Thursday 23 August 2018 12:06 PM IST

ഓർക്കാൻ ചില ശുചിത്വകാര്യങ്ങൾ നമുക്കു ചുറ്റുമുള്ള ശുചിത്വപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും

Ammu Joas

Sub Editor

dust_allergy
ഫോട്ടോ : സരിൻ രാംദാസ്

വൃത്തി വേണമെന്നു പറയാൻ എളുപ്പമാണ്. പക്ഷേ, അതു പാലിക്കുന്നതോ.. അധികം ചൂടും തണുപ്പുമില്ലാത്ത നമ്മുടെ നാട്ടിലെ കാലാവസ്ഥ അണുക്കൾക്കു പെരുകാനും ദീർഘകാലം ജീവിക്കാനും വളരെ യോജി ച്ചതാണ്. അപ്പോൾ ഓരോ നിമിഷവും കരുതലോടെ ഇരുന്നാലേ രോഗബാധയുണ്ടാകാതെ സൂക്ഷിക്കാൻ പറ്റൂ. ദൈനംദിന സാഹചര്യങ്ങളിൽ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ചില ശുചിത്വപ്രശ്നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും അറിയാം.

ബസില്‍ യാത്ര ചെയ്യുമ്പോൾ


പലതരം ആളുകൾ, പല ജോലി ചെയ്തു വരുന്നവർ, പല അസുഖങ്ങൾ ഉള്ളവർ... ബസിൽ നിങ്ങളോടൊപ്പവും നിങ്ങൾക്കു മുൻപും യാത്ര ചെയ്യുന്നവർ ധാരാളമുണ്ട്. അവർ പിടിച്ച കമ്പിയില്‍ പിടിച്ചും ഇരുന്ന സീറ്റിലിരുന്നുമൊക്കെയാണ് നമ്മുടെ യാത്ര. ഇത്തരം സാഹചര്യങ്ങളിൽ ശുചിത്വം പാലിക്കാൻ പരിമിതികളുണ്ടെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗങ്ങൾ വരാതെ നോക്കാം.


∙ ബസില്‍ കയറിയാൽ മുകളിലത്തെ കമ്പിയിൽ പിടിക്കാതെ നിൽക്കാൻ കഴിയില്ല. എന്നാൽ സീറ്റിലിരിക്കുമ്പോൾ  ജനൽക്കമ്പികളില്‍ പിടിക്കാതിരിക്കാമല്ലോ. ഇവയിൽ പലതരം അണുക്കള്‍ കാണും. കഫവും ചുമയുമുള്ള  ഒരാൾ ഇരുന്ന സീറ്റിലാണ് നിങ്ങളിരിക്കുന്നതെങ്കിലോ. ജനലിലൂടെ അയാൾ തുപ്പിയിട്ടുണ്ടെങ്കിൽ അണുക്കൾ കമ്പിയിലുണ്ടാകാം. മുൻസീറ്റിലെ കമ്പിയിൽ പിടിച്ചാൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം.  


∙ കൈപ്പത്തിയിലൂടെയാണ് അണുക്കൾ ശരീരത്തിലേക്കു കടന്നു കൂടുക. ബസ് യാത്രയ്ക്കു ശേഷം സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു കൈകഴുകാതെ മുഖത്തോ കണ്ണിലോ തൊടരുത്. അധികദൂരം യാത്ര ചെയ്തിട്ടുണ്ടെങ്കിൽ നന്നായി കുളിക്കുക.


∙ യാത്ര ചെയ്യുമ്പോൾ മാസ്ക് ഇടുന്നതും ഗ്ലൗസ് ഇടുന്നതും നല്ലൊരു പ്രതിരോധമാണെങ്കിലും ഇതത്ര പ്രയോഗികമല്ല. അതിനാൽ അണുക്കളിൽ നിന്ന് അകലം പാലിക്കാനാണ് ശ്രമിക്കേണ്ടത്. അടുത്തിരിക്കുന്ന ആൾ ഇടയ്ക്കിടെ തുമ്മുന്നുണ്ടെങ്കിൽ ഹാൻഡ് കർചീഫ് കൊണ്ടു മൂക്കു പൊത്തിപ്പിടിച്ച ശേഷം എതിർദിശയിലേക്കു ശ്വസിക്കാം.


∙ വസ്ത്രം ശരീരത്തിനു കവചമായി നിൽക്കുമെന്നതിനാൽ സീറ്റിൽ ഇരിക്കുന്നത് അത്ര പ്രശ്നമല്ല. യാത്ര ചെയ്യുമ്പോൾ കൈകൾ മടിയിലോ ബാഗിനു മുകളിലോ തന്നെ വയ്ക്കുക. തല ചെരിച്ച് ജനൽകമ്പിയിൽ ചാഞ്ഞു കിടന്നുറങ്ങുന്ന ശീലമുണ്ടെങ്കിൽ ടവ്വലോ സ്കാർഫോ വച്ച ശേഷം കിടക്കാം.


ട്രെയിൻ യാത്രയിൽ ശ്രദ്ധിക്കാൻ


∙ ദീർഘദൂര യാത്രയാണെങ്കിൽ പുതപ്പും സീറ്റിൽ വിരിക്കാനുള്ള ഷീറ്റുമെല്ലാം കൈയിൽ കരുതിക്കോളൂ. ട്രെയിനിൽ നിന്നു നൽകുന്ന കമ്പിളി പലർ ഉപയോഗിച്ചതായതിനാൽ രോഗാണുക്കൾ ഉണ്ടാകാം. തണുപ്പ് അധികമാണെങ്കിൽ നിങ്ങളുടെ ഷീറ്റിനു പുറത്തു കൂടി ഈ കമ്പിളി പുതയ്ക്കാം. പനിയോ ജലദോഷമോ മറ്റോ ഉണ്ടെങ്കിൽ സ്വന്തം ബെഡ്ഷീറ്റും തലയണയും ടവലും തന്നെ ഉപയോഗിക്കുക.


∙ ട്രെയിനിലെ ബാത്റൂം ഉപയോഗിക്കുമ്പോൾ ഇന്ത്യൻ ക്ലോസെറ്റ് തന്നെ തിരഞ്ഞെടുക്കുക. വെസ്റ്റേൺ ക്ലോസെറ്റ് ആണെങ്കിൽ ഇരിക്കുന്ന ഭാഗം ടിഷ്യൂ പേപ്പറോ ഡിസിൻഫക്റ്റന്റ് അടങ്ങിയ വൈറ്റ് വൈപ്സോ ഉപയോഗിച്ചു തുടച്ച ശേഷം ഇരിക്കുക. ഏതു കോമൺ ബാത്റൂം ഉപയോഗിക്കുമ്പോഴും ഈ കാര്യത്തിൽ ശ്രദ്ധ വേണം.


∙ ബാത്റൂമിന്റെ വാതില്‍പ്പിടിയിലും ലോക്കിലും പിടിക്കാതിരിക്കാൻ നിവർത്തിയില്ല. ബാത്റൂമിൽ നിന്നിറങ്ങിയ ശേഷം പുറത്തെ വാഷ് ബേസിനിൽ നന്നായി കൈ കഴുകണം.
∙ ട്രെയിൻ ബാത്റൂമിലെ മഗ് വൃത്തിഹീനമായിരിക്കുമെന്നതിനാൽ ദീർഘയാത്രയിൽ ഒരു മഗ് കൈയിൽ കരുതാം.


∙ കുട്ടികൾക്കൊപ്പമാണ് യാത്രയെങ്കിൽ ജനൽക്കമ്പികളും സീറ്റും സീറ്റ് ബാക്കുമെല്ലാം ഡിസിൻഫക്റ്റന്റോ ആൽക്കഹോളോ ഉപയോഗിച്ച് ഇടയ്ക്കിടെ തുടയ്ക്കുന്നത് നല്ലതാണ്.


∙ കുട്ടികൾക്ക് ഇടയ്ക്കിടെ ലഘുഭക്ഷണം വേണ്ടി വരും. എപ്പോഴും കൊണ്ടുപോയി കൈ കഴുകിക്കാനാകാത്ത സാഹചര്യങ്ങളിൽ അത്യാവശ്യമുണ്ടെങ്കിൽ മാത്രം ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം. അമിതമായ സാനിറ്റൈസർ ഉപയോഗം മുതിർന്നവരിൽ പോലും സ്കിൻ അലർജിയുണ്ടാക്കാറുണ്ട്. കൈകളുടെ മൃദുത്വവും നഷ്ടമാകാം.


ഓഫിസിലും ചില ശുചിത്വശീലങ്ങൾ


∙ ജോലിയുള്ളവർ ഓഫിസ് സീറ്റിലാണ് പകൽസമയം മുഴുവൻ ചെലവഴിക്കുന്നത്. എല്ലാ ദിവസവും ജോലി തുടങ്ങും മുമ്പ് ഇരിപ്പിടവും ടേബിൾ ടോപ്പും വൃത്തിയാക്കാൻ അൽപസമയം നീക്കി വച്ചോളൂ.


∙ ഓഫിസിൽ നിങ്ങളോട് ഇടപഴകുന്നവരും നിങ്ങൾക്കരികിലിരിക്കുന്നവരുമൊക്കെ ഒരേ ജീവിതനിലവാരം പുലർത്തുന്നവരാണെങ്കിലും പനിയും മറ്റു രോഗങ്ങളും പടർന്നുപിടിക്കുന്ന സമയങ്ങളിൽ അൽപം ശ്രദ്ധ വേണം.


∙ ഓഫിസ് കാബിനുകൾ വൃത്തിയാക്കാൻ ക്ലീനേഴ്സുണ്ടാകും. എന്നാൽ ഓരോ കാബിനും തുടച്ചു വൃത്തിയാക്കും മുമ്പ് തുടയ്ക്കുന്ന തുണി ഇവർ വൃത്തിയാക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. അങ്ങനെയല്ലെങ്കിൽ ഈ രീതിയിൽ ചെയ്യാന്‍ ആവശ്യപ്പെടുക.


∙ കസേരയുടെ ഹാൻഡ് റെസ്റ്റ്, കംപ്യൂട്ടർ കീബോർഡ്, മൗസ് എന്നിവ ദിവസവും തുടയ്ക്കണം. ഇതിനായി ഡിസിൻഫക്റ്റന്റ്  ലയിപ്പിച്ച വെള്ളം ഉപയോഗിച്ചാൽ മതി. കീബോർഡിനിടയിലുള്ള അഴുക്കുകൾ ടൂത്പിക്കോ ക്ലിനിങ് ബ്രഷോ ഉപയോഗിച്ച് ആഴ്ചയിൽ ഒരു ദിവസം വൃത്തിയാക്കണം. നിങ്ങളുടെ പേനയും ലാൻഡ് ഫോണുമെല്ലാം തുടച്ചെടുത്തോളൂ.


∙ കാബിനിൽ അടുക്കിയിരിക്കുന്ന പുസ്തകക്കെട്ടിനിടയിൽ ശ്വാസകോശത്തെ താറുമാറാക്കുന്ന പല അലർജി പ്രശ്നങ്ങളും ഒളിഞ്ഞിരിപ്പുണ്ടാകും. ആഴ്ചയിലൊരിക്കൽ ഇവയെല്ലാം പൊടി തട്ടി വയ്ക്കണം. നനവുള്ള തുണി കൊണ്ട് പുറംചട്ടകൾ തുടയ്ക്കുകയും വേണം.


∙ ഐസോപ്രൊപൈൽ ആൽക്കഹോൾ നല്ല ഡിസിൻഫക്റ്റന്റ് ആണ്. ഇവ വാങ്ങാൻ കിട്ടും. ജെൽ ബേസ്ഡ് അല്ലാത്ത സോപ്പോ സോപ്പ് ലിക്വിഡോ ഉപയോഗിച്ചാലും ക്ലോസ്ട്രീഡിയം, സാൽമോണെല്ല പോലുള്ള അണുക്കൾ നശിക്കും.


കുട്ടികളുമായി പുറത്തു പോകുമ്പോൾ


∙ അവധിദിവസം എവിടെ പോകണമെന്നു മക്കളോടു ചോദിച്ചാൽ ഉടനെത്തും ഉത്തരം, പാർക്ക്. അടുത്ത ആവശ്യം ഹോട്ടൽ ഫൂഡ് ആയിരിക്കും. ‘പാർക്കിലേക്കല്ലേ, എന്തിനാ കുളിപ്പിക്കുന്നത്. എന്താണേലും വിയർക്കുമല്ലോ’ എന്നാണ് മിക്കവരും ചിന്തിക്കാറ്. എന്നാൽ കുളിപ്പിച്ചു വൃ‍ത്തിയാക്കി വേണം കുട്ടികളെ പാർക്കിലേക്കു കൂട്ടാൻ. നിങ്ങളുടെ കുട്ടി കളിച്ച അതേ റൈഡിലാണ് മറ്റു കുട്ടികളും കളിക്കാനെത്തുക. വീട്ടിലും പറമ്പിലും കളിച്ചു നടന്ന് കുട്ടിയുടെ ദേഹത്ത് കയറിക്കൂടിയ അണുക്കൾ മറ്റു കുട്ടികളിലേക്കു പകരാതിരിക്കട്ടെ.


∙ വാട്ടർ റൈഡുകളും പൂളുകളും കുട്ടിക്കുറുമ്പുകൾക്ക് റിക്രിയേഷനൽ വാട്ടർ ഇൽനെസ് എന്ന രോഗവസ്ഥ ഉണ്ടാക്കാം. വെള്ളത്തിലെ മാലിന്യം മാത്രമല്ല ശുദ്ധീകരണത്തിനായി ചേർക്കുന്ന കെമിക്കലുകളും ശരീരത്തിന് ദോഷകരമാകുന്ന അവസ്ഥയാണിത്. ‌ത്വക്ക്, കണ്ണ്, മൂക്ക്, ചെവി, തൊണ്ട, വായ്, ശ്വാസകോശം എന്നീ ഭാഗങ്ങളിലാണു മിക്കവാറും കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാകുക. പൂളിൽ കളി കഴിഞ്ഞു വരുമ്പോൾ ചില കുഞ്ഞുങ്ങളുടെ കണ്ണിൽ ചുവപ്പ് കാണുന്നത് വെള്ളത്തിലെ കെമിക്കലുകളുടെ റിയാക്‌ഷനാണ്. തൊണ്ടയിൽ പുകച്ചിലും അനുഭവപ്പെടാം. പ്രശ്നം രൂക്ഷമാണെങ്കിൽ ശ്വാസകോശത്തെ ബാധിക്കാമെന്നതിനാൽ ചികിത്സ വേണ്ടി വരും. വാട്ടർ റൈഡിൽ കളിച്ചു വന്നാലുടൻ ശുദ്ധമായ വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിക്കണം. വാട്ടർ തീം പാർക്കിൽ പോയാൽ മുതിർന്നവരും ഉടനെ കുളിക്കണം. പാർക്കിലെ മറ്റു റൈഡുകളിൽ കയറിയാൽ കൈയും കാലും മുഖവും വൃത്തിയായി കഴുകണം.


∙ പാർക്കിലേക്കു പോകുമ്പോൾ കൈയിറക്കമുള്ള ടോപ്പും കാൽപത്തി വരെ ഇറക്കമുള്ള പാന്റ്സും ധരിപ്പിക്കുന്നത് നല്ലതാണ്. സ്ലിപ്പറോ സാൻഡലോ ഇടുന്നതിലും നല്ലത് ഷൂ ഇടുന്നതാണ്. ചെരിപ്പൂരിയുള്ള കളി പ്രോത്സാഹിപ്പിക്കരുത്.


∙ പാർക്കിൽ വച്ച് വീണു മുറിവേറ്റാൽ നന്നായി കഴുകി അത്യാവശ്യം പുരട്ടാനുള്ള മരുന്നു കൈയിൽ കരുതണം. കുട്ടിയുടെ ശരീരത്തിൽ ഉണങ്ങാത്ത മുറിവുണ്ടെങ്കിൽ കെട്ടി വയ്ക്കണം. വീട്ടിലെത്തിയാലുടൻ മുറിവ് തുറന്നു വിട്ട് ഉണങ്ങാൻ അനുവദിക്കുകയും വേണം.


∙ ഹോട്ടലിൽ പോകുമ്പോൾ ഭക്ഷണത്തിനു മുമ്പ് കൈ കഴുകേണ്ടത് ആവശ്യം തന്നെ. എന്നാൽ വാട്ടർടാപ്പിന്റെ പിടിയിലും നിറയെ അണുക്കളുണ്ടാകും. രണ്ടു കൈയും വൃത്തിയായി കഴുകിയിട്ടേ ഭക്ഷണം കഴിക്കാവൂ. കൈ കഴുകി ടാപ്പ് അടച്ച ശേഷം അതിനു മുകളിലേക്ക് അൽപം വെള്ളമൊഴിക്കുന്നതും ശീലമാക്കിക്കോളൂ.


∙ മിക്ക കുട്ടികളുടെയും സ്വഭാവമാണ് മേശയുടെ വശങ്ങളിൽ കടിക്കുന്നതും ടേബിൾ മാറ്റ് വായിൽ വയ്ക്കുന്നതും. ഇതു തെറ്റാണെന്നും ആരോഗ്യകരമല്ലെന്നും പറഞ്ഞു തിരുത്തുക.


∙ ഭക്ഷണശേഷം കൈ കഴുകി തുടയ്ക്കാൻ ഹോട്ടലിലെ ടവൽ ഉപയോഗിക്കല്ലേ. പലതരം ആളുകൾ ഉപയോഗിക്കുന്നതിനാലും നനവുള്ളതിനാലും അണുക്കളുടെ ആവാസകേന്ദ്രമായിരിക്കും ഇത്.  ടിഷ്യൂ കൊണ്ടു തുടയ്ക്കുന്നതാണ് നല്ലത്.

clean2


സ്കൂളിൽ പോകുമ്പോൾ


∙ ടിഫിൻ ബോക്സും വാട്ടർ ബോട്ടിലും ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടവയാണ്. കഴിച്ചയുടൻ ടിഫിൻ ബോക്സ് നന്നായി കഴുകിയില്ലെങ്കിലും വീട്ടിലെത്തിയാലുടൻ ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി വയ്ക്കുക. തുടച്ചുണക്കാതെ വെയിലത്തോ വായുസഞ്ചാരമുള്ളിടത്തോ തുറന്നു വച്ച് ഉണക്കാം.


∙ ചെറിയ കുട്ടികളിൽ പ്രതിരോധശേഷി കുറവായിരിക്കുമെന്നതിനാൽ ഇവരുടെ ലഞ്ച് ബോക്സും മറ്റും അണുവിമുക്തമാക്കാൻ തിളപ്പിച്ചെടുക്കുന്നത് നന്നായിരിക്കും. ചൂടു തട്ടിയാലും പ്രശ്നമില്ലാത്ത ലഞ്ച് ബോക്സ് വാങ്ങുക.  


∙ കളികൾക്കിടയിൽ സ്നാക്സ് കഴിക്കാൻ കുട്ടികളെ അനുവദിക്കരുത്. ഭക്ഷണം കഴിക്കുന്ന സമയത്ത് കളിക്കാനും അനുവദിക്കരുത്. പലയിടത്തു തൊട്ട കൈയിൽ അണുക്കൾ കയറിക്കൂടിയിട്ടുണ്ടാകുമെന്നും ഇതു വയറ്റിലെത്തിയാൽ അസുഖം വരുമെന്നും പറഞ്ഞു മനസ്സിലാക്കണം.


∙ ഭക്ഷണത്തിനു മുമ്പ് കൈകൾ നന്നായി കഴുകി ശീലിപ്പിക്കണം. കൈപ്പത്തിയും കൈയുടെ പുറംഭാഗവും വിരലുകളുടെ ഇടഭാഗവും 10 – 15 സെക്കൻഡ് എടുത്ത് കഴുകണം. സമയം നോക്കി കുട്ടിക്ക് കൈ കഴുകാനാകില്ലല്ലോ. അതിനൊരു സൂത്രമുണ്ട്, ‘ഹാപ്പി ബെർത്ഡേ’ പാടി കൈ കഴുകാൻ പറയാം.


∙ മറ്റു കുട്ടികളുടെ തൂവാല, വാട്ടർ ബോട്ടിൽ എന്നിവ പങ്കിടരുതെന്നു പറയാം. പനിയും ജലദോഷവും പകരാതിരിക്കാൻ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.


∙ സ്കൂളിലെ കളിപ്പാട്ടങ്ങൾ കൃത്യമായി വൃത്തിയാക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. വീട്ടിലെ കളിപ്പാട്ടങ്ങളും വൃത്തിയാക്കി വയ്ക്കണം. പോകുന്നിടത്തെല്ലാം കൂടെ കൂട്ടുന്ന കളിപ്പാട്ടങ്ങളിൽ പലയിടത്തുനിന്നും അണുക്കൾ കൂടിയിട്ടുണ്ടാകും. കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് ഇവയെ മടിയിലിരുത്തിയും ഊട്ടിയുമാകും. ഭക്ഷണ പദാർഥങ്ങൾ പറ്റിപ്പിടിച്ചിരുന്നാൽ ഇവയിലും പൂപ്പൽ പിടിക്കുമെന്നുറപ്പ്. സോഫ്റ്റ് ടോയ്സും മറ്റും ഇടയ്ക്കിടെ കഴുകി വെയിലത്തുണക്കി എടുക്കുക. മറ്റു കളിപ്പാട്ടങ്ങൾ കഴിയുമ്പോഴെല്ലാം തുടച്ചു വൃത്തിയാക്കണം.

ജിമ്മിൽ പോകുമ്പോൾ


∙ വ്യായാമം ചെയ്യാൻ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വിയർപ്പു കൂടുതലുള്ളവർക്കു നൈലോൺ മെറ്റീരിയൽ തിരഞ്ഞെടുക്കാം. ഇതിൽ അധികം വിയർപ്പ് തങ്ങിനിൽക്കില്ല.
∙ ഒന്നിലേറെ ദിവസം ഒരേ വസ്ത്രം ഇടുന്നുണ്ടെങ്കിൽ വിയർപ്പ് മാറ്റിയെടുക്കണം. വെയിലത്ത് തുണി വിരിച്ചിട്ട് ഉണക്കിയെടുക്കണം. അടിവസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കരുത്.
∙ ജിമ്മിൽ പോകും മുമ്പ് ശരീരം വൃത്തിയാക്കണം. കിടന്നു കൊണ്ടു വ്യായാമം ചെയ്യാൻ പലർ ഉപയോഗിച്ച മാറ്റ് ഉപയോഗിക്കാതെ സ്വന്തമായി മാറ്റ് കരുതുന്നതാണ് നല്ലത്.
ഓർക്കാതെ പോകുന്ന വൃത്തിക്കാര്യങ്ങൾ
∙ വാഷ്ബേസിന്‍ കഴുകുമ്പോൾ ഉൾവശത്തേക്കാൾ ശ്രദ്ധയോടെ കഴുകിയെടുക്കേണ്ടത് ടാപ്പാണ്. ഇവിടെയാകും അണുക്കൾ വിഹരിക്കുന്നത്. ക്ലോസെറ്റ് വൃത്തിയാക്കുമ്പോഴും ഉൾഭാഗത്തേക്കാൾ ഇരിക്കുന്ന സ്ഥലം (ശരീരം മുട്ടുന്ന ഭാഗം) വേണം നന്നായി വൃത്തിയായി കഴുകാൻ.
∙ അടുക്കളയിലെ ഏറ്റവും വൃത്തിഹീനമായ രണ്ടു വസ്തുക്കൾ ഏതൊക്കെയെന്നോ? കിച്ചൺ ടവലും പാത്രം കഴുകുന്ന സ്പോഞ്ചും. നനവുള്ള പ്രതലത്തിലാണ് അണുക്കൾ വളരുക. ടവലും സ്പോഞ്ചും എപ്പോഴും നനഞ്ഞതാകും. അതിനാൽ ടവൽ ദിവസവും മാറ്റി ഉപയോഗിക്കുക. ഓരോ തവണയും പുഴുങ്ങി കഴുകിയെടുക്കാനും ശ്രദ്ധിക്കണം. ഡിസ്പ്പോസിബിൾ വൈപ്സ് ഉപയോഗിച്ചാൽ അണുക്കളെ പേടിക്കേണ്ടതില്ല.
∙ കിച്ചൺ സ്പോഞ്ചിന് ദുർഗന്ധമുണ്ടാക്കുന്നതിനു കാരണം രോഗാണുവാണ്. പ്രതിരോധശേഷി കുറവുള്ളവരിൽ ഇത് അണുബാധയുണ്ടാക്കാം. ചൂടുവെള്ളത്തിലോ മൈക്രോവേവിലോ വച്ചാലും ഈ രോഗാണു നശിക്കണമെന്നില്ല. എല്ലാ ആഴ്ചയും സ്പോഞ്ച് മാറ്റുന്നതാണ് പോംവഴി.
∙ കട്ടിങ് ബോർഡ്, കത്തി എന്നിവ ഉപയോഗത്തിനു മുമ്പും ഉപയോഗശേഷവും വൃത്തിയായി കഴുകണം.
∙ മൊബൈൽ ഫോൺ, ലാൻഡ് ഫോൺ, ടിവി റിമോട്ട് എന്നിവ അണുക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. ഒന്നിലേറെ ആൾക്കാർ ഉപയോഗിക്കുന്നവയാണെങ്കിൽ രോഗം പകരാൻ മറ്റെന്തെങ്കിലും വേണോ. പല ജോലികൾക്കിടയിലാകും ഈ വസ്തുക്കളിൽ തൊടുക. അതുകൊണ്ടുതന്നെ ആൽക്കഹോളിക്ക് റബ് ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം ഇവ വൃത്തിയാക്കാൻ മറക്കേണ്ട. മൊബൈൽ ഫോൺ വൃത്തിയാക്കാൻ മൈക്രോ ഫൈബർ  തുണി ഉപയോഗിക്കാം. കവറിനിടയിലെ അഴുക്കുകൾ ടൂത്പിക് കൊണ്ടു തോണ്ടിയെടുക്കാം.
∙ പകർച്ചപ്പനിയും മറ്റും പടരുന്ന സമയത്ത് വീട് എന്നും വൃത്തിയാക്കണം. എച്ച് 1 എൻ 1, ഫ്ലൂ വൈറസ് എന്നിവ പൊടിയുള്ള സ്ഥലങ്ങളിൽ തങ്ങിനിൽക്കും. കർട്ടനും ടീപ്പോയ് കവറും സോഫാ കവറുമെല്ലാം എന്നും പൊടി തട്ടിയെടുക്കണം. ഈർപ്പമുള്ള കാലാവസ്ഥയിൽ പ്രത്യേകം കരുതൽ വേണം.

വിവരങ്ങൾക്ക് കടപ്പാട് ഡോ. സുമ സാമുവൽ, അസിസ്റ്റന്റ് പ്രഫസർ,
ജനറൽ മെഡിസിൻ വിഭാഗം,  ഗവ മെഡിക്കൽ കോളജ്, എറണാകുളം