Thursday 02 July 2020 11:58 AM IST : By സജേഷ് കരണാട്ടുകര

‘ടിക് ടോക്കിൽ ലോഡ് ഇറക്കിയാൽ അഞ്ചിന്റെ പൈസ കിട്ടൂല്ല; പക്ഷേ, അരിക്കടയിൽ മിനിമം ആയിരം ഗാരന്റി’; ഫാറൂഖും മുനീറും പറയുന്നു

malappuram-tiktok-members

‘‘ടിക് ടോക്കിൽ ലോഡ് ഇറക്കിയാൽ അഞ്ചിന്റെ പൈസ കിട്ടൂല്ല, പക്ഷേ, അരിക്കടയിൽ ലോഡിറക്കിയാൽ മിനിമം ആയിരം ഗാരന്റി. ടിക്ടോക്കല്ല ഇനി ഇന്റർനെറ്റ് തന്നെ നിരോധിച്ചാലും വീട്ടിൽ അടുപ്പു പുകയും ഭായ്...’’- പറയുന്നത് മറ്റാരുമല്ല ടിക്ടോക്കിൽ ഏഴു ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ഫാറൂഖും മുനീറും. തനി മലപ്പുറം ഭാഷയെ വേൾഡ് ഫെയ്മസാക്കിയ ചങ്ങായിമാർ. 

ചൈനീസ് ആപ്പുകൾ നിരോധിക്കപ്പെട്ടപ്പോൾ കിളി പോയ അവസ്ഥയിലാണ് പല ടിക്ടോക് താരങ്ങളും. എന്നാൽ മുനീറും ഫാറൂഖും അക്കൂട്ടത്തിൽപെടില്ല. ജീവിക്കാനുള്ള ജോലി കഴിഞ്ഞേ നേരമ്പോക്കുകൾക്ക് ഇവർ സമയം മുടക്കാറുള്ളൂ. പെരിന്തൽമണ്ണയിലെ ഒരു അരി ഗോഡൗണിൽ ചുമട്ടു തൊഴിലാളികളാണ് ഇരുവരും. ഒഴിവു സമയങ്ങളിൽ ഗോഡൗൺ വരാന്തയിലും മുറ്റത്തുമായി ചിത്രീകരിച്ച ടിക്ടോക് വിഡിയോകളാണ് കേരളത്തിലങ്ങോളമിങ്ങോളം ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചത്. 

‘പലരും പറഞ്ഞു ഡിഎസ്എൽആർ ക്യാമറ വാങ്ങിക്കൂടേ.. ഈ പണി തന്നെ പ്രഫഷൻ ആക്കിക്കൂടേ എന്നൊക്കെ. ഞങ്ങൾ അതൊന്നും കാര്യമായി എടുത്തില്ല. ടിക്ടോക്കിനു വേണ്ടി പണി കളഞ്ഞ് വില കൂടിയ ക്യാമറ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അതു വിറ്റ് അരി വാങ്ങേണ്ടി വന്നേനെ.’

അതേസമയം, ഫോളോവേഴ്സിനെ നിരാശരാക്കാൻ മുനീറും ഫാറൂഖും ഉദ്ദേശിച്ചിട്ടില്ല. ടിക്ടോക് പോയാലെന്താ. യുട്യൂബ് ഉണ്ടല്ലോ. രണ്ടു പേരും അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഒരു ദിവസം കൊണ്ടുതന്നെ പതിനായിരത്തിലധികം പേർ സബ്‌സ്ക്രൈബ് ചെയ്തു കഴിഞ്ഞു. വിഡിയോകൾ ഉടൻ എത്തിത്തുടങ്ങും. 

പെരിന്തൽമണ്ണ പാതായ്ക്കര കൊളക്കട വീട്ടിൽ ഹംസ, സുഹറ ദമ്പതികളുടെ മകനാണ് ഫാറൂഖ്. ഭാര്യ ഫാരിഷ, മോൻ ഫാരിഹ്. പാതായ്ക്കര പുതുക്കുടി വീട്ടിൽ അബ്ദുറഹ്മാൻ ജമീല ദമ്പതികളുടെ മകനാണ് മുനീർ. ഭാര്യ നിഷ.

Tags:
  • Spotlight
  • Social Media Viral