Saturday 12 August 2017 03:25 PM IST : By സ്വന്തം ലേഖകൻ

‘സ്വർണാഭരണങ്ങളും തിളങ്ങുന്ന വസ്ത്രവും എന്തിനാണ്’; വിവാഹദിവസം വധു എത്തിയത് മുത്തശ്ശിയുടെ വെളുത്ത കോട്ടൻ സാരി അണിഞ്ഞ്

Tasnim_Jara
ഖാലിദ് സൈഫുള്ളയും തസ്നിമും

വിവാഹദിവസം തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് ധാരാളം ആഭരണങ്ങളണിഞ്ഞ് മൈലാഞ്ചി മൊഞ്ചിലെത്തുന്ന വധുവിനെ കാത്തിരുന്നവർക്ക് മുന്നിലേക്ക് തസ്നിം ജാര എന്ന പെൺകുട്ടി എത്തി, മുത്തശ്ശിയുടെ നല്ല വെളുത്ത കോട്ടൻ സാരിയണിഞ്ഞ്. തസ്നിമിന്റെ മുഖത്ത് നിലാവ് പോലെ ഭംഗിയുള്ള പുഞ്ചിരിയുണ്ടായിരുന്നു. വിവാഹ ദിവസം മാത്രം അതിസുന്ദരിയായി കാണപ്പെടാനായി ലക്ഷങ്ങളുടെ ആഡംബരങ്ങൾ വിലയ്ക്കു വാങ്ങുന്നതിൽ തസ്നിം വിശ്വസിക്കുന്നില്ല. ഇതാ തന്റെ വിവാഹത്തിന്റെ അപൂർവ നിമിഷങ്ങൾ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച തസ്നിമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

തസ്നിമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ ഭാഗം വായിക്കാം:

എന്റെ വിവാഹദിവസം ഞാൻ വിവാഹ പന്തലിലേക്ക് എത്തിയത് മേക്കപ്പ് ഇല്ലാതെ എന്റെ മുത്തശ്ശിയുടെ വെളുത്ത കോട്ടൻ സാരിയണിഞ്ഞാണ്. എന്നോട് കുറെപേർ ചോദിച്ചു ഞാൻ എന്തിനാണ് ഇത്തരത്തിൽ ചെയ്തത് എന്ന് അവർക്കുള്ള മറുപടിയാണ് ഇത്.

പലപ്പോഴും ഞാൻ അതിശയിച്ചിരുന്നു, എന്തിനാണ് വിവാഹ ദിവസം ഒരുപാട് മേക്കപ്പ് ഇട്ട് സർവാഭരണ വിഭൂഷിതയായി വധു വിവാഹ പന്തലിലേക്ക് എത്തുന്നത് എന്ന്. നിങ്ങൾ തെറ്റിദ്ധരിക്കരുത്, വിവാഹ ദിവസം പെൺകുട്ടിയുടെ ആഭരണങ്ങളും പലപ്പോഴും അവളുടെ കുടുംബത്തിന്റെ പ്രൗഢിയും സാമ്പത്തിക ശേഷിയും വിളിച്ചോതുന്നതാണ് എന്ന് വിചാരിച്ചെങ്കിൽ തെറ്റി. പലപ്പോഴും മറ്റുള്ളവർ ചെയ്യുന്ന അതേ രീതി പിന്തുടർന്ന് പോകാൻ അറിഞ്ഞോ അറിയാതെയോ നിർബന്ധിതരാകുകയാണ് ഇവർ.

ഞാൻ വളരെ ചുരുക്കം വിവാഹങ്ങൾക്കേ പങ്കെടുത്തിട്ടുള്ളൂ. പലവിവാഹങ്ങളിലും ആളുകൾ അന്വേഷിക്കുന്നത് പെൺകുട്ടി സുന്ദരിയാണോ, എത്ര സ്ത്രീധനമുണ്ട്, ഏത്ര രൂപയായിക്കാണും വിവാഹ വസ്ത്രത്തിന്? എന്നൊക്കയൊയിരിക്കും. ഇതൊക്കെ കേട്ട് വളർന്ന ഒരു പെൺകുട്ടി കുറച്ച് മുതിർന്ന കഴിയുമ്പോഴേ പതുക്കെ അവളുടെ വിവാഹത്തിന് എങ്ങനെ ഒരുങ്ങണം, ഏത് മേക്കപ്പ് ആർട്ടിസ്റ്റിനെ വയ്ക്കണം എന്നൊക്കെ മനസിൽ ആലോചിച്ചു തുടങ്ങുകയും ചെയ്യും. കാരണം സമൂഹം അവളെ ‘ഇങ്ങനെ ഒന്നും പോര കല്യാണ ദിവസം’ എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടാകും. എന്നിട്ട് പണം മുടക്കി മേക്ക് ഓവർ നടത്തി അവർ സ്വയം മറ്റൊരാൾ ആകുന്നു. കാരണം, താൽപര്യമില്ലെങ്കിലും ആന്റിമാരും കൂട്ടുകാരും ബന്ധുക്കളുമെല്ലാം നീയൊരു പെണ്ണാണ് വിവാഹത്തിന്നിറയെ സ്വർണം അണിഞ്ഞ് വിലകൂടിയ വസ്ത്രങ്ങളിൽ വേണം നിൽക്കാൻ എന്ന് പല തവണ അവളെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ടാകും. വിവാഹ ദിവസം മാത്രം കണ്ട പെൺകുട്ടിയെ പിന്നീട് കാണുമ്പോൾ യഥാർത്ഥ രൂപം മനസിലാകാത്ത അവസ്ഥ പോലുമുണ്ടായിട്ടുണ്ട്.

തീർന്നില്ല, വിവാഹ ദിവസം വധുവായി നിൽക്കണമെങ്കിൽ വില കൂടിയ വസ്ത്രങ്ങളും ധരിച്ചിരിക്കണം എന്നും ആചാരം പോലെ നമ്മുടെ പെൺകുട്ടികളുടെ മനസ്സിൽ പതി‍ഞ്ഞിട്ടുണ്ടാകണം. ഈ വസ്ത്രം ധരിച്ചാൽ അതിന്റെ ഭാരം കൊണ്ട് നേരെ ചെവ്വേ നടക്കാനാകില്ല എന്നു മാത്രമല്ല. ആ വസ്ത്രം പിന്നീട് യാതൊരു ഉപയോഗവുമില്ലാതെ വയ്ക്കേണ്ടി വരുമെന്നതും സത്യം.

ഇനി പെൺകുട്ടികളുടെ ഇഷ്ടപ്രകാരമാണ് അതുപോലെ സർവാഭരണ വിഭൂഷിതയായി കാണപ്പെടുന്നത് എങ്കിൽ ഞാൻ എതിർക്കുന്നില്ല, അത് അവരുടെ ഇഷ്ടപ്രകാരമാണ്. പക്ഷെ പലപ്പോഴും ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചാണ് ഞാൻ പറയാനാഗ്രഹിക്കുന്നത്. കാരണം പലപ്പോഴും പെൺകുട്ടികൾ പാവക്കുട്ടികളെ പോലെ മറ്റുള്ളവരുടെ ആഡംബര പ്രകടനങ്ങൾക്ക് നിന്ന് കൊടുക്കേണ്ടി വരാറുണ്ട്. ഇത് പൊതുസമൂഹത്തിൽ ഒരു വിശ്വാസം ചാർത്തിക്കൊടുത്തിട്ടുണ്ട്. ‘ സ്വാഭാവിക മുഖസൗന്ദര്യമോ വസ്ത്രമോ ഒന്നും ഒരു വധുവിനെ വധുവാക്കുന്നില്ല’ എന്നത്. അത് കൊണ്ട് തന്നെ സ്വന്തം വിവാഹത്തിന് മറ്റാരെയോ പോലെ ആകേണ്ടി വരും പെൺകുട്ടികൾക്ക്.

ഒരു പെൺകുട്ടി ആത്മവിശ്വാസത്തോടെ വിവാഹപ്പന്തലിൽ നിൽക്കണമെങ്കിൽ അവൾ വൈറ്റനിങ് ലോഷനോ വിലകൂടിയ നെക്ലേസോ ഒന്നു ധരിക്കേണ്ട ആവശ്യമില്ല. ഞാൻ എന്റെ വിവാഹപ്പന്തലിലേക്ക് വെളുത്ത സാരിയുടുത്ത് ആഭരണങ്ങളില്ലാതെ മേക്കപ്പ് ഇല്ലാതെ വന്നത് എല്ലാവരെയും കൊണ്ട സിംപിൾ എന്നു പറയിക്കാനൊന്നുമല്ല, അത് ഏറെ അർത്ഥപൂർണമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ വലിയ എതിർപ്പുണ്ടായിരുന്നു. വധുവിനെ പോലെ ഒരുങ്ങാത്തത് കൊണ്ട് മാത്രം എന്റെയൊപ്പം നിന്നു ഫോട്ടോ എടുക്കാൻ പോലും വരില്ല എന്നു പലരും പറഞ്ഞു. എന്നാൽ എന്നെ അഭിമാനത്തോട് കൂടി ചേർത്തു നിർത്തി അരികിലിരുത്തിയ ഒരാളുണ്ട് എന്റെ നല്ല പാതി ഖാലിദ്, പിന്നെ എന്റെ കാഴ്ചപ്പാടിനെ ഉൾക്കൊണ്ട കുടുംബാംഗങ്ങളും ഉണ്ട് സ്റ്റീരിയോ ടൈപ്പുകളിൽ നിന്ന് മാറി നിൽക്കാൻ എന്നെ പിന്തുണച്ചവർ.

ഖാലിദ് സൈഫുള്ളയും തസ്നിമും വിവാഹിതരായത് 2016 ഡിസംബർ 15 നായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവച്ച തസ്നിമിന്റെ കുറിപ്പ് വൈറലാകുകയായിരുന്നു.