Friday 27 July 2018 10:32 AM IST

മുഖക്കുരുവിനു പോലും വലിയ ശ്രദ്ധ കൊടുക്കുമ്പോൾ കാലുകളെ മറക്കരുത്; പാദസംരക്ഷണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Shyama

Sub Editor

pedicure

കാലിലൊരു മുറിവു വന്നാൽ, തടിപ്പു കണ്ടാൽ കണ്ടഭാവം പോലുമില്ലാതെ നടക്കാറുണ്ടോ?. നഖത്തിൽ ഇട്ട നെയിൽ പോളിഷ് മാറ്റാതെ മാസങ്ങളോളം അതിനു മുകളിൽ വേറേ പല കോട്ട് കൂടി അടിക്കാൻ മടിയില്ലാത്തെ ആളാണോ? കാലിന്റെ ഘടനയെ തന്നെ താളം തെറ്റിക്കുന്ന ചെരുപ്പുകളിട്ട് വരുത്തുന്ന രോഗങ്ങൾ പലപ്പോഴും നമ്മൾ തിരിച്ചറിയാറുപോലുമില്ല. കാലങ്ങളോളം നമ്മളെ താങ്ങി നടക്കേണ്ട നമ്മുടെ സ്വന്തം കാലുകൾക്ക് അവഗണനയല്ല, പകരം പരിചരണമാണ് നൽകേണ്ടതെന്ന് ഇനിയെങ്കിലും ഒാർക്കാം.

ഇങ്ങനെ മതിയോ ചെരുപ്പ്?

കാണാൻ ഭംഗിയുള്ളത് വാങ്ങും, ഓഫറുള്ളപ്പോ രണ്ടു മൂന്നെണ്ണം വാങ്ങും, ഒരെണ്ണം പൊട്ടാറാകുമ്പോൾ അടുത്തതു വാങ്ങും, മഴ വരുമ്പോ മഴയത്തിടാനുള്ള ചെരുപ്പും കൂടി വാങ്ങും... എന്താണ് ചെരുപ്പു വാങ്ങാനുള്ള ‘ക്രൈറ്റീരിയ’ എന്നു ചോദിച്ചാൽ ഇതിലപ്പുറം എന്താണ് പറയാനുള്ളതെന്നു തോന്നും. സത്യത്തിൽ എന്താണ് ചെരുപ്പു വാങ്ങുമ്പോൾ നോക്കേണ്ടതെന്നറിയാമോ? ചെരിപ്പിനുള്ളിലെ പ്രഷർ ഡിസ്ട്രിബ്യൂഷൻ കൃത്യമാണോ എന്ന്. ഇതറിയാൻ വഴിയുണ്ട്. ചെരുപ്പിന്റെ അകത്ത് ഒരു നാണയം മുപ്പത് സെക്കന്റ് അമർത്തി വച്ച ശേഷം മാറ്റാം. നാണയം വച്ചമർത്തിയ ഭാഗം കുഴിഞ്ഞ് തന്നെ ഇരിക്കുകയാണെങ്കിൽ അതിലെ പ്രഷർ ഡിസ്ട്രിബ്യൂഷൻ ശരിയല്ല എന്നാണർഥം. നാണയം വച്ചതിന്റെ കുഴിവു മാറി പഴയ പോലെയാകുന്ന ചെരുപ്പ് മർദം തുല്യമായി വിതരണം ചെയ്യുന്നതാണ്.

∙ഹൈഹീൽ ചെരുപ്പുകൾ എപ്പോഴുമിടുന്നവരുടെ കാലിന്റെ വിരലുകൾ ഉച്ചത്തിൽ കരയുന്നവയായിരിക്കും. കാൽപ്പാദത്തിന്റെ മുൻവശത്തേക്ക് ശക്തമായ മർദ്ദം വരുന്നതുമൂലം കാലിന്റെ മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ടെൻഡണുകൾ ചുരുങ്ങി പോകും. പിന്നീട്, സാധാരണ ചെരുപ്പിട്ടു നടക്കുമ്പോഴും ചെരുപ്പില്ലാതെ നടക്കുമ്പോഴും ഉപ്പൂറ്റി ഭാഗത്ത് അസഹ്യമായ വേദനയനുഭവപ്പെടുകയും ചെയ്യും.

കാലത്തെഴുന്നേറ്റ് തറയിൽ കാലുകുത്തുമ്പോൾ മുള്ളുകുത്തുന്ന വേദന വരുന്നതും സ്ഥിരമായി ഹൈഹീലിട്ട് ഏറെ നേരമുള്ള നടപ്പും നിൽപ്പും കാരണമാണ്.

∙ഫിറ്റ് അല്ലാത്ത ചെരുപ്പിട്ടു ശീലിച്ചാൽ കാൽവണ്ണയ്ക്കു ബലക്ഷയം വരും കൊളുത്തി വലിക്കുന്ന വേദനയും ഉണ്ടാകും. മുൻവശം ഇറുകിയ ചെരിപ്പുകൾ വിരലുകൾക്കു വളവുണ്ടാക്കും. എപ്പോഴും അമർന്നിരിക്കുന്നതു മൂലം നഖങ്ങൾക്കു നിറവ്യത്യാസം ഉണ്ടാകാം. നഖങ്ങൾ പൊട്ടിപ്പോകാനും അവയുടെ വളർച്ച മുരടിക്കാനും മുൻവശം ഇറുകിയ ചെരുപ്പ് കാരണമാകും.

∙തീരെ ഫ്ലാറ്റായ ചെരുപ്പിടുന്നത് കാലിന്റെ സ്വാഭാവികമായ വില്ലാകൃതിക്കു മാറ്റം വരുത്തും. ഫ്ലാറ്റ് ആയ ഷൂസും മറ്റും ഇഷ്ടമുള്ളവർ അകത്ത് അൽപ്പം ഹീലുള്ള ഇൻസോൾ വയ്ക്കുന്നത് നല്ലതാണ്.

∙അധിക സമയം നിൽക്കുന്നവരുടെ ചെരുപ്പിന് ഒരിഞ്ചു വ രെ ഹീൽ ഉണ്ടാകുന്നതാണ് നല്ലത്. വിരലുകൾ ഇടുങ്ങി ഇരിക്കാതെ ചെരുപ്പിന്റെ മുൻവശത്ത് അൽപ്പം വിസ്താരമുണ്ടാകണം. വീട്ടിലിടാൻ, പുറത്തു പോകാൻ, വ്യായാമം/ജോഗിങ് ചെയ്യാൻ... ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് ചെരിപ്പുകൾ പ്രത്യേകം തിരഞ്ഞെടുക്കാം. ഓടാനും നടക്കാനും ഗ്രിപ്പും കംഫർട്ടും തരുന്ന ബ്രാൻഡഡ് ഷൂ ഇടുന്നതാണ് നല്ലത്.

∙ഒരു വശം തേഞ്ഞ ചെരുപ്പ് ഉപേക്ഷിക്കാതെ അതിട്ടു നടക്കുന്നവർ കാലിനു മറ്റു പല അസുഖങ്ങളും വരുത്തി വയ്ക്കും.അതു കൊണ്ട് ചെരിപ്പിനു തെയ്മാനം വന്നാലുടൻ അതു മാറ്റി പുതിയതു വാങ്ങാം.

∙കാൽവിരലിനിടുക്കുകളിലും എല്ലുകൾക്കടിയിലും ഉണ്ടാകുന്ന കട്ടിയുള്ള മൃതകോശമാണ് ആണിരോഗം. മോശം പാദരക്ഷകൾ ഇടുന്നതു വഴിയും ഒരിടത്തു തന്നെ മർദം കൂടുന്നതു വഴിയൊക്കെയാണ് ആണിയുണ്ടാകുന്നത്. പാകമല്ലാത്ത വലിയ ചെരുപ്പിട്ട് നടക്കുമ്പോൾ ചർമത്തിൽ ഉരസുന്നത് ആണിയുണ്ടാകാൻ ഇടയാക്കും.

∙തള്ളവിരനിനടിയിൽ വരുന്ന ചെറിയ മുഴയാണ് പെരുവിരൽ വീക്കം. തള്ളവിരലിനടുത്തുള്ള വിരലിനെ തള്ളവിരൽ അമർത്തി, വിരലിന്റെ മടക്കിനെ വലുതാക്കുന്നതാണ് വീക്കം വരാനുള്ള കാരണം. കാലുകളുടെ ആകൃതിക്കിണങ്ങാത്ത ചെരുപ്പിടുന്നതു മൂലമാണ് ഇത് ഉണ്ടാകുന്നത്.

∙കാലിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ വിരലിനു നടുവിലായി മടക്കു വരുന്നതിനെ ഹാമർടോ എന്നു വിളിക്കുന്നു.ചുറ്റികയുടെ ആകൃതിയുള്ളതുകൊണ്ടാവാം ഈ പേരു വന്നത്. ഇറുകിയ ചെരുപ്പിടുന്നതു കൊണ്ടോ, അഗ്രം ഇറുകിയ ഹൈ ഹീൽ ചെരുപ്പിടുന്നതുകൊണ്ടോ ഹാമർടോ വരാം.

സുന്ദരമായ പാദങ്ങൾക്ക്

∙ മുഖത്തെ മൃതകോശങ്ങൾ അകറ്റാൻ സ്ക്രബ് ചെയ്യുന്നതു പോലെ കാലിലെ മൃതകോശങ്ങൾ നീക്കാനായി ചെറുചൂടു വെള്ളത്തിൽ ഇന്തുപ്പു കലർത്തി പാദങ്ങൾ പത്തു മിനിറ്റ് മുക്കി വയ്ക്കുക.

കടുപ്പമുള്ള കട്ടൻചായയിൽ കാൽ മുക്കി വച്ചിട്ടു ഉരസ്സിക്കഴുകിയാലും മൃതകോശങ്ങൾ അകലും.

∙ പച്ച പപ്പായയുടെ കറ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് ബ്രഷ് കൊണ്ട് ഉരച്ചു കഴുകാം. ആഴ്ചയിലൊരിക്കൽ ചെയ്താൽ കാലുകൾ വിണ്ടുകീറുന്നത് കുറയും.

∙കടുകെണ്ണയിൽ അൽപ്പം മെഴുകൊഴിച്ച് ചൂടാക്കി കാലിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്ത് കിടക്കുക. (കാൽ ടവലിനു മുകളിലോ മറ്റോ വച്ചുറങ്ങിയാൽ മതി) കാലത്തെഴുന്നേറ്റ് കഴുകാം. വിണ്ടുകീറൽ കുറയും.

∙ കടുകെണ്ണ ചെറുചൂടിലൊഴിക്കുന്നത് കുഴിനഖം മാറാൻ ന ല്ലതാണ്. കുഴിനഖം മാറുംവരെ ദിവസവും ചെയ്യാം.

∙ ഷൂസ്, സോക്സ് ഒക്കെ ഇട്ടിട്ട് കാലിൽ നിന്ന് ദുർഗന്ധം വിട്ടു മാറുന്നില്ലെങ്കിൽ പഞ്ഞിയിൽ ആപ്പിൾ വിനഗർ മുക്കി അതുകൊണ്ട് കാൽ തുടയ്ക്കാം.

∙ ഏറെ നേരം നിന്നും നടന്നും കഴിഞ്ഞ് കാലുകൾക്ക് ആശ്വാസം പകരാൻ റ്റി ട്രീ ഓയിൽ, ലാവൻഡർ ഓയിൽ എന്നിവ കൊണ്ട് മസാജ് ചെയ്യാം.

∙ കാലിന്റെ വരൾച്ച മാറി മൃദുലമാകാൻ പനിനീരും ഗ്ലിസറിനും തുല്യ അളവിലെടുത്ത് കാലിൽ‌ പുരട്ടി മസാജ് ചെയ്യാം.

‌∙ കറ്റാർ വാഴയുടെ നീരും കടലപ്പൊടിയും ചേർത്തരച്ച് കാലിലിട്ട് 10-15 മിനിറ്റു വച്ച് കഴുകി കളഞ്ഞാൽ കരുവാളിപ്പു മാറും. വെയിലത്തു പോകുന്നവർക്കും ഇരുചക്രവാഹനം ഒാടിക്കുന്നവർക്കും ഇത് സ്ഥിരമായി ചെയ്യാം.

∙ പതിവായി നെയിൽ പോളിഷ് ഇടുന്നവർ ഒരാഴ്ചയിലെ ഇടവേള നൽകണം. നഖങ്ങളെ ശ്വസിക്കാൻ അനുവദിച്ചിട്ട് വേണം അടുത്തത് ഇടാൻ. ബെയ്സ് കോട്ടിട്ടിട്ട് നെയിൽ പോളിഷ് ഇടുന്നതാണ് എപ്പോഴും നല്ലത്.

പാദങ്ങൾ പലവിധമുണ്ട്

പരന്നതോ ഉയർന്നതോ? അതോ പ്രത്യേകതകളൊന്നും ഇല്ലാത്ത സാധാരണ കാൽപ്പാദങ്ങളാണോ? അതറിയാൻ എളുപ്പത്തിൽ ചെയ്യാവുന്ന ടെസ്റ്റാണ് ‘വെറ്റ് ടെസ്റ്റ്’.

കാലു നനച്ച ശേഷം ഒരു ബ്രൗൺ പേപ്പറിൽ ചവിട്ടി നിൽക്കാം. ഇനി പെട്ടെന്ന് മാറുക. കടലാസിൽ വിരലുകളുൾപ്പെടെ വിടവില്ലാതെ കാല്‍പ്പാദത്തിന്റെ ആകൃതി മുഴുവൻ തെളിഞ്ഞെങ്കിൽ നിങ്ങൾക്ക് ഫ്ലാറ്റ് ഫുട് അഥവാ പരന്ന പാദങ്ങളാണ്. ഇത്തരക്കാരുടെ ചെരുപ്പ് ഹീലിന്റെ വശത്തു നിന്ന് ആദ്യം തേഞ്ഞു തുടങ്ങും.

കടലാസിൽ വിരലിന്റെ അഗ്രങ്ങളും ഉപ്പൂറ്റിയും മാത്രമാണ് തെളിയുന്നതെങ്കിൽ അതിനർഥം ഉയർന്ന ആർച്ചുള്ള പാദമാണെന്നാണ്. ഹീലിന്റെ വശങ്ങളിൽ നിന്നും മുൻവശത്തു നിന്നും ചെരുപ്പ് എളുപ്പം തേഞ്ഞു പോകാം.

വിരലുകളുടെ അടയാളവും ഉപ്പൂറ്റിയും അതിനെ യോജിപ്പിക്കുന്ന നേരിയ വര അരികിലും കണ്ടാൽ നിങ്ങളുടേത് സാധാരണ കാല്‍പാദമാണ്. ഇത്തരക്കാരുടെ ചെരുപ്പ് ഒരേപോലെ എല്ലാ വശങ്ങളിൽ നിന്നും മാത്രമേ തേഞ്ഞു പോകൂ. കാല്‍പ്പാദങ്ങളുടെ ആകൃതിക്കനുസരിച്ചുള്ള ‘ഇൻസോളുകൾ’ വാങ്ങി ചെരുപ്പിനുള്ളിൽ വച്ചു നടക്കുന്നത് എപ്പോഴും നല്ലതാണ്.

കാലുകളെ പ്രമേഹം വലയ്ക്കാതിരിക്കാൻ

പ്രമേഹമുള്ളവർ സാധാരണ ചെരുപ്പുകൾക്കു പകരം ഡയബറ്റിക് ഫുട്‌വെയർ ഉപയോഗിക്കുക. പ്രമേഹരോഗികളുടെ ചർമത്തിന് ഇണങ്ങുന്ന വസ്തുക്കൾ കൊണ്ട് നിർമിക്കുന്നതാണ് ഡയബറ്റിക് ഫുട്‌വെയർ. കാലുകളെ കഴിവതും പൊട്ടലുകളിൽ നിന്നും പോറലുകളിലും നിന്ന് സംരക്ഷിക്കുന്ന തരത്തിലാണ് ഈ ചെരുപ്പുകള്‍.

∙കാലുകൾ വരണ്ടു പൊട്ടുന്നതു തടയാൻ രാവിലെയും വൈകിട്ടും കുളി കഴിഞ്ഞാൽ വാസലിൻ തടവുക. കാലു വേദന വന്നാൽ മസാജ് ചെയ്യുകയും ചൂടു വെള്ളത്തിൽ കാലി റക്കി വയ്ക്കുകയും ചെയ്യാതിരിക്കുക. പ്രമേഹ രോഗികൾക്കു പൊതുവേ സംവേദനക്ഷമത കുറയും. മാസാജ് ചെയ്യുമ്പോൾ നഖമോ മറ്റു വസ്തുക്കൾ കൊണ്ടു മുറിഞ്ഞാലോ വെള്ളത്തിനു ചൂടു കൂടുതലായാലോ അറിയണമെന്നില്ല.

∙മുറിവുകളും പൊള്ളലുകളും ഉണ്ടായാൽ അവ ഉണങ്ങാൻ സമയമെടുക്കും. സ്വന്തമായി നഖം വെട്ടുന്നത്, പ്രത്യേകിച്ച് ബ്ലെയ്ഡ് കൊണ്ടും കത്തികൊണ്ടും വെട്ടുന്ന ശീലം വേണ്ടേ വേണ്ട.

∙പ്രമേഹമുള്ളവർ മുൻവശത്ത് വിസ്താരമുള്ള ചെരുപ്പു വാങ്ങണം. ലോഹം കൊണ്ടുള്ള ബക്കിൾ പിടിപ്പിച്ച ചെരുപ്പുകൾ കാലിൽ തട്ടി മുറിവുണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ട് അവ തിരഞ്ഞെടുക്കരുത്. ലെയ്സ് ഷൂ, അല്ലെങ്കിൽ വെൽക്രോ പിടിപ്പിച്ചവ നോക്കിയെടുക്കാം.

∙ ഡോക്ടറെ സന്ദർശിക്കുമ്പോൾ കാലുകൾ പരിശോധിച്ച് മുറിവുകൾ ഇല്ലെന്ന് ഉറപ്പു വരുത്താം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അജിത് കുമാർ വർമ, പോ‍ഡിയാട്രിസ്റ്റ്, ആസ്റ്റർ മെഡിസിറ്റി, കൊച്ചി

ഡെന്നിസ് ബാബു, എക്സൽ ബ്യൂട്ടിപാർലർ, തൃപ്പൂണിത്തുറ