Monday 25 January 2021 04:45 PM IST : By ശ്യാമ

‘ഇറ്റ് ഈസ്‌ നോട്ട് നൈസ് റൈറ്റ്?’ എന്ന് ചോദിച്ചു വൈറലായ വിഡിയോയിലെ കൊച്ചുമിടുക്കി ഇതാ; ആറു വയസുകാരി തെരേസയുടെ വിശേഷങ്ങൾ

thesreess

"എന്താണ് മാൻ മെയ്ഡ് എന്ന് മാത്രം പറയുന്നത്? അതെന്താ സ്ത്രീകൾ ഒന്നും സൃഷ്ടിക്കുന്നില്ലേ? എന്തുകൊണ്ട് ഹ്യൂമൻ മെയ്ഡ് എന്ന് പറയുന്നില്ല?” ചോദ്യം ചോദിക്കുന്നത് ആറ് വയസുള്ളൊരു പെൺകുട്ടിയാണ്! മുൻപ് സമൂഹം ചെയ്ത തെറ്റുകളെ ചോദ്യത്തിന്റെ മുൾമുനയിൽ നിർത്തി തിരുത്തിയെടുക്കാൻ കേൽപ്പുള്ളൊരു തലമുറ ഉണ്ടായി വരുന്നുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇത്രയധികം വൈറൽ ആകാൻ കാരണം. വിഡിയോ കണ്ടവരൊക്ക ഏതാണീ മിടുക്കി എന്ന് ചോദിക്കുകയും ചെയ്തു.

ആ മിടുമിടുക്കിയാണ് തെരേസ ജെയിംസ് മണിമല എന്ന ആറ് വയസുകാരി. "ചെറുപ്രായം തൊട്ടേ നല്ല വായനയുള്ള കുട്ടിയാണ് തെരേസ."- തെരേസയുടെ അമ്മ സോണിയ പറയുന്നു. "വളരെ സോഷ്യൽ ആയിട്ടുള്ള കുട്ടിയാണ് അവൾ. പുതിയ പുതിയ കാര്യങ്ങൾ ഒക്കെ പഠിക്കാൻ വല്യ ഇഷ്ടമാണ്. മനുഷ്യരോടും എല്ലാ ജീവികളോടും ഒക്കെ വല്യ സ്നേഹവും ബഹുമാനവും അവൾക്കുണ്ട്. എല്ലാത്തിനോടുമുള്ള അവളുടെ പെരുമാറ്റവും വളരെ കരുതലോടെയാണ്. വേർതിരിവെന്നൊരു കാര്യം കുഞ്ഞുങ്ങളുടെ മനസ്സിൽ ഇല്ലല്ലോ...

അതുകൊണ്ട് തന്നെ അവൾ ഇങ്ങനെ ചോദ്യം ചോദിക്കുന്നതിൽ ഞങ്ങൾക്ക് അതിശയം തോന്നിയില്ല, എന്നാൽ ചോദിച്ചു എന്നതിൽ അഭിമാനമുണ്ട് താനും. വളരെ സ്വാഭാവികമായിട്ടാണ് അത്രയും പ്രധാനമുള്ളൊരു വിഷയത്തെ കുറിച്ച് അവൾ ചോദിക്കുന്നത്. നമ്മളിൽ പലരും ഇത് ചിന്തിച്ചു കാണും എന്നിട്ട് അത് സ്വഭാവികമായി വിട്ടുകളഞ്ഞും കാണും പക്ഷേ, പുതിയ തലമുറ അങ്ങിനല്ല. അവർ ഉത്തരം കിട്ടും വരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.

ഈ വിഡിയോ ആദ്യം ഞാൻ ഞങ്ങളുടെ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇട്ടത്. അവളുടെ ഒരു യൂട്യൂബ് ചാനലിലും ഇട്ടിരുന്നു. അതിന്റെ ലിങ്ക് ഫെയ്സ്ബുക്കിലും ഇട്ടു. അവിടുന്നൊക്കെ കൈമാറിയാകാം അത് വൈറലായത്. കണ്ടവരിൽ നിന്നൊക്കെ നല്ല റെസ്പോൺസ് ആണ് കിട്ടുന്നത്. അവളുടെ ചോദ്യം ഇത്രയും ചർച്ചകൾക്ക് കാരണമായി എന്ന് അറിഞ്ഞതിൽ തെരേസ ഭയങ്കര സർപ്രൈസ്ഡാണ്.”

അമേരിക്കയിലെ ഒക് ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ആയ ജെയിംസ് മണിമലയുടെയും ഓആർഎസ് നസ്കോയിൽ ഡാറ്റാ അനലിസ്റ്റായ സോണിയ ജോണിന്റെയും മകളാണ് തെരേസ. ഒക് ലഹോമയിലെ സ്റ്റിൽവാട്ടറിൽ താമസം. ജെയിംസ് കോട്ടയം മണിമല സ്വദേശിയും സോണിയ ചങ്ങനാശ്ശേരിക്കാരിയുമാണ്.  ഫസ്റ്റ് ഗ്രേഡിൽ പഠിക്കുന്ന തെരേസയുടെ ക്ലാസുകൾ ഒക്കെ കൊറോണ കാരണം ഓൺലൈൻ ആയി തന്നെ പോകുന്നു. വായനയോടുള്ള ഇഷ്ടം കൊണ്ട് ധാരാളം 300-400 പേജുകളുള്ള കുട്ടികളുടെ നോവലുകൾ ഇതിനോടകം തന്നെ വായിച്ചു തീർത്തു.

"സുധ മൂർത്തിയുടെ കുട്ടികൾക്കുള്ള കഥളൊക്കെ തെരേസയ്ക്ക് വല്യ ഇഷ്ടമാണ്. ഇനിഡ് ബ്ലൈട്ടന്റെ ഫേമസ് ഫൈവ് ആണ് ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്നത്. വായനയ്ക്കൊപ്പം പിയാനോ, ഡാൻസ്, കാർട്ടൂൺസ്‌, പാട്ട്, ക്രാഫ്റ്റ് ഒക്കെയുള്ള വളരെ ആക്റ്റീവ് ആയ കുട്ടിയാണ് അവൾ.

എന്താണ് നല്ല പേരെന്റിങ് എന്ന് ചോദിച്ചാൽ അത് കൃത്യമായി ഇന്നതാണ് എന്ന് അടയാളപ്പെടുത്തി വെക്കാൻ പറ്റുന്നതല്ല... പല ഘടകങ്ങൾകാനുനസിച്ചു മാറും. അതിനൊരു മാജിക്‌ സൂത്രവാക്യമൊന്നുമില്ല. ഞങ്ങളും പഠിച്ചുകൊണ്ടിരിക്കുന്നേയുള്ളൂ... ഒന്നും നിർബന്ധിച്ചു അടിച്ചേൽപ്പിക്കാതെ കുട്ടികളുടെ കഴിവുകളും താല്പര്യങ്ങളും മനസിലാക്കി അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കുട്ടികളുടെ ജന്മവാസനകളെ ഉണർത്താൻ അത് സഹായിക്കും. ശരിക്ക് പറഞ്ഞാൽ കുട്ടികളിൽ നിന്നും നമുക്ക് ധാരാളം പഠിക്കാനുണ്ട്. ചിലതൊക്കെ പുതിയ ഉൾകാഴ്ചയോടെ കാണാൻ അവരിലൂടെ നമ്മളും ശീലിക്കും."- സോണിയ പറയുന്നു.

Tags:
  • Spotlight
  • Social Media Viral