇവ പിടിക്കേണ്ടത്.

ബ്രെഡ് വലതുകയ്യിലെ കത്തികൊണ്ടു മുറിച്ച് ഇടതുകയ്യിലെ ഫോർക്ക് കൊണ്ടു കുത്തിെയടുത്തു കഴിക്കാം. ചോറാണെങ്കിൽ കത്തിക്കു പകരം സ്പൂൺ എടുത്ത് ഫോർക്ക് കൊണ്ട് ചാറ് സ്പൂണിലേക്കു ചേർത്ത് കഴിക്കാം. ചെമ്മീൻ പോലെയുള്ള മത്സ്യങ്ങളുടെ തൊണ്ട് പൊളിച്ചു കഴിക്കേണ്ടി വന്നാൽ കൈ ഉപയോഗിക്കാൻ മടിക്കേണ്ടതില്ല.

ഭക്ഷണം വിഴുങ്ങാതെ നന്നായി ചവച്ചരച്ചു കഴിക്കുക.  കഴിക്കുമ്പോൾ ശബ്ദമുണ്ടാകാതെ ശ്രദ്ധിക്കണം.  വായിൽ ഭക്ഷണം വച്ച് സംസാരിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. അഥവാ സംസാരിക്കേണ്ടി വന്നാൽ ഭക്ഷണം ചവച്ചിറക്കിയ ശേഷം മാത്രം സംസാരിക്കുക.

കഴിക്കാം; അലോസരമുണ്ടാക്കാതെ

table-manners3324

ഭക്ഷണം ശിരസ്സിൽ കയറിയാൽ വേഗം വെള്ളം കുടിക്കുക. കയ്യോ നാപ്കിനോ കൊണ്ട് വായ മറച്ചു പിടിക്കുകയും വേണം. തൊണ്ടയിൽ മുള്ള് പോയാലും കൈ മറച്ചു പിടിച്ചു വേണം മുള്ളെടുക്കാൻ. ഇത്തരം സന്ദർഭങ്ങളിൽ ‘എക്സ്ക്യൂസ് മീ’ പറഞ്ഞ് കൈകഴുകുന്ന സ്ഥലത്തേക്കു മാറുന്നതാകും നല്ലത്.

കഴിക്കുന്നതിനിടെ  സ്പൂണോ കത്തിയോ താഴെപ്പോയാ ൽ കുനിഞ്ഞെടുക്കാൻ ശ്രമിക്കാതെ വേറെ ഒരെണ്ണം ആവശ്യപ്പെടുക. എല്ലോ മറ്റോ തടഞ്ഞാൽ പാത്രത്തിലേക്ക് നീട്ടിത്തുപ്പുന്ന സ്വഭാവമുണ്ടെങ്കിൽ അതും മാറ്റിക്കോളൂ.

കഴിക്കുന്നതിനിടെ സംസാരിക്കുമ്പോൾ ഫോർക്കും കത്തിയും തലതിരിഞ്ഞ വി ആകൃതിയിൽ പ്ലേറ്റിൽ തന്നെ കമഴ്ത്തി വയ്ക്കുക. ഭക്ഷണം കഴിഞ്ഞാൽ ഫോർക്കും കത്തിയും പ്ലേറ്റിനു കുറുകെ വയ്ക്കുക. കത്തിയുടെ മൂർച്ചയുള്ള ഭാഗം അകത്തേക്കിരിക്കണം. കത്തിയുടെ  ഇടതുവശത്തായി  ചേർന്ന്, മുള്ളുകൾ താഴേക്കാക്കി വേണം ഫോർക്ക് വയ്ക്കാന‍്‍.  ഉപയോഗിച്ച സ്പൂണും  മറ്റും പ്ലേറ്റിനുള്ളിൽ മാത്രം വയ്ക്കുക. മേശപ്പുറത്തു വയ്ക്കരുത്.     

ബുഫേ സിസ്റ്റമാണെങ്കിൽ ആദ്യതവണ തന്നെ എല്ലാ വിഭവങ്ങളും പ്ലേറ്റിൽ കുന്നുകൂട്ടി എടുക്കേണ്ട. ആദ്യം അപ്പവും കറിയും കഴിച്ച ശേഷം അടുത്ത തവണ ചോറും കറിയും എടുത്തോളൂ. പറ്റുമെങ്കിൽ ചോറും കറിയും എടുക്കാൻ വേറെ പ്ലേറ്റ് എടുക്കാം. ഡിസേർട്ടും ആവശ്യത്തിനു മാത്രം എടുക്കുക.

ഭക്ഷണത്തിനു ശേഷം സോപ്പിട്ട് കൈ കഴുകണം. കഴിയുന്നതും എല്ലാവരും കഴിച്ചു കഴിഞ്ഞ ശേഷം മാത്രം എഴുന്നേൽക്കുക. അത്യാവശ്യമെങ്കിൽ മാത്രം ‘എക്സ്ക്യൂസ് മീ’ പറഞ്ഞ് എഴുന്നേറ്റു പോയി കൈ കഴുകാം. ഹോട്ടലുകളിലാണെങ്കിൽ ഫിംഗർ ബൗളിൽ നാരങ്ങ അരിഞ്ഞിട്ട വെള്ളം കൊണ്ടു വരും. നാരങ്ങ കയ്യിൽ ഉരസിയ ശേഷം കൈ വെള്ളത്തിൽ മുക്കി നാപ്കിനില്‍ തുടയ്ക്കാം.

കൈ കഴുകിയ ശേഷം ഊണുമേശയിൽ തന്നെ ഇരുന്ന് പല്ലിട കുത്തുന്ന ശീലം വേണ്ട. അത്യാവശ്യമെങ്കിൽ വാഷ് ഏ രിയയിൽ ചെന്ന് ഒരു കൈ കൊണ്ടു വായ് മറച്ചു പിടിച്ച് മറുകയ്യിൽ ടൂത്ത് പിക്ക് പിടിച്ചുകൊണ്ട് പല്ലിട കുത്താം.

ചെറിയ കുട്ടികൾ കൂടെയുണ്ടെങ്കിൽ അവർ അവിടെയിരുന്ന് കളിച്ചോളും എന്നു കരുതി അവരെ ശ്രദ്ധിക്കാതെ വിടരുത്. കഴിയുന്നതും  കുട്ടികളെയും കൂടെയിരുത്തി ഭക്ഷണം കഴിപ്പിക്കുക. ഹോട്ടലിലാണെങ്കിൽ കുട്ടികൾക്ക് സൗകര്യപ്രദമായ ഹൈചെയർ ആവശ്യപ്പെടാം. 

Tags:
  • Spotlight