Tuesday 15 December 2020 05:04 PM IST

ക്രിക്കറ്റിൽ ചരിത്രം കുറിക്കാൻ കേരളത്തിലെ പെൺപുലികൾ: ദുബായിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യയിലെ ആദ്യ വനിത ക്ലബ്

Binsha Muhammed

path-breakers

മിഥാലി രാജിനും സ്മൃതി മന്ദാനയ്ക്കു പിന്മുറക്കാരായി ഒരുകൂട്ടം പെണ്‍പുലികൾ എത്തുകയാണ്. ക്രിക്കറ്റിന്റെ ഗ്ലാമറിനമൊത്ത പ്രകടനം ആണുങ്ങളിൽ നിന്ന് മാത്രമേ ഉണ്ടാകൂ എന്ന പതിവ് വിലയിരുത്തലുകളെ മറന്നേക്കാം. ആണുങ്ങളുടെ ഐപിഎല്ലിനെ മാത്രം ആഘോഷമാക്കുന്ന കാലത്ത് ക്ലബ് ക്രിക്കറ്റിൽ വിജയക്കൊടി പാറിക്കാൻ ഒരു കൂട്ടം പെൺപുലികൾ എത്തുകയാണ്. ഇന്ത്യയില്‍ നിന്ന് വിദേശ പര്യടനത്തിന് പോകുന്ന  ആദ്യ വനിത ക്രിക്കറ്റ് ടീം ക്ലബ് എന്ന ഖ്യാതിയോടെ അവരെത്തുകയാണ്. തിരുവനന്തപുരം കേന്ദ്രമായുള്ള സ്പോർട്സ്–പ്ലെയർ മാനേജ്മെന്റ് കമ്പനിയായ ‘പ്ലേ ട്രൂ’ ആണ് സാധാരണക്കാരായ പെൺകുട്ടികളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്നത്. പ്ലേ ട്രൂവിന്റെ വനിത ശാക്തീകരണ പദ്ധതിയായ ‘ഫോർ ഹെർ’ ആണ് ‘ദി പാത് ബ്രേക്കേഴ്സ്’ എന്ന ടീമിന് രൂപം നൽകി കൊണ്ട് മാറ്റങ്ങൾക്ക് തിരികൊളുത്തുന്നത്. ദുബായ് മണ്ണിൽ പ്രതിഭയുടെ മിന്നലാട്ടം നടത്താനായി 15 അംഗ ടീം അരയും തലയും മുറുക്കി തയ്യാറെടുക്കുമ്പോൾ പ്ലേ ട്രൂ സിഇഒയും ഫൗണ്ടറുമായ സോണിയ അനിരുദ്ധന്‍ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു...

അവരുടെ സ്വപ്നങ്ങൾ... ഞങ്ങളുടേതും

പ്രതിഭകൾ ആവോളമുണ്ട്, നമുക്ക് ചുറ്റും. അവരെ കണ്ടെത്തുക എന്നതാണ് ശ്രമകരമായ ദൗത്യം. ക്രിക്കറ്റ് സ്വപ്നങ്ങളെ നെഞ്ചിലേറ്റുന്ന പെൺകുട്ടികളെ, ആരാലും അറിയപ്പെടാതെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടു വരികയാണ് പ്ലേ ട്രൂ. ‘ദി പാത് ബ്രേക്കേഴ്സ്’ എന്ന വനിത ക്രിക്കറ്റ് ക്ലബ് ടീം നിരവധി പ്രതിഭകളുടെ പ്രതീക്ഷകളുടെ പൂർണതയാകും. ഞങ്ങൾക്കുറപ്പുണ്ട്– പ്രതീക്ഷയോടെ സോണിയയുടെ വാക്കുകൾ.

സ്പോർട്സ് രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകി വരുന്ന കമ്പനിയാണ് സ്പോർട്സ് മാനേജ്മെന്റ്–മാർക്കറ്റിങ് കമ്പനിയാണ് പ്ലേ ട്രൂ. വിവിധ സ്പോർട്സ് ഇവന്റുകൾ, കായിക പ്രതിഭകളുടെ സ്പോർസർഷിപ്പുകൾ എന്നിവയിലെല്ലാം ഞങ്ങളുടെ കരസ്പർശമുണ്ട്. വനിതകളെ ക്രിക്കറ്റിലേക്ക് ആകർഷിക്കുക, അന്താരാഷ്്രട തലത്തിൽ അവസരങ്ങൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘ഫോർ ഹെർ’ എന്ന വനിത ശാക്തീകരണം കായിക പദ്ധതിയ്ക്ക് ഞങ്ങളുടെ കമ്പനി രൂപം നൽകുന്നത്. അതിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘ദി പാത് ബ്രേക്കേഴ്സ്’ എന്ന ടീം.

ദുബായിലെ ജി ഫോഴ്സ് അക്കാദമിയിലെ ഹെഡ് കോച്ചും മുന്‍ സൗരാഷ്ട്ര ക്രിക്കറ്റ് താരവുമായ ഗോപാൽ ജസ്പാരയുമായുള്ള ചർച്ചയ്ക്കിടെയാണ് വനിത ക്ലബ് ക്രിക്കറ്റിന്റെ സാധ്യതകളെ പറ്റി അറിയുന്നത്. കേരളത്തിലെ വനിത ടീമിന് ദുബായിലെ വിവിധ ക്ലബുകളുമായി മാറ്റുരയ്ക്കാന്‍ അവസരം നൽകാമെന്ന് അദ്ദേഹം ഉറപ്പു നൽകി. അങ്ങനെയാണ് പാത് ബ്രേക്കേളഴ്സിന് ദുബായ് മണ്ണിലേക്ക് പറക്കാനുള്ള വഴിതെളിഞ്ഞത്.  

wc-2

കേരളം, കർണാടക, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ സാധാരണക്കാരയ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തിയാണ് ‘ദി പാത് ബ്രേക്കേഴ്സ്’ എന്ന ടീമിന് രൂപം നൽകിയിരിക്കുന്നത്. ടീമിലെ പല താരങ്ങളും സാധാരണ ജീവിത ചുറ്റുപാടിൽ നിന്നും വന്നവർ. ഉൾനാടുകളിൽ നിന്നുള്ള പ്രതിഭകളെ പോലും ഞങ്ങള്‍ തേടി കണ്ടു പിടിച്ചു എന്നതാണ് ഏറെ ചാരിതാർത്ഥ്യം. മുൻ കേരള, കർണാടക താരം, നാഷണൽ ക്രിക്കറ്റ് അക്കാദമി പരിശീലക, കേരള സ്പോർട്സ് കൗൺസിൽ പരിശീലക എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശരണ്യ ആർ എസാണ് പാത് ബ്രേക്കഴ്സിനെ പരിശീലിപ്പിക്കുന്നത്. ഫിറ്റ്നസ്, കൃത്യമായ പരിശീലനം എല്ലാം ഉറപ്പു വരുത്തി ദുബായിലേക്ക് വിമാനം കയറുന്ന ഞങ്ങളുടെ പെൺപട സൗഹൃദ മത്സരമാണെങ്കിൽ കൂടിയും വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ജി ഫോഴ്സ് ക്രിക്കറ്റ് അക്കാദമിയുമായി സഹകരിക്കുന്ന യുഎഇയിലെ വിവിധ എമിറേറ്റുകൾ കേന്ദ്രീകരിച്ചുള്ള ക്ലബുകളുമായാണ് മാറ്റുരയ്ക്കുന്നത്. ഡിസംബർ എട്ടിന് ദുബായിയിൽ എത്തിയ  കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും മത്സരങ്ങൾ. എടുത്തു പറയേണ്ട സംഗതിയെന്തെന്നാൽ പുരുഷ, വനിത ക്രിക്കറ്റ് ടീമുകളുമായി ഞങ്ങളുടെ പെൺകുട്ടികൾ മത്സരിക്കും എന്നതാണ്. ഡിസംബർ 8 മുതൽ 25 വരെയുള്ള തീയതികളിലായാണ് ഫിക്സ്ചർ ക്രമീകരിച്ചിരിക്കുന്നത്.

cric-1

ഞങ്ങൾക്കുറപ്പുണ്ട്, കായിക കേരളത്തിന്റെ ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായമായിരിക്കും. കായിക കേരളത്തിനും ഇന്ത്യൻ ക്രിക്കറ്റിനും നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഞങ്ങൾക്കും കഴിയും– സോണിയ പറഞ്ഞു നിർത്തി.