Saturday 04 April 2020 12:40 PM IST : By സ്വന്തം ലേഖകൻ

മാനസിക സംഘർഷങ്ങൾ അകറ്റൂ, കൃത്യമായ ഭക്ഷണരീതികളിലൂടെ

tension-images22345

മാനസിക സംഘർഷം ഇല്ലാത്ത ഒരു ജീവിതം എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, ടെൻഷൻ ജലദോഷം പോലെയാണ്. മനസ്സിൻറെ ഈ ജലദോഷം എപ്പോഴും എവിടെ നിന്നും വരാം. മനസ്സിനും തലച്ചോറിനു നല്ല ബലമുള്ളവർക്ക് മാത്രമേ വൈകാരിക ഭാവങ്ങളെയും തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെയും ഉളവാക്കുന്ന ടെൻഷനെ വരുതിയിലാക്കാൻ ആകൂ.

ഭക്ഷണവും ടെൻഷനും

ഭക്ഷണം തിരഞ്ഞെടുക്കുന്നതു മാത്രമല്ല എങ്ങനെ കഴിക്കുന്നു എന്നതും സംഘർഷം കുറയ്ക്കാൻ സഹായിക്കും. സംഘർഷം ഉണ്ടാകുമ്പോൾ ഉപാപചയത്തെ സഹായിക്കുവാനായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കണം. വിശപ്പ് തോന്നുന്നില്ലെങ്കിലും പ്രാതൽ കഴിക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു. സംഘർഷം കുറയ്ക്കാൻ ഇത് സഹായകമാണ്. മുഴുധാന്യങ്ങളും പഴങ്ങളും നല്ലതാണ്.

അഞ്ചുതരത്തിലുള്ള പഴങ്ങളും പച്ചക്കറികളും നിത്യാഹാരത്തിൽ ഇവ ഉൾപ്പെടുത്തിയാൽ വിറ്റാമിൻ ബിയും വിറ്റാമിൻ സിയും മഗ്നീഷ്യവും ലഭിക്കുന്നു. പഴം, ഇലക്കറികൾ, അവക്കാഡോ, അണ്ടിപ്പരിപ്പ്, വിത്തുകൾ, മൽസ്യം, മാംസം, പാൽ, പാലുൽപന്നങ്ങൾ എന്നിവ ആണു ബി12 വിറ്റാമിനുകളുടെ ഉറവിടങ്ങൾ.

വിറ്റാമിൻ സി അഡ്രിനൽ ഗ്ലാൻഡ് അല്പം സൂക്ഷിച്ചു വെച്ചിട്ടാണ് സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിനെ ഉൽപ്പാദിപ്പിക്കുന്നത്. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ സി ദൈനംദിനം നൽകേണ്ടതുണ്ട്. തക്കാളി, ഇലക്കറികൾ, പപ്പായ, പേരയ്ക്ക ഇവയിലൊക്കെ ധാരാളം വിറ്റാമിൻ സി ഉണ്ട്.

മഗ്നീഷ്യം പേശികളെ തളർത്തുകയും ആകാംക്ഷ കുറയ്ക്കുകയും ചെയ്യും. കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ഇലക്കറികൾ, ധാന്യങ്ങൾ, ഓട്സ്, ചമ്പാവരി, ബീൻസ് എന്നിവയിൽ മഗ്നീഷ്യം ധാരാളമടങ്ങിയിട്ടുണ്ട്. സംഘർഷം കൂടുതൽ ഉള്ളപ്പോൾ ശരീരം ഈ പോഷകങ്ങൾ കൂടുതൽ ഉപയോഗിക്കുന്നു.

ടെൻഷൻ പല തരത്തിൽ

പ്രമേഹവും ഹൃദ്രോഗവും മുതൽ അലർജിയും ചർമ പ്രശ്നങ്ങളും ലൈംഗികരോഗങ്ങളും വരെ ടെൻഷനുള്ള വരെ ബാധിക്കുന്ന രോഗലക്ഷണങ്ങളാണ്. ടെൻഷൻ ഉള്ളവരിൽ സാധാരണയായി കാണുന്ന അസ്വസ്ഥതകൾ ഇവയാണ്. പ്രമേഹം, രക്തസമ്മർദ്ദം, പക്ഷാഘാതം, ഹൃദയാഘാതം, പെപ്റ്റിക് അൾസർ, ആസ്മ, അലർജി, ഉദരരോഗങ്ങൾ, ചർമ്മരോഗങ്ങൾ, ആർത്തവ തകരാറുകൾ, വാതസംബന്ധമായ അസുഖങ്ങൾ, നടുവേദന, തൈറോയ്ഡ് രോഗങ്ങൾ, മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ശാരീരിക വേദനകൾ.

തലച്ചോറിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന അറുപതോളം ന്യൂറോ ട്രാൻസ്മിറ്ററുകൾ ആണ് ഒരാളുടെ വൈകാരിക ഭാവങ്ങളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. സന്തോഷവും സംതൃപ്തിയും ദേഷ്യവും വെറുപ്പും അസൂയയും വിഷാദവും മാനസികസംഘർഷവും ഒക്കെ നിയന്ത്രിക്കുന്നത് ഒരു പരിധിവരെ ഈ ന്യൂറോ ട്രാൻസ്മിറ്ററുകൾ ആണ്. ഇവയുടെ ഉൽപ്പാദനത്തിനായി നിരവധി പോഷകങ്ങൾ ആവശ്യമാണ്. നല്ല ഭക്ഷണ ഘടന പാലിച്ചാൽ മാത്രമേ തലച്ചോറിനു സുഖമമായി ഈ കൃത്യം നിർവഹിക്കാൻ ആകൂ. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്. സമീകൃതാഹാരം, പോഷണ സമൃദ്ധി, ചില ഭക്ഷണങ്ങൾ ഒഴിവാക്കൽ, പ്രതിരോധ ശക്തി കൂട്ടുന്ന ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം.

എന്തൊക്കെ കഴിക്കണം

അന്നജവും പ്രോട്ടീനും കഴിഞ്ഞാൽ മാനസിക സംഘർഷം കുറയ്ക്കാൻ ഏറ്റവും ആവശ്യം വിറ്റാമിനുകളും ധാതുലവണങ്ങളുമാണ്. ഈ ജീവകങ്ങൾ നിരന്തരം കുറഞ്ഞിരുന്നാൽ പെട്ടെന്ന് ദേഷ്യം വരിക, ക്ഷീണം ഉണ്ടാകുക, വിഷാദ രോഗലക്ഷണങ്ങൾ എന്നിവ സാധാരണമാണ്.

ഇനി പറയുന്നവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താം. മാംസം, കോഴിയിറച്ചി, മത്സ്യം, പീനട്ട് ബട്ടർ, ധാന്യങ്ങളുടെ തവിട്, യീസ്റ്റ്, മുഴുധാന്യങ്ങൾ, ഓട്സ്, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, അണ്ടിപ്പരിപ്പ്, കപ്പലണ്ടി, കരൾ, സോയാബീൻ, ഉണക്കമുന്തിരി, മുട്ട, പാൽ, മുട്ടയുടെ മഞ്ഞക്കരു, ഓർഗൻ മീറ്റുകൾ, കൂവരക്, ഗോതമ്പുമാവ്, കടല, ഉഴുന്ന്, ചേമ്പ്, ഉണക്ക കപ്പ, ചേന, മുസംബി, ആപ്രിക്കോട്ട്, തക്കാളി, ഏത്തപ്പഴം, ഇലക്കറികൾ.

ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ ചൂര, ചാള, സാൽമൺ എന്നീ മത്സ്യങ്ങൾ ആഴ്ചയിൽ മൂന്നോ നാലോ തവണ കഴിക്കുന്നത് മാനസികസംഘർഷവും വിഷാദ രോഗങ്ങളും കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നുണ്ട്. നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും നിത്യവും കഴിക്കാം. ഓറഞ്ച്, നാരങ്ങ, പൈനാപ്പിൾ, പപ്പായ, പേരയ്ക്ക, ആപ്പിൾ, ഇലക്കറികൾ, ചോളം, ബജ്റ, പച്ചരി എന്നിവയും കഴിക്കാം.

കാപ്പി ടെൻഷൻ മാറ്റുമോ

കൂടുതൽ കാപ്പി കുടിക്കുന്നത് അഡിനോസിൻ, അഡ്രിനാലിൻ, കോർട്ടിസോൾ, ഡോപമിൻ എന്നീ ഹോര്മോണുകളുടെ ഉൽപാദനത്തെ സ്വാധീനിക്കും. അഡിനോസിൻ പെട്ടെന്ന് ഉന്മേഷം തരും എങ്കിലും ക്രമേണ ഉറക്കത്തെ ബാധിക്കുന്നു. അഡ്രിനാലിൻ പെട്ടന്ന് ഊർജ്ജസ്വലത തരുമെങ്കിലും അല്പം കഴിഞ്ഞ് ക്ഷീണിക്കുന്നു. കോർട്ടിസോൾ കൊഴുപ്പ് കലർന്ന ഭക്ഷണത്തോട് ആസക്തി ഉണ്ടാക്കുന്നു. ഡോപമിൻ ആദ്യം സന്തോഷം നൽകും. ഇവയുടെ ഉൽപാദനം കുറയുമ്പോൾ ക്ഷീണവും അലസതയും സംജാതമാവുകയും ചെയ്യുന്നു. കോർട്ടിസോൾ കൂടിയാൽ ശരീരം കൂടുതൽ വിയർത്തു എന്നും വരാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. റഹീന ഖാദർ എഴുതിയ ഹെൽത്തി മൈൻഡ് കുക്കറി എന്ന പുസ്തകത്തിൽ നിന്ന്

Tags:
  • Spotlight