Friday 20 November 2020 12:57 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ മരിച്ചാൽ എന്നെ കാണാൻ അവിടെ അവരുണ്ടാകും, എനിക്ക് അത് മതി’; അധികമാർക്കും അറിയാത്ത ഷക്കീല; കുറിപ്പ്

shakeela

സിനിമയിലെ ഗ്ലാമർ പരിവേഷങ്ങൾക്കപ്പുറം അധികമാർക്കും അറിയാത്ത ഷക്കീലയെ കുറിച്ച് ഹൃദ്യമായി കുറിക്കുകയാണ് തീർത്ഥ അമ്പിളി. സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുകയും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണ് അവരെന്ന് തീർത്ഥ കുറിക്കുന്നു. ഷക്കീലയുടെ പിറന്നാൾ ദിനമായ നവംബർ 18ന് പങ്കുവച്ച കുറിപ്പാണ് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് തീർത്ഥ കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

'ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്ജെൻഡർ കുട്ടികൾ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്. എനിക്ക് ഭർത്താവില്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം. പക്ഷേ ഞാൻ മരിച്ചാൽ അവിടെ കുറഞ്ഞത് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്ജെൻഡർ കുട്ടികൾ ഉണ്ടാവും. എനിക്ക് അത് മതി.'

കനത്ത ദാരിദ്ര്യം മൂലം തന്റെ 17-ാം വയസ്സിൽ അഭിനയരംഗത്തെത്തുകയും സെക്സ് ബോംബായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഷക്കീല എന്ന നടിയുടെ വാക്കുകളാണിത്. സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുകയും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണവർ. പുകവലിയും മദ്യപാനവും കുടുംബവും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണെന്ന് പറയാൻ അവർക്കാവും.

എൻ്റെ അനുഭവങ്ങളാണ് എന്നെ അരാജകവാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോൾ അതിനെ വില കുറഞ്ഞ വികാരപ്രകടനമായിട്ടല്ല കാണേണ്ടത്.

പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോൾ ദൈവത്തിന് നീ എഴുതിയ കത്തുകൾ എനിക്ക് മനസ്സിലാകും.

യരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.

എനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.