Friday 05 November 2021 12:39 PM IST : By സ്വന്തം ലേഖകൻ

കഴുത്തിലെ കയല വീക്കം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവ കാൻസർ ലക്ഷണങ്ങളാവാം; തൈറോയിഡും അനുബന്ധരോഗങ്ങളും അറിയാം

baby-memoriallll5566

തൈറോയ്ഡ് ഗ്രന്ഥി കഴുത്തിനു മുൻവശത്തായി കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു അന്തസ്രാവി ഗ്രന്ഥിയാണ്(Endocrine gland). ശരീരപ്രവർത്തനങ്ങളെ വളരെയേറെ നിയന്ത്രിക്കുന്ന ഈ ഗ്രന്ഥി ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥിയാണ്. തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന പ്രധാനപ്പെട്ട രണ്ടു ഹോർമോണുകളാണ് T3 (Triiodothyronine) and T4(Thyroxine). പ്രധാനമായും ശരീരത്തിലെ ഉപാപചയങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഈ ഹോർമോണുകളുടെ ധർമ്മം. അഞ്ചു വയസ്സുവരെ മസ്തിഷ്ക വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ഈ ഹോർമോണുകളാണ്. കൂടാതെ കരൾ, വൃക്ക, ഹൃദയം, അസ്ഥിപേശികൾ എന്നിവയെയും ഈ ഹോർമോണുകൾ സ്വാധീനിക്കുന്നു.

തലച്ചോറിലെ ഹൈപോതലാമസും പിറ്റ്യൂട്ടറി ഗ്രന്ഥിയുമാണ് തൈറോയ്ഡ് ഗ്രന്ഥിയെ നിയന്ത്രിക്കുന്നത്. തൈറോയ്ഡ് ഉത്തേജക ഹോർമോണായ തൈറോട്രോപിൻ(Thyroid Stimulatory Hormone-TSH) ഉൽപ്പാദിപ്പിക്കുന്നത് പിറ്റ്യൂട്ടറി ഗ്രന്ഥിയാണ്. തൈറോയ്ഡ് ഹോർമോൺ രക്തത്തിൽ കുറയുമ്പോൾ(Hypothyroidism) തൈറോട്രോപിൻ അമിതമായ ഉല്പാദിപ്പിക്കുകയും തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മറിച്ച്, തൈറോയ്ഡ് ഹോർമോൺ രക്തത്തിൽ അധികമാകുമ്പോൾ (Hyperthyroidism) തൈറോട്രോപിൻ അളവ് കുറയുകയും ചെയ്യുന്നു. ഇന്ത്യയിൽ ഏകദേശം 42 ദശലക്ഷം ആളുകൾക്ക് തൈറോയ്ഡ് സംബന്ധമായ രോഗങ്ങളുണ്ടെന്നും ഇവയിൽ ഹൈപ്പോതൈറോയ്ഡിസം കൂടുതൽ കണ്ടുവരുന്നുവെന്നും പഠനങ്ങളിൽ നിന്നും വ്യക്തമാണ്. തൈറോയ്ഡ് ഹോർമോൺ കുറയുന്ന അവസ്ഥയായ Hypothyroidism  സാധാരണയായി സ്ത്രീകളിലാണ് കണ്ടുവരുന്നത്.

ഇന്ത്യയിലും കേരളത്തിലും ഏകദേശം 4 ശതമാനം  ആളുകളിൽ തൈറോയ്ഡ് കുറവായിരിക്കുമെന്ന് ശാസ്ത്രീയമായി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. തൈറോയ്ഡ് ഹോർമോൺ കുറയുന്നത് പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന നീർക്കെട്ട്(thyroiditis), അയോഡിൻ ലഭ്യതക്കുറവ്, തൈറോയ്ഡ് ഗ്രന്ഥി നീക്കം(operation) ചെയ്തതിനുശേഷം ചില മരുന്നുകൾ, റേഡിയേഷൻ മുഖേന ഉണ്ടാകുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന കുറവ് എന്നിവ മൂലമാണ്. തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ കുറഞ്ഞാൽ (Hypothyroidism) അപചയ പ്രക്രിയകൾ ശരിയായ രീതിയിൽ നടക്കാതെ വരികയും രോഗിക്ക് ശരീരഭാഗം വർദ്ധിക്കുക,കൊളസ്ട്രോളിനെ അളവ് കൂടുക ക്ഷീണം, അലസത ആർത്തവ സമയത്ത് കൂടുതൽ ബ്ലീഡിങ് ഉണ്ടാവുക, മുടികൊഴിച്ചിൽ, മലബന്ധം, ചർമം വരളുന്ന അവസ്ഥ, ഹൃദയത്തിൻറെ മിടിപ്പ് കുറയൽ, ഡിപ്രഷൻ, ഓർമ്മക്കുറവ്, തൈറോയ്ഡ് ഗ്രന്ഥിയിൽ വീക്കം, വന്ധ്യത എന്നിവ കാണപ്പെടാം. നവജാതശിശുക്കളിൽ തൈറോയ്ഡ് ഹോർമോൺ കുറയുകയാണെങ്കിൽ (Congenital Hypothyroidism) ,മലബന്ധം, ഉറക്കം കൂടുതൽ, മുലയൂട്ടാൻ ഉള്ള പ്രയാസം എന്നിവയാണ് കണ്ടുവരുന്നത്. ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ ശാരീരിക- മാനസിക വളർച്ച മുരടിക്കുവാനും കാരണമാകുന്നു. കുട്ടികളിൽ ഉയരക്കുറവ്, മാനസിക വളർച്ച കുറവ്, വൈകിയുള്ള പ്രായപൂർത്തിയാകൽ എന്നിവയും കാണുന്നു.

തൈറോയ്ഡ് ഗ്രന്ഥിയിൽ  പ്രധാന ആരോഗ്യപ്രശ്നങ്ങൾ തൈറോയ്ഡ് ഹോർമോൺ കുറയുന്നു(Hypothyroidism), തൈറോയ്ഡ് ഹോർമോൺ കൂടുതൽ(Hyperthyroidism), ഗ്രന്ഥിയിലുണ്ടാകുന്ന വീക്കം /മുഴകൾ(Goitre) തൈറോയ്ഡ് ക്യാൻസർ എന്നിവയാണ്.

തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ കൂടുതലായാൽ(Hyperthyroidism) ,ശരീരഭാരം കുറയുക, ഉയരക്കുറവ്, നെഞ്ചിടിപ്പ് വിറയൽ, ചൂടു കൊണ്ടുണ്ടാകുന്ന അസഹിഷ്ണുത,കണ്ണ് തള്ളി വരുക സാധാരണയിലും കൂടുതൽ തവണ ഉണ്ടാകുന്ന ശോധന ആർത്തവ സമയത്ത് ഉണ്ടാകുന്ന കുറവ് ബ്ലീഡിങ്, നാഡീസംബന്ധമായ പ്രശ്നങ്ങൾ, ഹൃദയമിടിപ്പിന് ഉണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയാണ് രോഗലക്ഷണങ്ങൾ.

തൈറോയ്ഡ് ഹോർമോൺ വ്യതിയാനങ്ങൾ രക്തത്തിലെ തൈറോയ്ഡ് ഹോർമോണായ T3,T4  കൂടാതെ പിറ്റ്യൂട്ടറി ഹോർമോണായ TSH എന്നിവ പരിശോധിച്ച് കണ്ടുപിടിക്കാവുന്നതാണ്. ഹൈപോതൈറോയ്ഡ് ആയിട്ടുള്ള രോഗികൾക്ക് തൈറോയ്ഡ് ഹോർമോൺ ഗുളിക( തൈറോക്സിൻ)കളും, ഹൈപ്പർതൈറോയ്ഡ് ആയിട്ടുള്ളവർക്ക് നിയോമെർക്കാസോൾ, മെത്തിമസോൾ പ്രൊപൈൻ തയോ യുറാസിൽ എന്നീ മരുന്നുകളും ഉപയോഗിക്കുന്നു. തൈറോക്സിൻ ഗുളികയുടെ അളവ് വളരെ കുറവായതിനാൽ രാവിലെ എഴുന്നേറ്റ ഉടനെ ഗുളിക കഴിക്കുവാനും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ നേരത്തേക്ക് മറ്റു  മരുന്നുകളോ ആഹാരമോ പാനീയങ്ങളോ കഴിക്കാതിരിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. തൈറോയ്ഡ് ഹോർമോൺ രക്തത്തിൽ ടെസ്റ്റ് ചെയ്യുമ്പോൾ ഹോർമോൺ ഗുളികകൾ എടുക്കുന്ന രോഗികളാണെങ്കിൽ അവസാനത്തെ ഒരു മാസം കൃത്യമായി എടുത്തുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം ഹോർമോൺ ടെസ്റ്റിൽ വ്യതിയാനങ്ങൾ വരാൻ സാധ്യതയുണ്ട്.

തൈറോയിഡ് വീക്കം (ഗോയിറ്റർ) സാധാരണയായി കണ്ടു വരുന്ന അവസ്ഥയാണ്. ലോകമെമ്പാടും 12 ശതമാനം ആളുകളിൽ തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴയുള്ളതായി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗോയിറ്റർ മുഖേന തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളി ലുണ്ടാകുന്ന വ്യതിയാനം കാണപ്പെടാം. കൂടാതെ കഴുത്ത് ഇറുകിയ പോലെ, ചുമ, തൊണ്ടയടപ്പ്, ഭക്ഷണം കഴിക്കുവാനുള്ള തടസ്സം, ശ്വാസതടസ്സം എന്നിവ ഉണ്ടായേക്കാം. അപൂർവമായി ഗോയിറ്റർ നെഞ്ചിനകത്തേക്ക് വളരുന്നതായി കാണാറുണ്ട്(Retrosternal Goitre).

പുതിയ പഠനങ്ങളിൽ നിന്നും തൈറോയ്ഡ് കാൻസർ ഇന്ത്യയിൽ 50 ശതമാനം മുകളിൽ വർധിച്ചതായി കാണുന്നു. ഇതിൽ പ്രധാനമായി കാണുന്നത് ആളുകളിലെ അവബോധവും മറ്റ് ആവശ്യങ്ങൾക്കായി ചെയ്യുന്ന കഴുത്തിലെ സ്കാനുകളുമാണ്. കഴുത്തിൽ ഉണ്ടാകുന്ന മുഴ /മുഴകൾ, വേഗത്തിൽ വളരുന്ന മുഴ, ശബ്ദവ്യതിയാനം, കുഴകളിലുണ്ടാകുന്ന വേദന, കഴുത്തിലെ കയല വീക്കം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവ തൈറോയ്ഡ്  കാൻസറിൻറെ ലക്ഷണങ്ങളിൽപെടുന്നവയാണ്. താരതമ്യേന തൈറോയ്ഡ് കാൻസർ കഴുത്തിലെ മുഴ കൂടാതെ മറ്റ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നത് കുറവാണ്.

തൈറോയ്ഡ് മുഴകളുണ്ടെങ്കിൽ കഴുത്തിന്റെ അൾട്രാസൗണ്ട് സ്കാൻ ചെയ്യുകയും മുഴകളുടെ വലിപ്പവും കാൻസർ  ആകുവാനുള്ള സാധ്യതകളും പരിശോധിക്കുന്നു. ഇതിനായി TIRADS എന്ന സ്കാനിങ് ഉപയോഗിക്കുന്നു. സ്കോർ അധികമായ മുഴയിൽ നിന്നും ദശ കുത്തിയെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു (ultrasound guided fine needle aspiration cytology). ഈ റിപ്പോർട്ടിൻറെ സഹായത്താൽ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തു പരിശോധനയ്ക്ക്  അയക്കമെന്നോ , കയ ലകൾ കൂടി നീക്കം ചെയ്യണമെന്നോ തീരുമാനിക്കാം.

ഹൈപ്പർ തൈറോയ്ഡിസവും, കണ്ണ് പുറത്തേക്ക് തള്ളി വരികയും ഗോയിറ്റർ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയെയാണ് ഗ്രേവീസ് ഡിസീസ്(Graves disease) എന്നു പറയുന്നത്. ഈ രോഗാവസ്ഥയിൽ രോഗിക്ക് തൈറോയ്ഡ് ഹോർമോൺ കൂടുകയും ഇത് കുറയാനായി ആൻറി തൈറോയിഡ്  ഗുളികകൾ ആയ നിയോ മെർക്കാസോൾ, മെത്തിമസോൾ PTG എന്നിവയും,രോഗലക്ഷണങ്ങൾ കുറയ്ക്കുവാനായി പ്രൊപ്രനാനോൾ എന്ന ഗുളികയും ഉപയോഗിക്കുന്നു. രോഗിയുടെ പ്രായം, ഗോയിറ്ററിൻറെ വലിപ്പം, കാൻസർ ആകാനുള്ള സാധ്യത, കണ്ണിൻറെ പുറത്തേക്കുള്ള തള്ളൽ, ഗർഭിണികൾ/ മുലയൂട്ടുന്ന അമ്മമാർ എന്നീ ഘട്ടങ്ങൾ പരിശോധിച്ച് Graves diseases ന് റേഡിയോ അയഡിൻ തെറാപ്പി, ശസ്ത്രക്രിയ എന്നീ ചികിത്സാരീതികൾ തിരഞ്ഞെടുക്കാം

babyyy445 Dr. Shikhil P. MBBS, DNB, M Ch (Endocrine Surgery) Consultant Endocrine Surgeon, Dr. Pradeep P.V. MS, DNB(Gen Surg), MNAMS, MRCS(Edinburgh), M.Ch(Endocrine Surgery), FACS(USA), FIMSA, FRCS(Glas), FRCS(England) Sr. Consultant Endocrine Surgeon

PARATHYROID GLAND

കഴുത്തിൽ തൈറോയ്ഡ് ഗ്രന്ഥിക്ക് വശങ്ങളിലായി കാണപ്പെടുന്ന ചെറു ഗ്രന്ഥികളാണ് പാരാതൈറോയ്ഡ് ഗ്രന്ഥികൾ .  രക്തത്തിലെ കാൽസ്യത്തിന്റെ  അളവ് നിയന്ത്രിക്കുന്നത് ഈ ഗ്രന്ഥികളാണ് . പാരാതൈറോയ്ഡ് ഗ്രന്ഥികളിൽ മുഴ വന്നാൽ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുകയും എല്ലു/ ശരീര വേദന , എല്ലു തേയ്മാനം, എല്ലൊടിയൽ ,  വയറുവേദന ,മൂത്രത്തിൽ കല്ല് ,  ഓർമ്മക്കുറവ് , പാൻക്രിയാസ് നു നീർക്കെട്ട് എന്നിവ ഉണ്ടാകാറുണ്ട് . ലക്ഷണങ്ങൾ ഒന്നും ഇല്ലാതെതന്നെ പതിവ് ആരോഗ്യ പരിശോധനയിൽ രക്തത്തിൽ കാൽസ്യ ത്തിൻറെ അളവ് കൂടുതൽ കാണപ്പെട്ടാൽ പാരാതൈറോയ്ഡ് ഗ്രന്ഥിയിൽ മുഴ .   ഉണ്ടോ എന്ന് പരിശോധിക്കുകയും ഈ മുഴകൾ ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്യുകയും വേണം .  പാരമ്പര്യമായും പാരാതൈറോയ്ഡ് ഗ്രന്ഥികൾ ക്കു വീക്കം കാണാറുണ്ട്(MEN 1/MEN 2A syndrome).  പാരാതൈറോയ്ഡ്  മുഴകൾ ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്യണം അല്ലാത്തപക്ഷം രോഗിക്ക് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടാവുകയും  മറ്റു  ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും ചെയ്യാറുണ്ട്.

ADRENAL GLAND 

അഡ്രിനൽ ഗ്രന്ഥികൾ അഥവാ അധിവൃക്ക ഗ്രന്ഥികൾ വൃക്കകൾക്ക് തൊട്ടു മുകളിലായി മഞ്ഞ നിറത്തിൽ കാണപ്പെടുന്ന അന്തസ്രാവി ഗ്രന്ഥികൾ ആണ്.  ഇവ യ്ക്കു കോർട്ടക്സ് , മെഡുല്ല എന്നീ രണ്ട് ഭാഗങ്ങളുണ്ട് . കോർട്ടക്സ്  നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന കോർട്ടിസോൺ , ആൾടോസ്റ്റീറോൺ  എന്നീ ഹോർമോണുകൾക്ക് ശരീരത്തിൽ സോഡിയം , പൊട്ടാസ്യം എന്നീ ലവണങ്ങളെ ക്രമീകരിക്കുന്നതിലും ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും പ്രധാന പങ്കുണ്ട് . അതുപോലെ  മെഡുല്ല യിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിൻ ,  നോർ അഡ്രിനാലിൻ എന്നീ ഹോർമോണുകൾ ജീവൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് . അതിനാൽ ഗ്രന്ഥിയിലുണ്ടാകുന്ന മുഴകൾ മേലെ പറഞ്ഞ ഹോർമോണുകൾ അധികമായി ഉത്പാദിപ്പിക്കുകയും രോഗിക്ക് അമിതവണ്ണം,  പ്രമേഹം രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.  വിരളമായി അഡ്രിനൽ ഗ്രന്ഥിയിൽ ഉണ്ടാകാറുള്ള ക്യാൻസർ ഹോർമോണുകൾ അധികമായി ഉത്പാദിപ്പിക്കുകയും ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുമുണ്ട് . ഹോർമോണു ഉല്പാദിപ്പിക്കുന്ന മുഴകൾ  ഉണ്ടായാൽ സർജറി ചെയ്തത് (താക്കോൽദ്വാര ശസ്ത്രക്രിയ / വയർ തുറന്നുള്ള ശസ്ത്രക്രിയ) നീക്കം ചെയ്യേണ്ടതാണ്. സർജറികു ശേഷം രോഗിയുടെ പ്രമേഹം പ്രഷർ എന്നിവ സാധാരണ പോലെ ആകാനുള്ള സാധ്യതയും ഉണ്ട് . 

Inputs from

Dr. Pradeep P.V. MS, DNB(Gen Surg), MNAMS, MRCS(Edinburgh), M.Ch(Endocrine Surgery), FACS(USA), FIMSA, FRCS(Glas), FRCS(England)

Sr. Consultant Endocrine Surgeon

Dr. Shikhil P. MBBS, DNB, M Ch (Endocrine Surgery)

Consultant Endocrine Surgeon

Tags:
  • Spotlight