Saturday 26 October 2024 09:57 AM IST : By ജയൻ മേനോൻ

‘വലിയ മുറിയുടെ വിസ്താരത്തിൽ പ്രത്യേക ഇരുമ്പുകൂടൊരുക്കും’; അമ്മക്കടുവയെയും മൂന്നു കുഞ്ഞുങ്ങളെയും ഒറ്റയടിക്ക് പിടികൂടാൻ സാഹസിക ഓപ്പറേഷൻ

tiger-cave

വയനാട് വൈത്തിരി ചൂണ്ടേൽ ആനപ്പാറയിൽ ഭീതി പരത്തുന്ന കടുവക്കുടുംബത്തെ പിടികൂടാൻ അപൂർവ ഓപ്പറേഷനുമായി വനം വകുപ്പ്. കടുവക്കുഞ്ഞുങ്ങൾ നാട്ടിൽ നിന്നു തന്നെ വേട്ടയാടാൻ പഠിക്കുന്നതു തടയാൻ വലിയ കൂട് സ്ഥാപിച്ച് തള്ളക്കടുവയെയും 3 കുഞ്ഞുങ്ങളെയും ഒറ്റയടിക്കു പിടിക്കുന്ന സാഹസിക പദ്ധതിയാണ് ഒരുക്കുന്നത്. 

വലിയ മുറിയുടെ വിസ്താരത്തിൽ പ്രത്യേക ഇരുമ്പുകൂടൊരുക്കി ആദ്യം അമ്മയെയും പിന്നാലെ കുഞ്ഞുങ്ങളെയും കൂട്ടിലാക്കുകയാണു ലക്ഷ്യം. വിജയിച്ചാൽ, ഇത്രയും കടുവകളെ ഒരുമിച്ചു കൂട്ടിലെത്തിക്കുന്നതു ലോകത്തു തന്നെ ആദ്യമാവും. കർണാടകയിൽ മുൻപ് അമ്മക്കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും സമാന രീതിയിൽ കൂടു വച്ചു പിടിച്ചിട്ടുണ്ട്. അന്ന് ഉപയോഗിച്ച വലിയ കൂട് മൈസൂരു വനം വകുപ്പിന്റെ പക്കലുള്ളത് എത്തിക്കാനാണു ശ്രമം. കിട്ടിയില്ലെങ്കിൽ പുതുതായി നിർമിക്കേണ്ടി വരും. 

ആനപ്പാറയിലെ എസ്റ്റേറ്റിൽ എത്തിപ്പെട്ട അമ്മക്കടുവ അവിടെ പ്രസവിച്ച കുഞ്ഞുങ്ങൾക്ക് ഇപ്പോൾ ഒരു വയസ്സിനു മേൽ പ്രായമുണ്ട്. കടുവക്കുഞ്ഞുങ്ങൾ വേട്ടയാടാൻ പഠിക്കുന്ന പ്രായമാണിത്. രണ്ടു വയസ്സിനു ശേഷം അവർ അമ്മയുടെ അടുത്തു നിന്നു വിട്ടു പോകും. ഈ ഘട്ടത്തിൽ പരിസരത്തെ കന്നുകാലികളാണു കടുവക്കുഞ്ഞുങ്ങൾക്കു മുന്നിലുള്ള ഇരകൾ. 

അധികം ആയാസപ്പെടാതെ അവ ഇര പിടിക്കാൻ ശീലിക്കും. അതു നാട്ടിലെ മൃഗങ്ങൾക്കും മനുഷ്യജീവനും ഭീഷണിയാകുമെന്നു മാത്രമല്ല, കടുവക്കുഞ്ഞുങ്ങളെ പിന്നീടു പിടികൂടി കാട്ടിൽ‌ തുറന്നു വിട്ടാൽ‌ അവ കാട്ടിലെ സാഹചര്യങ്ങളിൽ‌ അതിജീവിക്കാൻ പ്രയാസപ്പെടുകയും ചെയ്യും. കടുവകൾക്കും മനുഷ്യർക്കും ദോഷം വരാത്ത രീതിയിൽ അവയെ പ്രദേശത്തു നിന്നു മാറ്റുകയാണു ലക്ഷ്യമിടുന്നതെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണനും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമനും പറഞ്ഞു. 

കുടുംബക്കൂട്

മുറിയുടെ വലുപ്പമുള്ള കൂട് ഒരുക്കി അതിനുള്ളിൽ ഇരയെ കെട്ടിയിടും. അമ്മക്കടുവ കൂട്ടിലാവുന്നതോടെ അതിനെ കൂടിന്റെ ഒരു മൂലയിലേക്ക് ഒതുക്കി ആ ഭാഗം മാത്രം അഴിക്കുള്ളിലാക്കും. അമ്മയെത്തേടി പിന്നാലെയെത്തുന്ന കുഞ്ഞുങ്ങളും കൂട്ടിൽ കയറുന്നതോടെ പുറത്തെ വാതിൽ അടയും. 

വെല്ലുവിളി

വലിയ ഇരുമ്പുകൂടിനു ഭാരമേറെയുണ്ടാവും. ക്രെയിൻ ഉപയോഗിച്ചു മാത്രമേ സ്ഥാപിക്കാനാകൂ. നാലു കടുവകളെയും ഒന്നിനു പിന്നാലെ ഒന്നായി കൂട്ടിലെത്തിക്കുകയും ദുഷ്കരം. കൂട്ടിലായാൽ കടുവകളെ എവിടെ തുറന്നു വിടും എന്നതും വെല്ലുവിളി. ജനങ്ങളുടെ പ്രതിഷേധങ്ങൾ ഇല്ലാതെ ദൗത്യം വിജയകരമാക്കുകയും വേണം. 

Tags:
  • Spotlight