Monday 24 September 2018 11:06 AM IST : By സ്വന്തം ലേഖകൻ

ബാർ ഡാൻസറാകാൻ കൊതിച്ചു; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി എട്ടാം ക്ലാസുകാരൻ മോഷ്ടിച്ചത് അരക്കിലോ സ്വർണം!

bar-dancer-boy Representative image

ബാർ ഡാൻസറാകാൻ കൊതിച്ചു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ബന്ധുവിന്റെ വീട്ടിൽ നിന്ന് അരക്കിലോയോളം സ്വർണം മോഷ്ടിച്ച എട്ടാം ക്ലാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരിലാണ് സംഭവം നടന്നത്. മോഷണം നടന്ന് ഒന്നര മാസത്തിനുശേഷമാണ് പതിനാലുകാരനെ മുംബൈയിൽ നിന്നും പൊലീസ് കണ്ടെത്തിയത്. അമ്മ ഉപേക്ഷിച്ചുപോയ കുട്ടി ബാർ ഡാൻസുകാരിയായ ബന്ധുവിന്റെ ഒപ്പമാണ് താമസിച്ചിരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി, ബാർ ഡാൻസറാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

ബന്ധുവായ യുവതിയുടെ സുഹൃത്തും മുംബൈയിലെ ബാർ ഡാൻസറുമായ രഹ്ന ദനവാത് എന്ന യുവതിയാണ് പതിനാലുകാരനെ മോഷണത്തിന് പ്രേരിപ്പിച്ചത്. രഹ്നയുടെ ആഡംബര ജീവിതം കുട്ടിയിൽ ബാർ ഡാൻസറാകാനുള്ള സ്വപ്നത്തിന് ആക്കം കൂട്ടി. ഓഗസ്റ്റ് ഏഴാം തീയതിയാണ് സ്വർണം മോഷ്ടിച്ചത്. വലുതായാൽ ഒരു ബാർ ഡാൻസറാകണമെന്നായിരുന്നു അവന്റെ ആഗ്രഹം. ഇതിനിടെയാണ് ബന്ധുവിന്റെ സുഹൃത്തും മുംബൈയിലെ ബാർ ഡാൻസറുമായ രഹ്നയെ പരിചയപ്പെടുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ സംബന്ധിച്ച് പതിനാലുകാരൻ രഹ്നയോടും തന്റെ ആഗ്രഹം പങ്കുവച്ചു. തുടർന്ന് രഹ്നയാണ് പണമുണ്ടെങ്കിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താമെന്ന് കുട്ടിയോട് പറഞ്ഞത്.

കുട്ടി താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലെ സ്വർണമാണ് മോഷ്ടിച്ചത്. ഇവരുടെ സുഹൃത്തിന്റെ സ്വർണം കൂടി ആ വീട്ടിൽ സൂക്ഷിച്ചിരുന്നു. കസ്റ്റഡിയിലും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് കുട്ടി നിരന്തരം ആവശ്യപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കും. കുട്ടിയെ മോഷണത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് രഹ്നയേയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.