Tuesday 30 June 2020 01:41 PM IST

ഡിയർ ഹേറ്റേഴ്സ്, ഫുക്രു എങ്ങും പോകില്ല, രോമത്തെ പോലും തൊടാനും കഴിയില്ല, റിച്ചു ഭായിയുടെ പാട്ട് ഇനി യൂട്യൂബിൽ

Binsha Muhammed

tik-oker

ഇടിത്തീ പോലെയായിരുന്നു ആ വാർത്ത. ‘ഇപ്പോ പൊട്ടും പിന്നെ പിന്നെ പൊട്ടും... ഇതാ പൊട്ടാൻ പോകുന്നു’ എന്ന് നെടുമുടി ചേട്ടൻ മിഥുനത്തിൽ പറഞ്ഞ പോലെയൊക്കെ ആയിരുന്നെങ്കിലും ഇത്രവേഗം ടിക് ടോക് പൊട്ടിപ്പോകുമെന്ന് ആരു കണ്ടു? അതിർത്തിയിലെ തർക്കത്തിന്റെ ചൈനയെ ‘അൺഫോളോ’ ചെയ്ത ഇന്ത്യൻ നയതന്ത്രത്തിന്റെ ബാക്കി പത്രമായിരുന്നു ആ നിരോധനം. 59 ആപ്പുകൾക്കാണ് ഔദ്യോഗികമായി നിരോധനം എങ്കിലും ടിക് ടോകിന് ഈ ഗതി വന്നല്ലോ എന്ന രോധനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നത്. ടിക് ടോകിന് അകാല ചരമം ആകുമ്പോൾ ആരാധകർ നെഞ്ചിലേറ്റിയ താരങ്ങൾ ഇനി എന്തു ചെയ്യും എന്നാണ് എല്ലാവർക്കും അറിയേണ്ടത്. അങ്ങനെയുള്ള രണ്ടു പേരുമായി ‘വനിത ഓൺലൈൻ’ ബന്ധപ്പെട്ടപ്പോൾ ഇരുവരും തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെ. ടിക് ടോക് പ്രേമികളുടെ സ്വന്തം ഫുക്രു എന്ന കൃഷ്ണജീവും, റിച്ചു എന്ന റിച്ചു ഭായിയും ഈ ഓർക്കാപ്പുറത്തെ നിരോധനത്തോട് പ്രതികരിക്കുന്നു.

നമ്മൾ ഇവിടെയൊക്കെ കാണും ബ്രോ

അതിർത്തിയിൽ കേറി ചൊറിയാൻ വന്ന ചൈനയ്ക്കിട്ടുള്ള പണിയാണ് ഇജ്ജാതി ആപ്പുകളുടെ നിരോധനത്തിന് പിന്നിലെന്ന് കേൾക്കുന്നു. ദേശീയ സുരക്ഷയുടെ പേരിലാണ് ആ തീരുമാനമെങ്കിൽ പൗരനായ ഞാനും ആ തീരുമാനത്തിന് ഒപ്പം നിൽക്കുന്നു. ടിക് ടോക് നമ്മുടെ ചങ്ക് ആണ് എന്നുള്ളത് നേരാണ്. ഇത്തിരി വിഷമമൊക്കെയുണ്ട്. പക്ഷേ എന്റെ രാജ്യത്തിനിട്ട് കുത്തിയിട്ട് ചൈന അങ്ങനെ ആളാകേണ്ട. കടുക്കനിട്ടത് പോയാല്‍ കമ്മലിട്ടത് വരും എന്ന് പറഞ്ഞ മാതിരി, സോഷ്യൽ മീഡിയയോട് സംവദിക്കാൻ വേറെയും മാർഗമുണ്ട്. ഇൻസ്റ്റാഗ്രാം, .യൂ ട്യൂബ് എന്നിങ്ങനെ ആപ്പുകൾ അങ്ങനെ നീണ്ടു നിവർന്നു കിടക്കുകയല്ലേ. ഞാനവിടെ ഹാജരുണ്ടാകും, നമ്മുടെ ചങ്കുകളെ കാണും. പിന്നെ ടിക് ടോക് ഇല്ലാതെ ഫുക്രു എന്ത് ചെയ്യും എന്ന് ചോദിക്കുന്ന മച്ചാൻമാരേ... ഞാനെന്നും ചെയ്യുന്നതൊക്കെ തന്നെ ചെയ്യും.

റിച്ചു ഭായ് എങ്ങും പോകില്ല

കൂടെ നിന്ന ചിലർ എന്റെ ടിക് ടോക്കിനിട്ട് പണി തന്ന് ഹാക്ക് ചെയ്ത വിവരമൊക്കെ അറിഞ്ഞിരിക്കുമല്ലോ. ദേ... ഇന്നലെ ഇങ്ങോട്ട് ആ അക്കൗണ്ട് തിരിച്ചു കിട്ടിയതേ ഉള്ളൂ. അതിനു പിന്നാലെ ഇങ്ങനൊരു പണി വരുമെന്ന് ആരു കണ്ടു. പിന്നെ നിരോധനം വന്നു എങ്ങുകരുതി റിച്ചു ഭായ് എങ്ങും പോകില്ല ചങ്കുകളേ... ചൂടോടെ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങിക്കഴിഞ്ഞു. അതു മാത്രമല്ല, നമുക്ക് വേറെയും പ്ലാറ്റ്ഫോമുകള്‍ ഉണ്ടല്ലോ? എന്ത് ചെയ്യും എന്ന് ചോദിച്ചാൽ അടുത്തതിലേക്ക് പോകും എന്ന് പറയും. അങ്ങനെ അങ്ങ് തോറ്റു കൊടുക്കാൻ പറ്റില്ലല്ലോ? നിലവിൽ ലക്ഷം ലൈക്കുകളാണ് എനിക്ക് ടിക് ടോക്കിൽ ഉള്ളത്, അതേ സപ്പോർട്ട് വീണ്ടും പ്രതീക്ഷിക്കുന്നു.