Saturday 25 June 2022 11:48 AM IST : By സ്വന്തം ലേഖകൻ

ഡ്യൂട്ടി സമയത്ത് സർക്കാർ ഡോക്ടർമാരും നഴ്സുമാരും വിനോദയാത്രയില്‍; പകരം ചികിത്സ നടത്തിയത് മകൻ! നാലുപേർക്ക് സസ്പെൻഷൻ

doctorrepresentationalphoto

വിനോദയാത്രയിലായിരുന്ന സർക്കാർ ഡോക്ടർക്ക് പകരം മകൻ ചികിത്സ നടത്തിയ സംഭവത്തിൽ നാലുപേർക്ക് സസ്പെൻഷൻ. ഈറോഡ് ഗോപിചെട്ടിപ്പാളയം കൗവുന്തംപാടി സർക്കാർ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ ദിനകർ(57), വനിതാ ഡോക്ടർ ഷണ്മുഖവടിവ് (32) എന്നിവരെയും രണ്ട് നഴ്സുമാരെയുമാണ് സസ്പെൻഡ് ചെയ്തത്. ഡോക്ടർക്കു പകരം ചികിത്സ നടത്തിയ മകൻ അശ്വിന്(29) എതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറാണ്.

ഡ്യൂട്ടി സമയത്ത് ഡോ. ദിനകർ വനിതാ ഡോക്ടർക്കും നഴ്സുമാർക്കുമൊപ്പം ഹൊഗനക്കൽ വിനോദസഞ്ചാര കേന്ദ്രത്തിൽ പോയെന്നാണ് കലക്ടർക്ക് പരാതി ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് വയറുവേദനയുമായി ആശുപത്രിയിലെത്തിയ രോഗി മുതിർന്ന ഡോക്ടറെയും അദ്ദേഹം അവധിയാണെങ്കിൽ ഉണ്ടാവേണ്ട വനിതാ ഡോക്ടറെയും കാണാത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് വിവരമറിഞ്ഞത്. രോഗിയുടെ പരാതിയിൽ ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ നാലുപേരും ഡ്യൂട്ടി സമയത്ത് വിനോദയാത്ര പോയതായി തെളിവു ലഭിച്ചു.

Tags:
  • Spotlight