Thursday 28 May 2020 11:17 AM IST

ചര്‍മം പറയും തൈറോയിഡ് ലക്ഷണങ്ങൾ; രോഗത്തെ എങ്ങനെ തിരിച്ചറിയാം!

V N Rakhi

Sub Editor

thyroid-final-

ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം പോലുള്ള പ്രധാനപ്പെട്ട ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്നത് പൂമ്പാറ്റയുടെ ആകൃതിയുള്ള തൈറോയിഡ് ഗ്രന്ഥികളാണ്. ഇവയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ മാറ്റങ്ങളുടെ സൂചനയാണ്. എന്നാല്‍ അതിനും മുമ്പ് ചര്‍മവും മുടിയും നഖങ്ങളും തൈറോയിഡ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതരും. അതിലൂടെ രോഗം നേരത്തേ കണ്ടെത്താനും അസുഖം മൂലമുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കഴിയും. ഇതാ തൈറോയിഡ് അസുഖം നേരത്തേ കണ്ടെത്താന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍

ചര്‍മം

തണുത്തതും വിളറിയതും വരണ്ട് വിള്ളലുകളും ചെതുമ്പല്‍ പോലുള്ളതുമായ ചര്‍മം, കൈവെള്ളയിലും കാല്‍പ്പാദങ്ങളുടെ അടിവശത്തും ആഴമേറിയ വരകള്‍, വീര്‍ത്തു കാണപ്പെടുന്ന മുഖവും കണ്‍പോളകളും ചുണ്ടുകളും നാവും, കണ്ണുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുക, മുറിവുകള്‍ ഉണങ്ങാന്‍ താമസമുണ്ടാകുക, നേരത്തേതിലും ശരീരവിയര്‍പ്പ് കുറയുകയോ കൂടുകയോ ചെയ്യുക. കൂടാതെ മുഖം വല്ലാതെ വിയര്‍ക്കുക, കൈമടക്കുകളിലെയും മോണയിലെയും ചര്‍മത്തിന് ഇരുണ്ടനിറമുണ്ടാകുക, ചര്‍മത്തിന്റെ മടക്കുകളില്‍ തടിപ്പോ കരപ്പനോ പോലുള്ളവ കാണുപ്പെടുക,

ഇടയ്ക്കിടെ തെളിഞ്ഞും മാഞ്ഞും കാണപ്പെടുന്ന ചുവന്ന പാടുകള്‍, ചര്‍മത്തിലെ നിറംമാറ്റവും ആ ഭാഗത്ത് കട്ടിയുള്ളതും മെഴുകുപോലെയുള്ളതുമായ മുഴയും, പാടുകളില്ലെങ്കിലും ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക.

മുടി

പുരികത്തിന്റെ പുറംഭാഗത്തുള്ള രോമങ്ങള്‍ക്ക് കട്ടി കുറയുകയോ അവ കൊഴിഞ്ഞ് ഇല്ലാതാകുകയോ ചെയ്യുക, വരണ്ട് മങ്ങിയ എളുപ്പത്തില്‍ പൊട്ടിപ്പോകുന്ന മുടിയിഴകള്‍, ചെറിയ മുടിയിഴകള്‍ ധാരാളമായി കൊഴിയുക, മുടിയുടെ ഉള്ളു കുറയുകയും അവിടവിടെയായി കഷണ്ടി കാണപ്പെടുകയും ചെയ്യുക, മുടി അമിതമായ വേഗത്തിലോ വളരെ വേഗം കുറഞ്ഞോ വളരുക, വരണ്ടതും താരനും ചൊറിച്ചിലും ഉള്ളതുമായ തലയോട്, കൈകാലുകളിലും മറ്റ് ഭാഗങ്ങളിലെയും രോമങ്ങള്‍ കുറയുക

നഖങ്ങള്‍

കട്ടിയുള്ളതും വരണ്ടതും എളുപ്പത്തില്‍ പൊട്ടിപ്പോകുന്നതുമായ നഖങ്ങള്‍, നഖങ്ങള്‍ വളരെ വേഗത്തിലോ പതുക്കെയോ വളരുക, അടരുകളായി വരികയോ ചെറിയ കഷണമായി ഒടിയുകയോ ചെയ്യുക, നഖങ്ങള്‍ വളയുകയും വിരലുകളുടെ അറ്റം വീര്‍ക്കുകയും ചെയ്യുക

ഇതിലെതെങ്കിലും ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അത് തൈറോയിഡ് രോഗത്തിന്റെ ലക്ഷണമാകാം. അതുകൊണ്ട് വൈകാതെ ഡോക്ടറെ കണ്ട് ടെസ്റ്റുകള്‍ ചെയ്യുകയും ശരിയായ രീതിയില്‍ മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ രോഗം ഗുരുതരമാകാതെ നോക്കാം.

Tags:
  • Spotlight