Saturday 27 November 2021 12:54 PM IST

‘അവൾ ട്രെയിനിനു മുന്നിലേക്ക് ഓടിക്കയറിയത് അവന്റെ ഷർട്ടും നെഞ്ചോടണച്ച്’: ട്രാൻസ് ലോകത്തെ ഞെട്ടിച്ച് താഹിറയുടെ മരണം

Binsha Muhammed

sruthy-cvr

താങ്ങാവുന്നതിന്റെയും സഹിക്കാവുന്നതിന്റെയും അപ്പുറമുള്ള വേദന. അതായിരിക്കണം താഹിറയുടെയും ജീവനെടുത്തത്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ തുടർക്കഥയാകുന്ന ആത്മഹത്യ വാർത്തകളിൽ ഒരെണ്ണമായി താഹിറയുടെ മരണത്തെ തള്ളിക്കളയാനാകില്ല. ഒരുപക്ഷേ ചേർത്തു നിർത്താനോ കണ്ണീരൊപ്പാനോ ആരോരുമില്ലാതെ ആയിപ്പോയതിന്റെ നിരാശയിൽ നിന്നായിരിക്കണം മരണത്തിന്റെ പാളങ്ങളിലേക്ക് നടന്നു കയറാനുള്ള തീരുമാനം അവൾ എടുത്തത്. എപ്പോഴും പുഞ്ചിരിച്ചും പ്രസരിപ്പോടെയും മാത്രം കണ്ടിട്ടുള്ള പെൺകുട്ടി എന്തിന് മരണം തെരഞ്ഞെടുത്തു എന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പലതാണ്. പക്ഷേ പിടിച്ചു നിൽക്കാനോ സ്വയം ആശ്വസിക്കാനോ ആകാത്ത വിധം അവളെ മരണത്തിലേക്ക് തള്ളിവിട്ട വലിയ വേദനയെ വിഷാദമെന്നു വിളിക്കാനേ തരമുള്ളൂ. ആക്സിഡന്റിന്റെ രൂപത്തിലെത്തിയ വിധി പ്രിയപ്പെട്ടവന്റെ ജീവനെടുത്തപ്പോൾ താഹിറയ്ക്ക് താങ്ങാനായില്ല. ഒരു ആശ്വാസ വാക്കുകൾക്കും ആ വേദനയെ ശമിപ്പിക്കാനാകില്ല. താഹിറയുടെ മനമറിഞ്ഞ് സുഹൃത്തുക്കളിലൊരാളും ട്രാൻസ് മോഡലും ആക്റ്റിവിസ്റ്റുമായ ശ്രുതി ‘വനിത ഓൺലൈനോടു’ പറയുന്നു ആ നഷ്ടത്തിന്റെ ആഴം...

സ്വപ്നങ്ങളുടെ കൂട്ടുകാരി യാത്രയാകുമ്പോൾ

ഇങ്ങനെയൊരു കടുംകൈ വേണമായിരുന്നോ എന്നല്ലാതെ അതിന്റെ വേരുകൾ തേടി പോകുന്നതിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. ഈ ലോകത്ത് ഇനി അവളില്ല. ഇനി ആ ജീവിതത്തെ പോസ്റ്റുമോർട്ടം ചെയ്യുന്നതിൽ എന്ത് അർത്ഥം. എങ്കിലും വെറുതേ ഒരു ആത്മഹത്യ മാത്രമാണിത് എന്ന് ചിന്തിക്കുന്നവരെങ്കിലും ചിലതറിയണം. തെറ്റിദ്ധാരണകൾ നീക്കാൻ മാത്രമാണ് എന്റെയീ വാക്കുകൾ. മരണകാരണം ഉൾപ്പെടെയുള്ള വസ്തുതകൾ, വിശദാംശങ്ങൾ എന്നിവ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. എനിക്ക് താഹിറയുമായുള്ള സൗഹൃദത്തിൽ നിന്നും മനസിലായ കാര്യങ്ങളാണ് ഇനി പറയുന്നത്.– ശ്രുതി പറഞ്ഞു തുടങ്ങുകയാണ്.

thahira-88

ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്ന പെണ്ണായിരുന്നു അവൾ. പ്രതിസന്ധികൾ താണ്ടി ജീവിക്കാൻ പഠിച്ച പെണ്ണ്. സ്വന്തമായി ഒരു ഐടി കമ്പനി തുടങ്ങിയിരുന്നു.  സന്തോഷകരമായ ജീവിതം. ഒരു സിനിമയുടെ പണിപ്പുരയിൽ കൂടിയായിരുന്നു അവൾ. താഹിറ സംവിധാനം ചെയ്യുന്ന ചിത്രം അതിന്റെ അവസാന ഘട്ടത്തിൽ എത്തിയതുമാണ്. പക്ഷേ ആ സ്വപ്നം പൂർത്തിയാകും മുമ്പേ അവൾ പോയി. മരണത്തിന്റെ ലോകത്തേക്ക്.

thahira-55

അവളുടെ പങ്കാളി ദിവസങ്ങൾക്കു മുമ്പാണ് ആക്സിഡന്റിൽ മരിച്ചത്. ആ മരണം അവളെ വല്ലാതെ ഉലച്ചിരുന്നു. മരണ ശേഷം അവന്റെ ഷർട്ടും നെഞ്ചോടു ചേർത്തുപിടിച്ചാണ് അവൾ ഇരുന്നത്. ഭ്രാന്തമായ ഏതോ നിമിഷത്തിൽ, മരണം മുന്നിൽ തെളിഞ്ഞപ്പോൾ അവളിറങ്ങിപ്പോയി. അവന്റെ ഷർട്ട് ശരീരത്തോട് ചേർത്തുപിടിച്ച് ചീറിപ്പായുന്ന ട്രെയിനിനുമുന്നിലേക്ക് അവൾ നടന്നു കയറി. മരണത്തിലേക്ക് അവൾ പോയി. ഇത്രയും ബോൾഡായി നിൽക്കുന്ന ഒരാൾ എന്തിനിത് ചെയ്തു എന്ന ചോദ്യം മാത്രം ബാക്കി.

പുറമേ ബോൾഡായി നിൽക്കുന്നവരാണ് ചെറിയൊരു വിഷമം വരുമ്പോൾ പോലും മനസു കൊണ്ട് തകരുന്നത്. അവനവന്റെ ജീവിതം എത്രമാത്രം വിലപ്പെട്ടതാണ് എന്ന ഒരു അവബോധം ഇല്ല എന്നതിന്റെ കുറവാണ് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നത്. മനസു കൊണ്ട് തളർന്നു പോകുന്നവരെ ചേർത്തു നിർത്താൻ അവയർനെസ് ക്ലാസുകൾ നിർബന്ധമാണ്. ഇനിയൊരു ജീവനും നമുക്ക് നഷ്ടമാകാതിരിക്കട്ടെ. താഹിറയ്ക്ക് ആദരാഞ്ജലികൾ.– ശ്രുതി സിത്താര പറഞ്ഞു നിർത്തി.

thahir-56