Wednesday 17 April 2019 12:25 PM IST

ടിക് ടോക് വിഡിയോകൾ പലതും മറ്റു സൈറ്റുകളിൽ എത്തുന്നത് സെക്സി, ഹോട്ട് ലേബലിൽ!

Roopa Thayabji

Sub Editor

tik-tok865432

ടിക് ടോക് വിഡിയോ ഇന്ത്യയിൽ നിരോധിച്ചതോടെ യുവതലമുറയുടെ മറ്റൊരു ഭ്രാന്തിനും അവസാനമായി. കുട്ടികളുടെ ഭാവിയെ ഭീതിയോടെ നോക്കിക്കാണുന്ന രക്ഷിതാക്കൾ ഈ നിരോധനത്തെ സ്വാഗതം ചെയ്യുകയാണ്. നിലവിൽ ടിക് ടോക് ഉപയോഗിക്കുന്നവർക്ക് ആപ്പ് തുടർന്നും ലഭിക്കും. എന്നാൽ പുതിയതായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയില്ല. ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവർ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതോടെ ടിക് ടോക് ലഭ്യമല്ലാതാകും. 

ആ വിഡിയോ അത്ര ചിരിപ്പിക്കുന്നില്ല

കുട്ടൻ ചേട്ടന്റെ ഫോട്ടോ വല്ലതുമുണ്ടോ ?’

‘ഇല്ലാ...ാാാാ...’

‘കല്യാണത്തിനോ മറ്റോ എടുത്ത ഫോട്ടോ വല്ലതും ?’

‘ഇല്ലാ...ാാാാ...’

‘എന്നാ വാ പോകാം...’

‘എങ്ങോട്ടോ ?’

‘അതു പിന്നെ, ചേച്ചി വേറേ മൂഡിലാ...’

മരണവീട്ടിലെ മധ്യവയസ്കയുടെയും യുവാവിന്റെയും രസകരമായ ഡയലോഗുകൾ കോമഡി പരിപാടിയിലൂടെ മലയാളി കേട്ടുചിരിച്ചു. ഇപ്പോൾ ഈ വിഡിയോ നമുക്ക് വേണ്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത് 35 വയസ്സു തോന്നിക്കുന്ന ഒരു യുവാവും കഷ്ടിച്ച് അഞ്ചു വയസ്സില്ലാത്ത ഒരു പെൺകുട്ടിയും ചേർന്നാണ്. മൊബൈൽ ഫോണിലേക്ക് ഫോർവേഡായി എത്തിയ ആ വിഡിയോ അത്ര ചിരിപ്പിക്കുന്നില്ല. പ്രായം പോലും കണക്കിലെടുക്കാതെ മകളെയോ ബന്ധുവിന്റെ കുട്ടിയെയോ ഒക്കെ ഇങ്ങനെ അശ്ലീലവും ആഭാസവും അഭിനയിപ്പിക്കുന്നതിനെതിരേ എന്താണ് ആരും പ്രതികരിക്കാത്തത്.  

അൽപം അശ്ലീലച്ചുവയുള്ള പാട്ടിനു വേണ്ടി ശരീരം ഇളക്കിയുള്ള പെൺകുട്ടികളുടെ നൃത്തം ‘ഹോട്ട് ഡാൻസ്’ എന്ന ടാഗ് ലൈനിൽ കിട്ടുമ്പോൾ ‘ക്ലിക്കാൻ’ നിൽക്കുന്നവർ ഏറെയുണ്ടെന്നറിയുക. നൃത്തം ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പെൺകുട്ടി പിടിച്ച പൊല്ലാപ്പ് ഇതിന് ഉദാഹരണമാണ്. നൃത്തത്തിനിടെ വട്ടം കറങ്ങുന്ന പെൺകുട്ടിയുടെ പാവാട പറന്നുയർന്നപ്പോൾ മിന്നായം പോലെ കണ്ട അടിവസ്ത്രത്തിലേക്കും സ്വകാര്യഭാഗത്തേക്കും ‘ഫ്രീസ്’ ആക്കി സ്ക്രീൻ ഷോട്ട് കൂടിവച്ച് ഇക്കിളിപ്പെടുത്തുന്ന തലക്കെട്ടോടു കൂടിയാണ് പലരും ഷെയർ ചെയ്തത്.

പ്രായവും പരിസരവും നോക്കാതെ ഓൺലൈൻ വിഡിയോ പ്ലാറ്റ്ഫോമുകളിൽ അഭിനയിച്ചു കസറുന്ന ഈ പെൺകുട്ടികൾ അറിയുന്നുണ്ടോ, നിങ്ങളെ വെർച്വൽ ലോകം എങ്ങനെയാണ് കാണുന്നതെന്ന്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ഇത്തരം വിഡിയോകൾ ബൾക്ക് ആയി വിൽക്കാൻ വല വിരിച്ചിരിക്കുന്നവർ നിരവധിയാണ്. ‘100 ഫ്രഷ് ലേഡീസ് വിഡിയോ’ എന്നൊക്കെ ടാഗ്‌ലൈൻ കൊടുത്ത് ഇവ പോസ്റ്റ് ചെയ്യുന്നതോടെ വ്യാപകമായി ഷെയർ ചെയ്യപ്പെടും. ടിക്ടോകിലെ 15 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ സെക്സി വിഡിയോകൾ മാത്രം  ഉൾപ്പെടുത്തിയ വിഡിയോ പോർട്ടലുകളും നിരവധിയാണ്. ലൈക്കിനു വേണ്ടി ചെയ്യുന്ന വിഡിയോ  പോസ്റ്റുകൾ പലതും സൈബർ മാനിയാക്കുകൾ ദുരുപയോഗം ചെയ്തപ്പോൾ ജീവനൊടുക്കിയവർ പോലുമുണ്ട്. സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്യും മുൻപ്  ഇതൊന്നു വായിക്കൂ.

വിഡിയോ ചാറ്റും മാനനഷ്ടവും

വിഡിയോ ചാറ്റിലെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പലവിധ ചൂഷണങ്ങൾ നടത്തുന്ന ആളുകളെ കുറിച്ച് കേട്ടിട്ടില്ലേ. അതിന്റെ പുതിയ പതിപ്പാണ്  വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകൾ വഴി പലരും മുതലെടുക്കുന്നത്. ഇത്തരമൊരു അനുഭവം ഉണ്ടായത് കോഴിക്കോട്ടെ കോളജ് വിദ്യാർഥിനിക്കാണ്. അൽപം അഭിനയ ഭ്രമമൊക്കെയുള്ള പെൺകുട്ടി തമിഴിലെ ചില ഡയലോഗുകൾക്കൊപ്പിച്ചാണ് വിഡിയോ ഷെയർ ചെയ്തിരുന്നത്. കോളജ് യൂണിഫോമിൽ ഐഡി കാർഡ് ഉൾപ്പടെ ധരിച്ചായിരുന്നു ഇവ. വീട്ടിലേക്കുള്ള മടക്കയാത്രയിൽ രണ്ടുപേർ പതിവായി ഫോളോ ചെയ്യുന്നത് മനസ്സിലാക്കിയ പെൺകുട്ടി കാര്യമന്വേഷിച്ചു. പുതിയ സിനിമയിൽ ചാൻസ് തരാമെന്നു പറഞ്ഞ് അവർ കാണിച്ച വിഡിയോ കണ്ട് അവൾ ഞെട്ടി, തന്റെ തന്നെ വിഡിയോകളുടെ എഡിറ്റഡ് കോപ്പി.

ഫെയ്സ്ബുക്കിൽ പ്രൊഫൈൽ ഫോട്ടോ പോലും ഇടാത്ത ചില പെൺകുട്ടികളുണ്ട്. എന്നാൽ ടിക്ടോക്കിൽ ഇവർ ചെയ്ത സെൽഫി വിഡിയോകളെല്ലാം ഫെയ്സ്ബുക് വാളില്‍ ഷെയർ ചെയ്തുവയ്ക്കും. വിഡിയോയിൽ നിന്നു കിട്ടുന്ന സൂചനകൾ മുതലെടുത്ത് പലരും പെൺകുട്ടികളെ പിന്തുടരുന്ന സംഭവങ്ങളുണ്ടെന്ന് സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധനായ രതീഷ് ആർ. മേനോൻ പറയുന്നു. 

‘‘പല പെൺകുട്ടികളും ഡാൻസ് വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. അത് മറ്റു സൈറ്റുകളിലേക്ക് സെക്സി, ഹോട്ട് എന്നിങ്ങനെ ലേബലുകളിലാണ് പോകുന്നത്. അക്കൗണ്ടിന്റെ പേര്, ധരിക്കുന്ന യൂണിഫോം തുടങ്ങിയവയൊക്കെ മനസ്സിലാക്കി ഇവരെ പലരും ഫോളോ ചെയ്യും. എഡിറ്റ് ചെയ്തു സൂക്ഷിക്കുന്ന വിഡിയോകൾ കാണിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്താനും  അവരുടെ  ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാനും ഇത്തരക്കാർക്ക് മടിയില്ല. സൈബർ ലോകത്തേക്ക് പോസ്റ്റ് ചെയ്യുന്ന ഏത് വിഡിയോയും ചിത്രവും നിങ്ങളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.’’

തുറക്കാത്ത സൈബർ പൂട്ട്

സൈബര്‍ ലോകത്തേക്ക് പോസ്റ്റ് ചെയ്യുന്ന ഓരോ വിഡിയോയും എങ്ങനെ തിരിച്ചടിക്കുമെന്ന് പ്രവചിക്കാനാകില്ല. ലൈക്കും ഫോളോവേഴ്സും കൂടുതല്‍ കിട്ടാനായി അര്‍ധനഗ്ന വിഡിയോകൾ പോസ്റ്റ്  ചെയ്യുന്നവരുടെ എണ്ണവും കുത്തനെ കൂടിയിട്ടുണ്ട്. ലൈക് കുറഞ്ഞാൽ കടുപ്പത്തിൽ അടുത്ത വിഡിയോ പോസ്റ്റ് ചെയ്യാൻ പല പെൺകുട്ടികളും ശ്രമിക്കാറുണ്ടെന്നത് മറ്റൊരു യാഥാർഥ്യം.

സ്വന്തം അറിവോടു കൂടിയാണെങ്കിൽ പോലും അശ്ലീലം കലർന്ന ഇത്തരം വിഡിയോകൾ ഇന്റർനെറ്റിൽ ഷെയർ ചെയ്യുന്നത് സൈബർ നിയമപ്രകാരം തെറ്റാണെന്ന് ഹൈക്കോടതി അഭിഭാഷകയും സൈബർ നിയമ വിദഗ്ധയുമായ അഡ്വ. രോഷ്നി ഡിബിൻ പറയുന്നു. 

‘‘അശ്ലീല ഡയലോഗുകൾക്കൊപ്പം ചുണ്ടനക്കി അഭിനയിക്കുന്ന വിഡിയോകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നതൊന്നും ഇന്നത്തെ ജനറേഷന് അത്ര സീരിയസ് കാര്യമേയല്ല. എന്നാൽ അശ്ലീലമോ ആഭാസമോ നഗ്നതയോ ഒക്കെ കലർന്ന വിഡിയോകൾ നിങ്ങളുടെ അനുവാദമില്ലാതെ മറ്റൊരാൾ പകർത്തി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നതു പോലെ തന്നെ കുറ്റകരമാണ് നിങ്ങൾ സ്വമേധയാ പകർത്തി അപ്‌ലോഡ് ചെയ്യുന്നതും. ആരെങ്കിലും പരാതിപ്പെട്ടാൽ കേസെടുക്കാവുന്ന തരം കുറ്റമാണ് ഇതും.

ചെറിയ കുട്ടികളെ കൂട്ടി ഇത്തരം വിഡിയോ പകർത്തുന്നതും അപ്‌ലോഡ് ചെയ്യുന്നതും രക്ഷിതാവാണെങ്കിൽ പോലും, കുട്ടിയുടെ സ്വകാര്യതയും  അവകാശവും ലംഘിക്കുന്നു എന്നു കാട്ടി ആരെങ്കിലും പരാതിപ്പെട്ടാൽ ബാലാവകാശ കമ്മിഷനു കേസെടുക്കാം. ഇത്തരം തെറ്റായ പ്രവണതകളെ മുൻനിർത്തി ടിക് ടോക് പോലുള്ളവ നിരോധിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് പുതിയ വിവരം.’’

വിഡിയോ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഇത്തരം വിഡിയോകൾ ഒന്നിച്ചാക്കി പോൺ സൈറ്റുകളിലേക്കും, യുട്യൂബും ഫെയ്സ്ബുക്കും പോലുള്ള ഓപൺ പ്ലാറ്റ്ഫോമുകളിലേക്ക് ‘സെക്സി’, ‘ഹോട്ട്’ ടാഗുകളോടെ റീപോസ്റ്റ് ചെയ്യുന്നവരുണ്ട്. പലയിടത്തും കറങ്ങി നടന്ന് ഫോർവേഡുകളായും മറ്റും നമ്മുടെ തന്നെയോ പരിചയക്കാരുടെയോ കയ്യിലെത്തുമ്പോഴേ മിക്കവരും അപകടം തിരിച്ചറിയൂ. അശ്ലീലവും അപകടവും നിറഞ്ഞ ടിക്ടോക് ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആദ്യം പ്രതികരിച്ചത് തമിഴ്നാട് സർക്കാരാണ്. ടിക് ടോക്കിലൂടെ ചൂഷണത്തിനു വിധേയമാകുന്നു എന്നു കാണിച്ച് 300ലധികം പരാതികളാണത്രേ തമിഴ്നാട് പൊലീസിന് ലഭിച്ചിട്ടുള്ളത്. സ്ത്രീവേഷം കെട്ടി വിഡിയോ പോസ്റ്റ് ചെയ്ത 23കാരൻ ട്രാൻസ്ജെൻഡറാണെന്ന കളിയാക്കലുകളെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം നടന്നതും തമിഴ്നാട്ടിലാണ്.

video

സൈബർ ലോകത്തേക്ക്

തമാശ, രാഷ്ട്രീയം, പാട്ടുകൾ എന്നു വേണ്ട എന്തും വിഡിയോകളായി സൈബർ ലോകത്തെത്തി തുടങ്ങിയത് ഈയിടെയാണ്. ടിക് ടോക് വിഡിയോയ്ക്ക് വേണ്ടി 10 വിദ്യാർഥികൾ പുഴയിൽ ചാടിയ സംഭവം നടന്നത് ഈയിടെ കോഴിക്കോടാണ്. കടലുണ്ടിപ്പുഴയിലേക്ക് പാലത്തിൽ നിന്നു ചാടിയ 10 പേരെയും മത്സ്യത്തൊഴിലാളികൾ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ടിക്ടോക് ശരിക്കും ‘ദുരന്ത’മായേനെ. കുറച്ചുനാൾ മുൻപാണ് സോഷ്യൽ മീഡിയയിൽ ‘നില്ല് നില്ല്...’ ചലഞ്ച് വൈറലായത്. ഓടുന്ന വാഹനത്തിനു മുന്നിലേക്ക് ‘നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ...’ പാട്ടും പാടി കുറച്ചുപേർ ചാടി വീണ് നൃത്തം ചെയ്യും. അപകടം ക്ഷണിക്കുന്ന ഈ ചലഞ്ചിനെതിരേ പൊലീസ് നടപടിയെടുത്തു തുടങ്ങിയതോടെ സംഗതി അങ്ങു ‘നിന്നു.’

‘അമ്പട ഞാനേ’ എന്നു വിളംബരം ചെയ്യാനുള്ള പുത്തൻ തലമുറയുടെ ശ്രമങ്ങളാണ് അബദ്ധങ്ങളിലേക്ക് ചെന്നുചാടിക്കുന്നതെന്ന് മനഃശാസ്ത്ര വിദഗ്ധൻ ഡോ.സി.ജെ. ജോൺ പറയുന്നു. ‘‘കുറച്ചു പരിശ്രമിച്ച് ഉണ്ടാക്കിയെടുക്കുന്ന കാഴ്ച എല്ലാവർക്കും  ഇഷ്ടപ്പെടണമെന്നാണ് മിക്കവരുടെയും ആഗ്രഹം. മറ്റു തരത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയാത്തവരുടെ അവസാന വഴിയാണ് നഗ്നത പ്രദർശിപ്പിക്കുക എന്നത്. അപ്പോഴാണ് പൊതുവായ കാഴ്ചകൾക്ക് യോജിക്കാത്ത ദൃശ്യങ്ങൾ ചിത്രീകരിക്കാനുള്ള പ്രവണത കൂടുന്നത്.

നമ്മുടെ മുഖവും ശരീരവുമാണ് ചിത്രീകരിക്കുന്നതെന്ന ബോധം വേണം. അതിലൂടെ നമ്മളെ തന്നെ ദുരുപയോഗം  ചെയ്യാനുള്ള വഴിയാണ് തുറക്കുന്നത്. ഇതിൽ നിന്നു രക്ഷപ്പെ ടാൻ സൈബർ നിയമങ്ങൾ മാത്രമല്ല, ജാഗ്രതയും വേണം.’’

കുട്ടികളെ കൂട്ടല്ലേ

2018ലെ കണക്കുകൾ പ്രകാരം  ഏറ്റവും  കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ടിക്ടോക്കാണ്. ഇന്ത്യയിൽ രണ്ടു കോടി പേർ ടിക്ടോക് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. സോഷ്യൽ മീഡിയ ഉപയോഗത്തിൽ പ്രായപരിധി നിയന്ത്രണമുണ്ടെന്ന് മിക്കവരും ഓർക്കാറില്ല.

എത്ര സുരക്ഷിതമെന്നു കരുതിയാലും സൈബർ ലോകത്തേക്ക് പോസ്റ്റ് ചെയ്യുന്ന വിഡിയോകൾ ദുരുപയോഗം ചെയ്യപ്പെടുന്ന വഴി പലതാണെന്ന് കേരളാ പൊലീസ് സൈബർ ഡോം നോഡൽ ഓഫിസറും സൗത്ത് സോൺ ഐജിയുമായ മനോജ് എബ്രഹാം പറയുന്നു. ‘‘ഏറ്റവും സുരക്ഷിതമെന്ന് ഓരോരുത്തരും വിശ്വസിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നു പോലും ദൃശ്യങ്ങൾ കോപ്പി ചെയ്യപ്പെടാം. അതിനാൽ സൈബർ സ്പേസിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയോ വിഡിയോയോ നിങ്ങളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകളേക്കാൾ വലുതായിരിക്കും  അറിയാതെ ചെയ്യുന്ന അബദ്ധങ്ങളുണ്ടാക്കുന്ന അപകടം. അതിനാൽ വളരെ സൂക്ഷിച്ചുവേണം സൈബർ മീഡിയയും വിഡിയോ പ്ലാറ്റ്ഫോമും ഉപയോഗിക്കാൻ.’’

ഒരു സെക്സി പോസോ ഡയലോഗോ വിഡിയോയോ നിങ്ങൾ സെൽഫി വിഡിയോ ആയി ഫോണിൽ സേവ് ചെയ്തിട്ടുണ്ടോ. ഏറ്റവും സ്വകാര്യമെന്നു കരുതുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ അത് ഷെയർ ചെയ്തിട്ടുണ്ടോ. എങ്കിൽ നിങ്ങളും സൈബർ നീരാളികളുടെ വലയിലേക്കാണ് നീങ്ങുന്നത്.

ആപ്പാകുന്ന ചൈനീസ് ആപ്സ്

13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഇമെയിൽ ഐഡി അടക്കമുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിച്ചത് ചട്ടവിരുദ്ധമായാണെന്നു കണ്ടെത്തിയതിനെ തുടർന്ന്, ടിക്ടോക്കിന് അമേരിക്കയിലെ ഫെഡറൽ ട്രേഡ് കമ്മിഷൻ 40 കോടിയോളം രൂപ പിഴ ശിക്ഷ വിധിച്ചത് അടുത്തിടെയാണ്. കുട്ടികളുടെ വിഡിയോ പ്രചരിപ്പിച്ചതു തടയാൻ ഇത്തരം അക്കൗണ്ടുകളും വിഡിയോകളും ഡിലീറ്റ് ചെയ്യാനും വിധിച്ചു. എന്തുകൊണ്ടാണ് ടിക്ടോകിന് പിടിവീണതെന്ന് അറിയാമോ ?

2016 സെപ്റ്റംബറിലാണ് ടികിടോക് ചൈനയിൽ പ്രവർത്തനം തുടങ്ങിയത്, ലോകമെങ്ങും അതുപയോഗിക്കാൻ തുടങ്ങിയത് പിന്നെയും ഒരുവർഷം കൂടി കഴിഞ്ഞാണ്. എന്നാൽ ഇന്ന് ലോകമെങ്ങും ഉപയോഗിക്കുന്ന വിഡിയോഷെയറിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാം സ്ഥാനത്താണ് ഈ ചൈനീസ് ആപ്. ടിക് ടോക്, ക്വായ്, ലൈക്, ഹലോ, വീലൈക് പോലുള്ള വിഡിയോ റെക്കോർഡിങ് ആപ്പുകളും ബിഗോ ലൈവ്, അപ് ലൈവ്, ലൈവ് മീ പോലുള്ള ലൈവ് വിഡിയോ അപ്‌ലോഡിങ് പ്ലാറ്റ്ഫോമുകളുമൊക്കെ യുവാക്കൾക്ക് ഹരമാണ്. എന്നാൽ ഈ ചൈനീസ് ആപ്പുകൾ ‘ആപ്പു’വയ്ക്കുന്നത് നിങ്ങൾക്കു തന്നെ ആണെന്ന് പലർക്കുമറിയില്ല.

ലൈവ് സ്ട്രീമിങ് വിഡിയോ, ലിപ് സിങ്കിങ് ആപ്, സോഷ്യൽ മീഡിയ ഷെയറിങ്, ഷോർട് വിഡിയോ പോലുള്ളവയാണ് ഇവ ലക്ഷ്യം വയ്ക്കുന്നത്. മിക്ക ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകളും പ്രൈവസി പോളിസി പ്രകാരം  ലൊക്കേഷൻ, കോണ്ടാക്ട്സ് തുടങ്ങിയവ കൂടി ആക്സസ് ചെയ്യാൻ അനുമതി ആവശ്യപ്പെടാറുണ്ട്. കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉപയോഗിക്കാൻ പറ്റില്ലെങ്കിലും ടിക്ടോകിൽ ആ നിയമം പാലിച്ചിരുന്നില്ല. എന്നാൽ പുതിയ വിധിയോടെ കുട്ടികൾ ടിക്ടോക് ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കാകും പിടി വീഴുക. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സംബന്ധിച്ച പരാതി പരിഹരിക്കാൻ അതത് രാജ്യങ്ങളിൽ റിഡ്രസൽ ഒാഫിസർ വേണമെന്നാണ് ചട്ടം. എന്നാൽ  ടിക്ടോക്കിന് അങ്ങനെ ആരും ഇന്ത്യയിലില്ല. സുരക്ഷാ പ്രശ്നം പരിഗണിച്ച്  ഇന്തോനീഷ്യയും  ഹോങ്കോങ്ങും  ടിക്ടോക് ഭാഗികമായി നിരോധിച്ചിട്ടുമുണ്ട്.

നിങ്ങൾ പോലുമറിയാതെ

∙ സെൽഫി വിഡിയോകളിലെ പെൺകുട്ടികളുടെ നമ്പരിലേക്ക് ഹാക്കിങ് ആപ്ലിക്കേഷനുകൾ അയക്കുന്നവരുണ്ട്. ഇത് ‘ഓക്കെ’ ആക്കിയാൽ നിങ്ങൾ പോലുമറിയാതെ മൊബൈൽ ക്യാമറ ഓൺ ആകുകയും ദൃശ്യങ്ങൾ മൊബൈൽ ഡേറ്റ വഴി ഹാക്കറിലെത്തുകയും ചെയ്യും.

∙ ക്യാമറ, ഗാലറി പോലുള്ളവ ധാരാളം മൊബൈൽ ഡേറ്റ ഉപയോഗിക്കുന്നുണ്ടെങ്കിൽ വിവരങ്ങൾ ചോരുന്നുവെന്ന് മനസ്സിലാക്കാം. ഉപയോഗിക്കാത്ത സമയങ്ങളിലും രാത്രിയിലും മൊബൈൽ ഡേറ്റ ഓഫ് ആക്കി ഇടണം. ഒരു കാരണവശാലും  ഫോണുമായി ബാത്റൂമിൽ പോകരുത്.

∙ സെൽഫി വിഡിയോ റിക്കോർഡ് ചെയ്യുമ്പോൾ അനാവശ്യ ആംഗ്യവും സെക്സി പോസുമൊന്നും വേണ്ട. വിഡിയോ ഡൗൺലോഡ് ചെയ്യാൻ പറ്റിയില്ലെങ്കിൽ പോലും സ്ക്രീൻ റിക്കോർഡർ പോലുള്ള ആപ്ലിക്കേഷൻ ഉ പയോഗിച്ച് ഇത് കോപ്പി ചെയ്യാനാകും.

∙ ശരീരാകൃതി എടുത്തറിയിക്കുന്നതോ വീട്ടുവേഷത്തിലുള്ള ചിത്രങ്ങളും വിഡിയോയും ഒരിക്കലും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ പാടില്ല.

∙ മൊബൈൽ ക്യാമറയിൽ നഗ്നത പകർത്തരുത്. ഭർത്താവിനു പോലും നഗ്നചിത്രം അയയ്ക്കരുത്.