Thursday 18 April 2019 12:01 PM IST : By സ്വന്തം ലേഖകൻ

ടിക് ടോക് എങ്ങും പോകില്ല, നിരോധിച്ചാലും ഉപയോഗിക്കാം; ഒദ്യോഗിക അറിയിപ്പ് ഇങ്ങനെ

tik-tok

ടിക് ടോക് നിരോധനത്തിന്റെ വാർത്ത സോഷ്യൽ ലോകത്ത് ഇടിത്തീ പോലെയാണ് വന്ന് പതിച്ചത്. അശ്ലീലതയിലേക്കും ക്രിമിനൽ പശ്ചാത്തലങ്ങളിലേക്കും പുതുതലമുറയെ നയിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിരോധനം. ഔദ്യോഗിക അറിയിപ്പിനു തൊട്ടുപിന്നാലെ ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക് ആപ്ലിക്കേഷൻ നീക്കം ചെയ്യുന്നതിലേക്കു വരെയെത്തി കാര്യങ്ങൾ. എന്നാൽ ഇപ്പോഴിതാ ടിക് ടോക് പ്രേമികൾക്ക് ആശ്വസിക്കാവുന്നൊരു വാർത്തയാണ് പുറത്തു വരുന്നത്. നിരോധനം ഏർപ്പെടുത്തിയെങ്കിലും നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. 

ടിക് ടോക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അതിന് സൗകര്യമൊരുക്കുന്നതിനായിട്ടുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാനുമാണ് അറിയിപ്പിലുള്ളത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യയിൽ മാത്രം ടിക് ടോകിന് 500 മില്യൺ ഉപഭോക്താക്കളാണ് ഉള്ളത്. ടിക് ടോക് ഉടമയായ ബൈറ്റ് ഡാൻസ് കുറച്ചു കാലമായി ഇന്ത്യൻ മാർക്കറ്റിൽ കണ്ണുവച്ചിരിക്കുകയുമായിരുന്നു. എന്നാൽ നിരോധനം ടിക് ടോക് അധികൃതരെ കാര്യമായി ബാധിച്ചിരിക്കുകയാണ്. മധുര സ്വദേശിയായ അ‍‍ഡ്വക്കേറ്റ് മുത്തുകുമാർ നൽകിയ പൊതു താൽപര്യ ഹർജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. സൈബർ കുറ്ഫകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും അതുകൊണ്ട് ആപ്പിന് വിലക്ക് ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം.

ഇതിനെത്തുടർന്നാണ് മദ്രാസ് ഹൈക്കോടതി ആപ്പിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആപ്പ് നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. തുടർന്ന് കേന്ദ്രം ആപ്പിളിനും ഗൂഗിളിനും കത്തയച്ചു.