Saturday 28 November 2020 11:17 AM IST : By സ്വന്തം ലേഖകൻ

‘അധികം വൈകാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങേണ്ടി വരും; ഒരു ചെറിയ വീടെങ്കിലും ഉണ്ടായിരുന്നെങ്കിൽ..’; നെഞ്ചിൽ തറയ്ക്കുന്ന ആവശ്യവുമായി ഒരമ്മ

thrissur-radha.jpg.image.845.440

വീടു സുഖമായി പുലരാനാണു ജോലിക്കു പോകുന്നതെന്നു പറയുന്നവർ രാധാകുമാരിയുടെ കഥ കേൾക്കുക. ജോലി കഴിഞ്ഞു മടങ്ങാൻ ഇവർക്ക് ഒരു വീടു പോലുമില്ല. തൃശൂർ ശക്തൻ റിങ്സ് റോഡിലെ വിമൻസ് ഫുഡ് കോർട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ മുഴുവനാളുകളും മടങ്ങിയാലും രാധ ഹോട്ടലിലുണ്ടാകും. കാരണം, കുറച്ചു ദിവസമായി ഇവരുടെ വിലാസം ഈ ഹോട്ടലാണ്. മൂന്നു പെൺമക്കളുള്ളതിൽ 2 പേരും പകൽ തള്ളിനീക്കുന്നത് ഈ ഹോട്ടലിൽ തന്നെ.

ഇളയ കുട്ടിക്ക് 4 വയസ്സുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയി. ജോലിയും വരുമാനവുമില്ല; ഉള്ളത് ഭർത്താവ് തന്ന കുറച്ചു കടങ്ങൾ മാത്രം. ‘‘ബിഎസ്​സി ബോട്ടണി കഴി‍‍ഞ്ഞ്, ലാബ് അസിസ്റ്റന്റ് ആയി പാലക്കാട്ടെ ഒരു കോളജിൽ ജോലി ശരിയായെങ്കിലും പോകാൻ ഭർത്താവ് സമ്മതിച്ചില്ല. പിന്നീട് 3 പെൺമക്കളെ വളർത്താനായി കല്ലുവെട്ടാനും തൊഴിലുറപ്പ് പണികൾക്കുമൊക്കെ പോയി. വീട് വിൽക്കേണ്ടി വന്നു.

മൂത്ത മകൾ സാന്ദ്രയെ പഠിപ്പിച്ചു വിവാഹം കഴിപ്പിച്ചപ്പോഴേക്കും രാധ വീണ്ടും കടക്കാരിയായി. 6 വർഷം മുൻപാണ് വിമൻസ് ഫുഡ് കോർട്ടിൽ ജോലിക്കു കയറുന്നത്. ലോക്​ഡൗൺ വന്ന് ഹോട്ടൽ പൂട്ടിയിട്ടതോടെ വീണ്ടും ബുദ്ധിമുട്ടിലായി. വാടക കൊടുക്കാൻ കഴിയാതെ വന്നതോടെ വീട്ടുടമ ഇറക്കിവിട്ടു. അങ്ങനെയാണ് ഹോട്ടലിലേക്കു  താമസം മാറ്റിയത്. മക്കൾ രണ്ടുപേരും ഹോസ്റ്റലിലാണ്.

പക്ഷേ, രാവിലെ ഇന്ദ്രയും ആർദ്രയും ഹോട്ടലിലേക്കു വരും. ഇന്ദ്ര കാഷ് കൗണ്ടറിൽ സഹായിക്കാൻ നിൽക്കും. പ്ലസ് വൺ വിദ്യാർഥിയായ ആർദ്ര ഒഴി‍ഞ്ഞ ഏതെങ്കിലും മൂലയിലിരുന്നു പഠിക്കും. ‘‘ഹോസ്റ്റലിൽ റേഞ്ച് കിട്ടില്ല. ഓൺലൈൻ ക്ലാസ് നടക്കുന്നതിനാൽ റേ‍‍ഞ്ച് ഇല്ലെങ്കിൽ പ്രശ്നമാകും. പിന്നെ, ഇവിടെ വരുമ്പോൾ ഭക്ഷണത്തിന്റെ ചെലവു കുറയും.’’– രാധ പറയുന്നു. പത്താം ക്ലാസിൽ‌ 9 എ പ്ലസ് ഉണ്ടായിരുന്നു ആർദ്രയ്ക്ക്. സ്കൂളിൽ നിന്നു ടിവി തന്നു. പക്ഷേ, വീടില്ലാത്തവർ ടിവി എവിടെ വയ്ക്കും?

പ്ലസ്ടുവിന് 87 ശതമാനം മാർക്ക് ഉണ്ടായിരുന്ന ഇന്ദ്രയ്ക്ക് കഴി‍ഞ്ഞ വർഷം കണ്ണൂരിൽ സർക്കാർ സ്ഥാപനത്തിൽ എംഎൽടിക്കു പ്രവേശനം കിട്ടിയിരുന്നു. പക്ഷേ, ഫീസ് അടയ്ക്കാൻ പറ്റാതിരുന്നതിനാൽ പോകാനായില്ല. ‘‘അധികം വൈകാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങേണ്ടി വരും. ഇനി എവിടേക്കാണ് പോകേണ്ടതെന്ന് അറിയില്ല, സ്വന്തമായി ഒരു ചെറിയ വീടെങ്കിലും ഉണ്ടായിരുന്നെങ്കിൽ....’’ വാക്കുകൾ മുഴുമിപ്പിക്കാതെ രാധ വീണ്ടും അടുക്കളയിലേക്ക് നടന്നു.

Tags:
  • Spotlight