Thursday 25 March 2021 02:53 PM IST : By സ്വന്തം ലേഖകൻ

ജയിച്ചാൽ കൃത്രിമ മഞ്ഞുമല, റോബോട്ട്, ഐഫോൺ, യുവാക്കൾക്ക് ഒരു കോടി, ചന്ദ്രനിലേക്ക് ടൂർ; ചിരിപ്പിച്ചും ചിന്തിപ്പിച്ചും യുവ സ്ഥാനാർഥി

candidddfggg

ജനങ്ങൾക്ക് സ്വപ്ന സമാനമായ വാഗ്ദാനങ്ങളുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥി. തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ശരവണൻ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രികയിലാണ് ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയക്കാരെ ട്രോളി കൊണ്ടുള്ള ശരവണന്റെ പ്രകടന പത്രിക സോഷ്യൽ മീഡിയയിൽ വൈറലാണ്. 

വോട്ടർമാർക്കായി സ്വിമ്മിങ് പൂളുള്ള മൂന്നു നില വീട്, കാർ, ഹെലികോപ്ടർ, ഒരു ബോട്ട്, ഒരു റോബോട്ട്, ഐഫോൺ, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷൻ, യുവാക്കൾക്ക് ഒരു കോടി രൂപ എന്നിവയാണ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങൾ. ഇതിനുപുറമെ അടിസ്ഥാന സൗകര്യവികസനങ്ങളിലടക്കം അസാധാരണമായ പല ക്ഷേമ പദ്ധതികളും ഉറപ്പു നൽകുന്നുണ്ട്.

ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാൻ സ്വന്തം മണ്ഡലമായ മധുരയിൽ കൃത്രിമ മഞ്ഞുമല എന്നിവയാണ് മറ്റു മോഹന വാഗ്ദാനങ്ങൾ. രാഷ്ട്രീയത്തിൽ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് തന്റെ മുഖ്യ ലക്ഷ്യമെന്ന് 34 വയസ്സുകാരനായ സ്ഥാനാർഥി പറയുന്നു.

ഇരുപതിനായിരം രൂപ വായ്പയെടുത്താണ് തിരഞ്ഞെടുപ്പ് ചിലവുകൾ നടത്തുന്നതെന്നും ശരവണൻ പറയുന്നു. ഇതില്‍ പതിനായിരം രൂപ നാമനിര്‍ദേശം ഫയൽ ചെയ്യുന്നതിനായി ചിലവഴിച്ചു. "സൗത്ത് മധുരയിൽ 2,30,000 വോട്ടുകളാണുള്ളത്. 5000 യുവാക്കൾ മത്സരിച്ച് 50 വോട്ട് വീതം നേടിയാൽ ഒരു പാർട്ടിക്കും തമിഴ്‌നാട്ടിൽ മത്സരിക്കാനാവില്ല. അവർ പൊതുജനത്തെ ഭയപ്പെടും. ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഞാൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്."- ശരവണൻ പറയുന്നു.

Tags:
  • Spotlight
  • Social Media Viral