ഗെയിമിങ് പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടി, കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട കണ്ണൂർ സ്വദേശി നിഹാദ് എന്ന തൊപ്പി രാസലഹരിക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കി. എറണാകുളം സെഷൻസ് കോടതി തൊപ്പിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തൊപ്പിയുടെ വീട്ടിൽ നിന്നും, സുഹൃത്തിൽ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു.
നിഹാദിനൊപ്പം മൂന്നു പെണ്‍സുഹൃത്തുക്കളും മുൻകൂർ ജാമ്യം തേടിയിരിക്കുകയാണ്. പാലാരിവട്ടം പൊലീസ് തൊപ്പിയുടെ വീട്ടിൽ നിന്ന് രാസലഹരി കണ്ടെത്തിയതിന് പിന്നാലെ കേസും രജിസ്റ്റർ ചെയ്തിരുന്നു. നിഹാദിന്റെ ഡ്രൈവര്‍ ജാബിര്‍, സുഹൃത്തുക്കളായ മുഹസിബ്, മുഹമ്മദ് സുഹൈല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
ഈ മാസം 16നാണ് തളിപ്പറമ്പ് സ്വദേശിയായ തൊപ്പിയുടെ തമ്മനത്തെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഡാന്‍സഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തി രാസലഹരി പിടികൂടിയത്. ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി നിഹാദ് യൂട്യൂബിൽ വിഡിയോ അപ്ലോഡ് ചെയ്തിരുന്നു. ആറു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലില്‍ ഏറിയ പങ്കും കുട്ടികളാണ്.
കേട്ടാലറയ്ക്കുന്ന മോശം പദപ്രയോഗങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുക, സ്ത്രീകളെയാകെ മോശമായി ചിത്രീകരിക്കുക തുടങ്ങിയ മനോഭാവങ്ങളാണ് തൊപ്പിയുടെ വിഡിയോകളിൽ അധികവും. വിഡിയോയിലെ സ്ത്രീവിരുദ്ധതയും അശ്ലീല പരാമര്‍ശവും ചൂണ്ടിക്കാണിച്ച് നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.