Monday 23 July 2018 07:01 PM IST

കപ്പയും തൈരും ചേർന്ന് മോഹക്കഞ്ഞി, ആരോഗ്യം കൂട്ടാൻ സൊറക്കഞ്ഞി, അകമ്പടിയായി കൊഴുവ, മത്തി, ബീഫ്! ‘തവി’യിൽ വിളമ്പുന്ന കഞ്ഞി ‘പഴങ്കഞ്ഞിയല്ല’

Binsha Muhammed

kanji-1

ബർഗറും പിസയും പാസ്തയും ഓർഡർ ചെയ്ത് വീട്ടുപടിക്കലെത്തിക്കുന്ന മലയാളി അന്നും ഇന്നും മിസ് ചെയ്യുന്ന ഒരു സംഗതിയുണ്ട്. നാവിലും മനസിലും കൊതി നിറയ്ക്കുന്ന നല്ല ഒന്നാന്തരം കഞ്ഞി. നാടും വീടും വിട്ട് ഫ്ലാറ്റിലേക്ക് കുടിയേറിയപ്പോഴും ആ ഇഷ്ടം പിടിവിടാതെ ഒപ്പമുണ്ടായിരുന്നു. കഴിക്കുന്നവരുടെ വയറും മനസും നിറയ്ക്കുന്ന ആ മൊഹബ്ബത്തിന് ‘കഞ്ഞി എന്ന് പേരിട്ടവനാരെടാ...’ എന്ന് ചോദിക്കുന്ന ട്രോളുകളും ഇന്ന് സുലഭം. ഒരിക്കൽ ഇഷ്ടപ്പെട്ടു പോയാൽ വീണ്ടും വീണ്ടും തേടിപ്പോകുന്ന എന്തോ ഒരു മാജിക്കുണ്ട് നമ്മുടെ സ്വന്തം കഞ്ഞിക്ക്.

ഫാസ്റ്റ് ഫുഡുകൾ കളം കൈയ്യടക്കുന്ന കൊച്ചിയുടെ തിരക്കു പിടിച്ച ജീവിതത്തിനിടയ്ക്ക് അൽപം കഞ്ഞി വേണമെന്ന് ആഗ്രഹിച്ചാലോ? കേൾക്കുന്നവർ അതിത്തിരി അഹങ്കാരമല്ലേ എന്ന് ചോദിച്ചേക്കാം. എന്നാൽ ‘ഒരൽപ്പം കഞ്ഞികിട്ടിയിരുന്നെങ്കിൽ’ എന്നാശിച്ച് ‘നൊസ്റ്റു’ അടിച്ചിരിക്കുന്ന കൊച്ചിക്കാർക്ക് ഇനി നിരാശപ്പെടേണ്ടി വരില്ല. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പലർക്കും ‘മിസ്’ ആകുന്ന ആ ഇഷ്ട ഭക്ഷണം കൊച്ചിയുടെ നഗരഹൃദയത്തിൽ പുനർജ്ജനിക്കുകയാണ്. ‘തവി’ എന്ന പേരിൽ. കലൂർ ദേശാഭിമാനി ജംഗ്ഷനിലെ പോണോത്തു റോഡിലാണ് വിവിധ തരം കഞ്ഞികളുടെ രസക്കൂട്ട് മലയാളികളുടെ മനസു നിറച്ചെത്തിയിരിക്കുന്നത്.

kanji-5

ഒരുങ്ങിയെത്തും കഞ്ഞി

മേക്ക്–അപ്പ് രംഗത്ത് പേരെടുത്ത ജസീന കടവിൽ ആണ് ‘തവി’യിൽ കഞ്ഞി ‘വിളമ്പു’ന്നത്. ‘ഹോട്ടൽ മുതലാളിയാകാൻ കൊതിച്ചയാളാണ് ഞാൻ, ഏതോ ഒരു ഘട്ടത്തിൽ ആ സ്വപ്നം പാതിവഴിക്കായി. ഇപ്പോൾ അവസരമൊത്തു വന്നപ്പോൾ ഹോട്ടൽ സ്വപ്നം പൊടിതട്ടിയെടുത്തുവെന്നു മാത്രം. പിന്നെ ഏതെങ്കിലും ഒരു നേരം മാത്രം കഞ്ഞികൊടുത്ത് ഒതുക്കുന്ന രീതിയല്ല ഞങ്ങളിടേത്. രാവിലെ 11 മണിക്ക് തുറക്കുന്ന തവിയിലെ അടുക്കള രാത്രി വരെ 11 മണിവരെ കൊച്ചിക്കാർക്കാർക്കായി ഉണ്ടാകും.

സാദാ കഞ്ഞിയിലും ഔഷധക്കഞ്ഞിയിലും മാത്രം കഞ്ഞികളിലെ വെറൈറ്റി ഒതുക്കുന്നവർ ഞങ്ങളുടെ കഞ്ഞിക്കടയിലേക്കൊന്ന് വന്നു നോക്കണം. അപ്പോഴറിയാം ‘തവിയെന്ന ഈ ന്യൂജെൻ കഞ്ഞിക്കട’ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്വാദും വെറൈറ്റിയും.’– ജസീനയുടെ നാവിൽ രുചിയുടെ എരിവ്.

kanji-mid

മനസും ശരീരവും തണുപ്പിക്കുന്ന ജീരകക്കഞ്ഞിയാണ് ‘തവിയിലെ’ ഓൾ ടൈം ഫേവറിറ്റ്. ഉലുവ, തേങ്ങ, ജീരകം, ആശാളി എന്നിവ സമം ചേർന്നാണ് ജീരകക്കഞ്ഞിയുടെ രുചി വിരിയുന്നത്. തൈരും കഞ്ഞിയും ജോഡികളാകുന്ന തൈരു കഞ്ഞിക്കുമുണ്ട് ഫാൻസ് വേറെ. ‘തവിയിലെ’ സ്പെഷ്യൽ ചീരക്കഞ്ഞിയും ഗോതമ്പ്ക്ക‍ഞ്ഞിയും ഒരിക്കൽ രുചിച്ചാൽ പിന്നെ പിടിവിടാതെ കൂടെക്കൂടുമെന്നും ജസീന പറയുന്നു.

kanji-4

പേരിലും രുചിയിലും വൈവിധ്യമൊളിപ്പിച്ച വിഭവങ്ങൾ വേറെയുമുണ്ട്. കപ്പ–തൈര് സൂപ്പർ കോംബോ ചേർന്ന മോഹക്കഞ്ഞി, എട്ട് ധാന്യങ്ങൾ മിശ്രണം ചെയ്ത സൊറക്കഞ്ഞി, അടിമുടി രൂപം മാറിയെത്തുന്ന സുന്ദരിക്കൊഴുക്കട്ട, എരിയും രുചിയും മത്സരിക്കുന്ന കാരക്കൊഴുക്കട്ട അങ്ങനെ നീളുന്നു തവിയിലെ രുചി മാഹാത്മ്യം.

ഇനി കഞ്ഞിയുമായി കൂട്ടുകൂടുന്ന കറികളുടെ വിശേഷങ്ങളാണ് ബഹുകേമം. കൊഴുവ, മത്തി, ബീഫ് തുടങ്ങി വിവിധ തരം കറികൾ ഞൊടിയിട കൊണ്ട് ഭക്ഷണ പ്രിയരുടെ തീൻമേശയിലേക്കെത്തും. ഇരുമ്പൻ പുളി, നെല്ലിക്ക, ഉപ്പുമാങ്ങ എന്നിവ ചതച്ച് അച്ചാറുകളായി മുന്നിലേക്കെത്തുമ്പോൾ വായിൽ കപ്പലോടുമെന്ന് പറയേണ്ടതില്ലല്ലോ?വാഴപ്പിണ്ടി, വാഴക്കൂമ്പ്, കായത്തൊണ്ട് തുടങ്ങിയ വിവിധ തരം തോരനുകൾ വേറെയും.

kanji-3

പഴമയിലേക്കുള്ള തിരിഞ്ഞു നടത്തം കൂടിയാണ് തവിയിലെ ചുമരുകൾ നമുക്ക് സമ്മാനിക്കുന്നത്. ഭരണികളും, കൂജകളും, മൺചട്ടികളും അടുക്കിപ്പെറുക്കി വച്ചിരിക്കുന്ന കാഴ്ച കാണുമ്പോൾ തന്നെ മനസു നിറയും. ആർട് ഡയറക്ടർ സതീഷാണ് ഈ മനോഹര കാഴ്ചകൾ ഭക്ഷണപ്രിയർക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റിൽ പഴങ്കഞ്ഞിയും മെനുവിൽ ഇടംപിടിക്കുമെന്ന് ജസീന പറയുന്നു. കർക്കിടകം അടുത്തതോടെ തവിയിലേക്കുള്ള ഭക്ഷണപ്രിയരുടെ ഒഴുക്കും കൂടുകയാണ്. എന്തായാലും തവിയിലെ കഞ്ഞിയും ജസീനയുടെ ഐഡിയയും കൊച്ചിക്കാർക്ക് ‘ക്ഷ’ പിടിച്ചിട്ടുണ്ട്.

kanji-2