Monday 17 December 2018 08:26 PM IST

ആ വിഡിയോ ലൈക്കിനു വേണ്ടി ചെയ്തതല്ല; അബ്ദുൾ റസാഖ്–ആഗ്ര പ്രണയത്തിൽ ട്വിസ്റ്റ്; ക്രൂശിക്കുന്നവരോട് അവൾക്ക് പറയാനുള്ളത്

Binsha Muhammed

agra-1

‘അബ്‍ദുൽ റസാഖേ... നീ ഈ ദുനിയാവിന്റെ ഏത് കോണിൽ പോയി നീ നിന്റെ നിക്കാഹ് നടത്തിയാലും, നിന്റെ പന്തലീ വന്നിട്ട് നിനക്കുള്ള കല്യാണ ഗിഫ്റ്റ് ഞാൻ തരും. ഞാൻ ചാവത്തൊന്നും ഇല്ല, നിന്റെ പെമ്പറന്നോത്തി ഉണ്ടല്ലോ?, ഓൾടെ മുന്നീ വച്ച് നിന്റെ കരണക്കുറ്റിയ്ക്ക് ഞാനടിക്കും...ഇതൊന്നു വൈറലാക്കി തരണേ...അവനും ഇതൊന്നു കാണട്ടേ...!.’

പ്രണയ–വിരഹ പോസ്റ്റുകൾ നാഴികയ്ക്ക് നാൽപ്പതു വട്ടം കയറിയിറങ്ങുന്ന സോഷ്യൽ മീഡിയക്ക് ഇതിത്തിരി പുതുമയായിരുന്നു. പറ്റിച്ചിട്ടു പോയ കാമുകനേയും കാമുകിയേയും ചൊല്ലിയുള്ള സോഷ്യൽ മീഡിയ പരിവേദനങ്ങളുടെ സ്ഥാനത്ത് ഒന്നാന്തരം ഒരു തന്റേടി ‘പെങ്കൊച്ച്’ വന്ന് നിൽക്കുകയാണ്. തന്നെ ഇട്ടിട്ടു പോയ കാമുകനെയോർത്ത് അവൾ കണ്ണീർ വാർക്കുകയല്ല, തകർന്നു പോയ തന്റെ സ്വപ്നങ്ങളുടെ ആഴവും പരപ്പും അളക്കുന്ന പരിവേദനങ്ങളുമില്ല, ദുഖങ്ങളെ സോഷ്യൽ മീഡിയക്ക് പകുത്ത് പങ്കുവയ്ക്കുന്ന പതിവു പരിപാടിയും ഇവിടില്ല. പിന്നെയോ?, തന്നെ ഇട്ടേച്ചു പോയിട്ട് മറ്റൊരു പെണ്ണുമായുള്ള നിക്കാഹിന് ‘കബൂൽ’ പറഞ്ഞ പയ്യനിട്ട് പണി കൊടുക്കുമെന്നാണ് അവളുടെ ഉശിരുള്ള വാക്കുകൾ. അതും ഒരു ടിക് ടോക് വിഡിയോയിലൂടെ.

‘എന്താ ഓൾടെ ഒരു തന്റേടം, പെങ്കുട്ട്യോളായാൽ ഇങ്ങനെ വേണം, തേച്ചിട്ടു പോയവന് ഇതിലും വലിയ പണി കിട്ടാനില്ല’– ലൈക്കിലേറിയ പെങ്കൊച്ചിന്റെ വിഡിയോക്ക് വാൽക്കഷണം പോലെ പ്രശംസാവാക്കുകളും പാറി നടക്കുകയാണ്.

അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പറയുന്ന സോഷ്യൽ മീഡിയ ‘പ്ലേറ്റ് മാറുന്ന’ കാഴ്ചയാണ് നേരമിരുട്ടി വെളുത്തപ്പോൾ. ലൈക്കിലേറ്റിയ സോഷ്യൽ മീഡിയ തന്നെ അവളെ വലിച്ചു താഴെയിറക്കി. ‘ഇവൾക്കൊന്നും തന്തയും തള്ളയും ഇല്ലേ, ആരാ ഇവളെ ഇങ്ങനെ തുറന്നു വിട്ടത്, ലൈക്കിനു വേണ്ടിയുള്ള ഊളത്തരങ്ങൾ’ എന്നിങ്ങനെ പോയി പരിഹാസ കമന്റുകൾ. വെള്ളം കൊടുത്തതിനു ശേഷം കഴുത്തറുക്കുന്ന പതിവ് സോഷ്യൽ മീഡിയ കാഴ്ച അങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എന്ത് ഫലമുണ്ടായി, സോഷ്യൽ മീഡിയ പോസ്റ്റ്മോർട്ടം ചെയ്യുന്ന പല മുഖങ്ങളിൽ ഒരുവളായി അവൾ.

സപ്ലിയടിച്ച് നാട്ടിൽ പെട്ടു, ജോലി മടുത്തപ്പോൾ അഭിനയം തുടങ്ങി! ഒരു ബിടെക്കുകാരൻ കൂടി നടനായ കഥ

നടി ഷീലയുടെ ബന്ധുവാണോ? ഉത്തരം യതീഷ് ചന്ദ്ര പറയുന്നു

കുത്തുവാക്കുകൾ, വേദനയിൽ മുളകു പുരട്ടുന്ന അസഭ്യവർഷങ്ങൾ, പരിഹാസ ശരങ്ങൾ എല്ലാം ഒന്നിനു പുറകേ ഒന്നായി കുമിഞ്ഞു കൂടുകയാണ്. അപ്പോഴും ആ വൈറലായ ടിക് ടോക് വിഡിയോക്കു പിന്നിലുള്ള പെൺകുട്ടി സോഷ്യൽ മീഡിയയുടെ തിരശീലയ്ക്കപ്പുറം അജ്ഞാതയായിരുന്നു. കാമുകനെ തല്ലുമെന്ന് അസന്നിഗ്ധം പ്രഖ്യാപിച്ച ആ പെൺകൊടിയേയും അവളുടെ പ്രണയകഥയും അന്വേഷിച്ചു ചെല്ലുമ്പോൾ ഞങ്ങൾ കേട്ടത് അതിലു വലിയ ട്വിസ്റ്റ്. സോഷ്യൽ മീഡിയയിൽ വൈറലായ ആ തന്റേടി പെങ്കൊച്ചിന്റെ പേര് ആഗ്ര പി തങ്കച്ചൻ...വൈക്കം സ്വദേശി ബാക്കി കഥ അവൾ തന്നെ പറയുന്നു വനിത ഓൺലൈൻ വായനക്കാർക്കായി...

ഒരു ടിക് ടോക് ഒപ്പിച്ച പണി

agra-main

‘വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ് ഫൺ’ എന്ന് പറയാനൊക്കെ നല്ല രസമാണ് ചേട്ടാ...പക്ഷേ ഇതൊക്കെ റിയൽ ലൈഫിൽ സംഭവിച്ചാൽ ചില ആങ്ങളമാർക്കും അപ്പാപ്പൻമാർക്കും ദഹിക്കാൻ ഇച്ചിരി ബുദ്ധിമുട്ടാ. എന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്.– ആഗ്രയുടെ കഥയ്ക്ക് ഫ്ളാഷ്ബാക്കിൽ നിന്നും കിക്ക് സ്റ്റാർട്ട്

സാധാരണ പെൺകുട്ടി തന്നെയാണ്, ഞാനും ടിക്ടോക്കിലും ഡബ്സ്മാഷിലുമൊക്കെ അത്യാവശ്യം കമ്പമുണ്ടെന്ന് മാത്രം. അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. എല്ലാം നേരമ്പോക്കിനു വേണ്ടി മാത്രം. അതൊക്കെ ഒരിഷ്ടം കൊണ്ട് സോഷ്യൽ മീഡിയയിൽ ഡയറക്ട് പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അന്ന് പലരും എന്നെ കളിയാക്കിയിട്ടുണ്ട്, ലൈക്കിനു വേണ്ടി ഊളത്തരം കാണിക്കുന്നു എന്നൊക്കെ സുഹൃത്തുക്കൾ തമാശരൂപേണ പറയും. ‘വന്നല്ലോ ടിക് ടോക് ദുരന്തം’ എന്നൊക്കെ പലരും കളിയാക്കിയിട്ടുണ്ട്. അതൊക്കെ ഞാനാ സ്പിരിറ്റില്ലേ എടുത്തിട്ടുള്ളൂ. പക്ഷേ ഇതങ്ങനെയല്ല ചേട്ടാ...ഈ വിഡിയോയിൽ ഞാൻ പറഞ്ഞത് എന്റെ ലൈഫാണ്. എനിക്കു സംഭവിച്ച വേദനയാണ്. അത് ‍ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു എന്നത് ശരി തന്നെ. പക്ഷേ അതിങ്ങനെ പാറിപ്പറക്കുമെന്നോ, എനിക്ക് പാരയാകുമെന്നോ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കാമുകൻ ഇട്ടേച്ചു പോയെന്ന് കള്ളം പറഞ്ഞ് ലൈക്ക് വാരിക്കൂട്ടാൻ ഏതെങ്കിലും പെണ്ണ് വരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ...ഞാനങ്ങനത്തെ പെണ്ണല്ല...

ആ പ്രണയം സത്യം

agra-4

പലരും വിചാരിക്കുന്നത് ഞാൻ കുഞ്ഞു കുട്ടിയാണെന്നാ. പക്വതയില്ലാതെയാണ് ഈ പരിപാടിയൊക്കെ ഒപ്പിക്കുന്നതെന്ന് പറയുന്നവരും കുറവല്ല. ഞാൻ ടീനേജുകാരി പൈങ്കിളി പെണ്ണൊന്നുമല്ല. എനിക്ക് 29 വയസായി. പിന്നെ പലർക്കും അറിയേണ്ടത് ആരാണ് റസാഖെന്നതാണ്. ഒളിയും മറയും ഇല്ലാതെ പറയാം, റസാഖ് എന്റെ കാമുകനാണ്. ആയിരുന്നു എന്ന് പറയുന്നതാകും കുറച്ചു കൂടി ശരി. അതിലേക്ക് വരാം.

എനിക്കാദ്യമൊരു പ്രണയമുണ്ടായിരുന്നു. ആ പ്രണയം വിവാഹത്തിന്റെ വക്കോളം വരെ എത്തിയതുമാണ്. പക്ഷേ വൈകിയാണ് ഞാനറിഞ്ഞത് അയാൾ ലഹരിക്കടിമയായിരുന്നു എന്ന്. വിവാഹം മുടങ്ങി, വീട്ടുകാരും ഞാനും ആകെ വിഷമത്തിലായി. ഡിപ്രഷന്റെ അങ്ങേയറ്റം വരെയത്തിയ നിമിഷങ്ങൾ. അങ്ങനെയിരിക്കെയാണ് ‍ഞാന്‍ റസാഖിനെ പരിചയപ്പെടുന്നത്. എന്റെ വിഷമങ്ങളും ദുഖങ്ങളുമൊക്കെയറിഞ്ഞ് എനിക്കൊപ്പം നിന്ന ഒരു നല്ല ചങ്ങാതിയായിരുന്നു റസാഖ്. പുള്ളിക്കാരൻ ആ നിമിഷങ്ങളിൽ തന്ന പോസിറ്റീവ് എനർജിയാണ് എന്നെ പഴയ ആഗ്രയാക്കിയത്. ഞങ്ങൾ തമ്മിൽ ഒരു തരത്തിലുള്ള മോശം റിലേഷനും ഉണ്ടായിട്ടില്ല. എന്താ പറയാ...പുള്ളിക്കാരൻ എന്റെ ചങ്ക് ചങ്ങാതിയായി ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും എനിക്കൊപ്പമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ അവനെന്നോട് ഇഷ്ടം പറഞ്ഞു, എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞു...എന്നെ ഇത്രയധികം മനസിലാക്കിയ മറ്റൊരാൾ ഇല്ലാത്തതു കൊണ്ടാകണം ആ പ്രണയം ഞാനും അംഗീകരിച്ചു.

agra-main

തകർന്നു പോയ നിമിഷം

വളരെ സ്മൂത്തായി തന്നെയാണ് ഞങ്ങളുടെ റിലേഷൻ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. ഇതിനിടയ്ക്ക് എപ്പോഴോ കക്ഷി ഡിസ്റ്റൻസ് ഇട്ടു തുടങ്ങി. അതെനിക്കും ഫീലായി. വിളിച്ചാൽ കോൾ അറ്റൻഡ് ചെയ്യില്ല. വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും എന്നു വേണ്ട സകലയിടത്തും കക്ഷി എന്നെ ബ്ലോക്ക് ചെയ്യുക കൂടി ചെയ്തപ്പോൾ എന്റെ നിലതെറ്റി. മറ്റൊരു ഫോണിൽ നിന്നും വിളിച്ച് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അബ്ദുൾ റസാഖ് വേറെ പെണ്ണു കെട്ടുന്നൂന്ന്. സത്യം പറഞ്ഞാൽ തകർന്നു പോയി. ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് കൺട്രോൾ പോയെന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. അത്ര മാത്രം കലിപ്പ്. എന്നെ പറ്റിച്ചിട്ട് അങ്ങനെയങ്ങ് പോയ ആളെ വെറുതെ വിടണ്ടാ എന്നു തന്നെയായിരുന്നു എന്റെ ഉദ്ദേശം. തുറന്നു പറയട്ടെ, അബ്ദുൾ റസാഖിനെ ഒന്നു പേടിപ്പിക്കാൻ വേണ്ടിയും, അവൻ ആ കല്യാണത്തിൽ നിന്നു പിൻമാറാനും വേണ്ടി മാത്രമാണ് ഞാനത് ചെയ്തത്. പക്ഷേ അത് സോഷ്യൽ മീഡിയ കൊത്തിപ്പറിക്കുന്ന രീതിയിലേക്ക് മാറുമെന്ന് ഞാൻ കരുതിയില്ല. ഞാനത് സോഷ്യൽ മീഡിയ വഴി പങ്കു വച്ചു എന്നത് ശരി തന്നെ, പക്ഷേ അത് ലൈക്കിനു വേണ്ടിയാണ് എന്ന് പറയരുത് പ്ലീസ്. പലരും പറയും പോലെ ഞാൻ ചോദിക്കാനും പറയാനും ആളില്ലാത്തവളൊന്നുമല്ല. കളിയാക്കുന്നവർ സാഹചര്യം കൂടി മനസിലാക്കണം.

ki

പ്രണയം കലാപമാക്കാനില്ല

പലർക്കും ഞങ്ങളുടെ ജാതിയും മതവും നിറവുമൊക്കെയായിരുന്നു പ്രശ്നം. ഹാദിയ വിഷയം കത്തിപ്പടർന്ന നിമിഷങ്ങളിൽ പലരും ആ സംഭവവുമായി ഞങ്ങളുടെ റിലേഷനെ കൂട്ടിവായിച്ചു. മറ്റൊരു വർഗീയ കലാപത്തിനുള്ള ശ്രമമാണോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി. അബ്ദുൾ റസാഖിനും ഇതേച്ചൊല്ലിയുള്ള പേടിയുണ്ടായിരുന്നു. വളരെ ഓർത്തഡോക്സ് ആയ സാഹചര്യത്തിൽ നിന്നുമാണ് അബ്ദുൾ റസാഖ് വരുന്നത്. പുള്ളിക്കാരന് മേൽ സമ്മർദ്ദവും ഭീഷണിയും ഒരുപാടുണ്ടായി. ഈ ബന്ധത്തിൽ നിന്ന് അബ്ദുൾ റസാഖ് പിൻമാറാനുള്ള സാഹചര്യം ഞാന്‍ വൈകിയാണ് മനസിലാക്കുന്നത്. പക്ഷേ എന്നോട് ഒരു വാക്ക് പറയാതെ വിട്ടിട്ട് പോയത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നെ പറ്റിച്ച് മറ്റൊരു പെണ്ണിനെ നിക്കാഹ് ചെയ്യുമ്പോഴും ഞാനിതൊക്കെ അറിയുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ടിക് ടോക് വിഡിയോ ചെയ്തത്. റസാഖ് പറഞ്ഞതു പോലെ തന്നെ നടക്കട്ടെ, ഞങ്ങൾ ഒരുമിച്ച് ഇവിടെയൊരു കലാപം ഉണ്ടാക്കാൻ ഞാനളല്ല. മറ്റൊരു ഹാദിയ ആകാൻ ഞാനില്ല. അൽപം വിഷമത്തോടെയെങ്കിലും ഞാൻ ആ ബന്ധം മറക്കാൻ ശ്രമിക്കുകയാണ്. റസാഖുമായി സംസാരിച്ചു, പരസ്പര സമ്മതത്തോടെ തന്നെ ഞങ്ങൾ പിരിഞ്ഞു. വിഡിയോയിൽ പറഞ്ഞ മാതിരി റസാഖിന്റെ നിക്കാഹ് പന്തലിൽ പോയി പ്രശ്നമുണ്ടാക്കാൻ ഞാനില്ല. പിന്നെ ആ വിവാഹത്തിൽ നിന്ന് റസാഖും പിൻമാറിയെന്ന് കേൾക്കുന്നുണ്ട്.

ചോദിക്കാനും പറയാനും ആളുണ്ട് മാഷേ

agra-4

ഇക്കണ്ട സോഷ്യൽ മീഡിയ വെട്ടുകിളികൾ പറയും പോലെ വീട്ടുകാര്‍ നോക്കാനില്ലാതെ പാറിപ്പറന്നു നടക്കുന്ന പെണ്ണൊന്നുമല്ല. എന്റെ മനസറിയുന്നവരാണ് അച്ഛനും അമ്മയും. അവർക്കെന്നെ മനസിലാകും. പിന്നെ ഞാൻ പ്രണയിച്ചുവെന്ന പേരു പറഞ്ഞ് അവരെന്നെ കഴുവേറ്റാനൊന്നും പോകുന്നില്ല. അവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്റെ പേര് കണ്ടില്ലേ...‘ആഗ്ര’...അവരുടെ പ്രണയത്തിന്റെ ഓർമ്മയ്ക്കാണ് പ്രണയകുടീരം നിലകൊള്ളുന്ന നാടിന്റെ പേര് എനിക്കിട്ടത്.

അവരുടെ മകൾ തെറ്റായ വഴിയിൽ പോകില്ലെന്ന് അവർക്കുറപ്പുണ്ട്. പക്ഷേ ഇതിന്റെ പേരിൽ എന്റെ അമ്മ ഏറെ വേദനിക്കുന്നുണ്ട്. ആശുപത്രിയില്‍ ജോലി നോക്കുകയാണ് അമ്മ സുരഭി. എന്റെ വിഡിയോയുടെ പേര് പറഞ്ഞ് ഒരുപാട് പേർ എന്റെ അമ്മയെ കുത്തിനോവിക്കുന്നുണ്ട്. അവരോടൊക്കെ എനിക്ക് ൈക കൂപ്പി ഒന്ന് മാത്രമേ പറയാനുള്ളൂ...എന്റെ പേരിൽ എന്റെ അമ്മയെ ആക്രമിക്കരുത് പ്ലീസ്...അച്ഛനാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്... തങ്കച്ചനെന്നാണ് പേര്, പോസ്റ്റ്മാനായിരുന്നു. അച്ഛൻ ശരീരം തളർന്ന് അവശതയിലാണ്, വരുമാനമൊക്കെ ഏറെക്കുറെ നിലച്ച മട്ടാണ് അച്ഛന്റെ ജോലി എനിക്ക് കിട്ടാനുള്ള തത്രപ്പാടിലാണ് ഞങ്ങൾ.

കുത്തുവാക്കുകളും പരിഹാസ വർഷങ്ങളും ഏൽപ്പിച്ച സങ്കടം ആഗ്രയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. പക്ഷേ അപ്പോഴും ആ മുഖത്ത് ചിരിമാത്രം. ‘അവരെന്നെ ഇത്രയും കൊന്ന് കൊലവിളിച്ചില്ലേ...ഇനി എനിക്ക് പറയാനുള്ളത് അവർ കേൾക്കുമായിരിക്കുമല്ലേ...’– ചിരിയോടെ സോഷ്യൽ മീഡിയയുടെ ടിക് ടോക് ഗേൾ പറഞ്ഞു നിർത്തി.