Thursday 15 March 2018 11:42 AM IST

തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും വില്ലൻ! തിരിച്ചറിയാം ചികിത്സിക്കാം; അറിയേണ്ടതെല്ലാം

Syama

Sub Editor

thyroid
ഫോട്ടോ: ശ്യാം ബാബു

പൊതുവേ പറഞ്ഞു കേൾക്കുന്ന വാചകമാണ് ‘എനിക്ക് തൈറോയ്ഡുണ്ട്’ എന്നത്. തൈറോയ്ഡ് എന്നതല്ല രോഗമെന്നും അത് എല്ലാവരിലും കാണുന്ന ഒരു ഗ്രന്ധിയാണെന്നും ആദ്യമേ മനസ്സിലാക്കുക. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗാവസ്ഥയുണ്ടാക്കുന്നത്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ശരീരത്തിൽ കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 100 പേരിൽ 60-65 പേർക്കും ഹൈപ്പോ തൈറോയ്ഡിസമാണുള്ളത്.

തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന അമിത വളർച്ചയെയാണ് തൊണ്ടമുഴ അഥവാ ഗോയിറ്റർ എന്നു പറയുന്നത്. അയഡിന്റെ അഭാവം കാരണമുണ്ടാകുന്ന ഈ രോഗം മുൻപ് സർവസാധാരണമായിരുന്നു. ഉപ്പ് അയഡൈസ്ഡ് ആക്കിയതോടു കൂടി ഗോയിറ്റർ ഏതാണ്ട് അപ്രത്യക്ഷമായി. തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകളുള്ളതായി തോന്നിയാൽ അവ കാൻസറസ് അല്ലെന്ന് ഉറപ്പു വരുത്തണം.


കഴുത്തിന് മുൻപിലായി ചിത്രശലഭത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോക്സിൻ, ട്രൈഅയഡോതൈറോനിൻ എന്നീ ഹോർമോണുകളാണ് ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നത്. ജനിതകകാരണങ്ങൾ ഉൾപ്പെടെയുള്ള പല കാരണങ്ങൾ കൊണ്ട് തൈറോയ്ഡ് രോഗങ്ങൾ വരും എന്നു പറയുമ്പോഴും രോഗമുണ്ടാകാനുള്ള യഥാർഥ കാരണം ഇപ്പോഴും ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാനായിട്ടില്ല. പേരറിയാത്തൊരു വൈറൽ ഇൻഫെക്‌ഷൻ കാരണമാകാമെന്നും വൈറ്റമിൻ ബിയുടെ കുറവു കൊണ്ടാകാമെന്നും ചില ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം കൊണ്ടാണെന്നുമൊക്കെയുള്ള വാദങ്ങൾ നിലനിൽക്കുന്നു. 

രണ്ടിനും രണ്ടു ലക്ഷണങ്ങൾ


വളരുന്ന പ്രായത്തിൽ ചില കുട്ടികൾക്ക് തൊണ്ടയിൽ ചെ റിയ മുഴയോ തടിപ്പോ കാണാറുണ്ട്. മിക്കപ്പോഴും അതു ഫിസിക്കൽ ഗോയിറ്റർ എന്ന ഭയപ്പെടാനില്ലാത്ത അവസ്ഥയായിരിക്കും. സംശയ നിവാരണത്തിനായി രക്തപരിശോധന നടത്തേണ്ടതാണ്.
തൊണ്ടയിൽ മുഴ കാണുന്നു, വലുപ്പം കൂടുന്നു എന്നൊക്കെ തോന്നുന്നതാണ് തൈറോയ്ഡ് പ്രശ്നങ്ങളുണ്ടോ എന്ന് ആദ്യം സംശയം തോന്നിപ്പിക്കുന്ന കാര്യങ്ങൾ. ആദ്യമായി തൈറോയ്ഡിന്റെ അളവിൽ മാറ്റം വരുന്ന സമയത്ത് (തൈറോയിഡൈറ്റിസ്) പനിയും വേദനയും ഉണ്ടായെന്നു വരാം. ഹൈപ്പർ/ ഹൈപ്പോ തൈറോയ്ഡിസം കാരണം ഇങ്ങനെ വരാം. തൊണ്ടയുടെ ഒരു വശത്തായിട്ടോ രണ്ടു വശങ്ങളിലും ഒരുമിച്ചോ തടിപ്പോ വളർച്ചയോ വന്നാൽ, ആഹാരമിറക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ ഒക്കെ തൈറോയ്ഡിന്റെ അളവിൽ വ്യതിയാനം വന്നോ എന്നു സംശയിക്കാം. 

 

കുറഞ്ഞ ചെലവിൽ ഉല്ലാസവും ഷോപ്പിങ്ങും! ഇവിടെ ക്ലിക് ചെയ്യുക

തണുപ്പ് സഹിക്കാൻ പറ്റാത്ത ഹൈപ്പോ തൈറോയ്ഡിസം

∙ ‘അയ്യോ ഫാൻ ഓഫ് ചെയ്യൂ’ എന്നു ഒച്ചയിടുന്നവരാണ് ഹൈപ്പോ തൈറോയ്ഡിസമുള്ളവർ. ഒട്ടും തണുപ്പ് സഹിക്കാൻ പറ്റാതാകുക എന്നതാണ് തൈറോയ്ഡ് ഹോർമോൺ കുറയുന്നതിന്റെ പ്രധാന ലക്ഷണം.
∙ വണ്ണം കൂടുക, ശരീരത്തിൽ നീര്, പേശി വേദന, കാലിന്റെ കുഴ, തുട എന്നിവിടങ്ങളിൽ വേദനയും കഴപ്പും, വരണ്ട ചർമം (ഫ്രോഗ് ലെഗ് സ്കിൻ), വിശപ്പില്ലായ്മ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും ഇവരെ വല്ലാതെ അലട്ടും.
∙ ഉന്മേഷക്കുറവ്, പകൽസമയത്തും ഉറക്കം വരിക, രാത്രി ദീർഘനേരം ഉറങ്ങുക. കൂർക്കം വലി എന്നിവയും ലക്ഷണങ്ങളാണ്. 
∙ ചിലർക്ക് വിഷാദരോഗം, തലമുടി കൊഴിച്ചിൽ, കൺപുരികം കൊഴിച്ചിൽ എന്നിവ വരാം. ചിലരിൽ ശബ്ദത്തിന് മാറ്റം വരാം.
∙ 30 ദിവസത്തിനുള്ളിൽ വരേണ്ട ആർത്തവം 40–45 ദിവസത്തിൽ വരുന്നതും വന്നാൽ അമിതമായി രക്തം പോകുന്നതും ഹൈപ്പോ തൈറോയ്ഡിസം കാരണമാകാം. ഗർഭധാരണത്തിനുള്ള സാധ്യതയും രോഗമുള്ളവരിൽ കുറയും.
∙ ഹൈപ്പോ തൈറോയ്ഡിസം ഉള്ള മിക്ക സ്ത്രീകൾക്കും വിളർച്ച അഥവാ അനീമിയയും വരാറുണ്ട്. തലകറക്കം, തലവേദന, ക്ഷീണം, നെഞ്ചിടിപ്പു കൂടുക എന്നതൊക്കെയും ഒപ്പം അനുഭവപ്പെടും.

thyroid2

ചൂടിനോട് എതിർപ്പുള്ള ഹൈപ്പോ തൈറോയ്ഡിസം

∙ എത്ര തണുപ്പത്തും  ഫാനോ എസിയോ ഇടാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ. തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടിയ അവസ്ഥയുള്ളവർക്ക് ചൂട് തീരെ താങ്ങാനാകില്ല. ഇവർ ദിവസത്തിൽ പല തവണ കുളിക്കുന്നതും കാണാം.
∙ അമിത വിശപ്പ് തോന്നുമെങ്കിലും ഭക്ഷണം നന്നായി കഴിക്കുമെങ്കിലും ഇവരിൽ ശരീരഭാരം ക്രമാതീതമായി കുറയും.
∙ അമിതമായ ശോധന. തൈറോക്സിൻ എന്ന ഹോർമോണിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന്റെ മെറ്റബോളിക് റേറ്റ് കൂടും. ദഹനം വേഗത്തിലാകുമെന്നതിനാല്‍ ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകാൻ തോന്നും.
∙ കണ്ണ് പുറത്തേക്കു തള്ളി വരിക, കൈവെള്ളയും കാൽ വെള്ളയും വിയർക്കുക, കൈകൾക്ക് വിറയൽ, അമിതമായ ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ.
∙ ആർത്തവം അടുത്തടുത്തു വരുന്നതും ഹൈപ്പോ തൈറോയ്ഡിസത്തിന്റെ ലക്ഷണമാണ്.

പരിശോധന എങ്ങനെ


രക്ത പരിശോധനയിലൂടെയാണ് തൈറോയ്ഡ് ഹോർമോൺ വ്യതിയാനം കണ്ടുപിടിക്കുന്നത്. രക്ത സാംപിളിലെ തൈ റോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (ടിഎസ്എച്ച്), തൈറോക്സിൻ, ട്രൈഅയഡോതൈറോനിൻ എന്നിവയുടെ അളവ് പരിശോധിച്ചാണ് രോഗമുണ്ടോയെന്ന് കണ്ടുപിടിക്കുന്നത്.
ഛർദിയുണ്ടെങ്കിലും തുടർച്ചയായി തലവേദന അലട്ടുന്നുണ്ടെങ്കിലും ക്രമാതീതമായി ശരീരം ഭാരം കുറഞ്ഞാലും തൈ റോയ്ഡിന്റെ തടിപ്പും മുഴയുമല്ലാതെ കഴുത്തിന്റെ വശങ്ങ ളിൽ വീർപ്പോ മുഴയോ കണ്ടാലും എത്ര മരുന്ന് കഴിച്ചിട്ടും തൈറോയ്ഡ് ഹോർമോണിന്റെ അളവ് ക്രമമാകാതിരുന്നാലും തൈറോയ്ഡ് കാൻസർ ഉണ്ടോയെന്ന് നിർബന്ധമായും പരിശോധിച്ചിരിക്കണം.

കുടുംബത്തിന്റെ കരുതൽ

∙ കുടുംബ ബന്ധങ്ങളിൽ പോലും വിള്ളൽ വീഴ്‍ത്താവുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്നങ്ങൾ.  ഇതുവരെ ഇല്ലാതിരുന്ന ദേഷ്യത്തിനും നിസാര പ്രശ്നങ്ങളിൽ പോലുമുള്ള വൈകാരിക പ്രതികരണങ്ങൾക്കും പിന്നിലെ കാരണം ചിലപ്പോൾ തൈറോയ്ഡ് ഹോർമോണിലുണ്ടാകുന്ന വ്യതിയാനങ്ങളാകാം.
∙ ശരീരത്തിലെ പ്രവർത്തനങ്ങളെ തുലനം ചെയ്യുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ് തൈറോയ്ഡ് ഹോർമോണുകൾ. അതുകൊണ്ടു തന്നെ ഇവയുടെ അപര്യാപ്തത ശരീരത്തെയും മനസ്സിനെയും ഒരു പോലെ സ്വാധീനിക്കും.
∙ മുടി കൊഴിയുക, മെലിയുക, വണ്ണം കൂടുക തുടങ്ങിയ സൗന്ദര്യ പ്രശ്നങ്ങളും ഈ ഹോർമോൺ വ്യതിയാനം കൊണ്ടുണ്ടാകാം. ഇത്തരം പ്രശ്നങ്ങളോർത്ത് വീണ്ടും ടെൻഷനടിക്കുന്നത് കാര്യങ്ങൾ വഷളാക്കുകയേ ഉള്ളൂ.
∙ മരുന്നുകൾ മുടങ്ങാതെ കഴിക്കുന്നതിനൊപ്പം ആ ത്മവിശ്വാസം കൈവിടാതെ ഇരിക്കുക. കുടുംബത്തിന്റെ പിന്തുണയും പ്രധാനമാണ്.
∙ തൈറോയ്ഡ് രോഗമുള്ളവരുടെ അമിത ദേഷ്യം, സങ്കടം പോലുള്ള വൈകാരിക മാറ്റങ്ങൾ ഉൾക്കൊണ്ടു വേണം വീട്ടിലുള്ളവരും പെരുമാറാൻ.

മുടക്കമില്ലാതെ മരുന്ന് കഴിക്കാം


ആദ്യമായി തൈറോയ്ഡ് ഹോർമോൺ വ്യത്യാസം കണ്ടെത്തിയാൽ മരുന്നു കഴിച്ച് അതു വരുതിയിലാക്കാൻ ആറ് മുതൽ എട്ട് ആഴ്ച വരെ വേണ്ടി വരും. ഡോക്ടറെ കണ്ട് ഇടയ്ക്ക് ഹോർമോൺ അളവുകൾ പരിശോധിക്കുകയും  മൂന്നു – നാലു മാസം തുടർച്ചയായി ടെസ്റ്റുകൾ ചെയ്യേണ്ടിയും വരും.
ആദ്യം ചെറിയ ഡോസിലാണ് തൈറോയ്ഡ് വ്യതിയാനത്തിനുള്ള മരുന്നുകൾ നൽകാറുള്ളത്. പതിയെ പതിയെയാണ് അളവു കൂട്ടി ഒരാളുടെ ശരീരത്തിനു വേണ്ട തോതിൽ മരുന്ന് എത്തിക്കുന്നത്. ഇതേ അളവിൽ മരുന്നു കഴിച്ചാൽ മതിയോ എന്നു ഉറപ്പിക്കാനും നാലു മുതൽ ആറു മാസം വേണ്ടി വരും. ഇതുറപ്പാക്കിയാൽ മരുന്നു കഴിക്കുന്നതിനൊപ്പം ആറു മാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ രക്ത പരിശോധനടത്തിയാൽ മതിയാകും.
ഹൈപ്പോ തൈറോയ്ഡിസം ഉള്ളവർക്ക് തൈറോയ്ഡ് ഹോർമോൺ സപ്ലിമെന്റ് ആണ് സാധാരണ ഡോക്ടർ നിർദേശിക്കാറ്. ഇത് മിക്കവാറും  ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും. എന്നിരുന്നാലും നിശ്ചിത കാലയളവിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവു പരിശോധിക്കണം. ഇതനുസരിച്ച് മരുന്നിന്റെ ഡോസേജിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നറിയാനാണിത്.


ഹൈപ്പോ തൈറോയ്ഡിസം കൂടുതലും സ്ത്രീകൾക്ക് വരുന്നതു കൊണ്ട് അവരോട് ചായപ്പൊടിയുടെ അടുത്ത് തന്നെ മരുന്ന് വയ്ക്കാൻ പറയാറുണ്ട്. ആഹാരത്തിനു മുൻപേ, ചായ പോലും കുടിക്കുന്നതിനു മുൻപേ കൃത്യമായി മരുന്ന് കഴിക്കാൻ വേണ്ടിയാണ് ഇത്. വെറും വയറ്റിൽ കഴിച്ചാലാണ് മരുന്നിന്റെ ആഗിരണശേഷി കൂടുതൽ. ആഹാരത്തിന് ഒന്നര മണിക്കൂർ മുൻപെങ്കിലും  മരുന്ന് കഴിക്കുന്നതാണ് നല്ലത്. മൂന്ന് ടാബ്‌ലെറ്റുകൾ കഴിക്കുന്നവർ വരെ പല സമയത്തല്ല പകരം ഒരു നേരം ആഹാരത്തിനു മുൻപായിട്ടാണ് മരുന്ന് കഴിക്കുക. എല്ലാ ദിവസവും ഒരേ സമയത്തു തന്നെ മരുന്ന് കഴിക്കാനും ശ്രദ്ധിക്കുക.
ഹൈപ്പർ തൈറോയ്ഡിസത്തിന്, തൈറോയ്ഡിന്റെ അ ളവ് കുറയ്ക്കാനുള്ള മരുന്നുകളാണ് നിർദേശിക്കുന്നത്. ഒരു വർഷം കൃത്യമായി മരുന്നു കഴിച്ചാൽ രോഗം മാറും. ചിലർ ക്ക് രണ്ടു വർഷം വരെ ചികിത്സ വേണ്ടിവരും. ശസ്ത്രക്രിയ യിലൂടെയും പ്രശ്നത്തിനു പരിഹാരം കാണാം. ചികിത്സയി ലൂടെ രോഗം മാറിയാലും വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

thyroid3


കാരണങ്ങൾ വ്യക്തമായി അറിയാത്തതു കൊണ്ടു തന്നെ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പ്രതിരോധമാർഗങ്ങൾ നിർദേശിക്കാനാകില്ല. കാബേജ്, സോയാബീൻ, കോളിഫ്‌ളവർ തുടങ്ങിയവ കഴിച്ചാൽ തൈറോയ്ഡ് രോഗങ്ങൾ കൂടുമെന്നു കേൾക്കാറുണ്ടെങ്കിലും ഇതിനൊന്നും മതിയായ ശാസ്ത്രീയ അടിസ്ഥാനമില്ല. സമീക്രിത ആഹാരം ശീലിക്കുക എന്നതാണ് പ്രധാനം. വെണ്ടയ്ക്ക പോലെ മുറിക്കുമ്പോൾ വഴുവഴുപ്പുള്ള പച്ചക്കറികളുടെ ഉപ‍യോഗം കുറയ്ക്കാം.
ഹോർമോണുകളുടെ അളവു കൃത്യമാക്കാൻ തരുന്ന പല മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാം. ത്വക്കില്‍ അലർജിയോ മറ്റോ കണ്ടാൽ ഡോക്ടറോട് വിവരം പറയുക. കഴിക്കുന്ന മരുന്ന് മാറ്റി പകരം വേറെ മരുന്നുകൾ നൽകും.

ഗർഭകാലത്ത് മാത്രം

∙ തൈറോയ്ഡ് പ്രശ്നങ്ങളില്ലാതിരുന്നവരിലും ഗർഭകാലത്തു മാത്രമായി രോഗം വരാനുള്ള സാധ്യത ഉണ്ട്. ഇതിന് ഗർഭകാലത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ടെസ്റ്റുകള്‍ നടത്തി ഡോക്ടറുടെ നിർദേശ പ്രകാരം മരുന്നുകൾ കഴിക്കണം. അല്ലെങ്കിൽ ഗർഭമലസൽ, ഗർഭസ്ഥ ശിശുവിനുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ വരാം.
∙ അമ്മയ്ക്കു തൈറോയ്ഡ് രോഗമുണ്ടെങ്കിൽ ജനിക്കുന്ന കുഞ്ഞിനും തൈറോയ്ഡ് പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. അമ്മയുടെ രോഗം കണ്ടുപിടിക്കാൻ പറ്റാതെ പോയതുകൊണ്ടോ, കണ്ടുപിടിച്ചിട്ടും കൃത്യമായ ചികിത്സ ലഭിക്കാതിരുന്നതു കൊണ്ടോ കുഞ്ഞിന് പ്രശ്നങ്ങൾ വരാം. ഇത് കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയെ സാരമായി ബാധിക്കുന്ന ക്രെറ്റിനിസം എന്ന രോഗവസ്ഥയായി മാറും. 
∙ കുഞ്ഞിനും ജനിക്കുമ്പോൾ തന്നെ രക്തപരിശോധ ന നടത്തി തൈറോയ്ഡ് രോഗമുണ്ടോയെന്ന് ഡോക്ടർമാർ ഉറപ്പു വരുത്തും. രോഗമുണ്ടെങ്കിൽ നിർദേശിക്കപ്പെ ടന്ന മരുന്നുകൾ നിശ്ചിത പ്രായം വരെ മുടങ്ങാതെ കൊ ടുക്കാൻ ശ്രദ്ധിക്കണം.
∙ പ്രസവശേഷം അമ്മയ്ക്ക് തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് നടത്തി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ മരുന്നുകൾ നിർത്താവൂ.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ഹരികൃഷ്ണൻ ആർ.,അസോസിയേറ്റ് പ്രഫസർ, മെഡിസിൻ ആന്‍ഡ് ഹീമറ്റോളജി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.

ഡോ. ജേക്കബ്. കെ. ജേക്കബ്, പ്രഫസർ ഓഫ് മെഡിസിൻ, ഗവ. മെഡിക്കൽ കോളജ്, എറണാകുളം

ഡോ. അജിത് എസ്. എൻ,അസിസ്റ്റന്റ് പ്രഫസർ ഓഫ് മെഡിസിൻ,ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.