Tuesday 23 October 2018 10:38 AM IST

തസ്‌വീര്‍ സംസാരിച്ചു തുടങ്ങി... മുറിഞ്ഞ ചിറകിനെ കുറിച്ചല്ല, ആകാശം മുട്ടുന്ന സ്വപ്നങ്ങളെ കുറിച്ച്

Shyama

Sub Editor

thasveer1

തസ്‌വീറിനെ ആദ്യം കാണുമ്പോൾ കണ്ണുടക്കുന്നത് അയാളുടെ ക്രച്ചസിൽ തന്നെയാണ്. ‘‘ഒന്ന് സൂപ്പർമാനും മറ്റേത് ബാറ്റ്മാനും. ഇതിനു രണ്ടിനും ഇടയിൽ ഞാനും. അങ്ങനെ ഞങ്ങള്‍ മൂന്ന് സൂപ്പർ ഹീറോസും ഒരുമിച്ചാണ് നടക്കാറ്.’’ ആത്മവിശ്വാസത്തിന്‍റെ ചിരി ആ മുഖത്ത്. മുൻവിധികളെ എല്ലാം തകർത്തു മുന്നേറുന്ന തസ്‌വീർ എന്ന ചിത്രം കാണാം നമുക്ക്, ഇടവേളകളില്ലാത്ത ചിത്രം....
അപകടത്തിൽ പെട്ട് വലതു കാൽ നഷ്ടപ്പെട്ടൊരാൾ മോഡലിങ് ചെയ്യുന്നതും സിനിമയിലഭിനയിക്കുന്നതും ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നതും യാത്രകളെ സ്നേഹിക്കുന്നതുമൊക്കെ സിനിമയിൽ കാണിച്ചാൽ പോലും ‘എന്തൊരു തള്ളാണിത്’ എന്നു പറഞ്ഞ് ആളുകൾ മുഖം  തിരിച്ചേക്കാം. ചില ജീവിതങ്ങൾ സിനിമയേക്കാൾ അതിശയം നിറഞ്ഞതാണ്, പറഞ്ഞാലും കേട്ടാലും തീരാത്തത്.

അതപകടമായിരുന്നില്ല, തിരിച്ചറിവായിരുന്നു

പിറന്നാൾ സമ്മാനമായിട്ടാണ് അതു സംഭവിച്ചത്. 2013 നവംബർ 17ന് എന്റെ പിറന്നാളാഘോഷം  കഴിഞ്ഞ് ഞാനും സുഹൃത്തും കൂ ടി ബെംഗളൂരുവിലേക്ക് പോകുന്നു. 18ന് അവിടൊരു ഷൂട്ട് ഉണ്ട്, കേരളത്തിൽ ഹർത്താലായിരുന്നതു കൊണ്ടു പകല്‍ പുറപ്പെടാന്‍ പറ്റിയില്ല. പുലര്‍ച്ചെ അവിടെ എത്തണം. അതുെകാണ്ടു രാത്രി തന്നെ ബൈക്കില്‍ ആയിരുന്നു പോയത്. ഹൊസൂർ എത്തിയപ്പോൾ ഒരു ബസ് റോങ് സൈഡിലൂടെ വന്നിടിച്ചു. നാട്ടുകാരൊക്കെ ഓടിക്കൂടി. അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചു ഫസ്റ്റ് എയ്ഡൊക്കെ തന്നു. അവിടുന്നു പിന്നെ മറ്റൊരു ആശുപത്രി യിലേക്കു മാറ്റി. വലത്തേ കൈയ്ക്കും ഇടത്തേക്കാലിനും പൊ ട്ടലുണ്ടായിരുന്നു. ഏഴു സർജറികള്‍ ചെയ്തു. മൂന്നു മാസത്തി നുള്ളിൽ ഇഷ്ടപ്പെട്ട ഫുട്ബോൾ വീണ്ടും കളിക്കാനാകുമെന്നു പറഞ്ഞ് ഡോക്ടർ ആശ്വസിപ്പിച്ചു. അതായിരുന്നു ഏറ്റ വും വലിയ ആശ്വാസം...’’

പക്ഷേ, ആ വാക്കുകൾ സത്യമായില്ല. അണുബാധ കൂടി യതു കാരണം തസ്‌വീറിന്റെ വലതു കാൽ മുറിച്ചു കളയേണ്ടി വന്നു. ഒരു വര‍്‍ഷത്തോളമുള്ള ബെംഗളൂരു വാസം, അ തിനിടയിൽ വീണ്ടും നടത്തിയ ശസ്ത്രക്രിയകള്‍. കട്ടിലിലും വീൽചെയറിലുമായി കടന്നു പോയ പതിനൊന്നു മാസങ്ങള്‍. മോഡലിങ്, സ്പോര്‍ട്സ്, പുതിയതായി തുടങ്ങിയ തുണിക്കട ഇതൊക്കെ ഒന്നിനു പിറകേ ഒന്നായി കൈവിട്ടു പോയി.

thasveer2


‘‘സുഹൃത്തുക്കളാണ് എന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്. കൊച്ചു കുഞ്ഞിനെ നോക്കുന്നതു പോലെ അവർ കണ്ണുതെറ്റാതെ എനിക്കു ചുറ്റും നിന്നു. ആശുപത്രിയിലെ കാര്യങ്ങൾക്കും ആഹാരം തരാനും താങ്ങിക്കിടത്താനും കുളിപ്പിക്കാനും എല്ലാം അവരാണ് ഉണ്ടായിരുന്നത്. പേരെടുത്തു പറഞ്ഞാൽ തീരില്ല, അതുകൊണ്ട് പറയുന്നില്ല.’’ ഒന്നര വർഷമെടുക്കും വാക്കറിൽ നടക്കാൻ എന്നു ഡോക്ടർ പറ ഞ്ഞതു തെറ്റിച്ച് 10 മാസത്തിനുള്ളിൽ മനസ്സാന്നിദ്ധ്യം കൈത്താങ്ങാക്കി തസ്‌വീർ നടന്നു. ഒപ്പം സുഹൃത്തുക്കളും. അവര‍്‍ എവിടൊക്കെ പോയോ, അവിടെയൊക്കെ തസ്‌വീറിനേയും കൂട്ടി. എല്ലാ വഴികളുടേയും പങ്ക് അവർ തമ്മിൽ വീതിച്ചു.

എനിക്കു വേണ്ടി ആ യാത്ര

നടക്കാൻ തുടങ്ങിയ നാളുകളില്‍ തന്നെ തസ്‌വീർ തനിച്ചൊരു യാത്രയ്ക്കൊരുങ്ങി, കോഴിക്കോട് വരെ. സുഹൃത്തുക്കൾ എതിർത്തിട്ടും  ട്രെയിൻ കയറി ആ യാത്ര പോയതു തന്നോടു ള്ള വെല്ലുവിളിയായിട്ടായിരുന്നു.

‘‘ഒറ്റയ്ക്കു പോകണം എന്നു പറഞ്ഞതും  സുഹൃത്തുക്കള‍്‍ എതിര‍്‍ത്തു. സ്നേഹം കൂടുമ്പോഴുള്ള എതിർപ്പ്. പക്ഷേ, എ  നിക്ക് പോകണമായിരുന്നു. ‘പോകട്ടേ’ എന്ന് ഞാൻ ബാപ്പയോട് ചോദിച്ചു,‘നിനക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ പൊയ്ക്കോളൂ’ എന്നായിരുന്നു മറുപടി. ക്രച്ചസുമായി കയറണം എന്ന പേടിയാണ് ആകെ പിൻതിരിപ്പിച്ചത്. രണ്ടും കൽപ്പിച്ച് കയറി. േകാഴിക്കോട് എത്തിക്കഴിഞ്ഞ് കുറച്ചു സുഹൃത്തുക്കളോടൊപ്പം വയനാട് ചുരം കയറി. ജീപ്പിലായിരുന്നു യാ ത്ര. മടങ്ങി വരുമ്പോള്‍ നടന്നു വരാനായിരുന്നു തീരുമാനം. അവിടെയാണ് ക്രച്ചസുമായി ആദ്യം വീണത്. സത്യത്തില്‍ അന്നാണ് നല്ല ആശ്വാസം തോന്നിയത്.

thasveer4 ’Smoking Kills..."Image for modelling only

‘വീണാൽ എന്തു ചെ യ്യും’ എന്നുള്ള പേടിയെയാണ് ഞാന്‍ അന്നു തോല്‍പ്പിച്ചത്. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും വീണതു പോലെ തന്നെ എണീറ്റു നിന്നു. രണ്ടു കാലുള്ളപ്പോൾ പേടിച്ചു ചെയ്യാതിരുന്നതൊക്കെ അതിനു ശേഷം ചെയ്യാൻ തുടങ്ങി. എപ്പോഴും ആളുകൾ ചുറ്റും നിന്നാൽ നമ്മൾ മടിയന്മാരായി പോകും. ആ വീഴ്ചയോടെ ഐ ബിക്കെയിം റെസ്റ്റ്‌ലെസ്, ഒരുപാട് കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. യാത്ര കഴിഞ്ഞ് തിരികെ നാട്ടിലെത്തിയപ്പോഴേക്കും സുഹൃത്തുക്കളിൽ ചിലർ മിണ്ടാതായി, അവർ പറഞ്ഞതു കേൾക്കാതെ ഒറ്റയ്ക്കു പോയതിന്റെ പരിഭവം. അതും സ്നേഹം തന്നെയാണ്, ഞാനതു മനസ്സിലാക്കുന്നുണ്ട്.’’

വെയിലത്തു വാടില്ല ഞാന്‍

തസ്‌വീറിന്റെ ഇൻസ്റ്റഗ്രാമിൽ ‘ആംപ്യൂട്ടീ’ എന്ന വാക്ക് ചേർത്തിട്ടുണ്ട്. ഒപ്പം ‘ഡു നോട്ട് ഫോക്കസ് ഓൺ വാട്ട് ഐ ഹാവ് നോട്ട്’ എന്നും! ഈ രണ്ടു വാചകങ്ങൾ പറയാനുള്ള ദൂരമാണ് തസ്‌വീറിന്റെ വീഴ്ചയും ഉയിർത്തെഴുന്നേൽപ്പും തമ്മിലുള്ളത്.


‘‘ചങ്ങനാശ്ശേരിയിലാണു വീട്. അവിടുത്തെ എസ്.ജെ.സി.സിലാണ് ബി.കോം പഠിച്ചത്. ഫോട്ടോഗ്രഫര്‍മാരായ കുറച്ചു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവർ വഴിയാണ് മോഡലിങ്ങിലേക്ക് വരുന്നത്. ക്രിക്കറ്റും ഫുട്ബോളും ഒക്കെയുള്ളതു കൊണ്ട് ശരീരം നല്ല ഫിറ്റ് ആയിരുന്നു.
കിടപ്പിലായ സമയത്തും ഞാൻ അധികം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. കാല്‍ മുറിച്ചവരുടെ ഒരു ഗ്രൂപ്പുണ്ടായിരുന്നു. അതിൽ നിന്നു മനസ്സിലാക്കിയത് പലരും ചെയ്യാൻ മറ്റൊന്നുമില്ലാത്തതുകൊണ്ട് കുറേ കഴിക്കും, അങ്ങനെ അമിതവണ്ണവും മറ്റ് അസുഖങ്ങളും എളുപ്പം വരും. എനിക്ക് ഫിറ്റ്നസ് വളരെ പ്രധാനമാണ്. പരിധിവിട്ട് ഒന്നും കഴിക്കില്ല. പ്രത്യേകിച്ച് മധുരം.



മോഡലിങ്ങിലേക്കു തിരിച്ചു വന്നത് എനിക്കു വേണ്ടി ത ന്നെയാണ്. ഇന്നിപ്പോ എന്റെ ചിത്രങ്ങൾ കണ്ടിട്ട് ആംപ്യൂട്ടികളും അല്ലാത്തവരുമൊക്കെ വിളിക്കാറും മെസേജ് അയക്കാറുമുണ്ട്. ‘ചേട്ടനെ കാണുമ്പോൾ ഞങ്ങൾക്കും പലതും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു’ എന്നൊക്കെ പലരും പറയും. അതു കേൾക്കുന്നതു തന്നെ വലിയ സന്തോഷം, അവർക്ക് പ്രചോദനം കിട്ടുന്നുണ്ടല്ലോ...


ചില നെഗറ്റീവ് കമന്‍റുകളും കേൾക്കാറുണ്ട്. ഒരു കോളജില്‍ പരിപാടിക്കു പോയപ്പോൾ ഒരു പയ്യൻ വന്നു ചോദിച്ചു ‘കാലു പോയതു കൊണ്ടു മാത്രമല്ലേ ചേട്ടൻ പ്രശസ്തനായത്?’ എ ന്ന്. ആദ്യം കേട്ടപ്പോ ഒരു ബുദ്ധിമുട്ട് തോന്നി. നിഷ്കളങ്കത കൊ ണ്ടു ചോദിച്ചതാകും. പലരും ചോദിക്കാന്‍ മടിക്കുന്ന ചോദ്യം.

‘ഞാനിപ്പോള്‍ കാലു പോയി എന്നും പറഞ്ഞ് ഒരു കള്ളിമുണ്ടും ഉടുത്തു കട്ടിലിൽ അനങ്ങാതെ കിടന്നിരുന്നെങ്കിൽ നിങ്ങളീ പരിപാടിക്ക് എന്നെ വിളിക്കുവോ?’ എന്നു തിരിച്ചു  ചോദിച്ചു ഞാൻ ചിരിച്ചു.  ‘എന്റെ കാലു പോയതു കൊണ്ടല്ല, പോയിട്ടും ഞാൻ എഴുന്നേറ്റ് നടക്കുന്നതു കൊണ്ടാണ് ഞാൻ ഫെയ്മസായത്’ എന്നും അവര്‍ക്കു മറുപടി കൊടുത്തു.

thasveer3

തിരികെപ്പിടിച്ചതെല്ലാം

‘‘മോഡലിങ് ചെയ്യുന്നതും ഇടയ്ക്ക് ഫുട്ബോൾ കളിക്കുന്ന തുമൊക്കെ എന്നെ സംബന്ധിച്ച് യുദ്ധങ്ങളാണ്, ഇതിലെ ഓ രോ കൊച്ചു കൊച്ചു ജയങ്ങളും ഞാൻ ആസ്വദിക്കുന്നുണ്ട്. ഒരു തവണത്തെ വീഴ്ച തന്ന കരുത്ത് ചെറുതല്ല.’’ ഇതു പറഞ്ഞു കഴിഞ്ഞ് തസ്‌വീർ അൽപ്പനേരം മിണ്ടാതിരുന്നു. പി ന്നെ വീണ്ടും പറഞ്ഞു തുടങ്ങി.

‘‘കഴിഞ്ഞ ഏപ്രിൽ 10ന് പെങ്ങളുടെ കല്യാണമായിരുന്നു. തൊട്ടടുത്ത ദിവസം, ആ കല്യാണവീട് മരണവീടായി. ബാപ്പ നെജ്മുദീൻ മരിച്ചു. അതൊരു നഷ്ടം തന്നെയാണെനിക്ക്. ബാപ്പ പള്ളിയിലെ ഉസ്താദായിരുന്നു. ഒരു പത്രത്തിൽ വ ന്ന വാർത്ത കണ്ടാണ് ഞാൻ മോഡലിങ് ചെയ്യുന്നു എന്ന് ബാപ്പ അറിയുന്നത്. ‘നമുക്കിത് വേണോ മോനെ’ എന്നു ചോദിച്ചതല്ലാതെ എന്നെ ഒരു കാര്യത്തിനും വിലക്കിയിട്ടില്ല. അപ്രതീക്ഷിതമായി ബാപ്പ പോയതിന്റെ വിടവ് എന്നെ തകർക്കാതിരുന്നതും ഞാൻ പിന്നിട്ട വഴികളിൽ നിന്നു ശേഖരിച്ച മ നക്കരുത്തു കാരണമാണ്. ഉമ്മ സുഹറ, ചേട്ടന്മാർ തൻസീർ, തൻവീർ, അനിയത്തി മഹ്സൂന എല്ലാരും നല്ല സപ്പോർട്ടാണ്.


 മോഡലിങ് വഴിയാണ് സിനിമയിലേക്കും അവസരം കിട്ടിയത്. റിമ കല്ലിങ്കലിനൊപ്പം ‘ആഭാസം’ എന്ന സിനിമയിൽ അഭിനയിച്ചു. ചില പരസ്യ ചിത്രങ്ങളിലും. നെഗറ്റീവ് റോളുകൾ ചെയ്യണമെന്നു മോഹമുണ്ട്. മോഡലിങ്, യാത്ര, സാഹസിക ത, ഫിറ്റ്നെസ്, ഫുട്ബോള്‍... എല്ലാം സന്തോഷങ്ങള്‍ തന്നെ. ഇതുവരെ ജിമ്മിൽ പോയിട്ടില്ല, സ്പോർട്സും വീട്ടിൽ തന്നെയുള്ള വർക്കൗട്ടുകളുമാണ് ഫിറ്റ്നെസിന്റെ രഹസ്യം.


ഈയടുത്ത് കോഴിക്കോടുള്ള കക്കാടംപൊയ്യിൽ പോയി. ജീപ്പിൽ ഓഫ് റോഡ് യാത്ര. തിരിച്ച് ഞാൻ നടന്നു കയറി. ഈ നടപ്പ് എനിക്ക് ഭയങ്കര സന്തോഷം തരും. ദുബായിൽ പോയി സ്കൈ ഡൈവിങ് ചെയ്യണം. അതാണിപ്പോഴുള്ള ട്രാവൽ ഗോൾ.

മുന്നിലിപ്പോൾ ചെയ്തു തീർക്കാനുള്ള സ്വപ്നങ്ങളുടെ നീണ്ട നിരയുണ്ട്. അതൊക്കെ ഓരോന്നായി ടിക്ക് ഇട്ട് പോകാനുള്ള ഓട്ടത്തിലാണ്. ചെയ്യാനുള്ളതൊക്കെ ചെയ്തു കഴിഞ്ഞ് മതി വിവാഹം എന്നാണ് തീരുമാനം. ഒരാളുണ്ട്... എത്തിപ്പിടിക്കാനുള്ള സ്വപ്നമായൊരാൾ, പ്രതിസന്ധികൾ നീങ്ങി അതും സമയമാകുമ്പോൾ നടക്കട്ടേ.

സ്വപ്നങ്ങൾ ഇനിയുമുണ്ട്. ഐ ലൗ ഫാഷൻ. സ്വന്തമായി ഒരു ബ്രാൻഡ് തുടങ്ങണം. ഈ സന്തോഷം എന്നു പറയു ന്നത് എല്ലായിടത്തുമുണ്ട്, നമ്മൾ തനിയെ തന്നെ അതു ക ണ്ടെത്തണം.