Monday 18 February 2019 11:34 AM IST : By സ്വന്തം ലേഖകൻ

ഡോക്‌ടര്‍ക്ക്‌ എന്തിനാണ്‌ സ്വർണ്ണം, ഇനിയും വാങ്ങാന്‍ വരുമാനമുണ്ടല്ലോ എന്ന് മോഷ്ടാക്കൾ; ഭീഷണിപ്പെടുത്തി കവർന്നത് 80 പവനും 70000 രൂപയും!

doctor345221

നെടുമ്പാശ്ശേരി അത്താണിയിൽ കെഎസ്‌ഇബിക്ക്‌ സമീപം ഒറ്റയ്ക്ക്‌ താമസിക്കുന്ന വനിതാ ഡോക്‌ടറുടെ വീട്ടിൽ മോഷണം. മുഖംമൂടി ധരിച്ച രണ്ടംഗ സംഘമാണ് വധഭീഷണി മുഴക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന 80 പവന്‍ സ്വര്‍ണാഭരണവും 70000 രൂപയും കവര്‍ന്നത്. ചെങ്ങമനാട്‌ സാമൂഹികാരോഗ്യകേന്ദ്രത്തിലെ എന്‍ആര്‍എച്ച്‌എം മെഡിക്കല്‍ ഓഫിസര്‍ ഗ്രേസ്‌ മാത്യൂസിന്റെ വീട്ടിലാണ്‌ ശനിയാഴ്‌ച പുലര്‍ച്ചെ 1.45 ന് വൻ കവർച്ച നടന്നത്. 

അടിവസ്‌ത്രവും മുഖംമൂടിയും മാത്രം ധരിച്ച് കാഴ്ചയ്ക്ക് ഉയരം കുറഞ്ഞ രണ്ടുപേരാണ് മോഷണം നടത്തിയത്‌. വീടിന്റെ അടുക്കള വാതിലിന്റെ കുറ്റി മാരകായുധമുപയോഗിച്ച്‌ തകര്‍ത്താണ്‌ അകത്ത്‌ കയറിയത്. ഒഴിഞ്ഞ മദ്യക്കുപ്പി വീശി തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. 

കൈകൂപ്പി കൊല്ലരുതെന്നപേക്ഷിച്ചപ്പോൾ ഡോക്‌ടര്‍ക്ക്‌ എന്തിനാണ്‌ സ്വർണ്ണമെന്നും, ഇനിയും വാങ്ങാന്‍ വരുമാനമുണ്ടല്ലോ എന്നായിരുന്നു അക്രമികളുടെ മറുപടി. ഡോക്ടർ ധരിച്ചിരുന്നത് ഉൾപ്പെടെ ലക്ഷങ്ങള്‍ വില പിടിപ്പുള്ള വജ്രാഭരണങ്ങളും സ്വർണ്ണാഭരണങ്ങളുമാണ് ‌കവര്‍ച്ച ചെയ്യപ്പെട്ടത്‌. മോഷണ മുതൽ മുറിയില്‍ നിന്നെടുത്ത ഷാളില്‍ പൊതിഞ്ഞാണ്‌ കടത്തിയത്‌. 

പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ റൂറല്‍ എസ്‌പി രാഹുല്‍ ആര്‍ നായര്‍, ആലുവ ഡിവൈഎസ്‌പി എന്‍ ആര്‍ ജയരാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്‌ദരും പൊലീസ്‌ നായയും എത്തി ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തി.