Friday 18 January 2019 05:21 PM IST : By സ്വന്തം ലേഖകൻ

പട്ടാപ്പകൽ സിനിമയ്ക്കു ക്ഷണിച്ച യുവാവിന് ‘ഇടിപ്പടം’ കാണിച്ചു കൊടുത്ത് വീട്ടമ്മ!

man-woman-harass Representative Image

പൂവാലൻ ചോദിച്ചു: മ്മക്ക്, ഒരു സിനിമയ്ക്കു പോയാലോ... ഒരു നിമിഷം വൈകാതെ സിനിമ റിലീസ്: ‘ടമാർ പഠാർ...’തൃശൂർ ശക്തൻ സ്റ്റാൻഡിൽ ഇന്നലെ കണ്ട ഇടിപ്പടം. (പ്രത്യേക അറിയിപ്പ്: ഈ കഥയും കഥാപാത്രങ്ങളും ഒട്ടും സാങ്കൽപ്പികമല്ല; തികച്ചും യാഥാർഥ്യമാണ്. യഥാർഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഓരോ സീനും. തുടർന്നു കാണാം..)

സീൻ 1: 

സമയം 10.45–പട്ടാപ്പകൽ പഴയ പട്ടാളം റോഡ് പരിസരം. (സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിനു മുൻവശം). നാശമായ വാച്ച് നന്നാക്കാൻ നഗരത്തിലെത്തിയതാണ്  ചൊവ്വൂർ  സ്വദേശിനിയായ വീട്ടമ്മ.

സീൻ 2:

വീട്ടുസാധനങ്ങൾ വാങ്ങിക്കുന്നതിനിടെ വീട്ടമ്മയ്ക്കു നേരെ മരംചുറ്റി നിൽക്കുന്ന പൂവാലന്റെ കണ്ണേറും കൈകാൽ കലാശവും. കച്ചവടക്കാരിയായ മുതിർന്ന ചേച്ചി: ഓ, അത് ഇവിടെ സ്ഥിരമാണ് മോളേ. വീട്ടമ്മ വീട്ടിലേക്കു ബസ് കയറാൻ നേരെ ശക്തൻ സ്റ്റാൻഡിലേക്ക്....

സീൻ 3: 

സ്റ്റാൻഡിലെ ബസിൽ കയറിയിരിക്കുന്ന വീട്ടമ്മ. ബസിൽ തട്ടിവിളിച്ച് പൂവാലൻ പുറത്ത്. ശ്രദ്ധിക്കാതെ ഇരുന്ന വീട്ടമ്മയോടു ബസിൽ മിഠായി വിൽപനയ്ക്കു കയറിയ വയോധികൻ ആരോ വിളിക്കുന്നതായി പറയുന്നു. ദേഷ്യത്തോടെ വീട്ടമ്മ  പ്രതികരിച്ചു: എന്തു വേണം.? പൂവാലൻ: നമുക്ക് ഒരു സിനിമയ്ക്ക് ഒക്കെ പോയാലോ...? വീട്ടമ്മ പുറത്തേക്കിറങ്ങി. കരണം പുകച്ച് ഒരൊറ്റയടി ! ആദ്യമൊന്നു പതറിയ പൂവാലൻ വീട്ടമ്മയുടെ ഇടതുകൈ പിടിച്ച് തിരിച്ചു. ഒപ്പം തട്ടി താഴെയിട്ട് ഓടി.

സീൻ 5: 

നിലവിളിച്ച് വീട്ടമ്മ എണീറ്റു. പിൻതുടർന്ന് ഓടി. ബസ് ജീവനക്കാരും യൂണിയൻകാരും ചേർന്നു പൂവാലനെ കടന്നുപിടിക്കുന്നു. ഒപ്പം വനിത പൊലീസ് അടക്കമുള്ളവരും രംഗത്ത്. പിടിച്ചുനിർത്തിയ പൂവാലനു  തുടരെ തുടരെ വീട്ടമ്മയുടെ അടി. തടയാൻ ശ്രമിക്കുന്ന പൊലീസിനോട് കൂടിനിന്നവർ: അവർ രണ്ടു കൊടുത്തിട്ടു കൊണ്ടുപോയാൽ മതി. പെങ്ങള് കൊടുക്ക് പെങ്ങളേ...

വീണ്ടും ഠിഷ്യൂം ഠിഷ്യം...ടമാർ പഠാർ. ശേഷം സ്റ്റേഷനിൽ...

വീട്ടമ്മ  ഉടൻ ഭർത്താവിനെ വിളിച്ചു വരുത്തി. പൂവാലനെതിരെ പൊലീസ് കേസെടുക്കുന്നതുവരെ അവർ സ്റ്റേഷനു പുറത്തുനിന്നു.  എന്നിട്ടു മാന്യതയും മനോധൈര്യവും കൈവിടാതെ തലയുയർത്തി വീട്ടിലേക്കു മടക്കം. 

വില്ലൻ(പൂവാലൻ): എറണാകുളം മാലിപ്പുറം മുട്ടുങ്കൽവീട്ടിൽ ജിതിൻ (33). സ്ത്രീകളെ ശല്യംചെയ്തതിനു കേസെടുത്തു. പിന്നീടു ജാമ്യത്തിൽ വിട്ടു.

more...