Tuesday 16 July 2019 03:33 PM IST

‘ഇപ്പോഴും നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതും’; ടിക്കാറാം മീണ പറയുന്നു

Roopa Thayabji

Sub Editor

tikka

ജയ്പുരിൽ നിന്ന് 90 കിലോമീറ്റർ ദൂരമുണ്ട് വനാതിർത്തിയിലുള്ള ‘പുരാ കിർണി’ ഗ്രാമത്തിലേക്ക്. കലങ്ങിയൊഴുകുന്ന ‘ബനാസ്’ നദിയിൽ നിന്നു മീൻപിടിച്ചും കാടിറങ്ങി വരുന്ന കടുവയോടും ആനയോടും ചെന്നായ്ക്കളോടും മല്ലിട്ടും നല്ല മെയ്ക്കരുത്തുള്ള ‘മീണ’ എന്ന ആദിവാസി വിഭാഗമാണ് അവിടെ താമസം. യോദ്ധാക്കളുടെ പരമ്പരയിൽ പെട്ട മീണമാർ ആയോധനവിദ്യകളിൽ അഗ്രഗണ്യരാണ്. ഇതെല്ലാം അറിഞ്ഞിട്ടാകണം  ആ  ഗ്രാമത്തിലെ ആദ്യ ഐഎഎസ്കാരനെ കേരള കേഡറിൽ തന്നെ നിയമിച്ചതെന്നു പറഞ്ഞ് ചിരിച്ചു െകാണ്ടാണ് ടിക്കാറാം മീണ സംസാരിച്ചു തുടങ്ങിയത്.

‘‘കേരളത്തിലെ രാഷ്ട്രീയക്കാരുമായി 30 വർഷമായി ഇടപെടുന്നു. പ്രത്യേകിച്ച് ആരോടും സ്നേഹമോ ശത്രുതയോ ഇല്ല. സമദൂരസിദ്ധാന്തം പോലെ ബഹുമാനം നൽകേണ്ടപ്പോൾ നൽകിയും തെറ്റു കണ്ടാൽ ചൂണ്ടിക്കാണിച്ചും മുന്നോട്ടു പോകുന്നു. സത്യസന്ധനായി, ആരെയും പേടിക്കാതെ ജീവിക്കാനാണ് അച്ഛനും അമ്മയും പഠിപ്പിച്ചത്. ഒരിക്കൽ പേടിച്ചാൽ പിന്നെ എപ്പോഴും പേടിച്ചു കൊണ്ടിരിക്കണം, അത് ഇഷ്ടമല്ല...’’ മീണ വീണ്ടും ചിരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പു ഫലം രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുമ്പോൾ കേരളത്തിൽ സുതാര്യമായ തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായ ടിക്കാറാം മീണ ഐഎഎസ് ആണ്. വൈദ്യുതി പോലുമില്ലാത്ത ഗ്രാമത്തിൽ ജനിച്ച്, പഠിച്ചുവളർന്ന ടിക്കാറാം മീണയ്ക്ക് ജീവിതത്തിലെ ‘തിരഞ്ഞെടുപ്പുകളെ’ കുറിച്ചും ചിലത് പറയാനുണ്ട്.

ഗ്രാമത്തിലെ ആദ്യ കലക്ടർ, ആ മോഹത്തിനു പിന്നിൽ ?

പ്ലസ്ടു വരെ സയൻസ് ആണ് പഠിച്ചത്, അച്ഛനും അമ്മയ്ക്കും എന്നെ ഡോക്ടറാക്കാനായിരുന്നു ആഗ്രഹം. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ നല്ല വിജയം കിട്ടി സീറ്റ് ഉറപ്പാകുകയും ചെയ്തു. പക്ഷേ, എന്റെ മനസ്സ് ഐഎഎസിനൊപ്പമായിരുന്നു, ഡോക്ടറേക്കാൾ മതിപ്പ് കലക്ടർക്കു കിട്ടുമല്ലോ.

എംബിബിഎസിനു പോകാൻ താത്പര്യമില്ല എന്നു പറഞ്ഞപ്പോൾ വീട്ടിൽ ഭൂകമ്പമായി. ഞാൻ ബിഎ പൊളിറ്റിക്കൽ സയൻസിനു ചേർന്നു. ഡിഗ്രി പാസായ വർഷം മറ്റൊന്നു സംഭവിച്ചു, മൂത്ത ചേട്ടൻ രത്തൻ ലാലിന് ഐപിഎസ് കിട്ടി. അതോടെ എന്റെ ലക്ഷ്യത്തിനു കുറച്ചുകൂടി കരുത്തു വന്നു. ഡൽഹിയിൽ പോസ്റ്റിങ് കിട്ടിയ ചേട്ടനൊപ്പം ഞാനും പോയി, എംഎ അവിടെ ചേർന്നു. അന്നുവരെ ഇംഗ്ലിഷ് പഠിച്ചിട്ടേയില്ലാത്ത ഞാൻ ചേട്ടനിൽ നിന്നു  ഇംഗ്ലിഷ് വാക്കുക ൾ പഠിക്കാൻ തുടങ്ങി, ചേട്ടന്റെ പുസ്തകങ്ങളിൽ നിന്ന് കൗതുകത്തോടെ പുതിയ വാക്കുകൾ തപ്പിയെടുത്തു. എംഎ ഫൈനൽ പരീക്ഷയ്ക്കൊപ്പം ആദ്യവട്ടം സിവിൽ സർവീസ് എഴുതി. ഗ്രൂപ്പ് ബി പോസ്റ്റിങ് കിട്ടി ഡെപ്യൂട്ടി കലക്ടറായി. രണ്ടാമത്തെ ശ്രമത്തിൽ റെയിൽവേ സർവീസാണ് കിട്ടിയത്. ലീവെടുത്തു പരിശീലിച്ചു, അക്കുറി ഐഎഎസ് കിട്ടി. ഗ്രാമത്തിൽ ഉത്സവം തന്നെയായിരുന്നു അത്. വീട്ടിലേക്ക് എത്തുന്നവരെല്ലാം അമ്മയുടെ കാൽതൊട്ട് വന്ദിച്ചിട്ട് പറയും, ‘നിങ്ങൾ ഇപ്പോൾ കലക്ടറുടെ അമ്മയാണ്...’ ഡോക്ടർ മോഹമുപേക്ഷിച്ചതിന്റെ സങ്കടം അമ്മയ്ക്ക് അപ്പോഴാണു മാറിയത്.

അച്ഛൻ ഗ്രാമമുഖ്യനായിരുന്നു ?

അച്ഛൻ ജയറാം മീണ കർഷകനായിരുന്നു, അമ്മ ധാപ്പുവും കൃഷിപ്പണി ചെയ്യും. ആറുമക്കളാണ് ഞങ്ങൾ. രത്തൻ ലാൽ, രംഗ് ലാൽ, ചേച്ചി രത്തൻ ബായ്, കനയ്യ ലാൽ, അതുകഴിഞ്ഞ് ഞാൻ, അനിയത്തി ജസ്‌വന്ത് ബായ്.

രജപുത്ര ജന്മിമാരുടെ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. വിതച്ച് വിളവെടുക്കാറാകുമ്പോൾ അവർ വരും. അധ്വാനത്തിന്റെ ഫലം‍ വിട്ടുകൊടുക്കാതിരിക്കാനായി അച്ഛനും  കൂട്ടരും ജന്മിയോട് കലഹിക്കും. അവരുടെ കയ്യിൽ തോക്ക് കാണും, ഞങ്ങൾ മുളവടികളുമായി അവരെ നേരിടും. പിന്നീട് 20 വർഷം  കേസ് നടത്തിയാണ് അച്ഛൻ ജയിച്ചത്. അതോടെ കർഷകർ ഭൂമിയുടെ  ഉടമകളായി. അച്ഛന്റെ കയ്യിൽ എപ്പോഴും നീളൻ മുളവടി കാണും. കൃഷി നശിപ്പിക്കാൻ വരുന്ന കടുവയെയും കരടിയെയുമൊക്കെ ഓടിക്കാനാണത്.

കരടികളെ ഓടിക്കാൻ ഞാനും സഹോദരന്മാരും കൂട്ടുകാരും ഗുഹയ്ക്കുള്ളിൽ കയറി അതിനെ പുറത്തുചാടിക്കും. അവിടെ കാത്തിരിക്കുന്നവർ കരടിയെ അടിച്ചോടിക്കും. ഒരു ദിവസം പുറത്തുചാടിയ കരടി ചേട്ടന്റെ കാലിൽ പിടിത്തമിട്ടു. അടിച്ചും തൊഴിച്ചും ഒരുതരത്തിൽ പിടി വിടുവിക്കുകയായിരുന്നു. ഇടയ്ക്ക് കടുവ വരും. ഞാനും അച്ഛനും കാലികൾക്കൊപ്പമാണ് കിടക്കുക. കടുവയുടെ ഒച്ച കേട്ട് പശുക്കൾ കരയും, അപ്പോൾ ഞങ്ങളുണരും.

ഇതിനിടെ പഠിത്തമൊക്കെ ?

പാടത്തേക്ക് കാളവണ്ടി തെളിച്ചു കൊണ്ടുപോകുന്നത് എന്റെ ജോലിയാണ്. ഈന്തപ്പനയിൽ നിന്ന് മൂത്തുപഴുത്ത കായ്കൾ പറിക്കാനും കയറണം, ബിഎ വരെ അതുചെയ്തു. കാലികളെ മേയ്ക്കാൻ പോകുമ്പോൾ പുസ്തകം കൂടെയെടുക്കും. അവ മേയുമ്പോൾ മരത്തണലിലിരുന്ന് ഞാൻ പഠിക്കും. 40 പശുവും നാല് പോത്തും അന്നുണ്ട്. ഒരിക്കൽ തിരികെയെത്തിയ കൂട്ടത്തിൽ പോത്തുകളൊന്നുമില്ല. തിരഞ്ഞു ചെന്നപ്പോൾ കുറച്ചകലെ ചെളിക്കുളത്തിൽ കിടക്കുകയാണ്.

കര കയറ്റാൻ നോക്കിയിട്ടും രക്ഷയില്ല. പോത്തുകളെ കയറ്റാൻ വെള്ളത്തിലിറങ്ങിയ ഞാൻ മുങ്ങിപ്പോയി. ഒരുവിധം  പോ ത്തിന്‍റെ വാലില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്.  രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നദിയായ ബനാസിലാണ് നീന്തൽ പഠിച്ചത്. അഞ്ചു മുതൽ ഒൻപതാം ക്ലാസ് വരെ സ്കൂളിലേക്ക് പോകാൻ അര കിലോമീറ്റർ വീതിയുള്ള പുഴ നീന്തിക്കടക്കണം. വെള്ളം കയറുന്ന മഴക്കാലത്ത് ക്ലാസും മുടങ്ങും. പത്താം ക്ലാസ് ആയതോടെ സ്കൂളിനു ചേർന്നുള്ള വാടക മുറിയിലേക്ക് മാറി.

ആയിടെ വിവാഹവും കഴിഞ്ഞു ?

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കല്യാണം. ഒരു ദിവസം കുറച്ചു മുതിർന്ന ആളുകൾ വന്ന് എന്നെ വിളിച്ചിരുത്തി, കൈത്തണ്ടയിലൊരു ചരട് കെട്ടി, അഞ്ചുരൂപാ കയ്യിൽ വച്ചുതന്നു. അതായിരുന്നു വിവാഹനിശ്ചയം.

ഒരു വർഷം കഴിഞ്ഞ് വാടകമുറിയിലേക്ക് അമ്മയുടെ കത്തുവന്നു, ‘കല്യാണം തീരുമാനിച്ചു, 15 ദിവസത്തെ ആഘോഷമുണ്ട്.’ അത്രയും ദിവസം ക്ലാസ് കട്ട് ചെയ്യാൻ വയ്യെന്നും അവസാന മൂന്നുദിവസത്തേക്ക് എത്താമെന്നും മറുപടിയെഴുതി. അങ്ങനെ സ്കൂളിൽ നിന്ന് സൈക്കിളിൽ 70 കിലോമീറ്റർ താണ്ടി ഞാനും കാനുലാൽ ഗുജ്ജർ എന്ന കൂട്ടുകാരനും വന്നു. അപ്പോഴാണ് വധുവിന്റെ പേര് ധോളി എന്നാണെന്ന് അറിഞ്ഞത്.

പത്തു കിലോമീറ്റർ ദൂരെയാണ് വധുവിന്റെ വീട്. അലങ്കരിച്ച 50 കാളവണ്ടികൾ, 20 ട്രാക്ടർ, 20 കുതിര, മൂന്ന് ആന, ജയ്പുരിൽ നിന്ന് ചേട്ടന്റെ കൂട്ടുകാർ വന്ന മൂന്നു കാർ... ആഘോഷപൂർവമാണ് വരന്റെ സംഘം പോയത്. പിറ്റേദിവസം വിവാഹചടങ്ങുകൾക്കു ശേഷം വധുവുമായി വീട്ടിലേക്ക്. അടുത്ത ദിവസം തന്നെ ഞാൻ സ്കൂളിലേക്ക് തിരികെ പോയി. അതിനടുത്ത ദിവസം ധോളിയും. ഈ ദിവസങ്ങളിലൊന്നും ധോളിയുടെ മുഖം പോലും കണ്ടിട്ടില്ല. ഞങ്ങളുടെ ആചാരപ്രകാരം വരനും വധുവിനും 20 വയസ്സ് പൂർത്തിയായാലേ ദാമ്പത്യജീവിതം ആരംഭിക്കാവൂ. എംഎ ആദ്യവർഷം പഠിക്കുമ്പോഴാണ് ധോളിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ആ ചടങ്ങിനെ ‘ഗൗന’ എന്നാണു വിളിക്കുക. അഞ്ചാം ക്ലാസ് വരെയേ ധോളി പഠിച്ചുള്ളൂ. കേരളത്തിലേക്ക് വന്നപ്പോൾ ധോളിയും മൂത്ത മക്കളായ സുമിതയും സോണിയയും ഒപ്പമുണ്ടായിരുന്നു.

tikkaram-meena001

കേരളത്തെ കുറിച്ച് എന്തൊക്കെ അറിയാമായിരുന്നു ?

മസൂറിയിലെ ട്രെയിനിങ്ങിനൊടുവിലാണ് കേരള കേഡറാണെന്ന ഷോക്കിങ് ന്യൂസ് അറിഞ്ഞത്, ഞെട്ടിപ്പോയി. നല്ല റോഡുകളോ, വീടുകളോ ഒന്നുമില്ലാത്ത നാടാണ് ഇതെന്നായിരുന്നു എല്ലാവരുടെയും ധാരണ. രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് മൂന്നു ദിവസത്തെ ട്രെയിൻ യാത്രയുമുണ്ട്.

എന്റെ ബാച്ചിൽ രണ്ടു മലയാളികൾ ഉണ്ടായിരുന്നു, ടി.കെ. ജോസും ഡോ.ആശ തോമസും. തിരുവനന്തപുരത്ത് ട്രെയിനിങ് നടന്നപ്പോൾ മിക്ക ദിവസവും ആശയുടെ വീട്ടിലേക്ക് പോ കും. തനി മലയാളി വിഭവങ്ങൾക്കൊപ്പം ചപ്പാത്തിയും ഉണ്ടാക്കി ആശയുടെ അമ്മ എനിക്കു വിളമ്പും. അണ്ടർ ട്രെയിനിങ് കൊല്ലത്തായിരുന്നു, അന്ന് ടി.പി. സെൻ കുമാറാണ് അവിടെ എസ്പി. ഞാൻ മലയാളം പഠിച്ചുവരുന്നേ ഉള്ളൂ, ധോളിക്ക് ഒട്ടും അറിയില്ല. സെൻകുമാറിന്റെ ഭാര്യ  മാർക്കറ്റിലേക്ക് പോകുമ്പോൾ ധോളിയെ കൂടെക്കൂട്ടും. നീണ്ടകരയിലെ മീനും അഷ്ടമുടിക്കായലിലെ കാറ്റുമൊക്കെ നന്നേ രസിച്ചപ്പോൾ കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന ചൊല്ലിന്റെ അർഥം പിടികിട്ടി. മലയാളം പഠിച്ചില്ലെങ്കിൽ ഇവിടെ ജീവിതം ‘ദുസ്സാഹസ’മായിരിക്കും എന്നു മനസ്സിലായപ്പോൾ ഞാനും ഭാഷ പഠിച്ചു. (ദുസ്സാഹസമല്ല, ദുസ്സഹം എന്നു തിരുത്തിയപ്പോൾ ആ വാക്ക് അദ്ദേഹം മൂന്നുനാലു വട്ടം ഉരുവിട്ടു പഠിച്ചു.)

ഈ തിരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാൻ അയ്യപ്പനെ കൂട്ടുപിടിക്കരുത് എന്നു പറഞ്ഞപ്പോൾ കേട്ട പഴി ‘കമ്മി’യെന്ന്. കള്ളവോട്ടു കണ്ടെത്തിയതോടെ ‘സംഘി’യുമായി ?

എനിക്ക് ഒരു പാർട്ടിയുമില്ല, നിഷ്പക്ഷമായാണ് ജോലി ചെയ്യുന്നത്. സത്യം ചിലർക്കു ദഹിക്കില്ല, പക്ഷേ, എനിക്കു നിയമം പറഞ്ഞേ പറ്റൂ. അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ല എന്നു പറഞ്ഞത് സത്യമാണ്. ദൈവത്തിന്റെ പേരുപറഞ്ഞ് വോട്ടു പിടിക്കുന്നത് നിയമവിരുദ്ധമായതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, ശബരിമല വിഷയമേ ചർച്ച ചെയ്യാൻ പാടില്ല എന്ന തരത്തിൽ അത് വളച്ചൊടിച്ചു.

കള്ളവോട്ട് കേരളത്തിന്റെ യഥാർഥ വസ്തുതയാണ്. ഇതുവരെ നമ്മളൊക്കെ കേട്ടിട്ടേയുള്ളൂ, ഇത്തവണ തെളിവുണ്ടായിരുന്നു, കയ്യോടെ പിടിച്ചു. ഉടൻ നടപടിയെടുക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പിടിക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ അവർ പറഞ്ഞ ആരോപണമാണ് ഞാൻ ‘സംഘി’യാണെന്ന്. പ്രവർത്തകരെ സംരക്ഷിക്കാനായി സംസാരിക്കേണ്ടത് നേതാക്കളുടെ കടമയാണ്. തെറ്റു കണ്ടാൽ നടപടിയെടുക്കേണ്ടത് എന്റെയും. സത്യം  പറഞ്ഞാൽ ശത്രുവാക്കുമെന്നോ ഉപദ്രവിക്കുമെന്നോ ഉള്ള പേടിയില്ല.

ആരെയും പേടിക്കാതെ ഈ ജോലി ചെയ്യാൻ പറ്റുമോ ?

ഒരു സംഭവം കൂടി പറയാം. നാലു വയസ്സുള്ളപ്പോൾ എനിക്ക് അജ്ഞാതരോഗം വന്നു. പാലോ ഭക്ഷണമോ കഴിക്കാതെ ഏ തു സമയവും കരച്ചിൽ. ആറു മാസം പല ഡോക്ടർമാരും ചികിത്സിച്ചെങ്കിലും ശരീരം ശോഷിച്ച് അഞ്ചുകിലോ വരെയായി ആകെ ഭാരം. ജീവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാരും പറഞ്ഞു. ചേച്ചി, അമ്മ തന്നെയാണ് എനിക്ക്. അമ്മ പാടത്ത് ജോലിക്ക് ചെയ്യുമ്പോൾ ചേച്ചി എന്നെ നെഞ്ചിൽ കിടത്തി വീട്ടിലെ ജോലികൾ ചെയ്യും. എല്ലാവരും ഉപേക്ഷിച്ചിട്ടും ചേച്ചി എന്നെ കൈവിട്ടില്ല. നെഞ്ചിൽ ചേർത്ത് ചൂടുതന്ന് ജീവൻ നിലനിർത്താൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു.

ആയിടെ പതിവായി രണ്ടുമൂന്ന് യാചകർ വരും, ഭക്ഷണമുണ്ടാക്കാനുള്ള ആട്ടയാണ് അവർക്ക് കൊടുക്കുന്നത്. കൂട്ടത്തിൽ ഒരു ബ്രാഹ്മണനുണ്ട്. ഒരു ദിവസം എന്റെ കരച്ചിൽ കേട്ട് അദ്ദേഹം ചേച്ചിയോട് കാര്യം തിരക്കി. സുഖമില്ലാത്ത കുട്ടിയാണെന്ന് ചേച്ചി മറുപടി പറഞ്ഞു. നാഡിമിടിപ്പ് പരിശോധിച്ച അദ്ദേഹം അടുത്ത ദിവസം ചില മരുന്നുകൾ കൊണ്ടുവന്നു. ഒന്നുരണ്ടെണ്ണം നൂൽചരടിൽ കോർത്ത് കൈത്തണ്ടയിൽ കെട്ടി മന്ത്രങ്ങളൊക്കെ ചൊല്ലി. ചില മരുന്നുകൾ നാവിലും ഇട്ടുതന്നു. തിരികെ പോകും മുൻപ് ഒരു കാര്യം പറഞ്ഞു, ‘രണ്ടു മ ണിക്കൂറിനുള്ളിൽ മാറ്റം വന്നാൽ പേടിക്കേണ്ട. ഇല്ലെങ്കിൽ പിന്നെ മരണം പ്രതീക്ഷിച്ചാൽ മതി.’ രണ്ടു മണിക്കൂറിനുള്ളിൽ ഞാൻ അമ്മയുടെ മുലപ്പാൽ കുടിച്ചു. പിറ്റേദിവസം മുതൽ ആ ഹാരവും. മിറക്കിൾ പോലെ ജീവിതത്തിലേക്കു തിരിച്ചുവന്ന എന്നോട് അമ്മ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ, ‘ദൈവം മടക്കിത്തന്ന ഈ ജീവിതം കൊണ്ട് മറ്റുള്ളവർക്കു നന്മ ചെയ്യുക.’

സത്യവും അസത്യവും തമ്മിൽ എപ്പോഴും യുദ്ധം നടക്കും. ഭാഗ്യത്തിന്റെ കൂട്ടുപിടിക്കാറില്ല. നമ്മുടെ ജോലി ചെയ്യാതെ ഭാഗ്യത്തെ തേടി പോയിട്ട് എന്തുകാര്യം. വളച്ചൊടിച്ച് കാര്യങ്ങൾ പറയുന്നതും  വിശ്വാസവഞ്ചന കാണിക്കുന്നതും  ഞാൻ പഠിച്ചിട്ടില്ല. സത്യം ആരുടെ മുഖത്തു നോക്കിയും പറയും. ഞാനാ യിട്ട് ശത്രുക്കളെ ഉണ്ടാക്കാറില്ല. എന്നോട് ആർക്കെങ്കിലും ശ ത്രുത തോന്നിയാൽ എന്തു പറയാനാണ്.

ഓഫിസ് ടെൻഷൻ വീട്ടിലേക്കു കൊണ്ടുപോകില്ല. അവിടെ ഭാര്യയോടൊപ്പം പാചകം ചെയ്യുന്ന, തുണിയലക്കുന്ന ഭർത്താവും നല്ല അച്ഛനുമാണ്. നാട്ടിൽ പോകുമ്പോൾ കാലികളെ നോക്കുന്നതടക്കം കൃഷിപ്പണിയെല്ലാം ചെയ്യും. അച്ഛനും അമ്മയും മരിച്ചു. തറവാട്ടിൽ മൂത്ത ചേട്ടനും മക്കളും മരുമക്കളും കൊച്ചുമക്കളും ബന്ധുക്കളുമൊക്കെയായി 30 പേരുണ്ട്. വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും ഞങ്ങൾ ആറു സഹോദരങ്ങളും ഒത്തുകൂടും. എനിക്ക് 40 ഏക്കർ കൃഷിഭൂമിയുണ്ട് ഇപ്പോഴും. കടുക്, ഗോതമ്പ്, കരിമ്പ്, ചോളം, കടല, ഈന്തപ്പഴം കൂടാതെ പച്ചക്കറികളും കൃഷിചെയ്യുന്നു. കൃത്രിമമായി ജീവിക്കാൻ എനിക്കറിയില്ല.

tikkaram-meena002

ഗ്രാമത്തിൽ നിന്ന് പിന്നെ ഐഎഎസ്കാരുണ്ടായോ ?

ചേട്ടൻ രത്തൻ ലാലിന്റെ മകൾ സമ്പത്ത്, സിബിഐ എഡിജിപിയാണ്. മകൻ പ്രേംസിങ് മീണ ഐഎഎസ് അഗ്രികൾചർ വകുപ്പ് സെക്രട്ടറി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അഡ്മിഷൻ കിട്ടിയ എന്റെ മകളും സിവിൽ സർവീസിനു വേണ്ടി അതുപേക്ഷിച്ചു. രണ്ടാം ശ്രമത്തിൽ സോണിയ ഐഎഎസായി, ഇപ്പോൾ മധ്യപ്രദേശ് കേഡറിൽ ടൂറിസം ഡയറക്ടറാണ്. സുമിത രാജസ്ഥാൻ സ്റ്റേറ്റ് സർവീസിൽ. ഇളയ മക്കളായ അനുരാഗും സുരഭിയും ജെഎൻയുവിൽ നിന്ന് എംഎ പാസായി. അവർക്കും സിവിൽ സർവീസ് മോഹമുണ്ട്. സഹോദരിയുടെ മകൻ രാജസ്ഥാൻ ഫോറസ്റ്റ് സർവീസിലാണ്.

ഗ്രാമത്തിൽ മേള നടക്കുമ്പോൾ ഗുജ്ജർ– മീണ വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ പതിവാണ്. ഇവർ തമ്മിൽ വിവാഹം നടത്തില്ല. അങ്ങനെ ചെയ്താൽ കൊലപ്പെടുത്തിയ സംഭവങ്ങളുമുണ്ട്. പക്ഷേ, അതിനെല്ലാം മാറ്റം വന്നു, പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നു. വിവേചനം കാണിക്കാൻ അവർ അനുവദിക്കില്ല. ഇപ്പോൾ ബാലവിവാഹവുമില്ല.

കേരളത്തിലെ രുചിയും സിനിമയും ?

വീട്ടിലെല്ലാവരും വെജിറ്റേറിയനാണ്, ഞാനും മൂത്ത ചേട്ടനും നോൺ കഴിക്കും. പക്ഷേ, വീട്ടിൽ പാചകം ചെയ്യാറില്ല. മീനും ചിക്കനും ആട്ടിറച്ചിയുമേ കഴിക്കൂ. കാള ഞങ്ങൾക്ക് എല്ലാമെല്ലാമാണ്. കൃഷിപ്പണി ചെയ്യുന്നവരുടെ ജീവിതം തന്നെ കാളയിലും പശുവിലും അധിഷ്ഠിതമല്ലേ. അതുകൊണ്ട് ബീഫ് കഴിക്കാറില്ല. ഇപ്പോഴും നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതും. അതിഥികൾ വരുമ്പോൾ മാത്രമേ ഡൈനിങ് ടേബിൾ ഉപയോഗിക്കൂ. കേരള മീൻകറി വലിയ ഇഷ്ടമാണ്, നെയ്മീനും കരിമീനും പെരുത്തിഷ്ടം. മുരിങ്ങക്കായ കൂടുതൽ ചേർത്തുണ്ടാക്കിയ അവിയൽ എത്ര കിട്ടിയാലും കഴിക്കും. പായസമാണ് മറ്റൊരിഷ്ടം, അടപ്രഥമനോടാണ് കൊതി.

മലയാളം സിനിമകൾ പതിവായി കാണും. നസീറും ഷീലയും മോഹൻലാലും മുതല്‍ ഉർവശിയും പാർവതിയും വരെ ഫേവറിറ്റ് ലിസ്റ്റിലുണ്ട്. പുതിയ നടന്മാരെയും നടിമാരെയുമൊന്നും അറിയില്ല. ‘പഞ്ചവടിപ്പാല’വും ‘ഒരു വടക്കൻ വീരഗാഥ’യും ‘നയം വ്യക്തമാക്കുന്നു’വുമൊക്കെ എപ്പോൾ ടിവിയിൽ വന്നാലും മിസ്സാക്കില്ല.

കേരളത്തിലെ പദവികൾ ഇങ്ങനെ

1988ൽ കൊല്ലത്തു സബ് കലക്ടറായിട്ടാണ് ആദ്യ നിയമനം. പിന്നെ മലപ്പുറത്തും െചങ്ങന്നൂരിലും. പിന്നീടു സിവിൽ സപ്ലൈസ് ഡയറക്ടറായി തിരുവനന്തപുരത്തേക്ക്. ഹയർ സെക്കൻഡറി വ കുപ്പ് ഡയറക്ടറായി തൃശൂരിലേക്ക് പോയി.

1996ൽ തൃശൂർ കലക്ടറായി, കില ഡയറക്ടറായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് റൂറൽ ഡവലപ്മെന്റ് വകുപ്പ് കമ്മിഷനറായി തിരുവനന്തപുരത്തു വീണ്ടും നിയമനം. പ്ലാനിങ് കമ്മിഷൻ ഡയറക്ടറായി ഡൽഹിയിലേക്ക്  പോയ ടിക്കാറാം മീണ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതല കൂടി നിർവഹിച്ച് ഏഴുവർഷത്തിനു ശേഷമാണു തിരികെയെത്തുന്നത്.

ആസൂത്രണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി 2011ൽ വീണ്ടും ഡൽഹിയിലേക്ക്. 2017 ൽ അഗ്രികൾച്ചറൽ പ്രൊഡക്‌ഷൻ കമ്മിഷനറായി കേരളത്തിൽ. അതിനു ശേഷമാണ് അഡീഷനൽ ചീഫ് സെക്രട്ടറിയും കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫിസറുമായത്.

Tags:
  • Celebrity Interview
  • Inspirational Story