അനുഭവങ്ങളിലൂടെയാണു കുട്ടികൾ പഠിക്കുന്നത്. കുട്ടികളുടെ മസ്തിഷ്കം വളരുന്നതും അവർ ഏതു തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതനുസരിച്ചാണ്. നല്ല അനുഭവങ്ങൾ നല്ല രീതിയിലുള്ള വളർച്ചയ്ക്കു സഹായകമാകുന്നു. മോശം അനുഭവങ്ങൾ അനാരോഗ്യകരമായ വളർച്ചയ്ക്ക് കാരണമാകുന്നു. ‘നല്ലകാലം വന്നു കാണാൻ, നല്ലതാക്കി െചാല്ലെടോ നീ’ എന്ന് കവി പി.പി. രാമചന്ദ്രൻ.
കുടുംബത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകുക എന്നതു വളരെ പ്രധാനമാണ്. പഴയ വലിയ കുടുംബങ്ങളിൽ കുട്ടികൾക്ക് മാതൃകയാകാൻ പലരുണ്ടാകും. എന്നാൽ ഇന്നത്തെ ചെറിയ കുടുംബങ്ങളിൽ, മിക്കപ്പോഴും അമ്മയും അച്ഛനും മാത്രമാണ് കുഞ്ഞുങ്ങൾക്ക് മാതൃക (റോൾ മോഡൽ). പുസ്തകപഠനത്തിലും പരീക്ഷകൾക്കായുള്ള തയാറെടുപ്പിലും മാത്രം ശ്രദ്ധയാകുമ്പോൾ കുട്ടികളുടെ അനുഭവലോകം വീട്ടിനുള്ളിൽ മാത്രമായി ചുരുങ്ങുന്നു. ഇത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്തം കൂടുന്നു; നല്ല കുടുംബാന്തരീക്ഷം കൂടുതൽ പ്രധാനപ്പെട്ടതാകുന്നു.
കുട്ടികളുടെ മുന്നിൽ ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങളാണു താഴെ പറയുന്നത്. പട്ടാളച്ചിട്ടയോടെ ഇതൊക്കെ പാലിക്കണമെന്നല്ല, കുട്ടികളുടെ മുന്നിൽ കുറച്ചുകൂടെ ശ്രദ്ധയോടെ െപരുമാറണമെന്നാണ് ഉദ്ദേശിക്കുന്നത്.
1. എപ്പോഴും കുറ്റം പറയരുത്, ചീത്ത വിളിക്കരുത്
കുട്ടികളിൽ കുറ്റം മാത്രം കാണുകയും പറയുകയും ചെയ്യുന്നതു ശരിയല്ല. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.എ ന്നാൽ അതു കുട്ടികളിൽ ആത്മവിശ്വാസക്കുറവും അവമതിപ്പും ഉണ്ടാകുന്ന തരത്തിലാകരുത്. നല്ലത് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കൾക്കു കഴിയണം. മലയാളത്തിൽ ‘നല്ലത്’ എന്നു പറയുന്നതിനുള്ള വാക്കുകൾ തന്നെ കുറവാണ്. നമ്മുടെ ഭാഷയിൽ തന്നെ നല്ലത് അംഗീകരിക്കുന്നതിനുള്ള പുതിയ വാക്കുകൾ ഉണ്ടാകേണ്ടതുണ്ട്. സ്നേഹിക്കുന്നതുകൊണ്ടു കുട്ടികൾ വഷളാകില്ല. സ്േനഹത്തിനും അതിരുകൾ ഉണ്ട് എന്ന് കുട്ടികൾ അറിയണം എന്നുമാത്രം.കുട്ടികളുടെ മുന്നിൽവച്ചു മോശം ഭാഷ ഉപയോഗിക്കുന്നതും ‘ചീത്ത’ വാക്കുകൾ പറയുന്നതും കഴിയുന്നത്ര ഒഴിവാക്കുക.
കുട്ടികളുടെ ഭാഷ പ്രത്യേകിച്ചും ചെറിയ കുട്ടികളുടെ ഭാഷ രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്. ചീത്ത വാക്കുകൾ കുട്ടികൾ പറയുന്നതു മുതിർന്നവർ പറയുന്നതു കേട്ടിട്ടാണ്. മാന്യമായ, സംസ്കാരമുള്ള ഭാഷ കുട്ടികൾക്കുണ്ടാകണം. മാന്യമായ ഭാഷ എന്നതിനർഥം ‘അച്ചടിഭാഷ’ എന്നല്ല.
അഭിപ്രായവ്യത്യാസങ്ങൾ പരസ്പരബഹുമാനത്തോടെ എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും എന്നും എങ്ങനെ സമവായത്തിലെത്താൻ കഴിയും എന്നും കുട്ടികൾ കണ്ടറിയേണ്ടതുണ്ട്.അച്ഛനമ്മമാരിൽ ഒരാൾ മറ്റേയാളുടെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകല്പിക്കാതെ, ഏകാധിപത്യപരമായ രീതിയിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും അടിച്ചേല്പിക്കുന്നത് കുട്ടികൾക്കു തെറ്റായ സന്ദേശം ആണു നൽകുക. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾ അറിഞ്ഞു തുടങ്ങേണ്ടത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്.
2. സ്ത്രീകളെ അധിക്ഷേപിക്കരുത്
കുട്ടികളുടെ മുന്നിൽ വച്ചു സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്നതും െെലംഗികച്ചുവയോടെ സംസാരിക്കുന്നതും തീർത്തും ഒഴിവാക്കേണ്ടതാണ്. അച്ഛൻ അമ്മയെ, സഹോദരിയെ ‘എടീ പോടീ’ എന്നു വിളിക്കുമ്പോൾ അതാണ് കുട്ടികൾ പഠിക്കുന്നത്. ‘ആൺകുട്ടി’, ‘പെൺകുട്ടി’ എന്നു പക്ഷപാതം കാണിക്കുന്നത് ഒഴിവാക്കുക. ജൻഡർ ഇക്വാലിറ്റി (Gender Equality)യുടെ പാഠങ്ങൾ കുട്ടികൾ വീട്ടിൽ നിന്നാണു പഠിച്ചുതുടങ്ങേണ്ടത്.
3. പറയുന്നത് തന്നെ പ്രവർത്തിച്ചു കാണിക്കുക
കുട്ടികളോട് ഒന്നു പറയുകയും അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നതു തെറ്റായ സന്ദേശമാണു നൽകുക.പറയുന്നതു പ്രവർത്തിയിലും കാണേണ്ടതുണ്ട് എന്നാണു കുട്ടികൾ അറിയേണ്ടത്. കളവു പറയരുത് എന്നു പഠിപ്പിക്കുകയും എന്നാൽ കുട്ടികളുടെ മുന്നിൽവച്ച് ആവശ്യത്തിന് കളവു പറയുകയും ചെയ്യുമ്പോൾ കുട്ടികൾ പഠിക്കുന്നത് ആവശ്യത്തിനു കളവുചെയ്യുന്നതിൽ തെറ്റില്ല എന്നാണ്.
4. പ്രായമായവരോട് മോശമായി പെരുമാറരുത്
പ്രായമായ ആളുകളോട് (വീട്ടിലും പുറത്തും) മോശം ഭാഷയിൽ സംസാരിക്കുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്യരുത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കുട്ടിയുടെ മുൻപിൽ വച്ച് അതു പറയാതിരിക്കുക. പ്രായമായ ആളുകളെ ബഹുമാനിക്കാനും അവർക്ക് അർഹമായ, ആവശ്യമായ പരിഗണന നൽകാനും കുട്ടികൾക്കു കഴിയണം. അതു വീട്ടിലുള്ളവരോടു മാത്രമല്ല, പൊതുസ്ഥലങ്ങളിലും പ്രായമുള്ള ആളുകളോട് മര്യാദയോടെയും സ്നേഹത്തോടെയും പെരുമാറേണ്ടത് ഉണ്ടെന്നു കുട്ടികൾ അറിയണം.
5. വൈകല്യമുള്ളവരെ പരിഹസിക്കരുത്
കുട്ടികളുടെ മുന്നിൽവച്ച് ഒരിക്കലും ശാരീരിക െെവകല്യങ്ങൾ ഉള്ളവരോടും മാനസിക െെവകല്യങ്ങൾ ഉള്ളവരോടും േമാശമായി പെരുമാറുകയും പരിഹസിച്ചു സംസാരിക്കുകയും ചെയ്യാൻ പാടില്ല. കുരുടൻ, പൊട്ടൻ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും ഒഴിവാക്കണം.
പ്രായമുള്ളവരോടും െെവകല്യങ്ങൾ ഉള്ളവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോൽ എന്നു കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വൈകല്യങ്ങളെ സൂചിപ്പിക്കുന്ന ശരിയായ പദപ്രയോഗങ്ങൾ ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കുക.
6. മൃഗങ്ങളോടും പക്ഷികളോടും ക്രൂരത പാടില്ല
പക്ഷികൾ, മൃഗങ്ങൾ–മറ്റു ജീവികളോട് കുട്ടികളുടെ മുന്നിൽ വച്ചു ക്രൂരമായി പെരുമാറുന്നത് ഒഴിവാക്കുക. ലോകം മനുഷ്യന്റെതു മാത്രമല്ല, മറ്റു ജീവികളുടേതുകൂടിയാണ്. മനുഷ്യനടക്കം എല്ലാ ജീവികൾക്കും ഈ ലോകത്തു തുല്യഅവകാശമാണ് എന്നു കുട്ടിക്കാലത്തേ മനസ്സിലാക്കണം. ഇത്തരം ആശയങ്ങളുള്ള കഥകൾ പറഞ്ഞുകൊടുത്താൽ അത് കുട്ടികളുടെ മനസ്സിൽ പതിഞ്ഞുകൊള്ളും.
7. പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടരുത്
പരിസ്ഥിതിക്കും പ്രകൃതിക്കും നാശം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ മുന്നിൽ ചെയ്യുമ്പോൾ അതു തെറ്റായ ധാരണകളാണു കുട്ടികളിലുണ്ടാക്കുന്നത്.പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും മാലിന്യം എറിയുമ്പോൾ പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയാണ് എന്ന് കുട്ടികൾ ചെറുപ്പത്തിലേ അറിയേണ്ടതുണ്ട്.
പുഴകൾ മലിനമാക്കുന്നതും അത്യാവശ്യത്തിനല്ലാതെ ചെടികളും മരങ്ങളും നശിപ്പിക്കുമ്പോഴും നാം നമ്മോടുതന്നെ ദ്രോഹം ചെയ്യുകയാണ് എന്നു കുട്ടികൾ അറിയണം. പുഴകളും കാടുകളും ജീവജാലങ്ങളും ഒക്കെ മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ആവശ്യമാണ് എന്ന സന്ദേശമാണ് കുട്ടികൾക്കു നൽകേണ്ടത്.
8. കുട്ടികളുടെ മുന്നിൽ മദ്യപാനം അരുത്
കുട്ടികളുടെ മുന്നിൽ ലഹരി ഉപയോഗിക്കുന്നത് (പുകവലി, മദ്യം, മയക്കുമരുന്നുകൾ) ഒഴിവാക്കേണ്ടതാണ്. ലഹരിവസ്തുക്കളെയും ലഹരി ഉപയോഗത്തെയും മഹത്വവൽക്കരിച്ചു സംസാരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചു കുട്ടികൾ അറിയണം. പലപ്പോഴും പുകവലിക്കുന്നതും മദ്യം ഉപയോഗിക്കുന്നതും ആണത്തത്തിന്റെ ലക്ഷണം ആയിട്ടാണു ജീവിതത്തിലും ദൃശ്യമാധ്യമങ്ങളിലും അവതരിക്കപ്പെടുന്നത്. അത് അങ്ങനെയല്ല എന്നാണു കുട്ടികളെ മനസ്സിലാക്കിക്കേണ്ടത്. തമാശയ്ക്കു പോലും ഇത്തരം ശീലങ്ങളിലേക്കു പോയാൽ അഡിക്‌ഷനായി മാറാമെന്നത് ഒാർമിക്കുക.
9. അധ്യാപകരെക്കുറിച്ച് കുറ്റം പറയരുത്
കുട്ടികളുടെ മുന്നിൽ വച്ച് അവരുടെ സ്കൂളിെനക്കുറിച്ചും പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ചും മോശമായും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലും സംസാരിക്കുന്നത് ഒഴിവാക്കുക.കുട്ടികൾക്കു തങ്ങളുടെ വിദ്യാലയത്തെക്കുറിച്ച് അഭിമാനം ഉണ്ടാകണം. അധ്യാപകരെ സ്നേഹ ബഹുമാനങ്ങളോടെ കാണാനും കഴിയണം.
10. ജീവിതത്തിൽ മോശം മാതൃക കാണിക്കരുത്
അനാരോഗ്യകരമായ രീതിയിൽ ടിവി/മൊെെബൽ/വിഷ്വൽമീഡിയ ഉപയോഗിക്കുന്നത് കുട്ടികൾക്ക് മോശം മാതൃകയാണു നൽകുന്നത്. പ്രയോജനകരവുമായ രീതിയിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ ശീലിക്കണം. ഉദാഹരണത്തിനു കിടപ്പുമുറിയിൽ ടിവി കാണുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതും മൊെെബൽ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ടിവി/മൊെെബൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
അനാവശ്യമായ സോഷ്യൽമീഡിയയുടെ ഉപയോഗവും ഒഴിവാക്കുക. കുട്ടികളെ സംബന്ധിച്ചിടത്തോളം യഥാർഥജീവിതം പോലെ വെർച്വൽ ലോക(Virtual world)വും പ്രധാനമായ ഒരു കാലമാണു വരുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽമീഡിയയിൽ ഇടപെടുന്ന രീതി, ഉപയോഗിക്കുന്ന ഭാഷഎന്നിവ കുട്ടികളെ ഒരുപാടു സ്വാധീനിക്കും. NEITIZEN എന്ന നിലയിലും കുട്ടികൾക്കു രക്ഷിതാക്കൾ മാതൃകയാവണം.
മാതാപിതാക്കൾ അനാരോഗ്യകരമായ ജീവിത െെശലി പുലർത്തിയാൽ മക്കളും കണ്ടുപഠിക്കും. ജീവിത ശൈലീരോഗങ്ങൾ കൂടിവരികയാണ്. ആരോഗ്യകരമായ ജീവിത െെശലി കുട്ടികൾ പഠിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം–ഇതിലൊക്കെ ആരോഗ്യകരമായ ശീലങ്ങൾക്ക് മാതൃകയാകാൻ രക്ഷിതാക്കൾക്ക് കഴിയേണ്ടതുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. പി. കൃഷ്ണകുമാർ
ഡയറക്ടർ,ഇംഹാൻസ്
കോഴിക്കോട്
krikurp@ gmail.com