Friday 15 February 2019 01:59 PM IST : By സ്വന്തം ലേഖകൻ

കുപ്പത്തൊട്ടിയിൽ കുമിഞ്ഞു കൂടിയ ഭക്ഷണം ഉള്ളുലച്ചു, ഇനി ആരും പട്ടിണി കിടക്കരുതെന്നു തീരുമാനിച്ചു! ഈ പതിനാറുകാരിയാണ് ‘റിയൽ ലേഡി സൂപ്പർസ്റ്റാർ’

thira-1

തൈറ ഭാര്‍ഗവ എന്ന ഹരിയാനക്കാരി പെൺകുട്ടിയുടെ കഥയറിഞ്ഞാൽ ആരും അവളെ ‘ദി റിയൽ ലേഡി സൂപ്പർസ്റ്റാർ’ എന്നു തന്നെ വിളിക്കും. കാരണം അവളുടെ ഹീറോയിസം സിനിമയിലല്ല, ജീവിതത്തിലാണ്. പലരും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ്, തന്നെക്കൊണ്ടാകുന്നതിനപ്പുറം ചെയ്യുന്ന, ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ ഈ പതിനാറുകാരി ഒരു തലമുറയുടെയാകെ റോൾ മോഡലാകുന്നതിൽ അതിശയിക്കേണ്ടതില്ല.

ഒരു വർഷം മുൻപാണ് തൈറയുടെ ജീവിത രീതിയും ചിന്തകളും അടിമുടി മാറ്റിമറിച്ച ഒരു സംഭവമുണ്ടായത്. ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കവേ, അവിടെ വിളമ്പിയ ഭക്ഷണത്തിൽ വലിയൊരു ശതമാനവും ആവശ്യക്കാരില്ലാതെ കുപ്പത്തൊട്ടിയിൽ കുമിഞ്ഞു കൂടിയത് അവളുടെ ഉള്ളുലച്ചു. കോടിക്കണക്കിനു ജനം ഭക്ഷണമില്ലാതെ വിശന്നു വലയുന്ന ഒരു രാജ്യത്താണല്ലോ ഇത്തരം ഭക്ഷണ ധൂർത്തെന്നത് ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചു. ജനം ഭക്ഷണമില്ലാതെ വലയുന്നത് ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം കാരണമല്ല, ആവശ്യക്കാര്‍ക്ക് വേണ്ടത്ര ഭക്ഷണമെത്താതിനാലാണെന്ന തിരിച്ചറിവും അതോടെ അവളിലുണർന്നു. അതൊരു വലിയ തീരുമാനത്തിലേക്കാണ് തൈറയെ കൊണ്ടു ചെന്നെത്തിച്ചത്.

പിന്നീടുള്ള ദിവസങ്ങൾ മറ്റൊരു തുടക്കത്തിന്റെതായിരുന്നു. ഓരോരുത്തരും പാഴാക്കുന്ന ഭക്ഷണം തേടി അവളിറങ്ങി, ഒപ്പം നൻമമനസ്സുകളായ കൂട്ടുകാരും. അങ്ങനെയാണ് ‘ഡബിള്‍ റൊട്ടി പ്രൊജക്റ്റ്’ എന്ന പ്രസ്ഥാനത്തിന്റെ ഉദയം.

പാഴാകുന്നതും വൃത്തിയുള്ളതുമായ ഭക്ഷണം കണ്ടെത്തി, ശേഖരിച്ച്, പൊതിഞ്ഞ്, സൗജന്യമായി ആവശ്യക്കാരിലെത്തിക്കുന്ന പദ്ധതിയാണിത്. വിശന്ന വയറുമായി അന്നം കാത്തിരിക്കുന്ന നിസ്സഹായരായ ആയിരങ്ങളുടെ മേൽ ചൊരിയപ്പെട്ട അനുഗ്രഹമായിരുന്നു ‘ഡബിള്‍ റൊട്ടി പ്രൊജക്റ്റ്’.

ഒരു ദിവസം ബേക്കറികളില്‍ അധികമായി വരുന്ന ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചാല്‍ കുറഞ്ഞത് രണ്ടുപേരുടെയെങ്കിലും വിശപ്പകറ്റാമെന്ന് തൈറ പറയുന്നു. 19.4 കോടി ജനങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടുന്ന ഇന്ത്യയിൽ, 50,000 കോടി രൂപ മൂല്യം വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഓരോ വര്‍ഷവും പാഴാക്കപ്പെടുന്നുണ്ടൊണ് സർക്കാർ കണക്ക്.

നിരവധി സംഘടനകള്‍ പട്ടിണിയെ പ്രതിരോധിക്കാൻ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒഴിവാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍, ശുചിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി സംശയത്തോടെ മാത്രമേ പലരും പരിഗണിക്കാറുള്ളൂവെന്ന് തൈറ പറയുന്നു. എന്നാല്‍ തന്റെ ഉദ്ദേശശുദ്ധി മനസിലാക്കിയ ചില ഏജന്‍സികള്‍ സഹായിക്കാനെത്തിയെന്നും അവൾ വ്യക്തമാക്കുന്നു.

ഇപ്പോൾ, ഇന്ത്യയിലെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റായ മോഡേണ്‍ ബസാറും മറ്റു ചില ബേക്കറികളും അധികമായി വരുന്ന ബ്രഡ് തൈറയ്ക്ക് നല്‍കുന്നുണ്ട്. മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി, ചിഷൈര്‍ ഹോം എന്നീ സംഘടനകള്‍ക്ക് ആഴ്ചയില്‍ മൂന്നു തവണ തൈറ ബ്രഡ് എത്തിച്ചുനല്‍കും. 300 മുതല്‍ 400വരെ ആളുകളുടെ വിശപ്പകറ്റാന്‍ ഇതുപകരിക്കുന്നു.

ചീത്തയാകാത്തതെന്നുറപ്പാക്കിയ ശേഷമാണ് ഭക്ഷണം വിതരണത്തിനയക്കുക. മറ്റിടങ്ങളിലേക്കു കൊണ്ടു പോകുമ്പോൾ എയര്‍ കണ്ടീഷന്‍ ചെയ്ത വാനാണ് ഉപയോഗിക്കുന്നത്. ഇതിനായി ടിഎല്‍സി സ്പോണ്‍സര്‍ ചെയ്യുന്ന ലോജിസ്റ്റിക്സ് ടീമിന്റെ സഹായവും തൈറയ്ക്കുണ്ട്. കൂടുതല്‍ ഫണ്ട് ലഭിച്ചാല്‍ കൂടുതല്‍ വാനുകള്‍ വാങ്ങി ഭക്ഷണവിതരണം വിപുലപ്പെടുത്തണമെന്നാണ് ഈ പെണ്‍കുട്ടിയുടെ ആഗ്രഹം.

ഗുരുഗ്രാമിലെ ശ്രീറാം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് തൈറ ഭാര്‍ഗവ. കഥക് നര്‍ത്തകിയായ തൈറ കഴിഞ്ഞ ഏഴ് വര്‍ഷമായി പിയാനോയും പഠിക്കുന്നു. നിലവില്‍ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനത്തിലാണ് ഈ കൊച്ചു മിടുക്കി. തൈറയ്ക്ക് പൂർണ്ണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്.