Friday 18 November 2022 11:40 AM IST : By സ്വന്തം ലേഖകൻ

മൂടിയില്ലാത്ത കാനയില്‍ വീണ് മൂന്നു വയസുകാരന്‍; ജീവനു അപകടമില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! പരുക്കേറ്റ കുട്ടി ആശുപത്രിയില്‍

child-fell-into-an-uncovere.jpg.image.845.440

കൊച്ചി പനമ്പിള്ളി നഗറിലെ മൂടിയില്ലാത്ത കാനയില്‍ വീണ മൂന്നു വയസുകാരന്‍ ജീവനു അപകടമില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുട്ടിയുടെ അമ്മയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് രക്ഷയായത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. പരുക്കേറ്റ കുട്ടി കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

കാന മൂടാന്‍ രണ്ടു തവണ പ്രൊപ്പോസല്‍ നല്‍കിയിരുന്നെന്ന് കൗണ്‍സിലര്‍ അഞ്ജന രാജേഷ് പറഞ്ഞു. ഒന്നരക്കോടി രൂപ ചെലവാകുമെന്ന് കണ്ട് ഫയല്‍ മടക്കി. പിന്നീട് വീണ്ടും ആവശ്യപ്പെട്ടെങ്കിലും ഫണ്ട് അപര്യാപ്തത പറഞ്ഞ് നീട്ടിവയ്ക്കുകയായിരുന്നുവെന്ന് കൗണ്‍സിലര്‍ മാധ്യമങ്ങളോട് പറഞ്ഞു.  

ഒഴുക്കുള്ള ഓടയിലാണ് മകന്‍ വീണതെന്ന് കുട്ടിയുടെ അച്ഛന്‍ ഹര്‍ഷകുമാര്‍ പറഞ്ഞു. ഭാര്യ കാല്‍കൊണ്ട് തടഞ്ഞുനിര്‍ത്തിയതിനാലാണ് ഒഴുകിപ്പോകാതിരുന്നതെന്നും ഇവര്‍ പറയുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തതെന്നും ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. 

കാനകള്‍ക്ക് മൂടി വേണമെന്ന ഹൈക്കോടതി വിധി നടപ്പാകുന്നില്ലെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മണി പറഞ്ഞു. ഇക്കാര്യത്തില്‍ കോപറേഷന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:
  • Spotlight