Friday 08 June 2018 05:30 PM IST

‘രക്ഷിതാക്കളുടെ മൊബൈൽ ഫോൺ പറയും, പിള്ളേര് ഹാജരുണ്ടേ...’; പഞ്ചിംഗുമായി കാപ്പ് സ്കൂൾ

Binsha Muhammed

punching-school

മക്കളെ സ്കൂളിലേക്ക് വിട്ടാൽ പിന്നെ രക്ഷിതാക്കൾക്ക് ആധിയാണ്. അവരവിടെ എത്തിയോ? അതോ വഴിയിലെവിടെയെങ്കിലും കറങ്ങി നിൽപ്പുണ്ടോ? ‘കാലം തെറ്റിയ കാലമാണേ പേടിച്ചല്ലേ, പറ്റൂ...’

ഇനി അഥവാ സ്കൂളിലെത്തിയാലും ക്ലാസിൽ ശ്രദ്ധിക്കുന്നുണ്ടോ വല്ലതും പഠിക്കുന്നുണ്ടോ എന്നതാകും അടുത്ത ചിന്ത. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന രക്ഷിതാക്കളടെ ഇത്തരം ഒരു കൂട്ടം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മടുക്കുക ഒരു പക്ഷേ പാവം ടീച്ചർമാരായിരിക്കും.

മക്കളെ കുറിച്ചോർത്തുള്ള രക്ഷിതാക്കളുടെ ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങൾ രക്ഷിതാക്കളുടെ വിരൽത്തുമ്പിലെത്തിയാൽ എങ്ങനെയിരിക്കും. കേൾക്കുമ്പോൾ ആദ്യം പ്രയാസമെന്നു തോന്നുന്ന ആ സങ്കൽപ്പങ്ങൾക്ക് പൂർണതയേകിയിരിക്കുകയാണ് തൊടുപുഴ കാപ്പ് എൻഎസ്എസ് സ്കൂളിലെ അധ്യാപകരും പിടിഎയും.

school2

തൊഴിലിടങ്ങളിലേതിനു സമാനമായി വിദ്യാർത്ഥികൾക്കായി ബയോ മെട്രിക് പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചു കൊണ്ടാണ് ഇവിടുത്തെ പ്രധാനാധ്യാപകൻ വിധു പി് നായരും മറ്റ് അധ്യാപകരും മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഹാജർനില മെഷീൻ രേഖപ്പെടുത്തും. പ്രധാനാധ്യാപകന്റെ മുറിക്കു പുറത്തു സ്ഥാപിച്ചിട്ടുള്ള മെഷീനിൽ വിദ്യാർത്ഥികൾ രാവിലെയും വൈകിട്ടും ഹാജർ രേഖപ്പെടുത്തുന്നതാണ് രീതി. ഹാജർ ബുക്കുകൾ ഇനി മേശപ്പുറത്തുണ്ടാകില്ല എന്ന് ചുരുക്കം.

school-3

ഹാജർ നില രേഖപ്പെടുത്തുന്ന പഞ്ചിംഗിൽ തീരുന്നില്ല ഇവിടുത്തെ വിശേഷം. രക്ഷകർത്താക്കളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘നോ മൈ ചൈൽഡ്’ ആപ്ലിക്കേഷനിലൂടെ തങ്ങളുടെ മക്കൾ സ്കൂളിലെത്തിയോ ഇല്ലയോ എന്ന് കൃത്യമായി മനസിലാക്കം. വിദ്യാർത്ഥി വൈകിട്ടു ഹാജർ രേഖപ്പെടുത്തുമ്പോൾ അന്നേ ദിവസം ക്ലാസിൽ പഠിപ്പിച്ച ഭാഗങ്ങളെ പറ്റിയുള്ള വിവരങ്ങൾ. ഹോം വർക്ക്, യോഗങ്ങളുണ്ടെങ്കിൽ അക്കാര്യം എന്നീ വിവരങ്ങൾ രക്ഷകർത്താവിന്റെ മൊബൈലിൽ നോട്ടിഫിക്കേഷനുകളായി പറന്നെത്തും.

സ്കൂളിലെയും ക്ലാസ്മുറികളിലെയും പ്രവർത്തനം ലൈവ് സ്ട്രീമിങ്ങിലൂടെ രക്ഷകർത്താക്കൾക്ക് കാണാനും സാധിക്കും. ഇതിനായി സിസിടിവി ക്യാമറകളും സ്കൂൾ പരിസരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

school-1-final

രാജ്യത്ത് ആദ്യമായാണ് ഒരു സ്കൂളിൽ വിരലടയാളത്തിലൂടെ വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം നിലവിൽ വരുന്നതെന്ന് പ്രധാനാധ്യാപകൻ വിധു പി നായർ പറയുന്നു. 122 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരു ക്ലാസിൽ 20 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. വിദ്യാർത്ഥികളുെട എണ്ണത്തിലല്ല നിലവാരത്തിലാണ് കാര്യമെന്നാണ് വിധു പി നായരുടെ പക്ഷം.

എന്തായാലും ടെൻഷൻ കുറയ്ക്കുന്ന ഈ പുതിയ സംവിധാനം തങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിലും എത്തിയെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് മറ്റ് രക്ഷിതാക്കൾ.