Monday 16 April 2018 05:07 PM IST : By സ്വന്തം ലേഖകൻ

ഈ എട്ട് കാര്യങ്ങൾ ഫെയ്സ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്യൂ; ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

fb

ഉപയോക്‌താക്കളുടെ വിവരങ്ങള്‍ കേബ്രിഡ്‌ജ്‌ അനലറ്റിക്ക ചോര്‍ത്തിയെന്ന വിവാദം ചർച്ചയാകുന്ന സാഹചര്യത്തിൽ ഫെയ്സ്ബുക്ക് സുരക്ഷിതത്വത്തെക്കുറിച്ച് ലോകത്താകമാനം ചർച്ചകളാണ്. നിരവധി പേരാണ് സുരക്ഷ കണക്കിലെടുത്ത് അക്കൗണ്ട് ഡിലീറ്റ് ചെയ്തതും. ഈ സാഹചര്യത്തിൽ വിവരങ്ങൾ ചോർത്താവുന്ന സുരക്ഷിതമല്ലാത്ത വാതിലുകൾ ഓരോ പ്രൊഫൈൽ ഉപയോക്താവും തുറന്നിടുന്നത് തടയണമെന്നും സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. നിങ്ങളുടെ ഫെയ്സ്ബുക്ക് വിവര ച്ചോർച്ചയിൽ മുങ്ങിപ്പോകുമെന്നല്ല, ഏതു ഹാക്കർമാരുടെ വലയിലും ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ വീണേക്കാം. മാത്രമല്ല നിങ്ങൾ പോലുമറിയാതെ നിങ്ങൾ നൽകുന്ന സ്വകാര്യ വിവരങ്ങൾ വരുത്തി വയ്ക്കുന്നത് വലിയ നഷ്ടങ്ങളായിരിക്കും. ഇതാ ഈ 8 കാര്യങ്ങൾ നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഫെയ്സ്ബുക്കിൽ നൽകിയിട്ടുണ്ടെങ്കിൽ ഡിലീറ്റ് ചെയ്യൂ. സുരക്ഷിതമാക്കൂ നിങ്ങളുെട പ്രൊഫൈല്‍.


1. ബെർത്ത്ഡേ

നിങ്ങളുടെ ശരിയായ ജനന തീയതി സുഹൃത്തുക്കൾക്കോ അല്ലെങ്കിൽ പൊതുവായോ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റേണ്ടതാണ്. ഡേറ്റ് ഓഫ് ബെർത്ത്, അഡ്രസ് പോലുള്ള കൃത്യമായ അടയാളങ്ങളും തീയതികളും മറ്റും അക്കൗണ്ടിലേക്ക് വേഗമെത്താനും ചതിക്കപ്പെടാനും എളുപ്പമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


2 .  ഫോൺ നമ്പർ

പ്രധാനപ്പെട്ട രേഖകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഫെയ്സ്ബുക്കിലോ മെസഞ്ചറിലോ നല്‍കുന്നത് വലിയ അപകടമാണ്.


3. സുഹൃത്തുക്കളെല്ലാം

എല്ലാ സുഹൃത്തുക്കളെയും തുറന്നു കാട്ടേണ്ട ആവശ്യം എന്താണ്. നിങ്ങളുടെസ്വകാര്യ  വിവരങ്ങളിൽ അതും പെടും. സുഹൃത്തുക്കളുടെ ലിസ്റ്റ് പ്രൈവസി ആർക്കൊക്കെ കാണാം എന്നത് ഇന്ന് തന്നെ സെറ്റ് ചെയ്യൂ. നിങ്ങളുടെ സർക്കിളും മറ്റും മനസ്സിലാക്കാൻ ഇത് മറ്റൊരാളെ സഹായിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.

4. കുട്ടികളുടെ ചിത്രങ്ങൾ

നിങ്ങളുടെ വീട്ടിലെ കൊച്ചു കുട്ടികളുടെ ചിത്രങ്ങൾ ജനനം മുതൽ പ്രദർശിപ്പിക്കണം എന്നു വാശിപിടിക്കണോ. കു‍ഞ്ഞുങ്ങളുടെ ചിത്രങ്ങൾ പരസ്യമായി  പ്രദർശിപ്പിക്കരുത്. നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും ചിത്രങ്ങളിട്ടു നശിപ്പിക്കണോ എന്ന് ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിക്ടോറിയ നാഷ് ചോദിക്കുന്നു. കുട്ടികൾക്കെതിരെ അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഇതും രണ്ടാമതൊന്നും ചിന്തിക്കാം.

5. ലൊക്കേഷൻ

നിങ്ങൾ എവിടെയാണെന്നോ നിങ്ങളുടെ കുട്ടികൾക്കൊപ്പം എവിടെ എന്നോ ഉള്ള വിവരം പ്രദർശിപ്പിക്കാതിരിക്കാനാണ് വിദഗ്ധരുടെ നിർദേശം.

6. വീടിന്റെ ലൊക്കേഷൻ

നിങ്ങളുടെ വീടിന്റെ ലൊക്കേഷൻ, സമ്പത്ത് വിവരങ്ങൾ, മാപ് ഇതൊക്കെ വെറുതെ പ്രദർശിപ്പിച്ച് അഡ്രസ് വിവരങ്ങൾ സുരക്ഷിതമല്ലാതെ ആക്കരുത്.


7. ചെക്ക്– ഇൻസ്

എവിടെ പോയാലും ചെക്കിൻ ചെയ്യുന്നവരേ...ആ കണ്ണുകൾ നിങ്ങളുടെ മേലുണ്ടാകുമെന്ന് കരുതിയിരിക്കാം. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ടാഗുകള്‍ വരുന്നു.
ഇത് ഹോട്ടലുകളുടെയും മറ്റും പബ്ലിക്ക് പേജിൽ നിന്നും പുറത്തേക്ക് ചോരാൻ സാധ്യത ഉണ്ട്.

8. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ

ഓൺലൈൻ പർച്ചേസിന്റെയും മറ്റും കബളിപ്പിക്കൽ, അതുമല്ലെഹ്കിൽ പുതു ഓഫറുകൾ എല്ലാം പറഞ്ഞ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇടുമ്പോൾ യാതൊരു കാരണവശാലും അക്കൗണ്ട് നമ്പർ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഇവ ഇടരുത്. സുരക്ഷിതമല്ലാത്ത എന്ത് പിൻ എന്റർ മെസേജ് വന്നാലും ബാങ്കുമായി ബന്ധപ്പെടാം.